മഞ്ഞുകാലം ഇങ്ങെത്തി കഴിഞ്ഞു. മഞ്ഞുകാലം സുഖകരമാണെങ്കിലും ഈ സമയത്തു ചർമ്മസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചർമ്മം വരണ്ടതും നിർജീവവുമാകാം. അതുപോലെ തിളക്കവും നഷ്ടപ്പെടാം. ബാഹ്യവും ആന്തരികവുമായ പോഷണത്തിന്‍റെ മൊത്തത്തിലുള്ള അഭാവം ചർമ്മാരോഗ്യത്തെയും സൗന്ദര്യത്തെയും മങ്ങൽ ഏൽപ്പിക്കുകയും ചെയ്യും. അതിനാൽ ഈ കാലാവസ്‌ഥയിലും ചർമ്മം തിളങ്ങാൻ ചർമ്മത്തിന് കൂടുതൽ ശ്രദ്ധ നൽകുകയും അടിസ്‌ഥാന ദിനചര്യകൾ പിന്തുടരുകയും ചെയ്യണം. മൃദുവും ആരോഗ്യകരവുമായ ചർമ്മം ലഭിക്കുന്നതിന് അൽപ്പം പരിശ്രമവും സമയവും വളരെയധികം ആവശ്യമാണ്. ലളിതവും പ്രകൃതിദത്തവുമായ മാർഗ്ഗങ്ങളിലൂടെ ചർമ്മരോഗ്യവും സൗന്ദര്യവും പരിരക്ഷിക്കാം.
- ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക
മഞ്ഞുകാലത്ത് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ ഒരാൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് മോയ്സ്ചറൈസിംഗ്. ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മത്തിന്‍റെ സ്വാഭാവിക എണ്ണ നഷ്ടപ്പെടാതിരിക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണ, ആവണക്കെണ്ണ, ഒലിവ് ഓയിൽ, മോര്, വെള്ളരിക്ക മുതലായവ പോലുള്ള പ്രകൃതിദത്ത മോയ്സ്ചറൈസറുകൾ തെരഞ്ഞെടുക്കാം.
- വെള്ളം ധാരാളം കുടിക്കുക
മഞ്ഞുകാലത്ത്, നിർജ്ജലീകരണം കുറവാണെന്ന് തോന്നുന്നതിനാൽ ഭൂരിഭാഗംപേരും വെള്ളം കുടിക്കുന്നത് കുറയ്ക്കും. എന്നിരുന്നാലും നമ്മൾ അറിയാതെ തന്നെ പല തരത്തിലായി നമ്മുടെ ശരീരത്തിൽ നിന്ന് വെള്ളം നഷ്ടപ്പെടുന്നു. അതിനാൽ ശൈത്യകാലത്ത് പോലും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ചർമ്മാരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് ഏറ്റവും ആവശ്യമാണ്.
- ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകാം
തണുപ്പുകാലത്ത് ചൂട് വെള്ളത്തിൽ മുഖം കഴുകുന്നത് പേശികൾക്ക് സുഖകരമായ അവസഥ പകരുമെങ്കിലും ചർമ്മത്തിന്‍റെ അവസ്ഥയെ മോശമാക്കും. ഇത് ചർമ്മത്തെ വരണ്ടതും അടരുകളുള്ളതുമാക്കും. സെൻസിറ്റീവ് ചർമ്മമാണെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകാം. തണുത്ത വെള്ളത്തിലുള്ള കുളി സാധ്യമാകാത്തവർക്കു അതിനു പകരമായി ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകി ചർമ്മത്തെ സംരക്ഷിക്കാൻ കഴിയും. ഇതുവഴി തണുപ്പ് അനുഭവപ്പെടില്ല എന്ന് മാത്രമല്ല പ്രകൃതിദത്ത എണ്ണകൾ അധികമായി മുഖത്ത് നിന്ന് എളുപ്പത്തിൽ നഷ്ടപ്പെടുകയുമില്ല.
- രാത്രിയിൽ ചർമ്മസംരക്ഷണം
ആരോഗ്യമുള്ള ചർമ്മം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഏകദേശം 7- 8 മണിക്കൂർ നീളുന്ന വിശ്രമം ലഭിക്കാൻ പോകുന്നതിന് മുന്നോടിയായി ഉറങ്ങുന്നതിന് മുമ്പ് എണ്ണകൾ ഉപയോഗിച്ച് ആഴത്തിലുള്ള മോയ്സ്ച്ചറൈസിംഗ് നടത്തുക. അതുവഴി മനോഹരമായ മൃദുവായ ചർമ്മത്തോടെ ഉണരാൻ കഴിയും.
ഈ നുറുങ്ങുകൾ മഞ്ഞുകാലത്ത് ചർമ്മത്തിൽ ഉണ്ടാകുന്ന കഠിനമായ പ്രത്യാഘാതങ്ങളെ മറികടക്കാൻ സഹായിക്കും. ഒപ്പം ചർമ്മം തിളക്കമുള്ളതും സ്നിഗ്ദ്ധവുമാകും.