നീളമുള്ളതും ആരോഗ്യമുള്ളതുമായ നഖങ്ങൾ വളരെ മനോഹരമായി കാണപ്പെടുന്നു, നഖങ്ങൾക്ക് നീളം കൂട്ടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്ക സ്ത്രീകളും നഖങ്ങൾ പെട്ടെന്ന് പൊട്ടുന്നതായി പരാതിപ്പെടുന്നു. യഥാർത്ഥത്തിൽ ശരീരത്തിലെ പോഷകാഹാരക്കുറവ് മൂലം നഖങ്ങൾ ദുർബലമാകാം. ശരീരത്തിലെ കാത്സ്യം, ഇരുമ്പ്, പ്രോട്ടീൻ തുടങ്ങിയവയുടെ കുറവ് മൂലമാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. നിങ്ങളുടെ നഖങ്ങൾ ദുർബലമാണെങ്കിൽ, അവയെ ശക്തമാക്കാൻ ചില എളുപ്പ വഴികൾ അവലംബിക്കാം. നിങ്ങളുടെ നഖങ്ങൾ എങ്ങനെ ശക്തമാക്കാം എന്ന് മനസിലാക്കാം.
നഖങ്ങളുടെ കരുത്ത്
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നഖങ്ങൾ മനോഹരമാക്കാൻ മാത്രമല്ല, അവയ്ക്ക് കരുത്തു നൽകാനും കഴിയും.
ബയോട്ടിൻ സപ്ലിമെന്‍റ് എടുക്കുക-
ബയോട്ടിൻ, വിറ്റാമിൻ എച്ച്, വിറ്റാമിൻ ബി 7 എന്നും അറിയപ്പെടുന്നു. ഇത് വെള്ളത്തിൽ ലയിക്കുന്നതിനാൽ ശരീരത്തിൽ സൂക്ഷിക്കാൻ കഴിയില്ല. അതിനാൽ ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കുക. ഈ വിറ്റാമിൻ കഴിക്കുന്നത് മുടിക്കും നഖത്തിനും ബലം നൽകും. മുട്ട, പയർവർഗ്ഗങ്ങൾ മുതലായവയിൽ നിന്ന് ഇവ ലഭിക്കും.
വെള്ളവുമായി സമ്പർക്കം
അമിതമായി വെള്ളത്തിൽ ജോലി ചെയ്യുന്നത് മൂലം നഖങ്ങൾ ദുർബലമാവുകയും പൊട്ടുകയും ചെയ്യും. അതിനാൽ വെള്ളത്തിൽ എന്തെങ്കിലും ജോലി ചെയ്യുന്നതിന് മുമ്പ് കയ്യുറകൾ ധരിക്കുക.
ജലാംശം നിലനിർത്തുക
ആവശ്യത്തിന് വെള്ളം ലഭിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇത് നഖങ്ങൾക്കും ഗുണം ചെയ്യും. ആവശ്യത്തിന് ഈർപ്പം ഇല്ലെങ്കിൽ നഖങ്ങൾ പെട്ടെന്ന് പൊട്ടുകയും ചെയ്യും. ആവശ്യത്തിന് വെള്ളം കുടിച്ചാൽ ഈർപ്പം ലഭിക്കുകയും നഖം ശക്തമാവുകയും ചെയ്യും.
ശരിയായ ഭക്ഷണം
നിങ്ങൾ പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം കഴിക്കുന്നുവെന്നും മൾട്ടിവിറ്റമിനുകളും ധാതുക്കളും അതോടൊപ്പം കഴിക്കുന്നു എന്നും ഉറപ്പാക്കുക. ശരീരത്തിലെ പോഷകങ്ങളുടെ അഭാവം നഖങ്ങൾ ഉൾപ്പെടെ മുഴുവൻ ശരീരത്തെയും ബാധിക്കും. ഏതെങ്കിലും പുതിയ സപ്ലിമെന്‍റ് എടുക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ തീർച്ചയായും സമീപിക്കുകയും വേണം.
ഉൽപ്പന്നങ്ങൾ വിവേകത്തോടെ ഉപയോഗിക്കുക
നെയിൽ പോളിഷ്, റിമൂവർ, ഹാൻഡ് സാനിറ്റൈസർ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങി ഏത് ഉൽപ്പന്നവും വളരെ ശ്രദ്ധയോടെ ഉപയോഗിക്കുക. കാരണം, അവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ നഖങ്ങളെ ദുർബലമാക്കും. ജെൽ അല്ലെങ്കിൽ അക്രിലിക് നഖങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. നെയിൽ പോളിഷ് നീക്കം ചെയ്യുമ്പോഴോ നഖങ്ങളിൽ ആവശ്യത്തിന് ജലാംശം ഇല്ലെന്ന് തോന്നുമ്പോഴോ, ഒരു ഹാൻഡ് ക്രീം ഉപയോഗിക്കുക. കൈ കഴുകിയതിനു ശേഷവും ഇത് ചെയ്യാം.