ചർമ്മം അയഞ്ഞു തൂങ്ങിയിരിക്കുകയാണോ? എങ്കിൽ അതിന് പരിഹാരമുണ്ട്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില ഫേസ്മാസ്കുകൾ പ്രയോഗിച്ച് നോക്കൂ.
എന്താണ് ചർമ്മം അയഞ്ഞു തൂങ്ങുന്നതിന് കാരണം?
പ്രായമാകുന്നതിന് അനുസരിച്ച് ചർമ്മത്തിന് കീഴിലുള്ള കൊളാജൻ നഷ്ടപ്പെടുന്നത് ചർമ്മത്തിന്‍റെ ദൃഢതയെ ബാധിക്കുകയും അത് അയഞ്ഞു തൂങ്ങുന്നതിന് കാരണമാവുകയും ചെയ്യും. ചർമ്മം ടൈറ്റാക്കാൻ സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ ചില ഹോം റെമഡികൾ പരിചയപ്പെടാം.
ബനാന- മിൽക്ക് ക്രീം പായ്ക്ക്: ഒരു ഏത്തപ്പഴം എടുത്ത് നന്നായി ഉടച്ചെടുക്കുക. അതിൽ ഒരു കപ്പ് കട്ടിപ്പാൽ ചേർക്കാം. ഇത് നന്നായി മിക്സ് ചെയ്യുകയോ ബ്ലൻഡ് ചെയ്തെടുക്കുകയോ ചെയ്യാം. ഈ പായ്ക്ക് മുഖത്ത് പുരട്ടി 15- 20 മിനിറ്റിനു ശേഷം കഴുകി കളയുക.
ഗുണങ്ങൾ: വാഴപ്പഴം ഒരു ആന്‍റി ഓക്സിഡന്‍റാണ്. ഇത് ഫ്രീറാഡിക്കലുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. ചർമ്മത്തിന്‍റെ സ്വഭാവിക ഇലാസ്തികതയെ വർദ്ധിപ്പിക്കുകയും ചെയ്യും. ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാം.
മുട്ടവെള്ള- പഞ്ചസാര പായ്ക്ക്
ഒരു മുട്ടയുടെ വെള്ള, അരടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ തൈര് എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും അപ്ലൈ ചെയ്യുക. ചർമ്മം നന്നായി ടൈറ്റാകുന്നതു വരെ ഉണങ്ങാൻ അനുവദിക്കുക. തുടർന്ന് കഴുകി കളയാം.
ഗുണങ്ങൾ: സുഷിരങ്ങൾ ചുരുങ്ങാനും ചർമ്മത്തെ ടൈറ്റ് ചെയ്യാനും പിഗ്മെൻറ് കലകൾ കുറയ്ക്കാനും മുട്ട വെള്ള സഹായിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ഈ മാസ്ക് ഇടാം.
കറുവാപ്പട്ട ഫേസ് പായ്ക്ക്
ഒരു ടേബിൾ സ്പൂൺ കറുവാപ്പട്ട പൗഡർ, ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഒലീവ് ഓയിൽ, അര ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ഇത് ഉപയോഗിച്ച് മൃദുവായി മുഖവും കഴുത്തും സ്ക്രബ്ബ് ചെയ്യുക. ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുക.
ഗുണങ്ങൾ: ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാം. കാലക്രമേണ നിങ്ങളുടെ ചർമ്മം ഉറപ്പുള്ളതും കൂടുതൽ തിളക്കമുള്ളതുമായി മാറും.
ഓട്സ്- കടലമാവ് ഫേസ്പായ്ക്ക്
ഒരു ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത്, ഒരു ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ തേൻ, ഏതാനും തുള്ളി റോസ്വാട്ടർ എന്നിവ യോജിപ്പിച്ച് നന്നായി മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുക.
ഗുണങ്ങൾ: ഓട്സ് ചർമ്മത്തിൽ നിന്ന് എല്ലാ അഴുക്കിനേയും നീക്കം ചെയ്യുകയും ഫ്രീറാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും. ആഴ്ചയിൽ ഒരിക്കൽ ഈ പായ്ക്ക് ഉപയോഗിക്കാം.
ആപ്പിൾ സിഡർ പായ്ക്ക്
ഒരു കപ്പ് ആപ്പിൾ സിഡർ വിനഗറിൽ ഒരു കപ്പ് വെള്ളം കലർത്തുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയാം. കുളി കഴിഞ്ഞ ശേഷവും ഈ മിശ്രിതം മുഖത്ത് അപ്ലൈ ചെയ്യാം.
കൂടാതെ ഫേസ് യോഗ, മസാജിംഗ് എന്നിവ ചെയ്യുന്നത് ചർമ്മം തൂങ്ങുന്നത് തടയും. അതുപോലെ ചർമ്മ സൗന്ദര്യവർദ്ധക വസ്തുക്കൾ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്ത് ഉപയോഗിക്കേണ്ടതും പ്രധാനമാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം നന്നായി ഫേസ് മസാജ് ചെയ്യുന്നത് ചർമ്മത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കാനും മുഖപേശികൾക്ക് നല്ല ബലവും ഉറപ്പും ലഭിക്കാനും സഹായിക്കും.