ഹെയർ കളറിംഗ് ചെയ്യുമ്പോൾ ചിലർക്ക് നെറ്റി, ചെവി, കഴുത്തിന്‍റെ പിൻഭാഗം, കണ്ണുകൾ എന്നിവിടങ്ങളിൽ ചൊറിച്ചിലോ അസ്വസ്ഥതയോ ഉണ്ടാകാറുണ്ട്, അലർജി ആണ് ഇതിന് കാരണം.
ഇന്ന് വ്യത്യസ്ത നിറങ്ങൾ മുടി കളർ ചെയ്യാൻ ആളുകൾ ഉപയോഗിക്കുന്നുണ്ട്. കൂടുതൽ പേർ വെളുത്ത മുടി മറയ്ക്കാൻ കളറിംഗ് ഉപയോഗിക്കുന്നു. ഒരു കണക്കനുസരിച്ച്, 75 ശതമാനം സ്ത്രീകളും മുടിക്ക് നിറം നൽകുന്നു. അതേ സമയം കളറിംഗ് കൊണ്ട് ചില ദോഷങ്ങളും ഉണ്ടാകാറുണ്ട്. കളറിംഗിൽ അശ്രദ്ധ പറ്റിയാൽ ദോഷകരവുമാണ്.
വിപണിയിൽ നിരവധി തരം നിറങ്ങളുണ്ട്. നാച്ചുറൽ കളർ, ടെമ്പററി, പെർമെനന്‍റ് ഇങ്ങനെ മുടി വ്യത്യസ്ത രീതിയിൽ നിറം നൽകാം.. മുടിയിൽ കളർ ചെയ്യുമ്പോൾ എന്തൊക്കെ ദോഷം ഉണ്ടാകാമെന്നും അത് എങ്ങനെ ഒഴിവാക്കാമെന്നും നോക്കാം..
ഹെയർ കളർ അലർജി
ഹെയർ ഡൈ പ്രയോഗിക്കുമ്പോൾ ചില ആളുകൾക്ക് അലർജി ഉണ്ടാക്കുന്നു. ഇത് ചെറിയ തോതിലോ വലുതായോ സംഭവിക്കാം. മുടി കളർ ചെയ്തതിന് ശേഷം തലയോട്ടിയിൽ പൊള്ളൽ അനുഭവപ്പെടുകയാണെങ്കിൽ, അലർജി ഉണ്ട് എന്ന് കരുതണം.. കളറിംഗ് കഴിഞ്ഞ് നെറ്റി, ചെവി, കഴുത്തിന്‍റെ പുറം, കണ്ണുകൾ എന്നിവയിൽ വീക്കം ഉണ്ടെങ്കിൽ, അത് ഗുരുതരം ആയ അലർജിയുടെ ലക്ഷണങ്ങള്‍ ആണ്...
എന്നാൽ ചില മുൻകരുതലുകൾ എടുക്കുന്നതിലൂടെ, ഹെയർ കളർ മൂലമുണ്ടാകുന്ന അലര്‍ജികൾ നിങ്ങൾക്ക് ഒരുപരിധി വരെ ഒഴിവാക്കാം. ഒരു പുതിയ ബ്രാൻഡ് ഉപയോഗിക്കുമ്പോള്‍ അതിനെക്കുറിച്ച് വിശദമായി പഠിച്ച് ധാരണ നേടുക. നല്ല ബ്രാൻഡ് സ്ഥിരമായി ഉപയോഗിക്കാൻ ശ്രമിക്കുക.
ഹെയർ കളറിംഗ് ടെസ്റ്റ്
അലർജികൾ ഒഴിവാക്കാൻ പാച്ച് ടെസ്റ്റ് പരീക്ഷിക്കുക. പാച്ച് ടെസ്റ്റ് ഒരു ഉൽപ്പന്നത്തോടുള്ള ചർമ്മത്തിന്‍റെ സംവേദനക്ഷമതയെ സൂചിപ്പിക്കുന്നു. ഇതിനൊപ്പം, അലർജിയിൽ നിന്നും ഇത് സംരക്ഷിക്കുന്നു. അതിനാൽ ഹെയർ ഡൈ മിശ്രിതം മുടിയില്‍ തേക്കാനായി ഉണ്ടാക്കുമ്പോൾ, ലേബലിലെ നിർദ്ദേശങ്ങൾ വായിക്കുക.
ചെവിയുടെ പിൻഭാഗം ഏറ്റവും സെൻസിറ്റീവ് ആണ്. ഏത് തരത്തിലുള്ള അലർജി ലക്ഷണങ്ങളെയും ഇത് ഉടൻ കാണിക്കുന്നു. നിങ്ങൾ ഒരു കഷണം കോട്ടൺ ഹെയർ കളർ മിശ്രിതത്തിൽ മുക്കി ചെവിക്ക് പിന്നിൽ പുരട്ടുക. 24 മണിക്കൂറിനുള്ളിൽ ഒന്നും സംഭവിക്കുന്നില്ല എങ്കിൽ അലർജി ഇല്ല എന്നുറപ്പിക്കാം. ഹെയർ കളർ നിർദ്ദേശിച്ചതിലും കൂടുതൽ നേരം തലയിൽ വയ്ക്കുകയാണെങ്കിലും ദോഷകരമാണ്. അലർജിക്ക് സാധ്യതയുണ്ടെന്നു തോന്നിയാൽ മുടി ഉടനെ കഴുകുക. തലമുടി നന്നായി കഴുകി അല്പം പോലും രാസവസ്തു അവശേഷിക്കുന്നില്ലെന്നു ഉറപ്പാക്കുക.