കനൽ പാതയിലൂടെയായിരുന്നു ശോഭയെന്ന വീട്ടമ്മയുടെ ജീവിതം കഴിഞ്ഞ കുറേക്കാലം നീങ്ങിയത്. ശരിക്കും പറഞ്ഞാൽ തീ തിന്ന് ജീവിക്കുകയായിരുന്നു അവർ. പക്ഷേ ആ ഒറ്റപ്പെടലിലും കരഞ്ഞ് കലങ്ങി കഴിയാൻ അവർ നിന്നില്ല, പോരാടി. താൻ നിരപരാധിയാണെന്ന് തെളിയിച്ചു. അപൂർവ്വമായ ഒരു കേസാണ് ശോഭയുടേത്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോ തന്‍റേതാണെന്ന് തെറ്റിദ്ധരിച്ചവർ ഒറ്റപ്പെടുത്തിയും ഉപേക്ഷിച്ചും കൈയൊഴിഞ്ഞപ്പോൾ തന്‍റെ നിരപരാധിത്വം തെളിയിച്ചെടുക്കേണ്ടത് ശോഭയുടെ മാത്രം ബാദ്ധ്യതയായി തീർന്നു. തളരാതെ അവർ പിടിച്ചു നിന്നു. അന്തിമ വിജയം ശോഭയുടെ വ്യക്‌തിത്വത്തിന്‍റെ കണ്ണാടിയായി. സൈബർ കുറ്റകൃത്യങ്ങൾക്കിരയാവുന്ന സ്ത്രീകൾക്ക് നിയമ പോരാട്ടത്തിന്‍റെ വഴി കാണിച്ചു കൊടുക്കുകയാണ് ഈ വീട്ടമ്മ. ഈ ധീരവനിതയുടെ സഹനത്തിന്‍റെയും പോരാട്ടവീര്യത്തിന്‍റെയും കഥയിങ്ങനെ..

സംഭവത്തിന്‍റെ തുടക്കം

നാലു വർഷം മുമ്പാണ് സംഭവം നടന്നത്. ശോഭയുടെ ഭർത്താവിന്‍റെ സ്‌ഥാപനത്തിലെ ജീവനക്കാർക്കിടയിൽ ശോഭയുടേതാണെന്ന പേരിൽ ഒരു നഗ്ന ദൃശ്യം പരക്കുന്നതായി അറിഞ്ഞു. അപവാദ പ്രചരണത്തിനെതിരെ ശോഭ അന്നു തന്നെ പരാതി കൊടുത്തു. ഇതിന്‍റെ അടിസ്‌ഥാനത്തിൽ ശോഭയുടെ ഭർത്താവിന്‍റെ സ്‌ഥാപനത്തിലെ ജീവനക്കാരനായിരുന്ന ആലപ്പുഴ സ്വദേശി ലിറ്റോയെ പോലീസ് അറസ്റ്റ് ചെയ്‌തു.

അശ്ലീല ദൃശ്യം മറ്റുള്ളവർക്ക് വാട്സാപ്പിലൂടെ കൈമാറിയ ശേഷം ഫോണിലും നേരിട്ടുമൊക്കെ ദൃശ്യം ശോഭയുടേതാണെന്ന് പറഞ്ഞു അപമാനിക്കാൻ ശ്രമിച്ചതിനാണു കേസെടുത്തത്. കുറ്റപത്രം സമർപ്പിച്ച കേസിൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം പുനരന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ശോഭയുടെ ആവശ്യം. “എന്‍റേതെന്ന പേരിൽ ഒരു നഗ്ന ദൃശ്യം പരക്കുന്നതായി ഒരു ബന്ധു വഴിയാണ് അന്ന് അറിഞ്ഞത്. അപവാദ പ്രചരണത്തിനെതിരെ അന്നു തന്നെ പോലീസിൽ പരാതി നൽകി. സൈബർ കുറ്റകൃത്യമായതിനാൽ കമ്മീഷണറെ കാണാൻ നിർദ്ദേശം കിട്ടിയതിനാൽ അപ്പോൾ തന്നെ കമ്മീഷണർക്ക് നേരിട്ടു പരാതി കൊടുത്തു. അവിടുന്ന് പരാതി സൈബർ സെല്ലിനു കൈമാറി. ഒരു ദിവസം കഴിഞ്ഞ് തെളിവെടുപ്പ് നടന്നു. ഭർത്താവിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്‌തു. ദൃശ്യത്തിലുള്ളതു ഞാനല്ലെന്നു പോലീസുകാർ തറപ്പിച്ചു പറഞ്ഞു. വീഡിയോ ദൃശ്യമാണെന്നു പോലും അപ്പോഴാണ് ഞാനറിയുന്നത്. പക്ഷേ അത് പലർക്കും കൈ മാറി കഴിഞ്ഞിരുന്നു. അതിനാൽ എന്‍റെ ജീവിതം പ്രതിസന്ധിയിലായി.” ശോഭ പറയുന്നു.

കാര്യങ്ങൾ പോലീസിൽ ഒതുങ്ങിയില്ല

വ്യാജ വീഡിയോ ശോഭയുടേതാണെന്ന് പറഞ്ഞ് നടക്കുന്നവരുടെ എണ്ണം കൂടി കൂടി വന്നു. ശോഭയുടെ വ്യക്‌തിത്വത്തെ ആളുകൾ പരിഹസിക്കാൻ തുടങ്ങി. അതോടെ കാര്യങ്ങൾ പോലീസ് സ്റ്റേഷനിൽ അവസാനിച്ചില്ല. ശോഭക്കെതിരെ ക്രൂരമായ അപവാദ പ്രചരണമാണ് ചിലർ നടത്തിയത്. പരിചയക്കാരും ബന്ധുക്കളും തന്നെയായിരുന്നു മുന്നിൽ. “നഗ്ന ദൃശ്യങ്ങൾ സ്വയം പകർത്തി ഞാൻ തന്നെ പ്രചരിപ്പിച്ചുവെന്നായിരുന്നു അപവാദ പ്രചരണം. സംഭവത്തിലെ കൂട്ടുപ്രതിയേയും എന്നെയും അറസ്റ്റ് ചെയ്‌തു എന്നുവരെ പറഞ്ഞു പരത്തി. ഞാനല്ല ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കേണ്ട ബാദ്ധ്യത എന്‍റേതുമാത്രമായി. ആരും ഒപ്പം നിന്നില്ല. അവസാനം ആ ഉത്തരവാദിത്വം എന്‍റേതാണെന്ന് മനസ്സിലായി.

ദൃശ്യങ്ങൾ പരിശോധിക്കണമെന്നും എനിക്കെതിരെ അപവാദപ്രചരണം നടത്തിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വീണ്ടും പോലീസിനു പരാതി നൽകി. അന്നുമുതൽ വീട്ടിലെ അന്തരീക്ഷം ആകെ മാറി. ഞാൻ ഒറ്റപ്പെട്ടു പോയി. ഇതിനിടെ വിവാഹമോചനം തേടിയുള്ള വക്കീൽ നോട്ടീസ് ലഭിച്ചു” ശോഭ പറയുന്നു. സൈബർ ഇടങ്ങളിൽ ദിവസേന ആയിരക്കണക്കിനു പേരാണ് ഇരകളാവുന്നത്. അതിൽ സ്ത്രീകളും കുട്ടികളുമാണ് ഏറെയും. മാനഹാനി ഭയന്ന് പലരും പരാതിപ്പെടാനും മടിക്കാണിക്കാറുണ്ട്. കുടുംബത്തിലും കൂട്ടുകാർക്കിടയിലും ഒറ്റപ്പെടുമെന്ന് ഭയന്നാണ് പലരും നിശബ്ദരാവുന്നത്. പക്ഷേ ശോഭ തന്‍റെ നീതിയ്ക്ക് വേണ്ടി പോരാടി.

ആത്മാഭിമാനത്തോടെ സമൂഹത്തിന്‍റെ മുന്നിൽ തല ഉയർത്തി നിൽക്കുന്നു. സ്ത്രീകളെ സംബന്ധിച്ച് അവരുടെ വിശുദ്ധി ചോദ്യം ചെയ്യപ്പെടുമ്പോൾ അവർക്കത് താങ്ങാനാവില്ല. ഈ യാതനകളെ അതിജീവിച്ച് പോരാട്ടം തുടരുകയാണ് തൊടുപുഴ കരിങ്കുന്നം സ്വദേശിയായ ശോഭ. വാട്സാപ്പിൽ പ്രചരിപ്പിച്ച ചിത്രം തന്‍റേത് അല്ലെന്ന് തെളിയിക്കാനായിരുന്നു ശോഭ പോരാടിയത്. പോലീസ് ചിത്രം പ്രചരിപ്പിച്ച ആളെ പിടികൂടിയെങ്കിലും സംസ്ഥാനത്തെ പോലീസ് ഫോറൻസിക് ലാബിൽ രണ്ടു തവണ പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്നാണ് ചിത്രം സിഡാക്കിനു കൈമാറുന്നത്. അങ്ങനെ രണ്ടരവർഷത്തെ കാത്തിരിപ്പിനു ശേഷം, സൈബർ ഫോറൻസിക് കേസിലെ അന്തിമവാക്കായ സിഡാക്കിൽ നിന്ന് ആ സത്യം പുറത്തു വന്നു. ചിത്രം ശോഭയുടെതല്ലെന്ന് സിഡാക്ക് വിധിച്ചു.

“ഞാൻ തെറ്റുകാരിയല്ലെന്ന് മക്കളുടെ മുന്നിൽ തെളിയിക്കാനും ആത്മാഭിമാനം തിരിച്ചു പിടിക്കാനുമായിരുന്നു എന്‍റെ പോരാട്ടം. ഈ കാലയളവിൽ എന്‍റെ ജീവിതം പോലീസ് സ്റ്റേഷനിലും കോടതിയിലും അഭിഭാഷകന്‍റെ ഓഫീസിലുമായി വിഭജിക്കപ്പെട്ടിരുന്നു. എല്ലാവരും എന്നെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു. മക്കളെ എന്നിൽ നിന്ന് പറിച്ചെടുത്തു കൊണ്ടു പോയി. അർത്ഥം വച്ചുള്ള സമൂഹത്തിന്‍റെ നോട്ടവും പരിഹാസവും ഒരു സ്ത്രീയ്ക്ക് എത്രനാൾ പിടിച്ചു നിൽക്കാനാവും. തകർച്ചയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ പോരാടാൻ തന്നെ ഞാൻ തീരുമാനിച്ചു.” ശോഭ തന്‍റെ ദുരിതകാലം അയവിറക്കുന്നു.

fight aganist cyber crime - shobha

അനുഭവങ്ങളുടെ നീറ്റൽ

സ്വന്തം നഗ്ന ദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചു എന്ന ഭർത്താവിന്‍റെ വാദം തെറ്റെന്ന് ഫോറൻസിക് പരിശോധനയിലൂടെ തെളിയിച്ച ശോഭയുടെ അനുഭവം ആരെയും സങ്കടപ്പെടുത്തുന്നതാണ്. വിവാഹമോചന കേസിന്‍റെ ചർച്ചയും വിചാരണയും കൂടാതെ മൂത്ത മകളെ ശോഭ മർദ്ദിച്ചു എന്ന കള്ളക്കേസുമുണ്ടാക്കി. അപവാദ പ്രചരണത്തിന്‍റെ ദുഃഖഭാരം പേറുമ്പോഴും മക്കളെ കാണാൻ കഴിയാത്തതിന്‍റെ നിത്യദുഃഖവും ശോഭയെ അലട്ടിയിരുന്നു.“ഒരു ദിവസം രാത്രി എന്നെ വീട്ടിൽ നിന്നും പുറത്താക്കി. അന്നു രാത്രി അതേ വീടിന്‍റെ വരാന്തയിൽ ഞാൻ ഉറങ്ങാതെ കഴിച്ചു കൂട്ടി.

മനോരമ ചാനലിൽ വിളിച്ചു ഞാൻ കാര്യം പറഞ്ഞു. ന്യൂസ് വന്നപ്പോൾ പോലീസ് വനിതാസെൽ വഴി രാത്രി താമസത്തിനു സൗകര്യം ഒരുക്കിതരാമെന്ന് പറഞ്ഞെങ്കിലും ഞാൻ നിരസിച്ചു. ചാനൽ ചർച്ചയിൽ മുഖം മറയ്ക്കേണ്ട എന്ന് ഞാൻ തന്നെയാണ് പറഞ്ഞത്. തെറ്റു ചെയ്‌തിട്ടില്ലെന്ന് ഉറപ്പുള്ള ഞാൻ എന്തിനു നാണിക്കണം?”

“അന്നു രാത്രി മുഴുവനും ഞാൻ വരാന്തയിൽ കഴിഞ്ഞു. ചുറ്റിലും നായ്ക്കളുടെ കുര ഉണ്ടായിരുന്നു. എനിക്ക് നായ്ക്കളെ വലിയ പേടിയാണ്. പക്ഷേ ഒരു ചുമരിനപ്പുറം ഭർത്താവും മക്കളും ഉണ്ടല്ലോ എന്ന ധൈര്യത്തിലാണ് വരാന്തയിൽ തന്നെ ഇരുന്നത്. ആരെങ്കിലും വാതിൽ തുറക്കുമെന്ന് ഞാൻ കരുതി. അതുണ്ടായില്ല. വീട്ടിൽ കയറ്റില്ലെന്ന് ഉറപ്പായതോടെ പിറ്റേന്നു രാവിലെ ഞാൻ കരിങ്കുന്നത്തെ വീട്ടിലേയ്ക്ക് പോയി.” ശോഭ ആ കാളരാത്രിയെ പറ്റി വിവരിക്കുന്നു.

“ദൃശ്യങ്ങൾ കണ്ട് പലരും അത് ഞാൻ തന്നെയെന്ന് ഉറപ്പിച്ചു പറഞ്ഞു നടന്നു. എനിക്കുറപ്പുള്ള കാര്യമാണ്, പക്ഷേ മക്കളുടെയും 85 വയസ്സുള്ള മുത്തശ്ശിയുടെയും ഒക്കെ മുന്നിൽ തല ഉയർത്തി പിടിച്ചു നിൽക്കാൻ എനിക്കൊരു തെളിവു വേണം. ഇല്ലെങ്കിൽ ആ തള്ളയുടെ മക്കളല്ലേ എന്ന ചോദ്യം അവർക്കു നേരെയും ഉയരും. ഞാൻ കാരണം അവർക്ക് നാണക്കേട് തോന്നരുതെന്ന് എനിക്കും നിർബന്ധമുണ്ടായിരുന്നു. പക്ഷേ ദൃശ്യം സംശയാതീതമായി തെളിയിക്കാൻ എവിടെ കൊടുക്കണമെന്ന് എനിക്കൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. സിഡാക്കിനെ പറ്റി പോലീസ് ഉദ്യോഗസ്‌ഥർ വഴിയാണ് അറിഞ്ഞത്. ഡിജിപിയാണ് സിഡാക്കിൽ എത്താൻ സഹായിച്ചത്. ആറുമാസത്തിനകം ദൃശ്യത്തിലുള്ളതു ഞാനല്ലെന്നുള്ള വിശദമായ റിപ്പോർട്ട് വന്നു” ശോഭ പറയുന്നു.

അമ്മ മോശക്കാരിയാണെന്ന് വരുത്തി തീർത്താണ് കുട്ടികളെ ശോഭയിൽ നിന്ന് അകറ്റിയത്. ദൃശ്യങ്ങൾ തന്‍റേതല്ലെന്ന് തെളിയിക്കാൻ ശോഭയ്ക്ക് സാധിച്ചുവെങ്കിലും അവരുടെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങൾക്ക് ആര് ഉത്തരം പറയും എന്ന ചോദ്യം ബാക്കിയാണ്. തീർച്ചയായും അതൊരു മനുഷ്യാവകാശ പ്രശ്നമാണ്. അമ്മയ്ക്ക് കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനോ കാണാതിരിക്കാനോ സാധിക്കുകയില്ലല്ലോ. അപ്പോൾ കുഞ്ഞുങ്ങളെ തന്‍റെ അടുത്ത് നിന്ന് അകറ്റാൻ ആരാണ് മന:പൂർവ്വം ശ്രമിച്ചത്. ഈ പ്രശ്നമാണ് ശോഭയെ വീണ്ടും കോടതി കയറ്റുന്നത്.

ചൈൽഡ് ലൈൻ വിവാദം

കുട്ടികൾക്കെതിരായ കേസുകളിൽ സർക്കാരിന്‍റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന സംവിധാനമാണ് ചൈൽഡ് ലൈൻ. ശോഭയുടെ ഭർത്താവിന്‍റെ വാക്ക് വിശ്വസിച്ച ശോഭയ്ക്ക് മാനസികപ്രശ്നമുണ്ടെന്ന് സർട്ടിഫിക്കറ്റ് കൊടുത്തതിനാൽ ആണ് ഇപ്പോൾ ശോഭയ്ക്ക് കുട്ടികളെ കാണാൻ കൂടി കഴിയാത്തത്.  ശോഭയ്ക്ക് മാനസിക രോഗമാണെന്നും ചികിത്സയിൽ ആണെന്നും ചൈൽഡ് ലൈനിനോടു പറഞ്ഞ ഭർത്താവിന്‍റെ വാദം മാത്രം കണക്കിലെടുത്ത ചൈൽഡ് ലൈനിന്‍റെ നടപടി ശോഭ ചോദ്യം ചെയ്തിരുന്നു.

“മാനസിക രോഗത്തിനു സ്വയം ഒരാൾക്ക് ചികിത്സിക്കാൻ പറ്റില്ലല്ലോ. അതിനു തീർച്ചയായും ഒരു ഡോക്‌ടർ കാണുമല്ലോ. അപ്പോൾ ഈ ഏജൻസി ഇത്ര സീരിയസായി ഒരു റിപ്പോർട്ട് കൊടുക്കുമ്പോൾ ചുരുങ്ങിയ പക്ഷം ഡോക്ടറോടെങ്കിലും ക്രോസ്ചെക്ക് ചെയ്യണ്ടേ? ഇല്ലാത്ത ഡോക്ടറെ വിളിച്ചു ചോദിക്കാൻ പറ്റില്ലെന്നുള്ളത് വേറെ കാര്യം! എറണാകുളത്ത് താമസിക്കുന്ന എന്നെ വിളിപ്പിച്ചു നിജസ്ഥിതി ചോദിക്കാമല്ലോ ” ശോഭ ചോദിക്കുന്നു. ചൈൽഡ് ലൈൻ ഈ റിപ്പോർട്ട് കൊടുക്കുന്നതിനു മുമ്പ് വരെ ശോഭയ്ക്ക് മാസത്തിൽ രണ്ടു തവണ കുട്ടികളെ കാണാനുള്ള അനുമതി ഉണ്ടായിരുന്നു. ചൈൽഡ് ലൈൻ റിപ്പോർട്ട് നൽകിയതോടെ ഈ വഴിയും അടഞ്ഞു. “ഇവരുടെ റിപ്പോർട്ട് എന്നെക്കാൾ അധികം എന്‍റെ കുട്ടികളെ തന്നെയാണ് ബാധിക്കുന്നത്. കാരണം അമ്മയ്ക്ക് ഭ്രാന്താണെന്ന് കുട്ടികളുടെ അച്‌ഛൻ തന്നെയാണല്ലോ പറയുന്നത്. അത് റെക്കോർഡിക്കലി ആവുകയും ചെയ്‌തു.” കോടതിയില്‍ ഹാജരാക്കിയ റിപ്പോർട്ടിലാണ് ചൈൽഡ് ലൈനിന്‍റെ പരാമർശം ഉള്ളത്. കോടതിയിൽ നിന്ന് കേസിന്‍റെ രേഖകൾ എടുത്ത് പരിശോധിച്ചപ്പോഴാണ് ശോഭയ്ക്ക് ഇങ്ങനെയൊരു കെണി അറിയാൻ കഴിഞ്ഞത്.

കേസിന്‍റെ വഴി

ഇന്‍റർനെറ്റിന്‍റെ വരവോടെ ക്രൈമിന്‍റെ രീതികളും നിയമവും പുതിയതായി ഉടലെടുത്തിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ ഇരകളാക്കപ്പെടുന്നത് സൈബർ ലോകത്താണ്. ശോഭയുടെ കാര്യം തന്നെ അത്തരത്തിൽ ഉണ്ടായ ഒന്നാണ്. ശോഭയുടേതെന്ന് പറഞ്ഞ് പരത്തിയ നഗ്ന ദൃശ്യം വിദേശത്തു നിന്നുള്ള ഒരാളിൽ നിന്നാണ് ലഭിച്ചതെന്ന് അത് വാട്സാപ്പ് വഴി പ്രചരിപ്പിച്ചതിനു പിടിയിലായ ശോഭയുടെ ഭർത്താവിന്‍റെ ഓഫീസിലെ മുൻ ജീവനക്കാരനായ ആലപ്പുഴ സ്വദേശി ലിറ്റോ പോലീസിനു മൊഴി നൽകിയിരുന്നു.

പ്രചരിപ്പിക്കപ്പെട്ട ദൃശ്യം തന്‍റേതല്ലെന്ന് ഫോറൻസിക് പരിശോധന വഴി തെളിയിക്കാൻ ശോഭയ്ക്ക് സാധിച്ചെങ്കിലും താൻ അതിന്‍റെ പേരിൽ അപമാനിക്കപ്പെട്ടത് നികത്താനാവില്ലല്ലോ എന്നാണ് ശോഭ പറയുന്നത്. ഇപ്പോൾ തന്‍റെ പോരാട്ടം വിജയം കണ്ടെങ്കിലും ഇനിയും ഈ കേസിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ് ശോഭയുടെ പക്ഷം.

ഭർത്താവിന്‍റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ മാത്രം തനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് നൽകിയ ചൈൽഡ് ലൈനിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു. ശോഭയെപ്പോലെ സൈബർ ക്രൈമിന്‍റെ ഇരയായ അനേകം പേരുണ്ടാവും. പക്ഷേ വളരെ ചുരുക്കം പേരെ ഇങ്ങനെ തളരാതെ പോരാടനുറച്ച് മുന്നോട്ടു വരാറുള്ളൂ. ശോഭയുടെ പോരാട്ട ജീവിതം എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാണ്.

और कहानियां पढ़ने के लिए क्लिक करें...