വിഷു മലയാളികളുടെ പ്രിയപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്.. കാർഷികോത്സവത്തിന്റെ പ്രതീകം കൂടിയാണ് മേടപ്പുലരിയിലെ വിഷു ആഘോഷം.

വിഷുവിനു പലതരം പാരമ്പരാഗത വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. അവയിൽ പെട്ടതാണ് വിഷുക്കട്ടയും ശർക്കരപ്പാനിയും. ഉണ്ടാക്കുന്ന വിധം മനസിലാക്കാം.

 

വിഷുക്കട്ട

ചേരുവകൾ:

ഉണക്കലരി അര കപ്പ്

ഒന്നാം തേങ്ങാപ്പാൽ ഒന്നര കപ്പ്

രണ്ടാം പാൽ അര കപ്പ്

ജീരകം കാൽ ടേബിൾ സ്പൂൺ

നെയ് ഒരു സ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഉണക്കലരി കഴുകി അര മണിക്കൂർ കുതിർത്ത് വയ്ക്കുക.

തേങ്ങ ചിരകി ഒന്നാം പാലും രണ്ടാം പാലും വെവ്വേറെ എടുത്ത് വയ്ക്കുക.

രണ്ടാം പാല് ഒരു പാത്രത്തിൽ എടുത്ത് ചൂടാക്കുക. കുതിർത്തിയ അരി ഇതിലേക്ക് ചേർത്ത് ഇളക്കി ചെറിയ തീയിൽ വേവിക്കുക.

ആവശ്യത്തിന് ഉപ്പും ചേർക്കാം. പൊടിച്ചു വച്ച ജീരകം ഈ സമയം ചേർത്ത് കൊടുക്കാം. വേവ് ഏകദേശം ആയിക്കഴിയുമ്പോൾ ബാക്കി വച്ചിരിക്കുന്ന ഒന്നാം തേങ്ങാപ്പാലും കൂടി ചേർത്ത് ഒന്നുകൂടി ഇളക്കി വേവിക്കുക.

പാത്രത്തിന്‍റെ അരികിൽ വിട്ടു പോകാത്ത പാകത്തിൽ കഞ്ഞി ആകുമ്പോൾ വാങ്ങി വയ്ക്കുക. 15 മിനിറ്റ് നേരം ഇത് തണുക്കാൻ വച്ച ശേഷം നെയ് ചൂടാക്കി ഇതിലേക്ക് ഒഴിക്കുക. ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം.

ശർക്കരപ്പാനി

ചേരുവകൾ:

ശർക്കര അര കപ്പ്

വെള്ളം കാൽ കപ്പ്

തയ്യാറാക്കുന്ന വിധം:

ശർക്കര ആദ്യം തന്നെ ചൂട് വെള്ളത്തിൽ മുക്കി വയ്ക്കുക. ഇത് നന്നായി കുതിർത്ത് പൊടിച്ചെടുത്ത് അടുപ്പത്ത് വച്ച് ചൂടാക്കുക.

ചെറിയ ചൂടോടു കൂടി ഈ മിശ്രിതം ഒരു അരിപ്പയിൽ കൂടി നന്നായി അരിച്ചെടുത്താൽ ഇതിലെ കരടും കല്ലും നീങ്ങിക്കിട്ടും.

അതിനുശേഷം അടപ്പുത്തേക്ക് വീണ്ടും വച്ച് നല്ല ചൂടിൽ നന്നായി ഇളക്കിക്കൊണ്ടിരിക്കണം. പാനി ഒട്ടിപ്പിടിക്കുന്ന പരുവമാകുമ്പോൾ (തേൻ പോലെ) അടുപ്പിൽ നിന്ന് താഴെയിറക്കാം.

വിഷുക്കട്ട ശർക്കരപ്പാനിയിൽ മുക്കി കഴിക്കാം. ഇത് കേരളത്തിലെ സ്വാദേറിയ ഒരു പരമ്പരാഗത വിഷു പ്രാതൽ വിഭവമാണ്.

और कहानियां पढ़ने के लिए क्लिक करें...