കല്ല്യാണമായാൽ എല്ലാവർക്കും ആഘോഷമാണ്. വീട്ടുകാർക്കും കൂട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം അണിഞ്ഞൊരുങ്ങാനുള്ള അവസരം കൂടിയാണല്ലോ വേണ്ടപ്പെട്ടവരുടെ കല്ല്യാണം. ചുരുങ്ങിയ പക്ഷം കല്ല്യാണ ചടങ്ങിന്‍റെ രണ്ടാഴ്ച മുമ്പെങ്കിലും ഡ്രസ്സ് ഡിസൈൻ ചെയ്ത് കൈയിൽ കിട്ടാൻ ശ്രദ്ധിക്കണം. ഇപ്പോൾ കസ്റ്റമൈസ്ഡ് വസ്ത്രങ്ങളുടെ കാലമാണല്ലോ. കടയിൽ നിന്ന് വാങ്ങിയാലും അതിൽ എന്തെങ്കിലുമൊക്കെ ആൾട്ടറേഷൻ നടത്തി തനിക്കിണങ്ങുന്ന യൂണിക് സ്റ്റൈലിലാക്കാം. അങ്ങനെ ഐഡിയ ഉണ്ടെങ്കിൽ നേരത്തെ എല്ലാം റെഡിയാക്കി വയ്‌ക്കണം. അവസാന നിമിഷത്തെ ഓട്ടപ്പാച്ചിൽ വേണ്ട, കല്ല്യാണത്തിനു ഡ്രസ്സ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
വധുവിന്‍റെ വസ്ത്രങ്ങൾ
ശരീരഘടനയും നിറവും കണക്കിലെടുത്താണ് വസ്‌ത്രം തെരഞ്ഞെടുക്കേണ്ടത്. പട്ടു സാരിയുടുത്ത വധുവിനെ കതിർമണ്ഡപത്തിൽ കാണാൻ നല്ല ചേലായിരിക്കും. പക്ഷേ പാർട്ടിയ്ക്ക് ലഹങ്കയോ ലോംഗ് അനാർക്കലിയോ മതി.
- ലഹങ്കയും ഷെർവാണിയുമാണ് ഇപ്പോൾ ട്രെന്‍റ്. അതും റിച്ച് ലുക്ക് നൽകുന്ന വർക്കുള്ളത്.
- ഷിഫോൺ, ക്രേപ്പ്, ജോർജറ്റ് തുടങ്ങിയ മെറ്റീരിയലിലുള്ള വസ്ത്രങ്ങളാണ് ബ്രൈഡ്സ് മെയ്ഡിനുള്ള വസ്ത്രങ്ങൾക്കായി തെരഞ്ഞെടുക്കേണ്ടത്. അപ്പോൾ അതിൽ നിന്ന് വേറിട്ടു നിൽക്കുന്ന ബ്രൈറ്റ് കളറിലുള്ള പട്ടുസാരിയാണ് വധുവിന് ചേരുക.
- പാർട്ടിയിലും മറ്റും മോഡേൺ ഔട്ട്ഫിറ്റ് വധു അണിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബ്രൈഡ് മെയ്ഡിനുള്ള വസ്ത്രങ്ങൾ ട്രെഡീഷണൽ ആകാം.
- വധു വണ്ണം കുറഞ്ഞയാളാണെങ്കിൽ അൽപ്പം തടി തോന്നുന്ന തരത്തിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കണം. സ്ലീവ്‍ലെസ് ബ്ലൗസ് ഇത്തരക്കാർക്ക് ചേരും. പാർട്ടിയ്ക്ക് ഫ്ളെയർ ഉള്ള ലോംഗ് കുർത്തയോ അനാർക്കലിയോ ആവാം.
- വിവാഹ വസ്ത്രങ്ങൾ എടുക്കാൻ പോകുമ്പോൾ ഒരു ഫാഷൻ കൺസൾട്ടൻറിനെ കൂടെ കൂട്ടിയാൽ നന്ന്.
- സ്ലീവ്‍ലെസും ഓഫ് ഷോൾഡർ സ്റ്റൈലിലെ ഗൗണും മെലിഞ്ഞവർക്ക് നന്നായി ചേരും. ഓർഗൻസ പോലുള്ള മെറ്റീരിയൽ വണ്ണം തോന്നാൻ മെലിഞ്ഞ ശരീര പ്രകൃതിയുള്ള വധുവിനെ സഹായിക്കും.
- പൊക്കം കൂടുതലുള്ള വധുവാണെങ്കിൽ വീതി കൂടിയ ബോർഡർ ഉള്ള സാരി അണിയുന്നതാണ് നല്ലത്.
- തടി കൂടുതലാണ് എന്ന് തോന്നുന്നവർക്ക്, വണ്ണം കുറഞ്ഞതായി തോന്നിക്കുന്ന തരം ഡിസൈനുകൾ തെരഞ്ഞെടുക്കണം. വൈഡ് ആയ നെക് ചേരും. സ്ട്രൈപ്സ്, കടും നിറങ്ങൾ ഇവ വണ്ണം കുറച്ച് കാട്ടുന്നവയാണ്.
- തടിയുള്ളവർക്ക് വണ്ണം തോന്നാതിരിക്കാനായി ബ്ലൗസ് തയ്‌ക്കുമ്പോൾ ശ്രദ്ധിക്കണം. ലോംഗ് സ്ലീവാണ് ഇത്തരക്കാർക്ക് ഇണങ്ങുക.
വീട്ടുകാരുടെ വസ്‌ത്രങ്ങൾ
- ഇപ്പോൾ തീം വെഡ്‌ഡിംഗിന്‍റെ കാലമാണല്ലോ. വിവാഹത്തിന്‍റെ തീമിനനുസരിച്ച് വസ്ത്രമണിയാൻ പ്ലാൻ ഉണ്ടെങ്കിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുത്തശ്ശി വരെയുള്ളവർക്കും തീം ഡ്രസ് നൽകാം.
- ചെക്സ് തീമായെടുത്താൽ വലുതും ചെറുതുമായ ചെക്കുകൾ കാഞ്ചീപുരം സിൽക്ക് സാരിയിൽ തെരഞ്ഞെടുക്കാം.
- തലമുറ അനുസരിച്ച് ഓരോ ഗ്രൂപ്പിനും വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്യാം. കളറും അതനുസരിച്ച് ആവാം. കൗമാരകാർക്ക് ദാവണിയും മുതിർന്നവർക്ക് സാരിയും മതി. വയസ്സായവർക്ക് സിംപിൾ ആയ പട്ടുസാരിയാണ് ഉചിതം.
- എംബ്രോയ്ഡറി, കലംകാരി എന്നിവയും തീമായി എടുക്കാം. കലംകാരിയാണ് നിങ്ങൾ സെലക്ട് ചെയ്യുന്നതെങ്കിൽ കുഞ്ഞുങ്ങളുടെ ഫ്രോക്കിന്‍റെ യോക്കിൽ കലംകാരി വർക്ക് ചെയ്യാം. ടീനേജിലുള്ളവർക്ക് കലംകാരി സ്കർട്ടും മുതിർന്നവർക്ക് കലംകാരിയിൽ സാരിയും ആണ് നല്ലത്.
- ഇനി കേരള സാരി തീമായി എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗോൾഡ്, വെള്ള, വെള്ളി സാരി കസവുകളാണ് നല്ലത്.
- തലമുറ അനുസരിച്ച് അഭിരുചികൾ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. കാഞ്ചിപുരം, കുന്ദൻ സ്റ്റോൺവർക്ക്, മിറർ വർക്ക്, ബനാറസി കലംകാരി ഇങ്ങനെ പലതരം വസ്ത്രങ്ങൾ ഓരോ തലമുറയുടെ ഇഷ്ടങ്ങൾക്കനുസരിച്ച് സെലക്ട് ചെയ്യാം.
- ജ്വല്ലറി മോട്ടിഫ് ആണ് തീമെങ്കിൽ ജ്വല്ലറി മോട്ടീഫ് ഡിസൈനിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാം.
- തീം ഏതായാലും ആഭരണങ്ങൾ വലിച്ചുവാരി അണിയുന്നത് ഒഴിവാക്കണം. സിംപിൾ ആന്‍റ് എലഗന്‍റ് ലുക്കാണ് നല്ലത്.
ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ
- പകൽ സമയത്ത് കറുപ്പ് നിറം ഒഴിവാക്കണം. ചൂട് കൂടുതലുള്ളപ്പോൾ വിയർപ്പ് അധികമായിരിക്കാൻ കറുപ്പ് നിറം ഇടയാക്കും.
- രാത്രികാല ചടങ്ങുകൾക്ക് കറുപ്പ് നിറം നന്നായി ചേരും.
- പകൽ, പീച്ച്, മഞ്ഞ, ഓറഞ്ച്, പേസ്റ്റൽ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ഉത്തമം.
- ജോഗ്രഫി നോക്കിയും വസ്ത്രം അണിയണം. ബീച്ച് വെഡിംഗാണെങ്കിൽ കടും നിറമണിഞ്ഞാൽ കാണാൻ അഭംഗിയായിരിക്കും. ഫോട്ടോയിലും വീഡിയോയിലും നന്നായെന്നും വരില്ല.
- വിവാഹത്തിനണിയാൻ വാങ്ങി വച്ച വസ്ത്രം രണ്ടു ദിവസം മുമ്പ് അണിഞ്ഞു നോക്കി പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണ്. അണിയുമ്പോൾ അസ്വസ്ഥത കൾ ഇല്ലെന്നും ഔട്ട് ഫിറ്റ് പെർഫക്റ്റാണെന്നും ഉറപ്പു വരുത്താം.
വരന്‍റെ വസ്ത്രങ്ങൾ
വധുവിനെക്കാൾ വസ്‌ത്രത്തിന്‍റെ കാര്യത്തിൽ ഇപ്പോൾ ശ്രദ്ധിക്കുന്നത് പയ്യന്മാരാണ് എന്ന് പല കല്ല്യാണത്തിനു പോകുമ്പോഴും നിങ്ങൾക്ക് തോന്നാറില്ലേ. ശരിയാണ് കാലം മാറി. ട്രെന്‍റിയായി കതിർമണഡപത്തിൽ നിൽക്കാനാണ് ന്യൂ ജനറേഷൻ താൽപര്യപ്പെടുന്നത്.
- ഇപ്പോൾ ഷേർവാണിയാണ് ട്രെന്‍റ്. തലപ്പാവ് അണിയുന്നതും പതിവായിരിക്കുന്നു. പ്രത്യേകിച്ചും തീം വെഡ്ഡിംഗ് ആണെങ്കിൽ പല തരത്തിലുള്ള തലപ്പാവുകൾ അണിയാറുണ്ട്.
- വധുവിന്‍റെ സാരിയുടെ നിറവുമായി മാച്ച് ചെയ്യുന്ന ഷേർവാണിയാണ് ന്യൂജെൻ വരനെ കൂടുതൽ ആകർഷകമാക്കുക.
- കസവ് മുണ്ടിനൊപ്പം കുർത്ത അണിയുന്നതും ഫാഷനാണ്.
- നീ ലെഗ്ത് കോട്ടിനൊപ്പം പോളോ പാന്‍റ് ധരിക്കാം.
- വൻ ബജറ്റ് ഉണ്ടെങ്കിൽ ഒരു കോസ്റ്റ്യൂം ഡിസൈനറുടെ സഹായവും തേടാവുന്നതാണ്.
- പാർട്ടിയ്ക്കും വിവാഹ സമയത്തും ധരിക്കുന്ന വസ്‌ത്രങ്ങൾ ഒരേ നിറത്തിലുള്ളതാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വസ്ത്രത്തിനിണങ്ങിയ അകസസറീസും അണിയാൻ മറക്കരുത്.