സച്ചിന് അഞ്ചു വയസ്സുള്ളപ്പോഴാണ് ഹരികൃഷ്ണനും മായയും കോട്ടയത്ത് താമസിക്കാനെത്തുന്നത്. അന്ന് സച്ചിന്‍റെ ഏക കൂട്ടുകാരിയായിരുന്നു അയൽപക്കത്തെ ഒമ്പത് വയസ്സുകാരി സ്വപ്ന. ഹരികൃഷ്ണനും മായക്കും സ്വപ്ന സ്വന്തം മകളെപ്പോലെയായിരുന്നു.
“നീ സച്ചിന്‍റെ ചേച്ചിയാ, ഇനി മോള് വേണം അവന്‍റെ കാര്യങ്ങൾ നോക്കാൻ” അവർ എപ്പോഴും സ്വപ്നയെ ഓർമ്മിപ്പിക്കുമായിരുന്നു.
അൽപം തടിച്ചുരുണ്ട വികൃതിയായ സച്ചിനെ സ്വപ്നയ്‌ക്കും വലിയ ഇഷ്‌ടമായിരുന്നു. സ്നേഹം കൂടുമ്പോൾ അവൾ സച്ചിനെ പൊക്കിയടുത്ത് വാത്സല്യം ചൊരിയും. അപ്പോഴൊക്കെ രണ്ടുപേരും വീണുപോകുമെന്ന ഭയത്തിൽ മായ സ്വപ്നയെ വിലക്കും.
കാലം അതിന്‍റെ യാത്ര തുടർന്നു കൊണ്ടിരുന്നു. ഇരു കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും ഗാഡമായി. കുട്ടികൾ വളർന്നു. സച്ചിനും സ്വപ്നയും തമ്മിലുള്ള സ്നേഹവും അടുപ്പവും അതേപ്പടി നിലനിന്നു. സച്ചിൻ എഞ്ചിനീയറിംഗ് പഠനത്തിനായി മണിപ്പാലിലേക്ക് പോയി. സ്വപ്നയാകട്ടെ നാട്ടിൽ തന്നെയുള്ള മെഡിക്കൽ കോളേജിൽ മെഡിസിൻ പഠനമാരംഭിച്ചു. കൂടെ പഠിച്ച കൂട്ടുകാരനെ തന്നെ അവൾ വിവാഹം ചെയ്‌തു അടുത്തുള്ള ആശുപത്രിയിൽ പ്രാക്ടീസും തുടങ്ങി. ഇതിനിടയിൽ സച്ചിന്‍റെ അച്‌ഛന് മറ്റൊരു സ്‌ഥലത്തേക്ക് ട്രാൻസ്ഫർ കിട്ടിയിരുന്നു. എന്നാലും അവസരം കിട്ടുമ്പോഴൊക്കെ അവൻ സ്വപ്നയെ കാണാൻ ഓടിയെത്തിയിരുന്നു. ജോലി കിട്ടി ദുബായിയിൽ എത്തിയിട്ടും അവൻ സ്വപ്നയെ മുടങ്ങാതെ വിളിച്ചു. പറയാൻ വിശേഷങ്ങൾ ഏറെയുണ്ടെങ്കിൽ അവൻ വാട്സാപ്പിലൂടെ അവയൊക്കെയും സ്വപ്നയുമായി പങ്കു വച്ചു. ഇതിനിടെ സ്വപ്നയുടെ ഭർത്താവ് ഡോ. സജിത്തിനും ദുബായിലെ ഒരു ആശുപത്രിയിൽ ജോലി കിട്ടി. കുറച്ചു നാൾ അവിടെ ജോലി ചെയ്‌ത ശേഷം അവർ രണ്ടുപേരും നാട്ടിൽ മടങ്ങിയെത്തി. ആയിടെയാണ് സച്ചിന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടിയത്. സജിത്താകട്ടെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ സീനിയർ ഡോക്ടറായി പ്രാക്ടീസ് തുടങ്ങിയിരുന്നു.
“ഇങ്ങോട്ടേക്ക് മടങ്ങിയെത്താനുള്ള തിടുക്കമായിരുന്നു എനിക്ക്. ചേച്ചിയെ കാണാനുള്ള കൊതി. പപ്പയും മമ്മിയും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്‌തു. ചേച്ചിയാണെങ്കിൽ കല്യാണമൊക്കെ കഴിഞ്ഞ് കൊച്ചിയിലും. ഞാനാണെങ്കിൽ അങ്ങ് ദുബായിയിൽ ഒറ്റക്കും. ആരോരുമില്ലാതെ ഈ ഏകാന്തത മടുത്തു ചേച്ചി.” സച്ചിൻ സ്വപ്നയ്‌ക്ക് മുന്നിൽ പരാതികളം പരിഭവങ്ങളും നിരത്തി കൊണ്ടിരുന്നു.
“എടാ മണ്ടാ ബാച്ചിലർമാർക്ക് ഗേൾഫ്രണ്ട്സ് ഉള്ളതാ ഏറ്റവും സങ്കടം?”
ഡോ. സജിത്ത് ഒരു പൊട്ടി ചിരിയോടെ പറഞ്ഞു. “ങ്ഹും, വിവാഹ പ്രായം കഴിഞ്ഞാൽ ഏകാന്തതയൊക്കെ തോന്നും. അതിനുള്ള മരുന്ന് വിവാഹമാണ്.”
“സജി… പറഞ്ഞത് ശരിയാ നീയെന്താ കല്യാണത്തെപ്പറ്റി ചിന്തിക്കാത്തത്?” സ്വപ്നയും ചർച്ചയ്‌ക്ക് തിരി കൊളുത്തി.
“ദുബായിയിൽ ഇരുന്നു കൊണ്ട് കല്യാണത്തെപ്പറ്റി എങ്ങനെ ചിന്താക്കാനാ? ങ്ഹാ, ഇനിയിപ്പോൾ ഈ ട്യൂട്ടി ചേച്ചിക്ക് വിട്ടു തന്നിരിക്കുകയാ.
“ഓകെ ഞാനേറ്റു. നീ വിഷമിക്കണ്ടാ.”
“എന്‍റെ പ്രായം കൂടിയത് കാരണം പപ്പയ്ക്കും മമ്മിക്കും ഒരു പെണ്ണിനേയും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. എന്‍റെ ഇഷ്‌ടമെന്താണെന്ന് അവർക്ക് അറിയുകയുമില്ല.” സച്ചിൻ നിരാശമട്ടിൽ പറഞ്ഞു.
“മമ്മിയേയും പപ്പയേയും ചേച്ചി പറഞ്ഞ് മനസ്സിലാക്കണം. അല്ലെങ്കിൽ എന്‍റെ മൂത്ത ചേച്ചിയെന്ന നിലയിൽ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം.”
“പക്ഷേ ആന്‍റിയും അങ്കിളുമെന്തിനാ എതിർക്കുന്നത്? ഇന്‍റർകാസ്‌റ്റ് മാര്യേജ് അല്ലെങ്കിൽ കുട്ടികളുള്ള വിവാഹമോചിതരെയല്ലേ നിനക്കിഷ്ടം” സ്വപ്ന അതിശയ ഭാവത്തിൽ ചോദിച്ചു.
പക്ഷേ, സച്ചിന് എന്തു കൊണ്ടാണ് വിവാഹം കഴിഞ്ഞാൽ സ്വന്തം കുഞ്ഞുങ്ങൾ വേണ്ടെന്ന് വയ്‌ക്കുന്നത്? എന്തു കൊണ്ടാണ് അവൻ അവിവാഹിതനായി തുടരുന്നത്? സ്വപ്നയുടെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുത്തു.
“ചേച്ചി ദീപ്തി വീട്ടിലെ ഒറ്റക്കുട്ടിയാണ്. അവൾ പഠനം പൂർത്തിയാക്കി വരുമ്പോഴാണ് അച്‌ഛന് കാൻസർ പിടിപ്പെട്ടത്. പിന്നാലെ അമ്മയ്‌ക്ക് ലുക്കിമിയയും. ഒത്തിരി ചികിത്സകൾ നടത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല. അവൾ മണിപ്പാലിൽ എനിക്കൊപ്പമാണ് പഠിച്ചത്. ഇപ്പോൾ ഞങ്ങൾ ഒരേ കമ്പനിയിലാ ജോലി ചെയ്യുന്നത്. എന്നെ കല്യാണം കഴിക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ കുട്ടികൾ വേണ്ട എന്ന നിബന്ധന അവൾക്കുണ്ട്.”
“പക്ഷേ അങ്ങനെയൊരു നിബന്ധന എന്തിനാ?”
“അത് ഞാൻ അവളോട് ചോദിച്ചിട്ടില്ല. അവൾ പറയാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അവളുടെ കഴിഞ്ഞ ജീവിതത്തെപ്പറ്റിയൊന്നും അറിയാൻ ഞാനാഗ്രഹിക്കുന്നില്ല. ഞങ്ങൾ ഒരുമിച്ചുള്ള നല്ലൊരു ജീവിതമേ ആഗ്രഹിക്കുന്നുള്ളൂ. അച്ഛന്‍റേയും അമ്മയുടെയും ചികിത്സാ നടത്താനുള്ള പണം കണ്ടെത്താൻ അവൾ കുറേയേറെ കഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഒരിക്കലും അതിനായി തെറ്റായ വഴിയിലൂടെ സഞ്ചരിച്ചിട്ടില്ല. എന്തിന് സ്വന്തം വീടു പോലും നഷ്‌ടപ്പെടുത്തിയില്ല. പിന്നെ നിബന്ധനയുടെ കാര്യത്തിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ല. എനിക്ക് കുഞ്ഞുണ്ടായാലും ഇല്ലെങ്കിലും അത് അച്‌ഛനേയും അമ്മയേയും ബാധിക്കുകയേയില്ലല്ലോ. സ്വപ്നചേച്ചിയുടെ മക്കൾ ജിതിനും ശ്രേയയും പപ്പയ്‌ക്കും മമ്മിക്കും കൊച്ചു മക്കളായി ഉണ്ടല്ലോ.”
ഒരു നിമിഷം നിന്ന ശേഷം സച്ചിൻ തുടർന്നു. “ഇനി കുഞ്ഞ് വേണമെന്നുണ്ടെങ്കിൽ ദത്തെടുക്കാമല്ലോ അല്ലെങ്കിൽ വാടക ഗർഭത്തിലൂടെ…”
“ഇക്കാര്യത്തെപ്പറ്റി നീ ദീപ്തിയോട് സംസാരിച്ചോ?
“അവളാണ് ഈ വഴികളെപ്പറ്റി പറഞ്ഞത്. എനിക്ക് അതിൽ എതിർപ്പൊന്നുമില്ല. ഇനി ചേച്ചിയാണ് എല്ലാം നടത്തിതരേണ്ടത്” സച്ചിൻ പറഞ്ഞു.
“ചേച്ചിക്ക് അറിയാമോ പ്രണയം അന്ധമാണ്. എന്നാലും മുതിർന്ന പ്രായത്തിലുള്ള പ്രണയം അനശ്വരമായിരിക്കും.”
“ദീപ്തിയുടേയും ആദ്യ പ്രണയമാണോ?” സ്വപ്ന ചോദിച്ചു.
സച്ചിൻ അതെയെന്നർത്ഥത്തിൽ തലയാട്ടി. “അതെ ചേച്ചി, ഞങ്ങൾ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്‌ടപ്പെട്ടിരുന്നു. പക്ഷേ അതിന് മുമ്പോ തന്നെ അവളുടെ അച്‌ഛന് സുഖമില്ലാതായി. അതോടെ എന്നെ കോണ്ടാക്റ്റ് ചെയ്യുന്നത് അവൾ നിർത്തി. പക്ഷേ… ഇവിടെ നിന്നാൽ ഒന്നും സാധിക്കില്ല. അതാ ഞാൻ ദുബായിലേക്ക് പോയത്. ഒരു കൂട്ടുകാരൻ പറഞ്ഞാണ് അവളുടെ അച്‌ഛനും അമ്മയും മരിച്ച വിവരം ഞാനറിയുന്നത്. അങ്ങനെയാ ഞാനവളുടെ കമ്പനിയിൽ ജോലി നോക്കിയത്. പിന്നെ എല്ലാം ഓക്കെ ആയതിനാൽ ഞാൻ തിരിച്ചു വരികയായിരുന്നു.”
“കാര്യങ്ങൾ ഇങ്ങനെയൊക്കെയായതു കൊണ്ട് സ്വപ്നേ നീ സഹായിച്ചേ പറ്റൂ.” സജിത് സച്ചിനെ പിന്തുണച്ചു കൊണ്ട് പറഞ്ഞു.
“ഓകെ, ഇന്ന് തന്നെ ഞാൻ ഫോൺ ചെയ്യും. വേണമെങ്കിൽ തിരുവനന്തപുരത്തു പോയി ആന്‍റിയേയും അങ്കിളിനേയും കാണാം. പക്ഷേ അതിന് മുമ്പ് എനിക്ക് ദീപ്തിയെ കണ്ട് ഒന്ന് സംസാരിക്കണം.” സ്വപ്ന ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“ഇന്ന് വേണ്ട നാളെ കൊണ്ടു പോകാം. പക്ഷേ? അതിനു മുമ്പ് മമ്മിയോട് സംസാരിക്കണം.” എന്ന് പറഞ്ഞു കൊണ്ട് സച്ചിൻ അവിടെ നിന്നുപോയി. സ്വപ്ന ഉടനടി ഹരികൃഷ്ണനേയും മായയേയും വിളിച്ചു.
“അദ്ഭുതമായിരിക്കുന്നു സ്വപ്ന നീയൊരു ഡോക്ടറായിട്ടും ഈ വിവാഹ ബന്ധത്തെ പിന്തുണയ്‌ക്കുകയാണോ? ഇങ്ങനെയൊരു നിബന്ധന വച്ച് വിവാഹത്തിനൊരുങ്ങുന്ന പെണ്ണിന് ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഊഹിച്ചു കൂടെ?” മായ ആന്‍റിയുടെ ചോദ്യത്തിന് മുന്നിൽ സ്വപ്ന ഒന്ന് പതറിപ്പോയി.
“ആന്‍റി അങ്ങനെയുമാകാം… നാളെ ഞാനവളെ കണ്ട് കാര്യങ്ങൾ സംസാരിക്കാം. അപ്പോളറിയാമല്ലോ യഥാർത്ഥ കാരണം.” സ്വപ്ന പതറിയ ശബ്ദത്തോടെ സംസാരിച്ച ശേഷം ഫോൺ വച്ചു.
“നമ്മൾ ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ചിന്തിച്ചതു പോലുമില്ലല്ലോ,” എല്ലാം കേട്ട ശേഷം ഡോ. സജിത് പറഞ്ഞു.
“അഥവാ അങ്ങനെ വല്ല പ്രശ്നവുമുണ്ടെങ്കിൽ നമുക്കത് ചികിത്സിക്കാമല്ലോ. ഇന്ന് ചികിത്സയില്ലാത്ത എന്ത് അസുഖമാണുള്ളത്. പക്ഷേ ഇക്കാര്യമൊന്നും സച്ചിനോട് പറയരുത്.”
“അവരുടെ എതിർപ്പും ന്യായമാണല്ലോ. എന്തെങ്കിലും അസുഖം ഉള്ളതോ അല്ലെങ്കിൽ മുൻധാരണ വച്ച് പുലർത്തുന്നതോ ആയ പെൺകുട്ടിയെ ഏത് രക്ഷാകർത്താവാണ് മകന് വധുവായി തെരഞ്ഞെടുക്കുക? സച്ചിനേയും ദീപ്തിയേയും ഒന്നും അറിയിക്കാതെ വളരെ സമർത്ഥമായി വേണം യഥാർത്ഥ സത്യം കണ്ടുപിടിക്കാൻ.” സ്വപ്ന പറഞ്ഞു.
“ദീപ്തിയുടെ വീട്ടിൽ പോകുന്നതിന് മുമ്പായി അവളെ പുറത്ത് എവിടെ വച്ചെങ്കിലും കാണുന്നതായിരിക്കും നല്ലത്. നീയൊരു കാര്യം ചെയ്യ് ലഞ്ച് ബ്രേക്ക് ടൈമിൽ സച്ചിന്‍റെ ഓഫീസിൽ പോകണം. മറ്റെതോ ആവശ്യത്തിന് പോയ കൂട്ടത്തിൽ വന്നതാണെന്ന് പറയണം. കൂട്ടത്തിൽ ഒരുമിച്ച് ലഞ്ച് കഴിക്കണമെന്ന് പറയണം. ഈ സാഹചര്യത്തിൽ അവന് ദീപ്തിയേയും വിളിക്കും. വിളിച്ചില്ലെങ്കിൽ അവളെ കാണണമെന്ന ആഗ്രഹം നീ അറിയിക്കണം.” സജിത് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. പിറ്റേ ദിവസം സ്വപ്ന സച്ചിന്‍റെ ഓഫീസിൽ ചെന്നു. സച്ചിൻ ലിഫ്റ്റിൽ നിന്നും ഇരുണ്ട ആകർഷകയായ പെൺകുട്ടിക്കൊപ്പം ഇറങ്ങി വരുനന്ത് സ്വപ്ന കൗതുകത്തോടെ നോക്കി. ഒറ്റക്കാഴ്ചയിൽ തന്നെ അത് ദീപ്തിയാണെന്ന് അവൾ ഊഹിച്ചെടുത്തു.
“ചേച്ചീ… സർപ്രൈസിംഗ്? ഇവിടെ എങ്ങനെ?” സച്ചിൻ അമ്പരപ്പോടെ ചോദിച്ചു.
“പ്രത്യേകിച്ചൊന്നുമില്ല… ഇവിടെയടുത്ത് ഒരു അത്യാവശ്യ കാര്യത്തിന് വരേണ്ടതുണ്ടായിരുന്നു. കൂട്ടത്തിൽ നിന്നേയും കാണാമെന്ന് വിചാരിച്ചു. എവിടേക്കെങ്കിലും പോവുകയാണോ?”
“ദീപ്തി ഇതാണ് എന്‍റെ ചേച്ചി സ്വപ്ന… ഞങ്ങൾ ലഞ്ച് കഴിക്കാൻ പോകുകയായിരുന്നു. ചേച്ചിയും കൂടി വാ ഞങ്ങൾക്ക് സന്തോഷമാകും.” സച്ചിൻ ആവേശത്തോടെ പറഞ്ഞു.
“ങ്ഹാ, വരാമല്ലേ. പക്ഷേ സ്വസ്ഥമായി ഇരുന്ന് സംസാരിക്കാൻ പറ്റിയ ഇടമായിരിക്കണം.” സ്വപ്ന ദീപ്തിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പോൾ നമുക്ക് ശ്രീ കൃഷ്ണയിൽ പോകാം. അവിടെ നല്ല ഫാമിലി റൂം ഉണ്ട്.” ദീപ്തി നിർദ്ദേശിച്ചു. അവർ മൂവരും കൂടി കാറിൽ കയറി ശ്രീകൃഷ്ണയിൽ ചെന്നു.
“ഇത് നല്ല പ്ലേസാണ്. പാർക്കിംഗ് പ്രശ്നവുമില്ല” സ്വപ്ന പറഞ്ഞു.
“ദീപ്തിയുടെ സജഷൻസ് എപ്പോഴും കറക്റ്റാണ് ചേച്ചി” സച്ചിനും പിന്താങ്ങി.
“അങ്ങനെയാണെങ്കിൽ സച്ചിൻ നീ ഉടനടി തന്നെ ദീപ്തിയെ വീട്ടിൽ കൂട്ടി കൊണ്ടുവരണം.” സച്ചിൻ പുഞ്ചിരിച്ചു കൊണ്ട് ദീപ്തിയെ നോക്കി. സച്ചിന്‍റെ പുഞ്ചിരിയിൽ വിഷാദത്തിന്‍റെ നിഴൽ പടർന്നിരിക്കുന്നത് ദീപ്തി ശ്രദ്ധിച്ചു. അത് മറച്ചു പിടിച്ചു കൊണ്ട് ദീപ്തി സ്വപ്നയോട് വീട്ടു വിശേഷങ്ങൾ ചോദിച്ചു.
“അതൊക്കെ ഇരിക്കട്ടെ… നിങ്ങളെപ്പറ്റി പറയൂ.”
“എന്നെപ്പറ്റി പറയാനുള്ളത് സച്ചു ചേച്ചിയോട് പറഞ്ഞു കാണുമല്ലോ. പ്രത്യേകിച്ചൊന്നും പറയാനില്ല. സച്ചുവിന്‍റെ ക്ലാസ്മേറ്റായിരുന്നു. ഇപ്പോൾ കൊളിഗാണ്. ഇവിടെ അടുത്ത് ഗിരിനഗറിലാണ് താമസം.”
“ചേച്ചി, ദീപ്തി പപ്പയുണ്ടാക്കിയ വീട്ടിലാ താമസം” സച്ചിൻ എടുത്ത് പറഞ്ഞു. “അവിടെ അവൾ ഒറ്റക്കാ. കൂട്ടിന് ഒരു വല്യമ്മയുണ്ട്.”
“പേടിയില്ലേ ദീപ്തി?”
“ഇല്ല ചേച്ചി. പേടി എന്‍റെ കൂടപിറപ്പാ.” ദീപിതി പൊട്ടി ചിരിച്ചു.
“ഓഹോ… കുട്ടിയായിരുന്നപ്പോൾ സച്ചുവും ഒരു പേടിത്തൊണ്ടനായിരുന്നു.”
ദീപ്തി ഊറി ചിരിച്ചു.
“അയ്യോ സച്ചു അതൊന്നും പറഞ്ഞിട്ടില്ല. സച്ചുവിന് ആരെയായിരുന്നു പേടി?” ദീപ്തി ഉൽസാഹത്തോടെ ചോദിച്ചു.
“അതവൻ പറയുമോ? ഇപ്പോഴും കാണും ആ പേടി. നിങ്ങൾ ഒരുമിച്ച് താമസിക്കുമ്പോൾ മനസ്സിലാകും.” സച്ചിൻ തെല്ലൊരു ലജ്‌ജയോടെ ചിരിച്ചു.
“അതിനുള്ള സാധ്യത കുറവാണ് ചേച്ചി. സച്ചുവിന്‍റെ അമ്മയെ വേദനിപ്പിച്ചു കൊണ്ട് സച്ചുവിനെ കല്യാണം കഴിക്കാൻ എനിക്കാവില്ല.” ദീപ്തിയുടെ കണ്ണുകളിൽ സങ്കടം ഉറഞ്ഞു കൂടിയെങ്കിലും അവളുടെ ശബ്‌ദം ഉറച്ചതായിരുന്നു.
സ്വപ്ന പതിയെ വാച്ചിലേക്ക് നോക്കി. “അതൊക്കെ സംസാരിക്കാനുള്ള സമയവും സ്‌ഥലവും അല്ല ഇത്. ഞാനാണെങ്കിൽ നേഴ്സിംഗ് ഹോം പണിയുന്നതിന്‍റെ തിരക്കിലാ. ദീപ്തിക്ക് എപ്പോഴാണ് ടൈം കിട്ടുക. ഞാൻ വരാം. അന്ന് നമുക്ക് സ്വസ്ഥമായി സംസാരിക്കാം.”
“ഇന്ന് വൈകുന്നേരം ചേച്ചിയും ചേട്ടനും ദീപ്തിയുടെ വീട്ടിൽ പോകുന്നുണ്ടോ?” സച്ചിൻ ആകാംക്ഷയോടെ ചോദിച്ചു.
“ഇപ്പോൾ ഞാൻ നേഴ്സിംഗ് ഹോമിലേക്ക് ചെല്ലട്ടെ. ഇനി വീട്ടിൽ പോയിട്ട് പോകാമെന്ന് വച്ചാൽ നടക്കില്ല. ങ്ഹാ… ഇന്ന് ഞാൻ ആളിനെ കണ്ടില്ലേ.”
“ഇന്ന് ചേച്ചി കണ്ടല്ലേ, ചേട്ടൻ കൂടി ദീപ്തിയെ കാണണം.” സച്ചിൻ പറഞ്ഞു. “ചേച്ചി വീട്ടിൽ ഇരുന്നാൽ മതി. ഞാൻ ദീപ്തിയെയും കൂട്ടി വീട്ടിൽ വരാം.”
“ഹായ് നല്ല ഐഡിയ, അതായിരിക്കും നല്ലത്.”
സ്വപ്ന പുഞ്ചിരിയോടെ ക്ഷണിച്ചു. “ഇന്ന് നമുക്കെല്ലാവർക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാം.”
വൈകുന്നേരമായപ്പോൾ സച്ചിൻ ദീപ്തിയേയും കൂട്ടി സ്വപ്നയുടെ വീട്ടിലെത്തി. ഡോ. സജിത്തിന്‍റെ ഹൃദ്യമായ പെരുമാറ്റവും തമാശ കലർന്ന സംസാരവുമൊക്കെ അന്തരീക്ഷത്തിന് അയവു വരുത്തി. വീട്ടു സഹായത്തിനെത്തുന്ന രേഖമ്മ അടുക്കളയിൽ അതിഥികൾക്കായി ഭക്ഷണമൊരുക്കുന്നുണ്ടായിരുന്നു. സ്വപ്ന പാചകത്തിന്‍റെ മേൽനോട്ടവുമായി ഓടി നടന്നു. അടുക്കളയിൽ എന്തോ ആവശ്യത്തിനായി സ്വപ്ന പോയ പുറകെ സച്ചിനും അവരെ പിന്തുടർന്നു ചെന്നു.
“ചേച്ചി അമ്മയുമായി ഇക്കാര്യം സംസാരിച്ചോ?” സച്ചിൻ പതിഞ്ഞ ശബ്ദത്തിൽ കാര്യം തിരക്കി.
“കാര്യങ്ങളൊക്കെ ചോദിച്ചു.” അത്രയുള്ളോ? ചേച്ചി കാര്യം പറഞ്ഞില്ലേ? ചേച്ചിക്ക് ഇതെന്താ പറ്റിയത്?” സച്ചിൻ അസ്വസ്ഥതയോടെ ചോദിച്ചു.
“എല്ലാം ശരിയായ സമയത്ത് ശരിയായ രീതിയിൽ വേണം പറയാൻ. ദീപ്തി എങ്ങോട്ടും ഓടി പോകുന്നില്ലല്ലോ. നിന്നെയല്ലേ അവൾ കല്യാണം കഴിക്കൂ. ഇത്രയും വർഷം കാത്തിരുന്നില്ലേ ഒരൽപം കൂടി ക്ഷമിക്കൂ.”
“അതല്ലാതെ പിന്നെന്താ ചെയ്യുക,” സച്ചിൻ ഉദാസീനനായി പറയുന്നത് കേട്ട് സ്വപ്നയ്‌ക്ക് ഉള്ളിൽ സങ്കടം തോന്നി. എല്ലാവരും സംസാരിക്കുന്നതിനിടെ സ്വപ്ന ദീപ്തിയുമായി ഏറെ അടുത്തിടപഴകി. ദീപ്തിയുമായി നല്ലൊരു അടുപ്പം ഉണ്ടാക്കുക എന്നതായിരുന്നു സ്വപ്നയുടെ ലക്ഷ്യം. ദീപ്തിയും സ്വപ്നയും തമ്മിൽ ഇതിനോടകം നല്ല കൂട്ടായി കഴിഞ്ഞിരുന്നു. അതിനു ശേഷം അവർ മിക്കപ്പോഴും ഫോണിൽ സംസാരിക്കുന്നത് പതിവായി.
സച്ചിൻ എന്തോ ഔദ്യോഗികാവശ്യവുമായി ബന്ധപ്പെട്ട് മുംബൈയിൽ പോകുന്നതറിഞ്ഞ് സ്വപ്ന ദീപ്തിയെ കാണാൻ അവളുടെ വീട്ടിൽ ചെന്നു. വളരെ മനോഹപമായിരുന്നു ദീപ്തിയുടെ വീട്. ആ വീട് കണ്ടാൽ ഏറെ ഇഷ്‌ടപ്പെട്ട് ആഗ്രഹിച്ച് ഉണ്ടാക്കിയതാണെന്നേ തോന്നൂ. അത്രയ്‌ക്കായിരുന്നു വീടിനകത്തെ സൗകര്യങ്ങളും സജ്‌ജീകരണങ്ങളും.
“ദീപ്തി, നീ ഈ വീട് വിൽക്കാത്തത് നന്നായി. നല്ല വീടാണ് കേട്ടോ. വിവാഹശേഷവും നിങ്ങൾക്കിവിടെ താമസിക്കാമല്ലോ. സച്ചിൻ അതിന് തയ്യാറാകുമോ?”
“സച്ചിന് അങ്ങനെ പിടിവാശിയൊന്നുമില്ല. ഞാൻ പറയുന്നതൊക്കെയും സച്ചുവിന് സമ്മതമാ. പക്ഷേ സച്ചുന്‍റെ പപ്പയുടെയും മമ്മിയുടെയും സമ്മതമില്ലാതെ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല. ഒരിക്കലും ഞാൻ മകനെ അവരുടെ ശത്രുവാക്കില്ല. പ്രണയമെന്നത് ചിലപ്പോൾ വിവേകമില്ലായ്മയും മര്യാദകേടുമാകും. പക്ഷേ അതിന്‍റെ പേരിൽ സച്ചുവിന് പപ്പയേയും മമ്മിയേയും നഷ്‌ടപ്പെട്ടുകൂടാ.”
“അത് ശരിയാണ് ദീപ്തി. സച്ചുവിന്‍റെ മമ്മിയും പപ്പയും വളരെ നല്ലവരാണ്. അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയാണെങ്കിൽ അവർ സന്തോഷത്തോടെ സമ്മതിക്കും. പക്ഷ സച്ചു കാരണമെന്താണെന്ന് അവരോട് പറയുന്നില്ലല്ലോ.”
“അതിന് കാരണമെന്താണെന്ന് സച്ചു അറിഞ്ഞാലല്ലേ സച്ചുവിന് പറയാൻ പറ്റൂ. ഞാനിതു വരെ സച്ചിനിനോട് ഒന്നും പറഞ്ഞിട്ടില്ല. സച്ചുവത് കേൾക്കാൻപ്പോലും ആഗ്രഹിക്കുന്നുമില്ല. എന്‍റെ കൂടെ ജീവിക്കുമ്പോൾ സുന്ദരമായ ഭാവി മാത്രം സ്വപ്നം കണ്ടാൽ മതിയെന്നാ സച്ചു പറയുന്നത്. കഴിഞ്ഞ കാലത്തെക്കുറിച്ച് ഓർക്കണ്ടായെന്നാ സച്ചു പറയുന്നത്. ഞാനും കഴിഞ്ഞക്കാലത്തെ ഓർക്കാൻ ഇഷ്ടപ്പെടാറില്ല. പക്ഷേ ചേച്ചി കഴിഞ്ഞ കാലവുമായി ബന്ധപ്പെട്ട ചില യാഥാർത്ഥ്യങ്ങൾ ഉണ്ടല്ലോ… അത് നമ്മൾ ആഗ്രഹിച്ചാലും അവഗണിക്കാനുമല്ല മറക്കാനും കഴിയില്ല. ആ ഓർമ്മകൾ സദാ അലട്ടി കൊണ്ടിരിക്കും.”
“പറ്റുമെങ്കിൽ ആ സത്യാവസ്‌ഥ എന്നോട് ഷെയർ ചെയ്യാം ദീപ്തി” സ്വപ്ന പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ഞാനും അത് തന്നെ ആലോചിക്കുകയായിരുന്നു ചേച്ചി.” ദീപ്തി ദീർഘനിശ്വാസമുതിർത്തു കൊണ്ട് പറഞ്ഞു.
“മിക്കപ്പോഴും ലേറ്റാകുന്നതു കൊണ്ടും അടിക്കടി ലീവ് എടുക്കുന്നതു കൊണ്ടും എനിക്ക് ജോലിയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാനോ പപ്പയുടെ ചികിത്സാ കാര്യങ്ങൾ ശ്രദ്ധിക്കാനോ കഴിഞ്ഞിരുന്നില്ല. അങ്ങനെ വന്നപ്പോഴാ ഞാൻ ജോലി റിസൈൻ ചെയ്‌ത് പപ്പയെയും കൊണ്ട് ചികിത്സയ്‌ക്കായി മുംബൈയിൽ പോകുന്നത്.
ഒരു റിലേറ്റീവ് പറഞ്ഞിട്ടാണ് അവിടെ പോകുന്നത്. ചികിത്സയ്‌ക്ക് പണം വേണമല്ലോ. അതിന് ഞാൻ സെയിൽസ് ഗേളായി ജോലി ചെയ്‌തു. അന്ന് ഏത് ജോലിയും ചെയ്യാൻ തയ്യാറായിരുന്നു. മമ്മിയും പപ്പയും എതിർത്തിട്ടും ഞാൻ പണത്തിനു വേണ്ടി രണ്ട് തവണ സറോഗേറ്റ് മദറുമായി.
ഒരു യന്ത്രം കണക്കെ ഞാൻ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പ്രതിഫലമായി ആവശ്യത്തിന് പണവും കൈപ്പറ്റി. പക്ഷേ ആ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടുകയാണ് ചേച്ചി. എനിക്ക് സ്വന്തമായി കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ അവരെ വളർത്തുമ്പോൾ ആ കുഞ്ഞുങ്ങളുടെ ഓർമ്മ വരില്ലേ…
10 മാസം ഗർഭം ധരിച്ച് പ്രസവിച്ച എന്‍റെ കുഞ്ഞുങ്ങൾ അല്ലേ അവരും എന്നിട്ട് ഞാൻ നിർദ്ദയം ആ കുഞ്ഞുങ്ങളെ ഏതോ അപരിചിതർക്ക് കൈമാറി. ആ വേദന എന്നെ എപ്പോഴും അലട്ടി കൊണ്ടിരിക്കും. അത് സച്ചുവിനോടും ഞങ്ങൾക്കുണ്ടാകുന്ന കുഞ്ഞിനോടും ചെയ്യുന്ന അനീതിയായിരിക്കും. അതിലും ഭേദമല്ലേ ഒരു കുഞ്ഞ് ഉണ്ടാകാതെ നോക്കുകയെന്നത്. മാത്രവുമല്ല എന്‍റെ പ്രായവും കടന്നു പോയിരിക്കുന്നു. ചേച്ചിക്ക് പറ്റുമെങ്കിൽ ഇക്കാര്യം സച്ചുവിനോടും സച്ചുവിന്‍റെ മമ്മിയോടും പപ്പയോടും പറയണം. അവരുടെ ഏത് തീരുമാനവും എനിക്ക് സ്വീകാര്യമാണ്.
“ശരിയാണ് ദീപ്തി ഞാൻ ഇക്കാര്യം ശരിയായ അവസരം നോക്കി പറയാം.” സ്വപ്നയ്ക്ക് ദീപ്തിയോടുള്ള മതിപ്പ് ഒന്ന് കൂടി വർദ്ധിച്ചു.
സ്വന്തം കുടുംബത്തിനു വേണ്ടി ദീപ്തി സഹിച്ച ത്യാഗത്തെക്കുറിച്ചോർത്ത് സ്വപ്നയുടെ മനസ്സിൽ ഒരു തേങ്ങൽ ഉയർന്നു. മറ്റുള്ളവർക്ക് വേണ്ടി സ്വയം ഉരുകിത്തീർന്ന പെണകുട്ടിയാണവൾ. ഉള്ളിൽ സ്വന്തം രക്‌തത്തിൽ പിറന്ന കുഞ്ഞുങ്ങളോടുള്ള വാത്സല്യം കാത്തു സൂക്ഷിക്കുന്ന അപൂർവ്വമായ ഒരമ്മ. സ്വപ്ന ദീപ്തിയെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു.
ദീപ്തി പറഞ്ഞ കാര്യങ്ങളെ അവഗണിക്കാനാവില്ല. അവളടെ വികാരങ്ങളെ മാനിക്കേണ്ടതുണ്ട്. സച്ചുവിനെ സംബന്ധിച്ചാണെങ്കിൽ യാതൊരു തടസ്സവും ഉണ്ടാകില്ല. അവന് ഏത് സാഹചര്യത്തിലും ദീപ്തിയെ ഇഷ്‌ടമാണ്.
പക്ഷേ സച്ചിന്‍റെ മമ്മിയും പപ്പയും സറോഗേറ്റ് മദർ ആയ ഒരു പെൺകുട്ടിയെ സ്വീകരിക്കുക എന്നത് ആത്ര എളുപ്പമുള്ള കാര്യമല്ല. മാത്രവുമല്ല ദീപ്തിയുടെ പ്രായവും അവരുടെ തീരുമാനത്തെ സ്വാധീനിക്കാം. പക്ഷേ സച്ചുവിന്‍റെ പ്രണയത്തെ സഹായിക്കാൻ എന്തെങ്കിലും ത്യാഗം സഹിക്കേണ്ടതാവശ്യമല്ലേ. അത് എത്ര വില കൊടുത്തായാലും. സ്വപ്ന ഉറച്ച ഒരു തീരുമാനത്തിലെത്തി. അവൾ ജനാലക്കപ്പുറത്തെ പച്ചപ്പിലേക്ക് നോക്കി പുഞ്ചിരി പൊഴിച്ചു.