വളരെ വിപുലമായതും വളർന്നു കൊണ്ടിരിക്കുന്നതുമായ ബാധ്യതയാണ് പ്രമേഹം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും അധികമായ മരണകാരണങ്ങളിൽ ഏഴാമത്തേതാകും പ്രമേഹം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽ ഇന്ന് ഏകദേശം 69 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കലുണ്ടാകുന്ന നിശബ്ദ മഹാമാരി ഇനിയും നിശബ്ദമായിരിക്കുകയില്ല. പാരമ്പര്യ ഘടകങ്ങൾ ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും ആധുനിക യുഗത്തിലെ വരുമാന വർദ്ധനവിന്‍റെയും ജീവിതശൈലിയിലെ മാറ്റങ്ങളുടെയും ഫലമായിട്ടുണ്ടായ ഭക്ഷണശീലങ്ങളിലെ മാറ്റങ്ങളും എണ്ണയിൽ വറുത്ത ഭക്ഷണസാധനങ്ങളുടെ ഉപയോഗവും ശാരീരികമായി അധ്വാനമില്ലാതുള്ള ജീവിതചര്യയും പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. അതായത് 2000-ൽ 32 ദശലക്ഷമുണ്ടായിരുന്നത് 2015 ആയപ്പോഴെയ്ക്കും ഇരട്ടിയിലധികമായി 69.1 ദശലക്ഷമായി വർദ്ധിച്ചു. പ്രമേഹം ബാധിക്കുന്നവരുടെ പ്രായം 40-50 വയസ്സ് എന്നതിൽ നിന്ന് 30-40 വയസ്സ് എന്ന നിലയിലേക്കും ഹൃദയാഘാതം സംഭവിക്കുന്നവരുടെ പ്രായം 50-60 വയസ്സ് എന്നതിൽ നിന്ന് 40-50 എന്ന നിലയിലേക്കും വന്നു.

ആഗോള ആരോഗ്യച്ചെലവിന്‍റെ 12 ശതമാനമാണ് മുതിർന്നവരിൽ പ്രമേഹത്തിനായി ചെലവഴിക്കുന്നത്. പ്രമേഹരോഗത്തിന്‍റെ മരുന്നുകൾക്ക് 300 കോടി രൂപയും ഇൻസുലിന് 250 കോടി രൂപയുമാണ് ഒരു വർഷം ചെലവഴിക്കപ്പെടുന്നത്. രാജ്യത്തെ പഞ്ചസാരയുടെ തലസ്‌ഥാനം കേരളമാണെന്ന് സംശയമേതുമില്ലാതെ പറയാം. പ്രമേഹം ബാധിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാൽ പ്രമേഹവും രാജ്യത്തിന്‍റെ സുസ്ഥിതി വളർച്ചയ്ക്ക് ഒരു ഭീഷണിയാണ്.

പ്രമേഹമുണ്ടാവുന്നതെങ്ങനെ?

പാൻക്രിയാസ് അഥവാ ആഗ്നേയ ഗ്രന്ഥി ആവശ്യത്തിന് ഇൻസുലിൻ പുറപ്പെടുവിക്കാത്തതുമൂലമോ അല്ലെങ്കിൽ ശരീരത്തിന് ഫലപ്രദമായി ഇൻസുലിൻ ഉപയോഗിക്കാൻ കഴിയാത്തതുമൂലമോ ആണ് പ്രമേഹമുണ്ടാകുന്നത്. ഇത് രക്‌തത്തിലെ ഗ്ലൂക്കോസിന്‍റെ സാന്ദ്രത വർദ്ധിക്കുന്നതിന് കാരണമാവുകയും ഹൈപ്പർഗ്ലൈസീമിയ എന്ന അവസ്‌ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. കുഴപ്പങ്ങൾ ഉണ്ടാകുന്നത് രക്‌തത്തിലെ ഗ്ലൂക്കോസിന്‍റെ നില വർദ്ധിക്കുമ്പോഴാണ്. ഡബ്ല്യൂഎച്ച്ഒ യുടെ നിഗമനം അനുസരിച്ച് ഇന്ത്യയിൽ പ്രമേഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സങ്കീർണ്ണതകൾ മൂലം മരണമുണ്ടാകുന്നവരിൽ 80 ശതമാനം പേരും പാവപ്പെട്ടവരോ ഇടത്തരക്കാരോ ആണ്.

ഗ്ലൂക്കോസ് നില ഉയർന്നു നിൽക്കുന്നത് രക്‌തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനും രക്‌തക്കട്ടകൾ രൂപപ്പെടുന്നതിനും കാരണമാകുന്നു. ഇത് ഏത് രക്‌തക്കുഴലുകളിലും ഉണ്ടാകാം. തലച്ചോറിലേക്കുള്ളതോ ഹൃദയത്തിലേക്കുള്ളതോ ആയ രക്‌തക്കുഴലുകളിലാണ് ഉണ്ടാകുന്നതെങ്കിൽ പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂടുന്നു. ഇത് ഹൃദ്രോഗങ്ങൾക്കുള്ള പ്രഥമകാരണം അല്ലെങ്കിൽ പെട്ടെന്നുള്ള ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രമേഹമുള്ളവരിൽ രണ്ടു മുതൽ നാലു മടങ്ങ് വരെ അധിക സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ളവരിൽ ഹൃദയത്തിലേക്ക് രക്‌തം പ്രവഹിക്കുന്ന ഒന്നിലധികം രക്‌തധമനികളിൽ രക്‌തക്കട്ടകൾ രൂപപ്പെടാനുള്ള സാധ്യത കൂടുകയും അത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

അതിനാൽ പ്രമേഹത്തെ കീഴ്പ്പെടുത്താനും ഹൃദയാഘാതം ഒഴിവാക്കാനും ബോധവത്ക്കരണം വളർത്തേണ്ടത് വളരെ പ്രധാനമാണ്. ഏറെ വൈകി രോഗം നിർണ്ണയിക്കപ്പെട്ട ധാരാളം ആളുകളിൽ ടൈപ്പ് 2 പ്രമേഹത്തിന്‍റെ സങ്കീർണ്ണതകൾ ഏതെങ്കിലുമൊന്ന് കണ്ടെത്തിയിട്ടുണ്ടാകും. കൃത്യമായ സ്ക്രീനിംഗ് രോഗനിർണ്ണയം നേരത്തെയാക്കുന്നതിനും ചികിത്സ തുടങ്ങുന്നതിനും ഗുരുതരമായ സങ്കീർണ്ണതകളുടെ അപകട സാധ്യതകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. നേരത്തെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്‌താൽ കൃത്യമായ ഭക്ഷണക്രമങ്ങളിലൂടെ ഭാരം കുറച്ചും ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും ആവശ്യത്തിന് മരുന്നുകൾ കഴിച്ചും ഹൃദയസംബന്ധമായ സങ്കീർണ്ണതകൾ കൂടുതലായി തടയാൻ കഴിയും.

ജീവിതശൈലി

ജോലി, മറ്റ് കാരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള ഉയർന്ന സമ്മർദ്ദം, ഉറക്കവും വ്യായാമവും ഇല്ലാതെ വരിക, പുകവലി ശീലം, പൂരിത കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ ഉയർന്ന അളവിൽ അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം കാരണമാകുന്നതു കൊണ്ട് ജീവിതശൈലിയിലെ മാറ്റങ്ങൾ അത്യന്താപേക്ഷിതമാണ്. ശരിയായി ചവച്ച് കഴിക്കുന്നത് ഉൾപ്പെടെ ശരിയായ രീതിയിലുള്ള ഭക്ഷണശീലങ്ങൾ പിന്തുടരണം. ശാരീരിക വ്യായാമങ്ങൾ രക്‌ത സമ്മർദ്ദം കുറച്ച് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുകയും ഭാരം കുറയ്ക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ബിഎംഐക്കു പുറമേ അരവണ്ണവും ഇടുപ്പും തമ്മിലുള്ള അനുപാതം, പിയർ, ആപ്പിൾ രൂപത്തിലുള്ള ശരീരം എന്നിവ ഉയർന്ന തോതിലുള്ള പ്രമേഹവും ഹൃദ്രോഗവും സൂചിപ്പിക്കുന്നു. എത്രയും നേരത്തെ ഒരു ഡോക്ടറെ സന്ദർശിച്ച് ചികിത്സ തേടുന്നത് ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.

ആർ. വി ജയകുമാർ, ആസ്റ്റർ മെഡിസിറ്റി

और कहानियां पढ़ने के लिए क्लिक करें...