വിവാഹം നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ പല പെൺകുട്ടികൾക്കും തന്‍റെ ലുക്കിനെക്കുറിച്ചാവും ആശങ്ക. മുഖക്കുരു, കറുത്ത പാടുകൾ, അനാവശ്യമായ രോമവളർച്ച, അമിതവണ്ണം, കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം ഇങ്ങനെ പലർക്കും പല കാര്യങ്ങൾ നെഗറ്റീവായി തോന്നാം. അതെല്ലാം എളുപ്പത്തിൽ പരിഹരിക്കാൻ വഴികളുണ്ട്. ഡർമ്മറ്റോളജിസ്‌റ്റുകൾ പരിഹാരം നിർദ്ദേശിക്കുന്നു.
വിവാഹദിനത്തിൽ ഏറ്റവും മനോഹരമായി കാണപ്പെടാൻ ആഗ്രഹിക്കാത്തവരുണ്ടോ? അതിനായി വൈദ്യശാസ്‌ത്രത്തിൽ വിവിധതരം സൗന്ദര്യോപാധികളുണ്ട്. സർജിക്കൽ ചികിത്സകളുണ്ട്. പക്ഷേ ഏത് ചികിത്സയും വിവാഹത്തിന് ഏറെ മുമ്പേ ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലേ വിവാഹദിനത്തിൽ കൂടുതൽ സുന്ദരിയായി കാണപ്പെടൂ. വിവാഹത്തിന് 5-6 മാസം മുമ്പ് ചില പ്രത്യേക സർജിക്കൽ ചികിത്സ ആവശ്യമെങ്കില്‍ ചെയ്യാം.
ഇൻവേസിവ് സർജിക്കൽ ട്രീറ്റ്‌മെന്‍റ്
വിവാഹത്തിന് ഏതാനും മാസം മുമ്പെ ചുവടെ സൂചിപ്പിച്ചിരിക്കുന്ന ചികിത്സ സ്വീകരിക്കാം. ഉദാ- മൂക്കിന്‍റെ ആകൃതി മാറ്റുന്നതിനുള്ള റൈനോ പ്ലാസ്‌റ്റി. മൂക്ക് വലുതാണെങ്കിൽ ചെറിയതും ചെറിയതാണെങ്കിൽ വലിയതും ആക്കാൻ സാധിക്കും. പരന്ന മൂക്കാണെങ്കിൽ നേർത്ത, നീണ്ട നാസികയാക്കാനുമാവും. ശരിയായ ഷെയ്‌പിംഗിന് ചുരുക്കത്തിൽ 3-4 മാസം വേണ്ടി വരും. ഇപ്രകാരമുള്ള ശസ്‌ത്രക്രിയയ്‌ക്ക് ഒന്ന് മുതൽ ഒന്നര മണിക്കൂർ സമയം വേണ്ടി വരും. ഏകദേശം മുപ്പത്തയ്യായിരം രൂപയാണ് ഈ ചികിത്സയ്‌ക്ക് വേണ്ടി വരിക.
ബ്രസ്‌റ്റ് ഓഗ്മെന്‍റേഷൻ
സ്‌തനത്തിന്‍റെ വലിപ്പചെറുപ്പത്തെക്കുറിച്ച് ഭൂരിഭാഗം സ്‌ത്രീകളും പരാതി പറയാറുണ്ട്. ഇത്തരം പ്രശ്നത്തിനുള്ള പരിഹാരമാണ് ബ്രസ്‌റ്റ് ഓഗ്‌മെന്‍റേഷൻ. അതിനായി സിലിക്കോൺ ഇംപ്ലാന്‍റ് പിടിപ്പിക്കാം. ബ്രസ്‌റ്റ് ഓഗ്മെന്‍റേഷൻ സർജറിയ്‌ക്ക് 2 മണിക്കൂർ സമയം വേണ്ടി വരും. ഒരു ലക്ഷം തുടങ്ങി 2-3 ലക്ഷം വരെ ചെലവ് വരാം. മാത്രവുമല്ല കുറച്ചുനാൾ ചില മുൻകരുതലുകളും സ്വീകരിക്കേണ്ടതായും വരും. വിവാഹത്തിന് 6-7 മാസം മുമ്പാണ് ഈ സർജറി ചെയ്യേണ്ടത്.
പുരുഷന്മാർക്കാകട്ടെ നെഞ്ച് കുറയ്‌ക്കാനായി ഗൈനിക്കമാസ്‌റ്റിയ ചെയ്യാം. പക്ഷേ അനസ്‌തീഷ്യ നൽകിയ ശേഷമാവും സർജറി ചെയ്യുക. സർജറിയ്‌ക്ക് ശേഷം ഏതാനും സമയം വരെ വർക്കൗട്ടൊന്നും ചെയ്യാതെ സൂക്ഷിക്കുകയും വേണം.
ഇപ്രകാരം ചീക്ക് ബോൺസ് (കവിൾത്തടം) തുടുക്കുന്നതിന് ചീക്ക് ഓഗ്മെന്‍റേഷൻ എന്ന ചികിത്സയുണ്ട്. ഇരുപത്തയ്യായിരം തുടങ്ങി ഒരു ലക്ഷം വരെയാണ് ഇതിന്‍റെ ചെലവ്. വിവാഹത്തിന് 3-4 മാസം മുമ്പാണ് ഈ സർജറി ചെയ്യേണ്ടത്.
ചർമ്മ സൗന്ദര്യം
ചർമ്മത്തിന് തിളക്കവും സൗന്ദര്യവും പകരാൻ ഡീപ് മെഡിക്കൽ സ്‌കാർ റിമൂവൽ ട്രീറ്റ്‌മെന്‍റ് പോലെയുള്ള സർജിക്കൽ ഡർമ്മാബ്രേഷൻ ചികിത്സ ചെയ്യേണ്ടതായി വരും. ഡർമ്മാബ്രേഷൻ ചർമ്മത്തിലെ മൃതപാളികളെ നീക്കം ചെയ്‌ത് ശിശുവിന്‍റേതു പോലെ കോമളമായ ചർമ്മം പ്രദാനം ചെയ്യും. ചർമ്മത്തിലുണ്ടാവുന്ന സ്‌ട്രച്ച് മാർക്ക്‌സിനും സർജിക്കൽ ഡർമ്മാബ്രേഷൻ സഹായത്തോടെ ചികിത്സ നടത്താം.
ചർമ്മത്തിലുള്ള ടാറ്റു നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ചികിത്സ വിവാഹത്തിന് മൂന്ന് മാസം മുമ്പേ ചെയ്യാം. വിവാഹമാകുമ്പോഴേക്കും നൈസ്സർഗ്ഗികമായ സൗന്ദര്യം കൈ വരിക്കാം. ഒരു സിറ്റിംഗിന് ഏകദേശം എഴുപതു മുതൽ എൺപതിനായിരം രൂപ വരെ ചെലവ് വരും.