കോറോണ വൈറസ് വ്യാപിച്ചതിന്‍റെ ഫലമായി ലോകമെമ്പാടുമുള്ള രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യയ്ക്കും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താൻ ഇനിയും സമയമെടുക്കും എന്നുറപ്പായിക്കഴിഞ്ഞു. വീടുകളിൽ തന്നെ കഴിഞ്ഞുകൂടുന്നതാണ് സുരക്ഷിതമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

കുട്ടികളും പ്രായമായവരും രോഗങ്ങളുള്ളവരും പ്രത്യേകിച്ചും ഈ ലോക്ഡൗൺ കാലത്ത് വീടുകളിൽ തന്നെ ഒതുങ്ങിക്കൂടേണ്ടി വരുന്നു. വിശാലമായി പുറത്തിറങ്ങി ജീവിച്ചു ശീലിച്ചവർക്ക് വീടിനകത്ത് അടച്ചിരിക്കേണ്ടി വരുമ്പോൾ മാസികാരോഗ്യം നഷ്ടപ്പെടാൻ സാദ്ധ്യത കൂടുതലാണ്. ഈ വൈറസ് മരണത്തിനു വരെ കാരണമായേക്കാമെന്ന ഭീതിപോലും മാനസികാരോഗ്യത്തെ ഇല്ലാതാക്കും. ചിലർ രോഗത്തെ ഭയന്ന് ലോക്ഡൗണിനെ വെറുത്തും സ്വാതന്ത്യ്രജീവിതം ലഭ്യമല്ലാതായതിന്‍റെ പേരിലും ആത്മഹത്യ വരെ ചെയ്ത വാർത്തകൾ നാം കേൾക്കുകയുണ്ടായി.

കൊറോണ നിമിത്തം മാത്രം ഇന്ത്യയിൽ ലക്ഷക്കണക്കിനാളുകൾ മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നു എന്നാണ് ഒരു സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. അടച്ചുകൂടിയിരിക്കുമ്പോൾ ചിലരിൽ ഭ്രാന്തിന്‍റെ ലക്ഷണങ്ങൾ പോലും ഉണ്ടാകുന്നുണ്ടത്രേ.

കൊറോണയെ പേടിച്ച് ആരും പുറത്തിറങ്ങാത്തതുപോലെ തന്നെ അത്രയും മാനസിക സമ്മർദ്ദം വീടിനുള്ളിലിരിക്കുമ്പോഴും ചിലർ അനുഭവിക്കുന്നു. ഇവരിൽ ഭൂരിഭാഗവും വിഷാദരോഗത്തിന്‍റെ തിരിച്ചറിയപ്പെടാത്ത അടിമകൾ കൂടി ആയിരിക്കാം.

ലോക്ഡൗൺവേളയിൽ സാമ്പത്തികമായി ഉണ്ടാകുന്ന തകർച്ച, മാനസികാസ്വാസ്ഥ്യം വർദ്ധിപ്പിക്കുന്നു. നിത്യവൃത്തിക്ക് വഴിയില്ല, കൊറോണയെ പേടിക്കുകയും വേണം ഇതാണല്ലോ അവസ്ഥ.

വലിയ രോഗങ്ങൾ കുറഞ്ഞു പക്ഷേ… ലോക്ഡൗൺ വേളയിൽ ശ്രദ്ധിച്ചാൽ അറിയാം വലിയ ആശുപത്രികളിലൊന്നും വലിയ തിരക്കൊന്നുമില്ല. 70 ശതമാനം പേർ കുറഞ്ഞുവെന്നാണ് പറയുന്നത്. എന്നാൽ ടെലിമെഡിസിൻ സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു.

അല്ലറചില്ലറ രോഗങ്ങളാണ് ഈ കാലഘട്ടത്തിലെ വില്ലൻ. അതായത് ഉറക്കക്കുറവ്, വയറുസ്തംഭിക്കൽ എന്നിങ്ങനെയുള്ള അവസ്ഥകൾ. രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല എന്നു പറയുന്നവർ എല്ലാ വീട്ടിലും ഒരാളെങ്കിലും കാണും. ഈ സാഹചര്യത്തിൽ ഡോക്ർമാരെ തേടിയെത്തുന്ന ടെലി മെഡിസിൻ കോളുകളിൽ 30 ശതമാനം ഇതാണ്.

നെഗറ്റീവ് ചിന്തകൾ മനസ്സിൽ കയറിക്കൂടിയതു കൊണ്ടും സ്ട്രസ് ലെവൽ ഉയർന്നതുകൊണ്ടും ഉറക്കം വിട്ടകന്നുപോയതാണ്. ഇത്തരം രീതി കുട്ടികൾക്കും ഉണ്ട്. അവരിൽ ഉണ്ടാകുന്ന ഉറക്കക്കുറവ് വളരെ അപകടകാരിയായേക്കാമെന്ന് ഡോക്ടർമാർ പറയുന്നത് വെറുതെയല്ല. ഭാവിയിൽ ഇതൊരു ഫോബിയ ആയി അവരിൽ സ്വാധീനം ചെലുത്താം.

വീട്ടിൽ മുഴുവൻ സമയവും കൊറോണ ചർച്ചകൾ, ടിവി വച്ചാൽ കൊറോണ ന്യൂസ്, പത്രത്തിൽ കൊറോണ കഥകൾ. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന കുട്ടികൾക്ക് ആശങ്ക വർദ്ധിക്കും. ഒരിക്കലും വീടുവിട്ട്പുറത്തിറങ്ങാൻ കഴിയില്ലേ എന്ന അവരുടെ ആശങ്ക ദു:ഖമായി മനസ്സിനെ നോവിപ്പിക്കാം.

കോളുകൾ പലതും ഇതാണ്

പാറ്റ്നയിലെ എംഎസ്ഐജിഎംഎസ് ആശുപത്രിയിലെ ഡോക്ടർമാർക്ക് വരുന്ന ടെലികോളുകളിൽ 60 ശതമാനം രോഗികളുടേതും 30 ശതമാനം മാനസിക പ്രശ്നങ്ങളുള്ളവരുടേതുമാണ്. ദിനചര്യയിൽ ഉണ്ടായ വലിയ മാറ്റമാണ് 30 ശതമാനം പേരുടേയും മാനസിക പ്രശ്നത്തിനും ഹേതുവായത്. വീട്ടിൽ അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്തവർക്കാണ് മാനസികസനില വഷളാകുന്നത്.

ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് കൊറോണ വൈറസ് പടർന്നതിനു ശേഷം മാനസിക രോഗികളുടെ എണ്ണം 20 ശതമാനം വർദ്ധിച്ചുവെന്നാണ്. ഇത് ഒരാഴ്ചയ്ക്കുള്ളിലാണ് വർദ്ധിച്ചത് എന്നതും ശ്രദ്ധേയമാണ്. ബിസിനസ്, ജോലി, വരുമാനം, വായ്പ ഇങ്ങനെയുള്ള ഭീതിയാണ് ഏറ്റവും വലിയ കാരണമായിരിക്കുന്നത്.

കൊറോണ വൈറസിനൊപ്പം ജീവിക്കേണ്ട ഈ സാഹചര്യത്തിൽ രാജ്യത്ത് മാനസികരോഗികളുടെ എണ്ണം വർദ്ധിക്കുന്നതും വളരെ ഗൗരവമായി കാണണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ അഞ്ചു പേരിലൊരാൾ വീതം മാനസികരോഗത്തിന്‍റെ ഇരയാണ്. എന്നാൽ മാനസികാരോഗ്യം പ്രദാനം ചെയ്യാൻ സർവ്വീസ് നടത്തേണ്ട പ്രൊഫഷണലുകൾ കേവലം ഒരു ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. ആരോഗ്യത്തിനുള്ള ബജറ്റിൽ ഇന്ത്യ 0.06 ശതമാനമാണ് മാനസികാരോഗ്യത്തിന് നീക്കിവച്ചിരിക്കുന്നത്.

और कहानियां पढ़ने के लिए क्लिक करें...