ഇന്‍റിമേറ്റ് ഹൈജീനിനെക്കുറിച്ച് സംസാരിക്കാനോ അതേക്കുറിച്ചുള്ള സംശയങ്ങളെപ്പറ്റി ചോദിക്കാനോ സ്ത്രീകൾ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാരണംകൊണ്ട് തന്നെ സ്ത്രീകൾക്ക് അതിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിലെ ശുചിത്വമില്ലായ്‌മൂലം പലതരത്തിലുള്ള അണുബാധകളും ചർമ്മസംബന്ധമായ പ്രശ്നങ്ങളും അവർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാലം മാറി. പെൺകുട്ടികളും സ്ത്രീകളും ഈ വിഷയത്തിൽ ശാസ്ത്രീയമായ എല്ലാ തരത്തിലുമുള്ള അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ട്. ആരോഗ്യപൂർണ്ണമായ ജീവിതത്തിന് അത്തരം അറിവുകൾ ആവശ്യവുമാണ്.
എന്താണ് ഇന്‍റിമേറ്റ് ഹൈജീൻ
ഇന്‍റിമേറ്റ് ഹൈജീൻ വ്യക്തിഗത ശുചിത്വത്തിന്‍റെ ഒരു പ്രധാന ഭാഗം ആണ്. സ്ത്രീകളെ സംബന്ധിച്ച് ഇന്‍റിമേറ്റ് ഹൈജീൻ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് അവരെ സമ്പൂർണ്ണ ശരീരശുചിത്വമുള്ളവരാക്കും. ചൊറിച്ചിൽ, ഫംഗസ്, ബാക്ടീരിയ അണുബാധകൾ അല്ലെങ്കിൽ യുടിഐ പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ശുചിത്വ പരിപാലനത്തിലൂടെ ഒഴിവാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യും.
എന്നാൽ ഇന്‍റിമേറ്റ് ഹൈജീനിന്‍റെ ഭാഗമായി സ്വകാര്യ ഭാഗങ്ങളിൽ സോപ്പ് അമിതമായി ഉപയോഗിക്കുന്നത് വരൾച്ച, പ്രകോപനം, പിഎച്ച് ബാലൻസ് (3.5 മുതൽ 4.5 വരെ) കുറയുക എന്നിവയ്ക്ക് കാരണമാകും. ശരീരത്തിന്‍റെ ഇത്തരം ഭാഗങ്ങൾ വളരെ സംവേദനക്ഷമമായ ചർമ്മ കോശങ്ങളാൽ നിർമ്മിതമാണ്. അതിനാൽ, സ്വകാര്യ ഭാഗങ്ങളുടെ ശുചിത്വം അശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പാടില്ല.
ഇന്‍റിമേറ്റ് ഹൈജീൻ ശരിയായ രീതി
- ദിവസത്തിൽ രണ്ട് തവണയെങ്കിലും ഇന്‍റിമേറ്റ് ഏരിയ ശ്രദ്ധാപൂർവ്വം വൃത്തിയാക്കണം.
- ഈ ഭാഗത്ത് ഹാർഡ് വാട്ടർ , വീര്യം കൂടിയ സോപ്പ് മുതലായവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എല്ലായ്‌പ്പോഴും വീര്യം കുറഞ്ഞ അനുയോജ്യമായ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.
- അമിതമായ ചൂടോ തണുപ്പോ ഉള്ള വെള്ളം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പകരം ഇളം ചൂടുള്ള ശുദ്ധജലം ഉപയോഗിക്കുക.
- എപ്പോഴും ഇന്‍റിമേറ്റ് ഏരിയ മൃദുവായി കഴുകുകയോ തുടയ്ക്കുകയോ ചെയ്യുക. ടവൽ ഉപയോഗിച്ച് വളരെ കഠിനമായി തുടയ്ക്കുകയോ മറ്റോ ചെയ്താൽ ആ ഭാഗത്തെ സംവേദന ക്ഷമതയേറിയ കലകൾക്ക് കേടുപാടുകൾ സംഭവിക്കാം.
- സ്വകാര്യ ഭാഗത്തെ ചർമ്മം എപ്പോഴും ഡ്രൈ ആയിരിക്കുന്നതിനു ശ്രദ്ധിക്കുക.
- ഇന്‍റിമേറ്റ് ഏരിയ വൃത്തിയാക്കാൻ സുഗന്ധം ചേർത്ത ഒരു ഉൽപ്പന്നവും ഉപയോഗിക്കരുത്. യോനിയുടെ ആരോഗ്യത്തിന് നല്ലതല്ലാത്ത അപകടകരമായ രാസവസ്തുക്കൾ സുഗന്ധത്തിനായി ഇത്തരം ഉൽപ്പന്നങ്ങളിൽ ചേർക്കാറുണ്ട്.
- ലെയ്സ് ഉള്ള പാന്‍റീസ് എത്ര തന്നെ മനോഹരമാണെങ്കിലും എല്ലായ്‌പ്പോഴും കോട്ടൺ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അവ സുഖകരമാണ്, വായു സഞ്ചാരമുള്ളതിനാൽ ഈർപ്പം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാവുകയില്ല. സിന്തറ്റിക് അടിവസ്‌ത്രങ്ങൾ യോനിയിൽ യീസ്റ്റ് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുമെന്നാണ് 'ജേണൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി'യിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.
- അടിവസ്ത്രങ്ങളുടെ ശുചിത്വത്തിലും ശ്രദ്ധിക്കുക. നല്ല ഡിറ്റർജന്‍റ് ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കുക. അതുവഴി അവയിലുള്ള ബാക്ടീരിയകൾ നശിച്ചുപോകും.
- സാധ്യമെങ്കിൽ, അടിവസ്ത്രം ധരിക്കാതെയോ അല്ലെങ്കിൽ വളരെ അയഞ്ഞ ഷോർട്ട്സോ ധരിച്ചോ രാത്രി ഉറങ്ങുക.
- ആർത്തവ സമയത്ത് ശുചിത്വകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ഓരോ 3-4 മണിക്കൂറിലും സാനിറ്ററി പാഡുകൾ മാറ്റുക.
- വളരെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്. ഇറുകിയ വസ്ത്രങ്ങൾ ഇന്‍റിമേറ്റ് ഏരിയയിലേക്കുള്ള വായുപ്രവാഹം തടയും. ഇക്കാരണത്താൽ, ഈർപ്പം ഉള്ളിൽ തങ്ങിനിൽക്കുകയും യീസ്റ്റ് അണുബാധയ്ക്ക് കരണവുമാകും.
- വൈറ്റ് ഡിസ്ചാർജിന്‍റെ പ്രശ്നമുണ്ടെങ്കിൽ, എത്രയും വേഗം ഒരു ഡോക്ടറെ സമീപിച്ച് ചികിത്സ നേടുക.
- സ്വാകാര്യ ഭാഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധം അനുഭവപ്പെടുകയാണെങ്കിൽ വൈകാതെ ഡോക്ടറെ സമീപിക്കുക.
ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് ദയവായി ശ്രദ്ധിക്കുക