ആടുജീവിതം എന്ന ചിത്രത്തിലെ നായകൻ നജീബും യഥാർത്ഥ ജീവിതത്തിലെ നജീബും നേരിട്ട കണ്ട് പരസ്പരം നടത്തിയ ഒരു സംഭാഷണം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പൃഥി രാജ് വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതെ ബഹുമാനത്തോടെയും സ്നേഹത്തോടെയും നജീബ് നൽകുന്ന ഉത്തരങ്ങൾ ആണ് സോഷ്യൽ മീഡിയയിലെ ഒരു ചർച്ച. ഒരു പത്ര പ്രവർത്തകൻ ഇങ്ങനെ ആവണം, മാധ്യമക്കാർ നോക്കി പഠിക്കണം എന്ന് വരെ ആളുകൾ ഈ ഇന്‍റർവ്യൂ കണ്ട ശേഷം കമന്‍റ് ചെയ്തു, എന്നാൽ ഇത് ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ അല്ല പ്രിഥ്വി ചോദ്യങ്ങൾ ചോദിക്കുന്നത് എന്നത് വ്യക്തമാണ്. നജീബുമായുള്ള ആത്മാർത്ഥമായ ഒരു സംഭാഷണം എന്ന് അതിനെ വിശേഷിപ്പിക്കാം,
പൃഥ്വിരാജ് ബിഗ് സ്‌ക്രീനിൽ താൻ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ സമാനതകളും വ്യത്യാസങ്ങളും ചിന്തകളും നജീബിൽ നിന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ് ആ സംഭാഷണത്തിലൂടെ.
View this post on Instagram
നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്‍റെ അനുഭവത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞു, “2008 ൽ ബ്ലെസി ഈ സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആദ്യമായി എന്നോട് പറഞ്ഞപ്പോൾ, ഞാൻ ഈ കഥാപാത്രത്തെ എങ്ങനെ സമീപിക്കും എന്നായിരുന്നു എന്‍റെ ആദ്യ ചിന്ത. ഞാൻ നേരിട്ട് വന്ന് നിങ്ങളോട് യഥാർത്ഥത്തിൽ സംസാരിക്കണോ അതോ ബെന്യാമിൻ എഴുതിയ നജീബ് എന്ന കഥാപാത്രത്തെ മനസ്സിലാക്കാൻ ശ്രമിക്കണോ? അതോ മിസ്റ്റർ ബ്ലെസിയുടെ മനസ്സിലുള്ള നജീബിനെ ഞാൻ മനസ്സിലാക്കാൻ ശ്രമിക്കണോ ? ഇതായിരുന്നു എനിക്കുണ്ടായ ആശയക്കുഴപ്പം.
അവസാനം മിസ്റ്റർ ബ്ലെസിയും ഞാനും തീരുമാനിച്ചു, ആടുജീവിതം എന്ന നോവലിൽ നിന്നും, ബ്ലെസി ദൃശ്യവത്കരിച്ച നജീബിൽ നിന്നും, എന്‍റെ മനസ്സിൽ ഞാൻ ദൃശ്യവൽക്കരിച്ചെടുത്ത നജീബിനെയാണ് ഞാൻ സിനിമയിൽ അവതരിപ്പിച്ചത്. അതിനാൽ നിങ്ങൾക്ക് ആ നജീബിനെ ആണ് സിനിമയിൽ കാണാൻ കഴിയുക. യഥാർത്ഥ നജീബും കഥാപാത്രമായ നജീബും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പക്ഷേ, താങ്കളും ഞാൻ അഭിനയിച്ച നജീബും ഒരുപോലെ ചിന്തിച്ചു.
മരുഭൂമിയിൽ അകപ്പെട്ടതിന്‍റെ ഒടുങ്ങാത്ത വേദന പങ്കുവെച്ച നജീബ് ഇങ്ങനെ പറയുന്നു.
“ഞാൻ ഒരിക്കലും രക്ഷപ്പെടില്ലെന്ന് കരുതിയിരുന്നു. എനിക്ക് പ്രാർത്ഥിക്കാൻ ഇനിയും ദൈവങ്ങൾ ഇല്ലായിരുന്നു. ഞാൻ ഓരോ ദൈവത്തോടും പ്രാർത്ഥിച്ചു. ജീവിതത്തേക്കാൾ നല്ലത് മരണമായിരുന്നു എന്ന് വരെ ചിന്തിച്ചു. മരുഭൂമിയിൽ കാണപ്പെടുന്ന ചില പാമ്പുകൾ എന്നെ കടിക്കാനും അങ്ങനെ മരണം വരിക്കാനും വേണ്ടി പലപ്പോഴും ഞാൻ മണലിൽ വെറുതെ കിടന്നുറങ്ങാറുണ്ടായിരുന്നു. പക്ഷേ, ഒരു ദിവസം ഉറക്കമുണർന്നപ്പോൾ ഞാൻ ചിന്തിച്ചത് എന്‍റെ കുടുംബത്തെക്കുറിച്ചായിരുന്നു. ഞാൻ പോരുമ്പോൾ എന്‍റെ ഭാര്യ 8 മാസം ഗർഭിണിയായിരുന്നു. അവൾ കുഞ്ഞിനെ പ്രസവിച്ചോ ഇല്ലയോ എന്നത് മാത്രമായിരുന്നു എന്‍റെ മനസ്സിൽ." നജീബ് പറയുന്നു.