അതു കണ്ടില്ലെന്നു നടിക്കുവാൻ ഒരു മനുഷ്യനുമാവുകയില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വാശിപിടിച്ച് അതു പിടഞ്ഞു കൊണ്ടേയിരിക്കും, തനിക്ക് അർഹമായതു ലഭിക്കുന്നതു വരെ… ആ പിടച്ചിലിന്‍റെ അന്ത്യമാണ് ഇന്ന് നരേട്ടനിൽ ഞാൻ കാണുന്നത്. തനിക്കർഹതപ്പെട്ട സ്നേഹം ലഭിച്ചതോടെ ആ മനസ്സ് ശാന്തമായി. ഒരു കൊച്ചുകുട്ടിയെപ്പോലെ ശാന്തനായി ഉറങ്ങുന്ന നരേട്ടന്‍റെ അടുത്ത് ഞാനിരുന്നു. ഈ ലോകത്തിലെ എല്ലാ നിഷ്ക്കളങ്കതയും ആ മുഖത്ത് സന്നിവേശിച്ചതു പോലെ എനിക്കു തോന്നി. ആ ശരീരത്തിൽ, മെല്ലെ ഒരു കുഞ്ഞിനെ എന്നപോലെ ഞാൻ തലോടിക്കൊണ്ടിരുന്നു. ഉണർന്നപ്പോൾ അടുത്തിരിക്കുന്ന എന്നെക്കണ്ട് അദ്ദേഹം പുഞ്ചിരിതൂകി ചോദിച്ചു.

”മീരാ… നീയിങ്ങനെ എന്‍റടുത്തു തന്നെയിരിക്കുമ്പോൾ എനിക്കെന്തു സന്തോഷമാണെന്നോ? ഇപ്പോഴാണ് നീയൊരു യഥാർത്ഥ ഭാര്യയായത്…”

അദ്ദേഹത്തിന്‍റെ ഹൃദയത്തിൽ നിന്നും അടർന്നു വീണ വാക്കുകൾ ധന്യതയുടെ ഒരു നിമിഷം. കൈക്കുമ്പിളിൽ വാർന്നു വീണ തീർത്ഥജലം പോലെ ആ വാക്കുകൾ കോരിയെടുത്തു കുടിക്കുമ്പോഴും അറിയാതെ മനസ്സൊന്നു പിടഞ്ഞുവോ?…

ഉള്ളിന്‍റെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ. ഹൃദയത്തിൽ എവിടെയോ ഒരു കളങ്കം ഒളിഞ്ഞു കിടപ്പുണ്ടോ? നിലക്കണ്ണാടിയിൽ പതിയുന്ന എന്‍റെ പ്രതിബിംബം എന്നെ നോക്കി ചിരിക്കുന്നുവോ?

മീരാ… നീ എത്രയൊക്കെ ശ്രമിച്ചാലും പരിപൂർണ്ണമായും ഒരു നല്ല ഭാര്യയാകുവാൻ ഈ ജന്മം നിനക്കു കഴിയുമോ? നിന്‍റെ മനസ്സിലെ കളങ്കത്തെ അദ്ദേഹത്തിന്‍റെ ഗംഗാജലം പോലെ പവിത്രമായ ഹൃദയത്തിൽ നിന്നടർന്നു വീണ വാക്കുകൾക്ക് കഴുകിക്കളയാനാകുമോ?

മനസ്സിൽ നടക്കുന്ന സംഘട്ടനം അറിഞ്ഞിട്ടെന്ന പോലെ നരേട്ടൻ പറഞ്ഞു.

“മീരാ… നിന്നെ എനിക്കു മനസ്സിലാകും. നിന്‍റെ മനസ്സിൽ നിന്ന് ഫഹദിനെ പൂർണ്ണമായും മായിച്ചു കളയാനാവില്ലെന്നും എനിക്കറിയാം. എങ്കിലും നീ എന്നെ ശുശ്രൂഷിച്ചു കൊണ്ട് എന്‍റെ അടുത്തിരിക്കുന്ന ഈ ധന്യ നിമിഷം. ഈ നിമിഷത്തിൽ ഞാൻ മരിച്ചു പോയാലും ഞാൻ ഒരു ഭാഗ്യവാനാണ്. നിന്‍റെ പരിലാളനകൾക്കായി എന്‍റെ മനസ്സ് അത്രയേറെ കൊതിച്ചിരുന്നു.”

ശരിയാണ്… കഴിഞ്ഞ ഏതാനും വർഷങ്ങൾ ഞാൻ നരേട്ടനോട് അസുഖമൊന്നും കാണിച്ചിരുന്നില്ലെങ്കിലും ഫഹദ്സാറിനു നൽകിയതു പോലെ പ്രേമം നിറഞ്ഞൊരു മനസ്സ് അദ്ദേഹത്തിനു നൽകാൻ എനിക്കു കഴിഞ്ഞിരുന്നില്ല.

രാഹുലിന്‍റേയും, കൃഷ്ണമോളുടേയും മുമ്പിൽ നല്ലൊരു അമ്മയാകുവാൻ ശ്രമിച്ചപ്പോഴും നരേട്ടന്‍റെ മുമ്പിൽ ഒരു നല്ല ഭാര്യയാകുവാൻ എനിക്കു കഴിഞ്ഞിരുന്നില്ലല്ലോ? അതിനു ശ്രമിക്കുമ്പോഴെല്ലാം ഫഹദ്സാർ മുമ്പിൽ വന്നു നിന്നു ചോദിക്കുന്നതു പോലെ തോന്നുമായിരുന്നു.

“എന്നെ മറന്നുവോ നീ…”

“ഇല്ല ഫഹദ് സാർ… കല്പാന്ത കാലത്തോളം അങ്ങയെ മറക്കുവാൻ എനിക്കാവുകയില്ല.”

അങ്ങിനെ മനസ്സ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇന്നിപ്പോൾ നരേട്ടനോട് എന്‍റെ മനസ്സിലെ സഹതാപമാണ് സ്നേഹത്തെക്കാൾ മുമ്പിൽ നിൽക്കുന്നത്. പിന്നെ ഒരു ഭാര്യയുടെ കടമ ഓർമ്മിപ്പിക്കുന്ന മനസ്സ്. അതുപലപ്പോഴും എന്‍റെ കർത്തവ്യം നിർവ്വഹിക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നു.

പിന്നീടുള്ള ദിനങ്ങൾ ആ കർത്തവ്യ നിർവ്വഹണത്തിനു മാത്രമായി എനിക്കു മാറ്റി വയ്ക്കേണ്ടി വന്നു.

കോളേജിൽ നിന്ന് അവധിയെടുത്ത് നരേട്ടനൊടൊപ്പം കുറെ ദിനങ്ങൾ ഞാൻ കഴിച്ചു കൂട്ടി. ആ ദിനങ്ങളൊന്നിൽ.

“മീരാ നീയെവിടെയാണ്? ഒന്നിങ്ങോട്ടു വരുമോ?”

അടുക്കളയിൽ പാചകത്തിലേർപ്പെട്ടിരുന്ന ഞാൻ നരേട്ടന്‍റെ ശബ്ദം കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്. വേഗം സ്റ്റൗ ഓഫാക്കി അദ്ദേഹത്തിന്‍റെ അടുത്ത് നടന്നെത്തി.

“വരൂ മീരാ… നീയെന്‍റെ കൂടെ ഒന്നു വരൂ… നമുക്ക് അൽപനേരം പുറത്തെ കാറ്റേറ്റ് മുറ്റത്തു കൂടി നടക്കാം.”

ആ കൈകളിൽ പിടിച്ച് പുറത്തേയ്ക്കു നയിക്കുമ്പോൾ നരേട്ടൻ പറഞ്ഞു.

“വേണ്ട മീരാ… ഞാൻ കൈപിടിയ്ക്കാതെ നടന്നോളം ഒറ്റയ്ക്കിരുന്ന് വല്ലാതെ ബോറടിയ്ക്കുന്നു. നീയുമായി കൊച്ചു വർത്തമാനം പറഞ്ഞ് അൽപനേരം നടക്കുമ്പോൾ മനസ്സിന്‍റെ വൈക്ലബ്യമെല്ലാം മാറും. അത്രമാത്രമേ ഞാനാഗ്രഹിച്ചുള്ളൂ”

പക്ഷേ ഒന്നുമറിയാത്ത പോലെ ആ കൈകളിൽ കൈകോർത്ത് മുറ്റത്തേയ്ക്കു നടക്കുമ്പോൾ മറ്റൊരു മീരയാവാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. കളിതമാശകൾ പറഞ്ഞ് നരേട്ടനെ പൊട്ടിച്ചിരിപ്പിക്കുന്ന മീര. ഒരു നല്ല ഭാര്യയായി നരേട്ടന്‍റെ മുന്നിൽ ജീവിയ്ക്കുവാൻ, കഴിഞ്ഞതെല്ലാം മറക്കുവാൻ ഒരിയ്ക്കൽ കൂടി ഞാൻ തയ്യാറെടുത്തു.

മുറ്റത്തിന്‍റെ അതിരിലേയ്ക്ക് എന്‍റെ കൈപിടിച്ചു നടന്നു കൊണ്ട് നരേട്ടൻ പറഞ്ഞു.

“നോക്കൂ മീരാ… ആ ലൗ ബേഡ്സ് എത്ര ആഹ്ലാദത്തോടു കൂടി ആകാശത്തിൽ അവ പറന്നു നടക്കാറുണ്ട്. ഇപ്പോൾ നോക്കൂ അവയുടെ മുഖത്ത് തങ്ങി നിൽക്കുന്നത് ഒരു ദുഃഖഭാവമല്ലേ? ഇണക്കിളി അടുത്തുണ്ടെങ്കിലും അവയ്ക്കു നിഷേധിക്കപ്പെട്ട സ്വാതന്ത്യ്രം അവയെ ദുഃഖിപ്പിക്കുന്നില്ലേ? ഞാനിപ്പോൾ അവയെ തുറന്നു വിടാൻ പോവുകയാണ്. അവ ഇഷ്ടമുള്ള ഇണക്കിളിയോടൊത്ത് ആകാശത്തിൽ യഥേഷ്ടം പറന്നു നടക്കട്ടെ. മരക്കൊമ്പിൽ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കട്ടെ… അതല്ലേ… ശരി മീരാ…” അങ്ങനെ പറഞ്ഞു കൊണ്ട് നരേട്ടൻ ആ കിളികളെ കൂട്ടിൽ നിന്നും തുറന്നു വിട്ടു. തടവിൽ നിന്നും സ്വാതന്ത്യ്രത്തിലേയ്ക്കുള്ള ആ പ്രയാണത്തിൽ ആഹ്ലാദരവങ്ങളോടെ അവ പറന്നു പൊങ്ങി.

ആകാശത്തിൽ ഒരു പൊട്ടു പോലെ അപ്രത്യക്ഷമാകുന്നതു നോക്കി ഞാനും, നരേട്ടനും നിന്നു. അവ കണ്മുന്നിൽ നിന്നും മറഞ്ഞു കഴിഞ്ഞപ്പോൾ നരേട്ടൻ പറഞ്ഞു.

“ഇനിയും ഇതുപോലെ കൂട്ടിലിട്ടിരിക്കുന്നവയെയെല്ലാം തുറന്നു വിടണം. മരിയ്ക്കുന്നതിനു മുമ്പ് എനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്. പരിശുദ്ധമായ മനസ്സോടെയും, ശുദ്ധമായ കൈകളോടെയുമായിരിക്കും ഞാൻ സ്വർഗ്ഗത്തിലേയ്ക്കു പോകുന്നത്. എന്‍റെ ഹൃദയത്തിലും കരങ്ങളിലുമുള്ള എല്ലാ പാപക്കറകളും ഞാൻ ഇവിടെത്തന്നെ കഴുകിക്കളയട്ടെ അതല്ലേ മീര… അതിന്‍റെ ശരി…” അങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം മുയൽക്കൂട്ടിനരികിലെത്തി അതിലുള്ള ഒരു ജോഡി മുയലുകളേയും തുറന്നു വിട്ടു.

“പൊയ്ക്കോ… പോയി സ്വതന്ത്യ്രമായി ജീവിയ്ക്ക്…” അദ്ദേഹം അരുമയായി അവയെ തലോടി. എന്നാലാ മുയലുകളാകട്ടെ ലോണിൽ അവിടെവിടെയായി ചെന്നിരിയ്ക്കുകയും തുള്ളിക്കളിയ്ക്കുകയും ചെയ്‌തു കൊണ്ടിരുന്നു. അവ നരേട്ടനെ നന്ദിയോടെ നോക്കി. പിന്നെ അദ്ദേഹത്തെ പിരിയാനാവാത്തതു പോലെ സമീപം വന്നിരുന്നു.

“അസുഖത്തിന്‍റെ തടവറയിൽ കിടക്കുമ്പോഴാണ് കൂട്ടിലടച്ച എല്ലാ ജീവജാലങ്ങളുടേയും അസ്വാതന്ത്യ്രത്തെക്കുറിച്ച് ഞാൻ ചിന്തിച്ചത്. അതിൽ മനുഷ്യനും ഉൾപ്പെടും കേട്ടോ” അങ്ങനെ പറഞ്ഞു കൊണ്ട് ഒരു ഗൂഢസ്മിതത്തോടെ അദ്ദേഹം എന്നെ നോക്കി. ഒരു പക്ഷേ എന്നെ ഉദ്ദേശിച്ചാണോ അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് സംശയം തോന്നുകയും ചെയ്തു.

ഇണക്കിളിയിൽ നിന്ന് വേർപ്പെടുത്തി അദ്ദേഹം മെരുക്കി കൂട്ടിലടച്ച ഒരു കിളിയാണല്ലോ ഞാനും എന്ന് ഓർത്തു പോയി. സ്വാതന്ത്യ്രത്തിന്‍റെ ഉഛ്വാസ വായുവിനായുള്ള ആത്മപീഡ എന്‍റെ ഉള്ളിലും പലപ്പോഴും ഉടലെടുക്കാറുള്ളതിനെക്കുറിച്ചും ചിന്തിച്ചു. ഉപബോധ മനസ്സിന്‍റെ ഗതിവിഗതികൾ നമുക്ക് പലപ്പോഴും ആജ്ഞാതമാണല്ലോ എന്നും.

ഒരാഴ്ച കൂടി പിന്നിട്ടപ്പോൾ നരേട്ടന്‍റെ ബൈപ്പാസ് ഓപ്പറേഷൻ നടന്നു. ഓപ്പറേഷനു ശേഷം അദ്ദേഹത്തിന് ഓർമ്മ തിരിച്ചു കിട്ടാൻ ഏതാണ്ട് ഒന്നര ദിവസമെടുത്തു. അത്രയും സമയം ഞാനൊറ്റയ്ക്ക് ഹോസ്പിറ്റലിൽ നിരാശ്രയയായിരുന്നു. കൃഷ്ണമോളെ വിവരമറിച്ചിരുന്നുവെങ്കിലും അവൾക്ക് എത്തിച്ചേരുവാൻ കഴിയില്ല എന്നറിയിച്ചിരുന്നു. അപ്പോഴേയ്ക്കും അവൾ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു കഴിഞ്ഞിരുന്നു.

പ്രസവത്തിന് ഇനി ഏതാണ്ട് രണ്ടുമാസം കൂടി മാത്രം. അവളുടെ ഭർത്താവ് ദേവാനന്ദിനാകട്ടെ അവളെ ഞങ്ങളുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുന്നതിൽ അത്ര താൽപര്യമുണ്ടായിരുന്നില്ല. ഗർഭിണിയായിരിക്കുന്ന ഈ സമയത്ത് ഹോസ്പിറ്റലിൽ വന്നു നിന്ന് അവൾ കഷ്ടപ്പെടുന്നതിനോട് അയാൾക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. മാത്രമല്ല, അവരുടെ വിവാഹത്തിന് ആദ്യം ഞങ്ങൾക്കുണ്ടായിരുന്ന എതിർപ്പ് കൃഷ്ണമോൾ പറഞ്ഞ് അയാളറിഞ്ഞിരുന്നു. ഒരു നോർത്ത് ഇന്ത്യൻ ആണെന്നതിന്‍റെ പേരിൽ തന്നെ സ്വീകരിക്കാൻ മടിച്ചവരോട് അയാളെപ്പോഴും ഒരു അകൽച്ച സൂക്ഷിച്ചിരുന്നു. വിവാഹശേഷം ഒരിയ്ക്കൽ പോലും അവരൊരുമിച്ച് വീട്ടിൽ വന്നു നിൽക്കുകയുണ്ടായില്ല. ഏകമകളുടെ ആ അകൽച്ചയും നരേട്ടനെ വേദനിപ്പിച്ചിരുന്നു.

ഒടുവിൽ നരേട്ടന് ബോധം തിരിച്ചു കിട്ടി. അദ്ദേഹം ആദ്യം തിരിച്ചറിഞ്ഞത് എന്നെയാണ്. ചുണ്ടിൽ വിരിഞ്ഞ ഒരു വിജയ സ്മിതത്തോടെ അദ്ദേഹം പറഞ്ഞു.

“ഞാൻ തിരിച്ചെത്തി മീരാ… നിനക്കു വേണ്ടി ഞാൻ തിരിച്ചെത്തി.”

“നരേട്ടന് ഒന്നും സംഭവിക്കുകയില്ല” ഞാനാ കൈകവർന്നു കൊണ്ടു പറഞ്ഞു.

ബോധം വന്ന ശേഷം അദ്ദേഹത്തെ ഐസിയുവിൽ ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിൽ കിടത്തി. അപ്പോഴെല്ലാം ഞാൻ ഐസിയുവിനു മുമ്പിൽ അദ്ദേഹത്തിനു വേണ്ടി കാവലിരുന്നു. എല്ലാ ദിവസവും വിദ്യാർത്ഥികളും, അദ്ധ്യാപകരും അദ്ദേഹത്തെ അന്വേഷിച്ചെത്തി. ആരുമില്ലാതെ ഒറ്റയ്ക്കിരിയ്ക്കുന്ന എന്നെ ക്കണ്ട് അവരിൽ ചിലർ സഹായിക്കാനെത്തി.

“മാഡം… ആപ് കുഛ് ഖായാ ക്യാ? മൈം ആപ് കേലിയേ കുഛ് ഖരീദ് കർലാവും ക്യൈ?” കോളേജിൽ എന്‍റേയും നരേട്ടന്‍റെയും ശിഷ്യരിലൊരാളായ അനൂപ് എന്ന വിദ്യാർത്ഥി അന്വേഷിച്ചു. അവൻ എന്‍റെ വാടിയ മുഖം കണ്ട് ഞാൻ ആഹാരമൊന്നും കഴിക്കാതെയാണിരിക്കുന്നതെന്ന് മനസ്സിലാക്കി. അവന്‍റെ ചോദ്യം കേട്ട് ഞാൻ വെറുതെ ചിരിച്ചതേയുള്ളൂ. അൽപം കഴിഞ്ഞ് അവൻ കാന്‍റീനിൽ നിന്നും ചപ്പാത്തിയും കറികളും വാങ്ങിക്കൊണ്ടു വന്നു.

“മാഡം… ആപ് ഖാനാ ഖായിയേ…” അഗർ നഹിം തോ ആപ് ബഹുത് ധക് ജാ യേം ഗേ…”

മക്കളെപ്പോലെ എന്‍റെ കാര്യങ്ങൾ അന്വേഷിക്കാനെത്തുന്ന വിദ്യാർത്ഥികളെക്കണ്ട് മനം നിറഞ്ഞു. രാഹുൽമോന്‍റെ അഭാവം അവർ നികത്തുകയായിരുന്നു. പിന്നീടുള്ള ദിനങ്ങളിൽ ചില അദ്ധ്യാപകരും അദ്ദേഹത്തെ കാണാനെത്തി. ഇൻഫെക്ഷൻ പേടിച്ച് ആരേയും അകത്തേയ്ക്ക് കടത്തിവിട്ടില്ല. എല്ലാവരും എന്നെ കണ്ട് വിവരങ്ങൾ അന്വേഷിച്ച് മടങ്ങി. ദിനങ്ങൾ ഒച്ചിഴയുന്ന വേഗത്തിൽ അകന്നു നീങ്ങി. നരേട്ടനെ വാർഡിലേയ്ക്കു കൊണ്ടു വന്നു. വാർഡിലെത്തുമ്പോൾ അദ്ദേഹം ആഹ്ലാദവാനായിരുന്നു.

“മരണത്തിൽ നിന്ന് ഞാൻ രക്ഷപ്പെട്ടെത്തി മീരാ… ഇനി ഞാൻ മരണമില്ലാത്തവനായി നിന്‍റെ കൂടെ ജീവിയ്ക്കും.” അദ്ദേഹം എന്നോടു പറഞ്ഞു.

“ഈ പ്രപഞ്ചത്തിലെ മരങ്ങളും പൂക്കളും, പുൽക്കൊടികളും എല്ലാം കണ്ട് ഇനിയും നമുക്ക് ആഹ്ലാദത്തോടെ ജീവിയ്ക്കാം. ഓപ്പറേഷൻ തീയേറ്ററിലേയ്ക്കു പോകുമ്പോൾ ഞാൻ വിചാരിച്ചത് ഞാനിനി തിരിച്ചു വരില്ലെന്നാണ്. ഈ ഭൂമിയിലെ ജീവിതം എനിക്കു നഷ്ടപ്പെട്ടുവെന്നും. എന്നാൽ ഈശ്വരൻ എനിക്ക് പുനർ ജന്മമേകിയിരിക്കുന്നു. എന്‍റെ മീരയോടൊത്ത് ഈ ജന്മം മുഴുവൻ പങ്കിടാൻ.”

അദ്ദേഹം സ്വയം മറന്ന് സന്തോഷിച്ചു കൊണ്ട് പറഞ്ഞു. എന്‍റെ സ്നേഹം തിരികെ ലഭിച്ചപ്പോൾ മകന്‍റെ വേർപാടിന്‍റെ വേദന അദ്ദേഹത്തിൽ നിന്ന് അകന്നു പോയിരിക്കുന്നു. പതുക്കെ പതുക്കെ അദ്ദേഹം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്‌ജായി വീട്ടിലെത്തി.

അന്നൊരിയ്ക്കൽ കോളിംഗ് ബെൽ തുടരെ അടിക്കുന്ന ശബ്ദം കേട്ട് ഞാൻ ചെന്നു നോക്കുമ്പോൾ കൃഷ്ണമോളായിരുന്നു. അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“മമ്മിയെന്താ അദ്ഭുതത്തോടെ മിഴിച്ചു നോക്കുന്നത്.ഞാൻ മമ്മിയുടെ മോളാ മമ്മീ കൃഷ്ണ… മമ്മിയെന്താ വിചാരിച്ചത്. ഞാൻ ഇനി ഇങ്ങോട്ട് വരില്ലെന്നോ. ദേവേട്ടനോട് ഞാൻ നിർബന്ധം പറഞ്ഞപ്പോൾ ദേവേട്ടൻ സമ്മതിച്ചു മമ്മീ. എവിടെ പപ്പ? എനിക്ക് പപ്പയെ കാണണം.”

അവൾ തുടരെ സംസാരിച്ചു കൊണ്ട് ചുറുചുറുക്കോടെ അകത്തേയ്ക്കു കയറി വന്നു. സത്യത്തിൽ ഞാനൽപം അമ്പരന്നു പോയി. കഴിഞ്ഞ ദിവസവും നരേട്ടൻ എന്നോടു പറഞ്ഞതേ ഉള്ളൂ.

“ഒരു മാസം കഴിഞ്ഞ് കൃഷ്ണമോളെ നമുക്കു പോയി വിളിച്ചു കൊണ്ടു വരണം ഓപ്പറേഷനും കാര്യങ്ങളുമായി നമ്മളവളെ മറന്നുവല്ലോ എന്ന്…” ആദ്യത്തെ പ്രസവം പെൺവീട്ടുകാരുടെ അവകാശമാണല്ലോ…” എന്നും പറഞ്ഞു. “നരേട്ടന്‍റെ ക്ഷീണമൊക്കെ മാറട്ടെ… എന്നിട്ടു നമുക്കു പോയി അവളെ വിളിച്ചു കൊണ്ടു വരാമെന്നും ഞാൻ പറഞ്ഞു. അപ്പോൾ നരേട്ടൻ ആകുലതയോടെ പറയുകയും ചെയ്‌തു.

“എനിക്കവളെ കാണാൻ ധൃതിയായി മീരാ… എത്ര നാളായി ഞാനെന്‍റെ മോളെ കണ്ടിട്ട് എന്ന്. രാഹുൽ മോൻ പോയശേഷം നരേട്ടന് കൃഷ്ണമോളോടുള്ള സ്നേഹം കൂടി കൂടി വരികയാണ്.”

“ആരാ മീരാ… കൃഷ്ണമോളാണോ… അവളെവിടെ… അവളോടിങ്ങോട്ട് വേഗം വരാൻ പറയൂ”

കൃഷ്ണമോളുടെ ശബ്ദം കേട്ട് നരേട്ടൻ അകത്തു നിന്നും വിളിച്ചു ചോദിച്ചു.

ഒരച്‌ഛന്‍റെ ആഹ്ലാദവും, ഉൽക്കണ്ഠയും ആ വാക്കുകളിൽ നിറഞ്ഞു നിന്നു. അതെ പപ്പാ… പപ്പായുടെ കൃഷ്ണമോളാണ്.

“പപ്പായെ ഹോസ്പിറ്റലിൽ വന്നു കാണാൻ എനിക്കു പറ്റിയില്ല. ദേവേട്ടന് ഈ സ്‌ഥിതിയിൽ എന്നെ വിടാൻ മടിയായിരുന്നു. പിന്നെ പപ്പയ്ക്കും എന്നെ ഓർക്കാൻ സമയമില്ലായിരുന്നുവല്ലോ…”

പരിഭവം നിറഞ്ഞ അവളുടെ വാക്കുകൾ കേട്ടപ്പോഴാണ് താനാവയറ്റിലേയ്ക്കു സൂക്ഷിച്ചു നോക്കിയത്. അവൾ പൂർണ്ണ ഗർഭിണിയാണെന്ന കാര്യം തന്നെ ഞാൻ ഏതാനും നാൾ മറന്നു പോയിരുന്നു. നരേട്ടന്‍റെ ഹോസ്പിറ്റൽ പ്രവേശനവും, അതിനെ തുടർന്നുള്ള കാര്യങ്ങളും എന്‍റെ ഓർമ്മശക്‌തിയെപ്പോലും ബാധിച്ചിരുന്നു. അതിനുമുമ്പ് ഞാനും നരേട്ടനും എട്ടാം മാസത്തിൽ അവളെ കൂട്ടിക്കൊണ്ടു വരുന്ന കാര്യവും മറ്റും ഗൗരവമായി ആലോചിച്ചിരുന്നുവെങ്കിലും അത്തരം ചടങ്ങുകളെക്കുറിച്ചൊന്നും പിന്നീട് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല.

നരേട്ടന്‍റെ ഓപ്പറേഷനായിരുന്നുവല്ലോ അതിനെക്കാളൊക്കെ ഞാൻ പ്രാധാന്യം കൽപ്പിച്ചത്. വീർത്തവയറുമായി അവൾ പപ്പയുടെ അടുത്ത് നടന്നെത്തി. ആ തോളിൽ കൈവച്ച് ആഹ്ലാദം നടിച്ച് പറഞ്ഞു.

“എന്‍റെ പപ്പായൊരു സുന്ദരക്കുട്ടനായല്ലോ. ബൈപ്പാസ് ഓപ്പറേഷനൊക്കെ കഴിഞ്ഞപ്പോ പപ്പ ഒന്നു കൂടി ചെറുപ്പമായതു പോലെ… മമ്മിയെന്താ പപ്പയ്ക്കു വല്ല മൃതസഞ്ജീവനിയും നൽകുന്നുണ്ടോ?”

അവളുടെ ചോദ്യം കേട്ട് ഞാനും നരേട്ടനും, അവൾ തികച്ചും ആഹ്ലാദവതിയായ കൊച്ചു കുട്ടിയെപ്പോലെ ആണല്ലോ പെരുമാറുന്നത് എന്നോർത്തു പോയി.

“കൃഷ്ണമോളെ നീ വന്നുവല്ലോ. പപ്പയ്ക്കു സന്തോഷമായി. നിന്നെക്കാണാതെ പപ്പ വിഷമിച്ചിരിക്കുകയായിരുന്നു.”

“ഇപ്പോൾ കണ്ടില്ലേ പപ്പയുടെ പൊന്നുമോൾ പപ്പയെ അന്വേഷിച്ച് വന്നത്” ഇന്നിപ്പോൾ ഞാൻ മാത്രമല്ല എന്‍റെ കൂടെ മറ്റൊരാളും കൂടി എത്തിയിട്ടുണ്ടെന്നു മാത്രം.

“ആരാ കൃഷ്ണമോളെ അത്, ദേവാനന്ദാണോ?”

ഞാനും നരേട്ടനും ഒന്നിച്ചു ചോദിച്ചു പോയി.

“അല്ല… ദേവേട്ടനല്ല. പപ്പായുടെ പേരക്കുട്ടി. ജൂനിയർ ദേവാനന്ദ് അവൻ ചോദിക്കുന്നു. മുത്തച്ഛനു സുഖമാണോ എന്ന്.”

“ഓഹോ… അതാണോ അപ്പോൾ നീ തീരുമാനിച്ചു കഴിഞ്ഞോ അതൊരാൺ കുട്ടിയായിരിക്കുമെന്ന്.”

നരേട്ടൻ ചിരിച്ചു കൊണ്ടു ചോദിച്ചു.

“അതെ പപ്പാ. അവന്‍റെ ചവിട്ടും തൊഴിയുമൊക്കെ ഏൽക്കുമ്പോൾ അറിയില്ലെ അതൊരാൺകുട്ടിയാണെന്ന്. പപ്പ നോക്കിക്കോളൂ. അവൻ വന്നാൽ പപ്പായുടെ അടുത്ത് നിന്ന് മാറുകയില്ല. മുത്തച്ഛാ… മുത്തച്‌ഛാ എന്ന് വിളിച്ച് എപ്പോഴും അടുത്തുണ്ടാകും.”

അവളുടെ കളിതമാശകൾ നരേട്ടന് ഒരു എനർജി ടാബ്‍ലെറ്റ് തന്നെയായിരുന്നു. അദ്ദേഹം തന്‍റെ ശാരീരികവും മാനസികവുമായ എല്ലാ വിഷമതകളും മറന്ന് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. ഒരു പുതു ജീവിതത്തിലേയ്ക്കുള്ള കാൽ വയ്പുകളോടെ.

കൃഷ്ണമോളങ്ങിനെയാണ്. ഒരു പ്രത്യേക സ്വഭാവക്കാരി. പെട്ടെന്ന് ആൾക്കാരെ കൈയ്യിലെടുക്കാനും അതുപോലെ കൈയ്യൊഴിയാനും അവൾക്കു കഴിയും. രാഹുൽ മോനെപ്പോലെയല്ല കൃഷ്ണ. സ്വാർത്ഥയാണ് തൻകാര്യങ്ങൾക്ക് മുൻഗണന നൽകുന്നവൾ.

ഏതായാലും അവളുടെ കളിതമാശകൾക്കിടയ്ക്ക് അൽപം ദിവസത്തേയ്ക്ക് ഞാനും, നരേട്ടനും വിഷമതകളെല്ലാം മറന്നു. ഞങ്ങളോടുള്ള  കളിതമാശകൾ ഇത്തവണ അവളുടെ അഭിനയമാണോ എന്നും എനിക്കൽപം സംശയം തോന്നാതിരുന്നില്ല. കാരണം സ്ത്രീധനപണം കിട്ടാത്തതിൽ അവൾക്ക് ഞങ്ങളോട് നീരസമുണ്ടായിരുന്നുവല്ലോ. എന്നാൽ നരേട്ടൻ മകൾ കാരണം വളരെ വേഗം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു കൊണ്ടിരുന്നു. അൽപം ക്ഷീണം മാത്രം ബാക്കിയായി. പക്ഷേ എല്ലാക്കാര്യങ്ങൾക്കും ഞാനടുത്തു വേണമെന്ന സ്‌ഥിതിയായിരുന്നു. മരുന്നു സമയത്തിനു നൽകാനും, സമയത്തിന് ആഹാരം നൽകാനുമൊക്കെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓപ്പറേഷനു ശേഷം ദിനകൃത്യങ്ങൾ നടത്താനും അദ്ദേഹത്തിന് എന്‍റെ സഹായം ആവശ്യമായിരുന്നു.

എന്നാൽ അതിനെക്കാളൊക്കെ എന്നെ വിഷമിപ്പിച്ചത് കോളേജിലെ ലീവിന്‍റെ പ്രശ്നമായിരുന്നു.

ലീവ് വളരെ വേഗം തീർന്നു കൊണ്ടിരുന്നു. എക്സാം ടൈം ആയതിനാൽ ഡിഗ്രി വിദ്യാർത്ഥികളുടെ പോർഷൻസ് വളരെ വേഗം തീരക്കേണ്ടതുണ്ടായിരുന്നു. അതിനിടയിൽ ഇടയ്ക്കൊക്കെ കൃഷ്ണമോളുടെ പരാതികളും ഞാൻ കേൾക്കേണ്ടി വന്നിരുന്നു.

“മമ്മിയ്ക്ക് എന്‍റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയമില്ല. ഞാൻ പൂർണ്ണ ഗർഭിണിയാണെന്ന കാര്യം തന്നെ മമ്മി പലപ്പോഴും മറന്നു പോകുന്നു.”

സ്വാർത്ഥമതിയായ അവൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. അവൾക്ക് നരേട്ടന്‍റെ കാര്യങ്ങൾക്ക് ഞാൻ കൂടുതൽ സമയം ചെലവിടുന്നതിൽ അതൃപ്തിയുണ്ടായിരുന്നു. അത് തന്‍റെ പ്രിയപ്പെട്ട സ്വന്തം അച്‌ഛനാണെങ്കിൽ പോലും. അവളുടെ സ്വന്തം കാര്യങ്ങളായിരുന്നു അവൾക്കു വലുത്. അതുകൊണ്ട് അവളുടെ എല്ലാ കാര്യങ്ങളും കൂടി പലപ്പോഴും ഞാൻ ശ്രദ്ധിക്കേണ്ടി വന്നു.

അവൾക്കിഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കുക. അവളുടെ നല്ല ഡ്രസ്സുകൾ നനച്ച് കൊടുക്കുക. അവളേയും കൊണ്ട് പുറത്തു പോവുക. ഇതെല്ലാം മറ്റു ജോലികൾക്കു പുറമേ ഞാൻ തന്നെ ചെയ്യേണ്ടി വന്നു. അതെല്ലാം മകളെന്ന നിലയിൽ സന്തോഷപൂർവ്വം ഞാൻ ചെയ്‌തു കൊടുത്തു. അങ്ങിനെ ഒരു മാസത്തോളം കടന്നു പോയി. ഡേറ്റ് അടുത്തതു കൊണ്ട് കൃഷ്ണ ഇനി പ്രസവശേഷമേ മടങ്ങി പോകുന്നുള്ളൂ എന്നു ഞാൻ കരുതി. ആദ്യത്തെ പ്രസവം പെൺവീട്ടുകാരുടെ അവകാശമാണല്ലോ എന്നും. എന്നാൽ ഇതിനിടയിൽ ഒരിയ്ക്കൽ പോലും ദേവാനന്ദ് അവളെ കാണാനെത്തിയില്ല എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ട് എന്‍റെ മനസ്സിൽ ചില സംശയങ്ങൾ രൂപം കൊണ്ടു. മനസ്സിൽ രൂപം കൊണ്ട സംശയം അറിയാതെ ചില ചോദ്യശരങ്ങളായി പുറത്തു വന്നു. ഒരു സ്വകാര്യ സല്ലാപത്തിനിടയിൽ ഞാൻ ചോദിച്ചു.

“ദേവാനന്ദിനെ ഇതുവരെ കണ്ടില്ലല്ലോ മോളെ… ഇവിടേയ്ക്കു വരാത്തത് ഞങ്ങളോടുള്ള പിണക്കം മൂലമാണെന്ന് വിചാരിയ്ക്കാം. എന്നാൽ നീ ഇവിടെ വന്നശേഷം ദേവാനന്ദിന്‍റെ ഒരു ഫോൺ കോൾ പോലും വന്നിട്ടില്ല. നിങ്ങൾ തമ്മിൽ എന്തെങ്കിലും കലഹങ്ങളുണ്ടായോ?

അതാണോ നീയിങ്ങോട്ട് തനിയെ വന്നത്?

എന്‍റെ ചോദ്യങ്ങളും സംശയങ്ങളും കേട്ട് കൃഷ്ണ വല്ലാതെ പൊട്ടിത്തെറിച്ചു.

“മമ്മീ… മമ്മീയെന്താണ് കരുതിയത്? മമ്മീയേയും പപ്പയേയും പോലെ ഞങ്ങൾ തമ്മിലും വഴക്കുണ്ടാക്കുമെന്നോ? ഞങ്ങൾ അത്തരക്കാരല്ല മമ്മീ… ദേവേട്ടൻ ആവശ്യമില്ലാതെ എന്നോട് വഴക്കടിക്കാറില്ല. പിന്നെ മറ്റൊരാളെ മനസ്സിലിട്ട് നിങ്ങൾ, പപ്പയോട് വഴക്കടിക്കുന്നതു പോലെ ഞാൻ ദേവേട്ടനോട് വഴക്കടിക്കാറുമില്ല.”

അവൾ ക്രുദ്ധയായി പറഞ്ഞു നിർത്തി. അവളുടെ വാക്കുകളിൽ വല്ലാത്ത പരിഹാസ്യത നിറഞ്ഞു നിന്നു. അവൾ ചെറുപ്പത്തിൽ അനുഭവിച്ചതിനെല്ലാം എന്നോട് പകരം വീട്ടുകയാണെന്നു തോന്നി. അവളുടെ ചാട്ടവാറടിയേറ്റ് ഞാൻ വല്ലാതെ പുളഞ്ഞു പോയി. പണ്ടേ അവൾക്ക് അക്കാര്യത്തിൽ എന്നോട് വെറുപ്പുണ്ട്. ഓർമ്മവച്ച നാൾ മുതൽ അവൾ കേൾക്കാറുണ്ടായിരുന്ന ഞാനും, നരേട്ടനും തമ്മിലുണ്ടായിട്ടുള്ള ഏതാനും നാളത്തെ വഴക്ക് എന്തിന്‍റെ പേരിലായിരുന്നെന്നും അവൾക്കറിയാം. എന്നാൽ പിന്നീട് ഞങ്ങൾ ഒത്തുതീർപ്പിലെത്തിയപ്പോൾ അവളും രാഹുലും അതെല്ലാം മറക്കുകയായിരുന്നു. എന്നാലിന് മനസ്സിന്‍റെ അടിത്തട്ടിൽ അവൾ ഇത്രകാലം ഒളിപ്പിച്ചു വച്ച എന്നോടുള്ള വിദ്വേഷം പുറത്തു ചാടുകയായിരുന്നു.

അവൾക്ക് എല്ലായ്പ്പോഴും നരേട്ടനോടായിരുന്നു കൂടുതൽ അടുപ്പം. എന്നാൽ രാഹുലിന് അച്‌ഛനുമമ്മയും ഒരുപോലെയായിരുന്നു. മറ്റുള്ളവരുടെ വിഷമതകൾ മുതിർന്നപ്പോൾ അവനേയും വേദനിപ്പിക്കുമായിരുന്നു. അതുകൊണ്ടു തന്നെ എന്‍റെ ധർമ്മ സങ്കടം അവനു മനസ്സിലാകുമായിരുന്നു. എന്നാൽ കൃഷ്ണയുടെ വാക്കുകൾ എന്‍റെ ഹൃദയത്തിൽ എവിടെയൊക്കെയോ തട്ടി പരിക്കേൽപ്പിച്ചു. കൂർത്തു മൂർത്ത വാൾമുന കൊണ്ടെന്ന പോലെ ഞാൻ പിടഞ്ഞു. അതിനിടയിൽ അവളെ മറ്റു ചിലതു ബോദ്ധ്യപ്പെടുത്തുവാൻ മനസ്സു ദാഹിച്ചു.

“മോളെ ഒരുപക്ഷേ മോഹിച്ചത് കൈയ്യിൽ കിട്ടിയില്ലായിരുന്നുവെങ്കിൽ നീയും എന്നെപ്പോലെയാകുമായിരുന്നു. നിനക്ക് ദേവാനന്ദിനെ വിവാഹം കഴിച്ചു തരാൻ ഞാനാണ് നിന്‍റെ പപ്പയോട് യാചിച്ചത്.” ഞാൻ അവളെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രമിച്ചു. എന്നാൽ അതിനും അവൾ തക്ക മറുപടി പറഞ്ഞു.

“എങ്കിൽ ഞാൻ പപ്പയേയും മമ്മിയേയുമുപേക്ഷിച്ച് ദേവേട്ടന്‍റെ കൂടെപ്പോയെനേ. ഞാൻ സ്നേഹിച്ചത് അദ്ദേഹത്തെയാണ്. അദ്ദേഹത്തെ മാത്രമേ ഞാൻ വിവാഹം കഴിക്കുമായിരുന്നുള്ളൂ. അല്ലാതെ മമ്മിയെപ്പോലെ ഒരാളെ മനസ്സിലിട്ട് വേറൊരാളെ വിവാഹം കഴിക്കുമായിരുന്നില്ല.”

കൂർത്ത മൂർത്ത കല്ലുകൾ പോലെ എന്‍റെ നേരെ എറിയപ്പെട്ട വാക്കുകളായിരുന്നു അവയും. മുല്ലശേരി മാധവമേനോൻ എന്ന എന്‍റെ അച്‌ഛൻ എന്നെ തടവിലിട്ടതും ഫഹദ്സാറിനെ വിവാഹം കഴിച്ച എന്നെ നിർബന്ധപൂർവ്വം അദ്ദേഹത്തിൽ നിന്നും അകറ്റി നരേട്ടന് വിവാഹം കഴിച്ചു കൊടുത്തതുമായ കഥകളൊന്നും അവൾക്കറിയില്ലല്ലോ എന്ന് ഞാനോർത്തു.

ഒരിയ്ക്കൽ കൂടി അതെല്ലാം പൊടി തട്ടിയെടുത്ത് എന്‍റെ ശവക്കുഴി തോണ്ടുവാൻ ഞാനപ്പോൾ ആഗ്രഹിച്ചില്ല. അതെല്ലാം മനസ്സിനുള്ളിലെ ശവക്കല്ലറയിൽ മൂടപ്പെട്ടു കിടക്കട്ടെ. പപ്പയെ വഞ്ചിച്ച അപരാധിയായ ഭാര്യയായി ഞാനെന്നും അവളുടെ മനസ്സിലുണ്ടാകും സാരമില്ല. എന്‍റെ നരേട്ടന് എന്നെ അറിയാമല്ലോ. അങ്ങിനെയാണ് ഞാനപ്പോൾ കരുതിയത്. എന്‍റെ നിശബ്ദത പണ്ടേ അവൾ മനസ്സിൽ സൂക്ഷിച്ചിരുന്ന എന്നോടുള്ള വെറുപ്പിനെ കൂടുതൽ ആഴമുള്ളതാക്കി.

“മമ്മിയ്ക്കിപ്പോൾ എന്താണ് വേണ്ടത്? ഞാൻ തിരിച്ചു പോകണമെന്നാണോ? അതോ ദേവേട്ടൻ ഇങ്ങോട്ടു വരണമെന്നാണോ? അദ്ദേഹം വരില്ല മമ്മി. അദ്ദേഹമൊരു ട്രെയിനിംഗിന് ജബൽപൂരിൽ പോയിരിക്കയാണ്. ഞാനീ അവസ്‌ഥയിൽ ബാംഗ്ലൂരിലെ ഫ്ളാറ്റിൽ ഒറ്റയ്ക്കു നിൽക്കേണ്ട എന്നു കരുതി ഞാനാണ് പറഞ്ഞത് ഇങ്ങോട്ടു പോരാമെന്ന്. അങ്ങിനെ കമ്പനിയിൽ നിന്നും ലീവെടുത്തു പോന്നതാണ്. ഏഴാം മാസത്തിൽ ചടങ്ങനുസരിച്ച് എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരേണ്ടതാണ്. അതിനു നിങ്ങൾക്ക് കഴിഞ്ഞില്ല. അതിന്‍റെ പേരിൽ ദേവേട്ടന്‍റെ വീട്ടുകാരുടെ പഴിയും ഞാൻ കേട്ടു. എങ്കിൽപ്പിന്നെ അവരെ തൃപ്തിപ്പെടുത്താൻ പപ്പയുടേയും മമ്മിയുടേയും അടുത്തു വന്ന് അൽപ ദിവസം സന്തോഷമായി കഴിയാമെന്നു കരുതി ഞാനിങ്ങോട്ടു വന്നതാണ്. അൽപ നേരത്തെ ഇടവേളയ്ക്കു ശേഷം അവൾ തുടർന്നു.

“സോറി മമ്മി… മമ്മിയുടെ മനസ്സിലിരുപ്പ് ഇതായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാനിങ്ങോട്ടു വരുമായിരുന്നില്ല. ഞാൻ വന്നത് മമ്മിയ്ക്ക് ബുദ്ധിമുട്ടായിക്കാണും. ഞാൻ നാളെത്തന്നെ മടങ്ങിക്കോളാം.”

കൃഷ്ണമോൾ പിണങ്ങിക്കഴഞ്ഞു. ഇനി ദേവേന്ദ്രൻ വിചാരിച്ചാൽ പോലും അവളെ ഇണക്കാനാവുകയില്ലെന്ന് എനിക്കറിയാമായിരുന്നു. അവളോടങ്ങിനെ ചോദിച്ചത് അവൾ ഇവിടെ കൂടുതൽ ദിവസം നിൽക്കുന്നത് എനിക്ക് ഇഷ്ടമല്ലാഞ്ഞിട്ടാണെന്നവൾ കരുതി. അവളുടെ തെറ്റിദ്ധാരണ മാറ്റാനായി ഞാൻ പറഞ്ഞു.

“ഞാൻ നിന്നോടങ്ങിനെ ചോദിച്ചത് ദേവാനന്ദ് ഒറ്റയ്ക്കാണവിടെയെങ്കിൽ ഇങ്ങോട്ട് വരാൻ പറയാൻ വേണ്ടിയായിരുന്നു. വിവാഹശേം ഇതുവരെ ദേവാനന്ദ് ഇങ്ങോട്ട് വന്നിട്ടേയില്ല. ശരിയ്ക്കു പറഞ്ഞാൽ ഞങ്ങളവനെ ശരിയ്ക്കു കണ്ടതു കൂടിയില്ല. പിന്നെ ഗർഭിണിയായിരിക്കുമ്പോൾ അവരുടെ ചടങ്ങുകൾ എന്തൊക്കെയാണെന്നും ഞങ്ങൾക്കറിയില്ല.” എന്‍റെ വാക്കുകൾ അവളെ കൂടുതൽ ചൊടിപ്പിച്ചതേയുള്ളൂ.”

“ദേവേട്ടൻ ഇങ്ങോട്ടൊന്നും വരികയില്ല മമ്മീ. നോർത്തിന്ത്യനായ ദേവേട്ടനെ വിവാഹം കഴിയ്ക്കുന്നതിൽ ആദ്യം നിങ്ങൾക്കുണ്ടായിരുന്ന എതിർപ്പ് ദേവേട്ടനറിയാം. അതുകൊണ്ടു തന്നെ ദേവേട്ടനും നിങ്ങളെയൊന്നും അംഗീകരിക്കാൻ കഴിയുകയില്ല. എന്നോട് വേഗം മടങ്ങിചെല്ലാൻ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ജബൽപൂരിൽ നിന്ന് ദേവേട്ടന്‍റെ മെസ്സേജ് എനിക്കു കിട്ടിയിരുന്നു. ദേവേട്ടൻ അടുത്തു തന്നെ മടങ്ങി വരുമെന്നറിയിച്ച്.”

ഞങ്ങൾക്കവനെ ഇഷ്ടമല്ലായിരുന്നുവെന്ന് നീ തന്നെ അവനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതല്ലെ മകളെ എന്ന് ചോദിക്കണമെന്നെനിക്കു തോന്നി. എങ്കിലും അവളോട് ഈ അവസ്‌ഥയിൽ ഞാനങ്ങനെയൊന്നും ചോദിക്കരുതെന്ന് മനസ്സു ശാസിച്ചു. ഒടുവിൽ മാപ്പപേക്ഷിക്കുന്ന മട്ടിൽ നയപൂർവ്വം അവളോടു പറഞ്ഞു.

“ഈ അമ്മ തെറ്റായിട്ടന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മോളു ക്ഷമിക്കണം. എന്‍റേയും ലീവ് തീരാറായി. ഒരാഴ്ച കഴിയുമ്പോൾ എനിക്കു കോളേജിൽ പോയി തുടങ്ങണം. അപ്പോൾ നരേട്ടനിവിടെ ഒറ്റയ്ക്കാവുമല്ലോ എന്നു കരുതി വിഷമിച്ചിരിയ്ക്കുയായിരുന്നു ഞാൻ. ഏതായാലും നീയുള്ളതു കൊണ്ട് എനിക്ക് മനഃസമാധാനമായിട്ട് കോളേജിൽ പോയി വരാമല്ലോ, മോളൂ… കുറച്ചു ദിവസം കൂടി നീയിവിടെ താമസിയ്ക്ക്. ഇനി പ്രസവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം തിരിച്ചു പോയാൽ മതി.” അവളുടെ മുന്നിൽ ചെന്ന് ആ താടിയിൽ പിടിച്ച് വാത്സല്യപൂർവ്വം പറയുമ്പോൾ അവൾ അൽപം ശാന്തയായതു പോലെ തോന്നി. എങ്കിലും അവൾ പിടിവാശിയിലായിരുന്നു.

“ഞാൻ നാളെത്തന്നെ മടങ്ങുകയാണ്. ദേവേട്ടൻ ഇപ്പോൾ ഫ്ളാറ്റിൽ തിരിച്ചെത്തിയിട്ടുണ്ട്. ഞാനിപ്പോൾ ചെന്നില്ലെങ്കിൽ ദേവേട്ടനതു വലിയ വിഷമമാകും.”

എന്‍റെ വാക്കുകളും, അവളെ പ്രസവത്തിനു വിളിച്ചു കൊണ്ടു വരാത്തതുമെല്ലാം കൂടിച്ചേർത്ത് അവൾ പരിഭവത്തിലാണെന്നു മനസ്സിലായി. പെട്ടെന്ന് കലഹിക്കുന്ന പ്രകൃതമാണ് കൃഷ്ണയുടേത്. നിസ്സാര കാര്യങ്ങൾ മതി അവൾക്ക് ഇണങ്ങാനും പിണങ്ങാനും. അവളുടെ കാര്യങ്ങൾക്ക് എന്തെങ്കിലും കോട്ടം തട്ടുമെന്ന് കണ്ടാൽ പിന്നെ അവൾ പിണങ്ങിയതു തന്നെ.

കൃഷ്ണ പിറ്റേന്നു തന്നെ പെട്ടിയുമായി പടിയിറങ്ങി. കൃഷ്ണമോൾ പിണങ്ങിപ്പോയതിൽ മനസ്സ് ഏറെ വേദനിച്ചു. തന്നെക്കാളേറെ നരേട്ടനായിരുന്നു വേദന കൂടുതൽ. അവളോട് അങ്ങിനെയൊക്കെ ചോദിച്ചതിൽ നരേട്ടൻ എന്നെ ശാസിക്കുകയും ചെയ്‌തു.

ആവശ്യമില്ലാതെ കുട്ടികളോട് അതുമിതും ചോദിക്കുകയും പറയുകയും ചെയ്യരുതെന്ന് ഞാൻ തന്നോട് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ കുട്ടികളാണ്. അവർ നമ്മെക്കാൾ എല്ലാക്കാര്യത്തിലും വ്യത്യസ്തരാണ്. പെട്ടെന്നു പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരും.”

“സോറി… നരേട്ടാ… ദേവാനന്ദിനെ ഇതുവരെ ഇങ്ങോട്ടു കാണാതിരുന്നപ്പോൾ ഞാൻ അറിയാതെ ചോദിച്ചു പോയതാണ്.”

നരേട്ടനോട് ഞാൻ ക്ഷമ യാചിച്ചു. വീണ്ടും വീണ്ടും ക്ഷമ യാചിച്ചു കൊണ്ട് ഞാൻ കൃഷ്ണമോൾക്ക് മെസ്സേജുകളയച്ചു. പക്ഷേ അവളുടെ മറുപടി ഉണ്ടായില്ല. ഞാൻ ഫോൺ വിളിച്ചാൽ അവൾ എടുക്കുമായിരുന്നില്ല. അതുകൊണ്ടാണ് മെസ്സേജ് അയച്ചത്. എന്നാൽ ഒന്നിനു പോലും മറുപടി ഇല്ലാതെ വന്നപ്പോൾ നരേട്ടൻ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു.

“സാരമില്ല… നമുക്ക് നേരിട്ട് ചെന്ന് അവളുടെ പിണക്കം മാറ്റിക്കളയാം. ഏതെങ്കിലും ഒഴിവു ദിനം നമുക്ക് ചെന്ന് അവളെ കൂട്ടിക്കൊണ്ടിങ്ങു പോരാം.”

അങ്ങനെ പ്ലാൻ ചെയ്‌ത് ഞങ്ങൾ സ്വയം സമാധാനിച്ചു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...