ജോലിത്തിരക്കുകൾ മൂലം ഉദ്യോഗസ്ഥകളായ സ്ത്രീകൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണ ശീലം താരതമ്യേന കുറഞ്ഞു വരുന്നതായാണ് കാണുന്നത്. ഇടവേളകളിൽ ബ്രഡ്‌ഡോ പിസ്സയോ സമോസയോ അങ്ങനെ എന്തെങ്കിലുമാവാം സ്‌നാക്‌സ്. പകൽ സമയം 3 തവണ ഭക്ഷണം കഴിച്ചാലും പലപ്പോഴും വിശപ്പ് അനുഭവപ്പെടാം. പ്രത്യേകിച്ച് 4 മണി മുതൽ 5 മണി വരെ. ഈ സമയത്ത് എന്തെങ്കിലും ലൈറ്റായി കഴിക്കണമെന്ന് തോന്നാം.
പ്രധാന ഭക്ഷണത്തിനിടയിലെ ഇടവേളയെ പൂർണ്ണമാക്കുകയാണ് സ്നാക്സ് ചെയ്യുന്നത്. ആ സമയത്ത് കയ്യിൽ കിട്ടുന്നത് എന്തും കഴിക്കരുത്. ആരോഗ്യത്തിന് ദോഷം ചെയ്യാത്ത ലഘു ഭക്ഷണം തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
റെഡിമെയ്ഡ് സ്നാക്സ്
എനർജി ലെവലിനെ നിലനിർത്തുന്നതിന് ഇന്ന് ധാരാളം ലോ ഫാറ്റ് ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭിക്കുന്നുണ്ട്. അതിൽ കൊഴുപ്പിന്‍റെ അളവ് തീരെ കുറവായിരിക്കും. പ്രോട്ടീൻ കൂടുതലും ആയിരിക്കും. ലൈഫ് സ്റ്റൈൽ മാറുന്നതിനനുസരിച്ച് സ്നാക്സ് നിർമ്മാണ കമ്പനികൾ മൾട്ടി ഗ്രെയിൻ ബിസ്ക്കറ്റുകൾ, സീറോ കലോറി ചിപ്സുകളും വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഇത് രുചികരമാണെന്ന് മാത്രമല്ല ആരോഗ്യപ്രദവുമാണ്.
ഹോം മെയ്ഡ് സ്നാക്സ്
മുളപ്പിച്ച ധാന്യങ്ങൾ, സോയാബീൻ ഉപയോഗിച്ച് തയ്യാറാക്കിയ സലാഡ്, ഡ്രൈ അല്ലെങ്കിൽ സോൾട്ടി ഓട്ട്മീൽ അല്ലെങ്കിൽ റവ ഹൽവാ എന്നിവ വൈകുന്നേരത്തെ ടീ ടൈമിനെ കൂടുതൽ ഹെൽത്തിയാക്കും. ഇവ തയ്യാറാക്കുന്നതിന് വളരെ കുറച്ച് സമയവും മതി.
പീനട്ട് ബട്ടർ, കസ്റ്റർഡ് തുടങ്ങിയവയില്‍ പഴങ്ങള്‍ മുറിച്ചിട്ട് നല്ല ഒരു ഹെല്‍ത്തി വിഭവം ഉണ്ടാക്കി കഴിക്കാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവർക്കും ഒരേപോലെ ഇഷ്ടപെടുന്ന ഒന്നാണ്.
ഊർജ്‌ജസ്വലത
പരമ്പരാഗത ഭക്ഷണമായ ചോറ്, ചപ്പാത്തി, പരിപ്പുകറി എന്നിവ കഴിക്കുന്ന ശീലം നമ്മുടെ നാട്ടിൽ കുറഞ്ഞു വരികയാണ്. പകരം ജങ്ക് ഫുഡുകൾ ആ സ്ഥാനം കയ്യടക്കിയിരിക്കുന്നു. ഇത്തരം തെറ്റായ ഭക്ഷണ രീതി മൂലം ചെറുപ്രായത്തിൽ തന്നെ ബ്ലഡ്പ്രഷർ, പ്രമേഹം, അമിത വണ്ണം, കരൾ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നത് സർവ്വസാധാരണമായിരിക്കുന്നു. വീട്ടിൽ എന്തെങ്കിലും ഭക്ഷണം പാകം ചെയ്യുന്നുവെങ്കിൽ അതിൽ ചേർക്കുന്ന ചേരുവകൾ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഫ്രഷ് പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോൾ.