റിട്ടയർമെന്‍റ് കഴിഞ്ഞ് വീട്ടിലിരിപ്പ് തുടങ്ങി കുറച്ച് ദിവസമായതേയുള്ളൂ വീട്ടുകാരുടെ മുറുമുറുപ്പ് കേട്ടു തുടങ്ങി. ദിവസം ചെല്ലുന്തോറും മുറുമുറുപ്പ് കൂടി തുടങ്ങിയതോടെ മന:സ്വസ്ഥത കിട്ടാനും വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ അവസാനിപ്പിക്കാനുമായി ശർമ്മാജി പുതിയൊരാശയത്തെപ്പറ്റി ആലോചിച്ചു.
പെൻഷൻ പറ്റിയതോടെ വരുമാനം പകുതിയായി. ബാങ്കിൽ എത്ര നിക്ഷേപവും സ്വത്തുമുണ്ടെങ്കിലും വരുമാനം കുറയുന്നതോടെ അതൊന്നും ഒന്നും അല്ലാത്തതായേ വീട്ടുകാർക്കു തോന്നൂ. അതുവരെ രുചികരമായി ഭക്ഷണം കഴിച്ചിരുന്നയാൾ പെൻഷൻ പറ്റുന്നതോടെ കഴിക്കുന്ന ഭക്ഷണം പോലും സ്വാദിഷ്ഠമായി തോന്നുകയില്ല. മാത്രമല്ല വീട്ടിലെ ഒരു കാര്യത്തിലും പെൻഷൻ പറ്റിയയാൾക്ക് വിലയുണ്ടാവില്ല.
എപ്പോഴും പരാതിഭാവം അണിഞ്ഞ ഭാര്യ അരിശത്തോടെ നീട്ടുന്ന കോൾഡ് ചായയോ കോൾഡ് കോഫിയോ കുടിക്കാനാവും ഹതഭാഗ്യനായ ശർമ്മാജിയെപ്പോലെ റിട്ടയേഡ് ഓഫീസർമാരുടെ വിധി. എന്നാലും എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ അയാൾ നിരന്തരം ചിന്താമഗ്നനായി. ചുറ്റുപാടും നിരീക്ഷിച്ച് ഒരു ബിസിനസ് സർവ്വേ നടത്തി. അതിനെക്കുറിച്ച് ദിവസങ്ങളോളം ആഴത്തിലുള്ള പഠനവും നടത്തി. ഒടുക്കം ശർമ്മാജി ഏറ്റവും നിർണ്ണായകമായ ഒരു കാര്യം കണ്ടെത്തി.
കോളനിയിൽ മനുഷ്യരേക്കാളും നായകളുടെ എണ്ണം പെരുകിയിരിക്കുന്നു. പക്ഷേ അവർക്കായി ഒരു കടയില്ല. അവർക്ക് സ്വന്തമിഷ്‌ടമനുസരിച്ചുള്ള സാധനങ്ങൾ യജമാനനെ കൊണ്ട് വാങ്ങിപ്പിക്കാൻ പറ്റുന്ന ഒരു കട. ഈ സാഹചര്യത്തിൽ നായകൾക്കായി ഒരു ജനറൽ സ്റ്റോർ തുടങ്ങുകയാണെങ്കിൽ കോളനി നിവാസികൾക്ക് നായകൾക്കായുള്ള സാധന സാമഗ്രികൾ വാങ്ങാൻ ദൂരെയുള്ള മാർക്കറ്റിൽ അലഞ്ഞ് തിരിയേണ്ടി വരികയില്ല. അങ്ങനെയായാൽ വളരെയെളുപ്പത്തിൽ നായകളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുകയും ചെയ്യും. കാര്യം സിമ്പിൾ!
ശർമ്മാജി തന്‍റെ പ്രൊജക്‌റ്റ് വർക്ക് പൂർത്തിയാക്കും മുമ്പേ കോളനിയിലുള്ള നാല് നായകളുടെ ഇഷ്‌ടാനിഷ്ടങ്ങളെക്കുറിച്ചറിയാൻ അവരുടെ അഭിമുഖമെടുത്തു. വിശദാംശങ്ങളെക്കുറിച്ച് ഗഹനമായ പഠനം നടത്തിയപ്പോൾ ശർമ്മാജിയ്ക്ക് ഒരു കാര്യം ഉറപ്പായി. മനുഷ്യർക്കു വേണ്ടിയുള്ള കടയേക്കാളിലും നായകൾക്കു വേണ്ടിയുള്ള ഒരു ജനറൽ സ്റ്റോറാണ് കോളനിയിൽ ഏറ്റവും ആവശ്യം! അതോടെ ശർമ്മാജി ഒരു ഉറച്ച തീരുമാനമെടുത്തു. നായകൾക്കുള്ള ഒരു സ്റ്റോർ തുറന്നിട്ടേയുള്ളൂ ഇനി കാര്യം. മനുഷ്യരെന്ത് വിചാരിച്ചാലും ഒരു കുഴപ്പവുമില്ല.
സ്വന്തം പ്രൊജക്‌റ്റിന് ഫൈനൽ അപ്രൂവലിനായി ശർമ്മാജി ഇന്നലെ രാവിലെ എന്‍റെ വീട്ടിൽ വരികയും ചെയ്തു. ഞാനെന്‍റെ സ്വദേശി നായയുടെ രോമങ്ങൾ ചീകിയൊതുക്കി കൊണ്ടിരിക്കുമ്പോഴായിരുന്നു ശർമ്മാജിയുടെ വിസിറ്റ്. സ്വദേശി നായ പ്രസ്ഥാനത്തിന്‍റെ വക്താവല്ലെങ്കിലും എല്ലാ നായകളേയും ഞാൻ ഒരേ പോലെയാണ് കണ്ടിരുന്നത്. മനുഷ്യരെ നമുക്ക് വിദേശി – സ്വദേശിയെന്നൊക്കെ വേർതിരിക്കാമെങ്കിലും നായകളെ ഞാൻ ഒരുപോലെയാണ് കണ്ടിരുന്നത്. വിദേശിയാണെങ്കിലും സ്വദേശിയാണെങ്കിലും അവയ്ക്ക് എന്തായാലും ഒരു വാലുണ്ടായിരിക്കുമെന്ന് ഉറപ്പാണ്. വാലിലൂടെയാണ് കുറേ കാര്യങ്ങൾ അവ മനസ്സിലാക്കിയിരുന്നതു തന്നെ. മാത്രവുമല്ല മനുഷ്യർ കുരയ്ക്കാനും കടിക്കാനും തുടങ്ങിയതോടെ നായകൾ വളരെ മാന്യതയുള്ളവരായി തോന്നിത്തുടങ്ങി.
“ങ്ഹാ വരൂ ശർമ്മാജി, എന്തുണ്ട് വിശേഷം? റിട്ടയർമെന്‍റ് ലൈഫ് എങ്ങനെയുണ്ട്?” നായയുടെ രോമങ്ങൾ ചീകിയൊതുക്കിയ ശേഷം ചീർപ്പു കൊണ്ട് സ്വന്തം മുടിയൊതുക്കുന്നത് ശ്രദ്ധിച്ചു നിന്ന നായയുടെ മുഖഭാവം കാണേണ്ടതു തന്നെയായിരുന്നു അപ്പോൾ. ആ നോട്ടം കണ്ടാൽ അവനാണ് എന്‍റെ യജമാനൻ എന്നു തോന്നി പോകും.
നായകളോടുള്ള എന്‍റെ മന:ശാസ്‌ത്രപരമായ അടുപ്പവും സ്നേഹവും കണ്ടതോടെ ശർമ്മാജി പിന്നെയൊന്നും ആലോചിക്കാതെ നായയുടെ കാലിൽ സ്പർശിച്ചു കൊണ്ട് തന്‍റെ തീരുമാനമറിയിച്ചു. “ഇപ്പോൾ എനിക്ക് കൃത്യമായ ഉത്തരം കിട്ടിയിരിക്കുന്നു.”
യഥാർത്ഥത്തിൽ ആ സമയത്ത് എനിക്ക് എന്‍റെ നായകൾക്കൊപ്പം കറങ്ങാൻ പോകേണ്ടിയിരുന്നു. എന്താണെന്ന് അറിയില്ല. കഴിഞ്ഞ കുറേ മാസങ്ങളായി ഞാനെന്‍റെ സ്വന്തം ആരോഗ്യത്തേക്കാളും അവറ്റകളുടെ ഫിറ്റ്നസിനെക്കുറിച്ചാണ് അധികവും ചിന്തിച്ചിരുന്നത്. എനിക്കൊരു പനി വന്നാലോ അതുമല്ലെങ്കിൽ വയറിന് എന്തെങ്കിലും സൂക്കേട് ഉണ്ടായാലോ ഒന്നും എന്നെ അലട്ടിയിരുന്നില്ല. എന്‍റെ പ്രശ്നവും സ്വമേധയാ ശരിയായിക്കോളും. തന്‍റെ കാര്യത്തേക്കാൾ സ്വന്തം നായയുടെ പരിചരണ കാര്യങ്ങളിൽ പ്രാധാന്യം നൽകുന്നവനാണ് യഥാർത്ഥ യജമാനൻ.
“എന്ത് ഉത്തരമാ ശർമ്മാജി?” അമ്പരപ്പോടെയായിരുന്നു എന്‍റെ ചോദ്യം. ഇന്നലെ വരെ വളർത്തു നായകളെ നോക്കി ചീത്ത വിളിച്ചിരുന്ന മനുഷ്യനാ? ശർമ്മാജിയ്ക്ക് നായകളോട് ഇത്രയധികം സ്നേഹവും മമതയും തോന്നി തുടങ്ങാൻ എന്തുണ്ടായി? ഈ മന:മാറ്റത്തിന് കാരണമെന്താ?
“നിങ്ങളെപ്പോലെ 4 പട്ടി പ്രേമികളെ കൂടി കിട്ടിയാൽ മതി എന്‍റെ പെറ്റ് ഷോപ്പ് ഒരു കലക്ക് കലക്കും.” അതാ ഞാൻ ഉദ്ദേശിച്ചതെന്ന് പുഞ്ചിരിയോടെ പ്രതിവചിച്ച ശേഷം ഒരു നിമിഷം നിന്നിട്ട് അദ്ദേഹം അവിടെ നിന്നും വേഗത്തിൽ നടന്നു. കുറച്ച് ദിവസങ്ങൾക്കു ശേഷം ശർമ്മാജിയുടെ വീടിനോട് ചേർന്നുള്ള റോഡരികിലുള്ള മുറിയുടെ മുകളിൽ ഒരു സൈൻ ബോർഡ് തലപൊക്കി നില്ക്കുന്നത് ഞാൻ ദൂരെ നിന്നെ കണ്ടൂ.
“ശർമ്മ എക്സ്ക്ലുസീവ് ഷോപ്പ്” ഒരു നിമിഷം ആ ബോർഡ് കണ്ട് ഞാൻ പകച്ചു പോയി. എത്ര മനോഹരമായാണ് സൈൻ ബോർഡ് തയ്യാറാക്കിയിരിക്കുന്നത്. ദൂരെ നിന്നേ നയന സുഖം പകരുന്ന മനോഹരങ്ങളായ അക്ഷരങ്ങൾ ഒറ്റനോട്ടത്തിൽ ബോർഡ് ആരും വായിച്ചു പോകും.
മനുഷ്യർക്ക് ആവശ്യമുള്ളതെന്തും കിട്ടുന്ന കടകളുള്ള കോളനിയിൽ നായകൾക്ക് മാത്രമായുള്ള എക്സ്ക്ലുസീവ് ഷോപ്പോ? മനുഷ്യരേക്കാൾ നായകൾക്ക് സമൂഹത്തിൽ സ്‌ഥാനമാനമുണ്ടായത് എന്നു മുതലാണ്? അങ്ങനെയിരിക്കെ എന്‍റെ നായ എന്‍റെ മനസ്സിൽ നടക്കുന്ന സങ്കീർണ്ണ ചിന്തകളെക്കുറിച്ച് മണത്തറിഞ്ഞു. സംഗതി മനസ്സിലായെന്ന മട്ടിൽ അവൻ എന്നെ തുറിച്ച് നോക്കിയതോടെ ഞാനെന്‍റെ ചിന്തകൾക്ക് ബ്രേക്കിട്ടു.
ഇപ്പോൾ ആ സൈൻ ബോർഡ് നോക്കിക്കൊണ്ട് മനസ്സിൽ പുഞ്ചിരിച്ച് നിൽക്കെ വെൽ ഡ്രസ്സ്ഡായ ശർമ്മാജി എന്നെ കണ്ട് പുറത്തു വന്നു. ഇത്രയും നല്ല വസ്ത്രം അണിഞ്ഞ് നന്നായി മുടി ചീകിയ ശർമ്മാജി? അയാളുടെ വിവാഹ ദിനത്തിൽ പോലും ഇത്രയും ഒരുങ്ങി നിന്നിട്ടുണ്ടാവില്ല. എന്നെ കണ്ടയുടനെ ഒരു ബിസിനസ്സ്മാൻ എന്ന മട്ടിൽ ശർമ്മാജി കാര്യമായി തന്നെ സ്വീകരിച്ചു.
“വർമ്മാജി, എങ്ങനെയുണ്ട് എന്‍റെ ഇന്നോവേറ്റീവ് ഐഡിയ?”
“എന്നു വച്ചാൽ?”
“വളരെയധികം പഠിച്ച ശേഷമാണ് ഞാൻ ഇത്ര തീരുമാനത്തിലെത്തിയത്. ഈ കോളനിയിൽ എല്ലാമുണ്ട്. പക്ഷേ നായകൾക്കായി ഒരു എക്സ്ക്ലുസീവ് പെറ്റ് ഷോപ്പ് മാത്രമില്ല. മനുഷ്യർക്കുള്ള കടയിൽ നിന്നും നായകൾക്കായുള്ള വസ്‌തുക്കൾ വാങ്ങുമ്പോൾ നായകൾ ലജ്ജിച്ച് നിൽക്കുന്നത് ഞാൻ പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്. അത് മാത്രമല്ല മനുഷ്യർക്കുള്ള കടയിൽ അവയ്ക്ക് വരാൻ തന്നെ മടിയാണ്. അവയ്ക്ക് സ്വന്തമിഷ്ടമനുസരിച്ചുള്ള സാധനങ്ങൾ വാങ്ങാൻ പറ്റുമോ? അപ്പോഴാണ് എനിക്ക് ഈ ഐഡിയ തോന്നിയത്. അങ്ങനെ നായകൾക്കൊരു സേവനവുമാകും. എനിക്ക് നാല് കാശും കിട്ടും.”
“എന്നു വച്ചാൽ … മാമ്പഴത്തിനല്ല പകരം അതിന്‍റെ മാങ്ങയണ്ടിയുടെ വിലയെടുക്കുമെന്നല്ലേ? എന്‍റെ മനസ്സിൽ വന്ന ചോദ്യം പുറത്തുപാടി.
“അങ്ങനെയും വിചാരിക്കാം. എന്‍റെ ഷോപ്പിന്‍റെ ഉദ്ഘാടനം താങ്കളുടെ നായകളെ വച്ച് ചെയ്യിക്കണമെന്നാണ് ഞാൻ വിചാരിക്കുന്നത്.”
“ഉദ്ഘാടന വേളയിൽ ആരൊക്കെയാണ് വരുന്നത്? ഏറെ ജിജ്‌ഞാസയോടെ ഞാൻ ചോദിച്ചു.” നായകളെ വളർത്തുന്നവർ നാളെ സ്വന്തം നായകളുമായി ഇവിടെ സന്നിഹിതരാകും. സ്നാക്ക്സും ഉണ്ട്.”
“ആർക്കു വേണ്ടിയാ? നായകൾക്കോ അതോ…”
“അല്ല… രണ്ടുപേർക്കും.”
“പക്ഷേ ഈ കടയുടെ ഉദ്ഘാടനം ഏതെങ്കിലും വിദേശി നായയെ വളർത്തുന്നവരെ കൊണ്ട് ചെയ്യിക്കുന്നതായിരിക്കും നല്ലതെന്നാ എന്‍റെ അഭിപ്രായം… അവർ ഇക്കാര്യത്തിൽ കൂടുതൽ താൽപര്യം കാട്ടുന്നവരായിരിക്കുമല്ലോ. അതുകൊണ്ട്…”
“അവരെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നത് നല്ലതാണ്. അവർ ഇക്കാര്യത്തിൽ വളരെ താൽപര്യവും കാട്ടും. എനിക്ക് അവരുടെ വമ്പ് ഒന്നും കാണാൻ കഴിയില്ല. പക്ഷേ ഞാൻ ലോകാ സമസ്താ സുഖിനോ ഭവന്തു: എന്ന ആപ്ത വാക്യത്തിൽ വിശ്വസിക്കുന്നയാളാണ്. അതിനൊന്നും ഇക്കാലത്ത് പ്രസക്തിയില്ലെങ്കിലും ലോകത്തെ മുഴുവൻ ആളുകളും ഒരുപോലെ ആകാം അല്ലാതെയിരിക്കാം. ലോകത്തെ നായകളെല്ലാം ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. എല്ലാ നായകളും ഒരുപോലുള്ളവരാണ്. മാത്രവുമല്ല നമുക്ക് ചുറ്റും ഉള്ളത് അധികവും നാടൻ ജനുസ്സിൽപ്പെട്ട നായകളാണ്. അതു കൊണ്ടാ ഞാൻ…” ഒരു ബിസിനസ്സ് സ്‌ഥാപനം തുടങ്ങും മുമ്പേ തന്നെ ബിസിനസ്സിന്‍റെ ഉള്ളുക്കള്ളികളെപ്പറ്റി ശർമ്മാജി നന്നായി പഠിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന കാര്യം എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു. നായകൾക്കുള്ള ഉൽപന്നങ്ങൾ വിറ്റ് ആള് കേമനായ ഒരു കച്ചവടക്കാരനാകും.
“ശർമ്മാജി, പെറ്റ്ഷോപ്പിൽ എന്തെല്ലാം പ്രൊഡക്റ്റുകളാണ് വയ്‌ക്കുക?” ശർമ്മാജിയുടെ പുതിയ ബിസിനസ്സ് സംരഭത്തിൽ വലിയ സന്തോഷമുണ്ടെന്ന് കാണിക്കാൻ വേണ്ടി ഞാൻ വെറുതെയൊരു ചോദ്യം തൊടുത്തു.
“നായകൾക്ക് വേണ്ടിയുള്ള അത്യാവശ്യ സാധനങ്ങൾ ഉണ്ടാകും. നായകൾക്ക് വേണ്ടിയുള്ള മൊട്ടു സൂചി മുതൽ ബെഡ് വരെയുള്ള സർവ്വ സാധനങ്ങളും കിട്ടും. ക്വാളിറ്റി കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമുണ്ടാവില്ല. എന്‍റെ കടയിൽ മനുഷ്യരുടെ ഉൽപന്നങ്ങളെക്കാൾ മികച്ച ക്വാളിറ്റിയുള്ള പെറ്റ് ഉൽപന്നങ്ങൾ ഉണ്ടാകും. മിണ്ടാപ്രാണികളെ ആർക്കും പറ്റിക്കാനാവില്ല. പാവം മിണ്ടാപ്രാണികളെ എത്ര വേഗമാ പറ്റിക്കാനാവുക. നായകൾക്കുള്ള വസ്‌ത്രങ്ങൾ, സോപ്പ്, ഷാംപൂ തുടങ്ങി അവർക്കുള്ള ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ വരെയെന്തും വളരെ കുറഞ്ഞ ലാഭത്തിൽ വിൽക്കുന്ന ഒരു പെറ്റ് ഷോപ്പായിരിക്കും ഇത്. റിട്ടയർമെന്‍റിനു ശേഷം നായകളെ സേവിച്ച് സ്വർഗ്ഗ ലോകത്തിലെത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”
“എന്നു വച്ചാൽ?” ഉള്ളിൽ ഉണർന്ന ചെറിയ ദേഷ്യത്തെ കടിച്ചമർത്തി കൊണ്ട് ശാന്തമായി ഞാൻ ചോദിച്ചു.
“വളരെ കുറഞ്ഞ നിരക്കിൽ ഒറിജിനൽ പ്രൊഡക്റ്റ്. അപ്പോൾ താങ്കൾ നാളെ ചീഫ് ഗസ്റ്റായി എത്തുമെന്ന് പ്രതീക്ഷിക്കട്ടെ? ഇനി കുറേ ജോലി ചെയ്യാനുണ്ട്. നാളെ കൃത്യം 10 മണിക്ക് ഇവിടെ എത്തണം. ഭാര്യയ്ക്കൊപ്പം… ക്ഷമിക്കണം താങ്കൾ സ്വന്തം നായകൾക്കൊപ്പം വരണം! ഏറ്റവും പ്രിയപ്പെട്ടതിനൊപ്പം വരണം. ഇനി സ്നാക്ക്സിന്‍റെ കാര്യം നോക്കണം. ഫോട്ടോഗ്രാഫർ, മീഡിയ തുടങ്ങിയ ഒരുക്കങ്ങളും ചെയ്യാനുണ്ട്. പത്രങ്ങളിലും ടിവിയിലും വാർത്ത വന്നില്ലെങ്കിൽ പിന്നെയൊരു രസവുമുണ്ടാവില്ല.”
ഞാൻ എന്തെങ്കിലും മറുപടി പറയും മുമ്പേ ശർമ്മാജി പെറ്റ് ഷോപ്പിന്‍റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളിൽ ഉത്സാഹപൂർവ്വം മുഴുകി. ഞാൻ ഇളിഭ്യനായി വായും പൊളിച്ചു നിന്നു.