അഞ്ചടി ഒമ്പതിഞ്ച് നീളമുള്ള ഈ സുന്ദരി മലയാള സിനിമയ്ക്ക് സുപരിചിതയാണ്. ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ മുൻ ക്യാപ്റ്റൻ കൂടിയായ ഈ സ്പോർട്സ് താരം മറ്റാരുമല്ല, മാമാങ്കത്തിൽ മമ്മൂട്ടിയുടെ നായികയായി വന്ന സുന്ദരി. പ്രാചി ടെഹ്‍ലാൻ. 2011 ൽ പ്രാചിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം, ദക്ഷിണേഷ്യൻ രാജ്യങ്ങളിലായി നടന്ന മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടിയിരുന്നു. 2016 ൽ ദിയ ഓർ ബാതി ഹം എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്കു കടന്നു വന്നു. തുടർന്ന് നിരവധി ദക്ഷിണേന്ത്യൻ സിനിമകളിലും പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചു. പ്രാചിയ്ക്ക് തന്‍റെ ആദ്യ ചിത്രമായ മാമാങ്കത്തിന് 2021 ലെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ലഭിക്കുകയുണ്ടായി.

കളിക്കാരി എങ്ങനെ അഭിനേത്രി ആയി?

ഞാൻ ആ സമയം ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു വലിയ പ്രൊഡക്ഷൻ ഹൗസിൽ നിന്ന് ഓഫർ വന്നത്. ദിയ ഓർ ബാതി ഹം എന്ന സ്റ്റാർ പ്ലസ് പ്രൈം ടൈം ഷോയിലേക്കായിരുന്നു. ഫേസ്ബുക്ക് വഴിയാണ് എന്നെ കോണ്ടാക്ട് ചെയ്‌തത്. സീരിയലിൽ അവസരമുണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ മുംബൈയിൽ എത്തണമെന്നുമായിരുന്നു നിർദ്ദേശം.

ജോലിയും ഡൽഹിയും വിട്ട് പുതിയൊരു സ്‌ഥലത്ത് പുതിയ മേഖലയിൽ ജോലി ചെയ്യുക എത്ര എളുപ്പമല്ല. പിന്നീട് തോന്നി, വ്യത്യസ്തമായൊരു അവസരമാണ്. ട്രൈ ചെയ്യുന്നതിൽ കുഴപ്പമില്ല എന്ന്. എന്‍റെ പേരന്‍റ്സ് എന്നെ സപ്പോർട്ട് ചെയ്‌തു. മുംബൈയിൽ എന്‍റെ ആന്‍റി താമസിക്കുന്നതിനാൽ അങ്ങോട്ടു ഷിഫ്റ്റ് ചെയ്യുന്നതിൽ വിഷമമുണ്ടായില്ല. ആന്‍റിയുടെ വീട്ടിൽ താമസിച്ചു കൊണ്ടാണ് ദിയ ഓർ ബാതിഹം ഷോ ചെയ്തത്.

തുടർന്ന് രണ്ട് പഞ്ചാബി ചിത്രങ്ങളിലും സ്റ്റാർ പ്ലസിന്‍റെ ഇക്യാവൻ എന്ന മറ്റൊരു ഷോയിലും വർക്ക് ചെയ്തു. അതിനിടയിലാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പം മലയാളം സിനിമയിലേക്ക് ഓഫർ വന്നത്. മാമാങ്കം എന്ന ചിത്രം എന്‍റെ കരിയറിൽ ഉയർച്ച തന്ന ചിത്രമാണ്. തുടർന്ന് തെലുങ്ക് ചിത്രം ത്രിശങ്കു ചെയ്‌തു. ഇപ്പോൾ മൂന്നു പ്രോജക്‌ടുകൾ കയ്യിലുണ്ട്. ഇങ്ങനെ അവിചാരിതമായിട്ടാണ് നടിയായി മാറിയത്.

നല്ല ഉയരമുണ്ടല്ലോ പ്രാചിക്ക്. ഈ ഉയരം കരിയറിൽ ഗുണം ചെയ്തോ?

തീർച്ചയായും. എനിക്ക് ഇതുവരെ കിട്ടിയ വിജയമെല്ലാം ഈ ഉയരത്തിന്‍റെ ബലത്തിലാണ്. ബാസ്ക്കറ്റ് ബോളിലും നെറ്റ് ബോളിലും കളിക്കാൻ നല്ല ഉയരം സഹായിച്ചു. ദിയ ഓർ ബാതിയിൽ ഉയരുമുള്ള പെൺകുട്ടിയെ ആവശ്യമുണ്ടായിരുന്നു. മാമാങ്കത്തിലും ഉയരമുള്ള നായികയെയാണ് അവർ തേടിയിരുന്നത്.

ഇന്ത്യൻ കളിക്കാർക്ക് വിദേശ കളിക്കാരെ അപേക്ഷിച്ച് പ്രാധാന്യം കുറവാണോ ലഭിക്കുന്നത്?

അതെ, എല്ലാ രീതിയിലും. സാങ്കേതിക സൗകര്യങ്ങൾ മുതൽ തൊഴിലവസരങ്ങൾ വരെയായാലും എല്ലാം പിന്നിലാണ്. കോമൺ വെൽത്ത് ഗെയിംസിനു മുന്നോടിയായി 21 ദിവസം ആസ്ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ തങ്ങാൻ അവസരം ലഭിച്ചു. ആസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിനെ സ്പോർട്സ് അതോറിറ്റിയുമായി തുലനം ചെയ്യുമ്പോൾ നമുക്ക് വലിയ വ്യത്യാസം വ്യക്‌തമാകും.

എത്രയോ വർഷത്തെ കഠിനാധ്വാനമാണ് സ്പോർട്സ് പേഴ്സൺസ് ചെയ്യുന്നത്. കളിക്കാർക്ക് മോട്ടിവേഷണൽ ലെവൽ ഉയർത്താൻ പലതും ആവശ്യമാണ്. പരിക്കു പറ്റിയാൽ കളിക്കാൻ പറ്റില്ല. ജീവിതം തന്നെ തകർന്നു പോകാം. സ്പോർട്സ് ക്വാട്ടയിൽ ചെറിയ ജോലികളാണ് കൂടുതൽ ലഭിക്കുന്നത്.

ഒരു കളിക്കാരൻ ഒളിപിംക് ഗോൾഡ് മെഡൽ നേടിയാൽ ആ ദിനം ആ വ്യക്തിയെ കോടിപതി ആക്കും. പക്ഷേ അതിലേക്കുള്ള പരിശ്രമം ആരും മനസിലാക്കണമെന്നില്ല.

അന്യഭാഷ ചിത്രങ്ങൾ ചെയ്യുന്നത് ശ്രമകരമായിരുന്നോ?

എനിക്ക് നല്ല ഇഷ്ടമാണ്. പുതിയ ഭാഷകൾ പഠിക്കാമല്ലോ. ചലഞ്ചിംഗ് ആണ്. ലിപ്സിംഗ്, ഇമോഷൻസ്, ആക്ടിംഗ് ഇതു മൂന്നും ഭാഷയുമായി പൊരുത്തപ്പെടുത്തുന്നത് എളുപ്പമുള്ള കാര്യമല്ല. സൗത്ത് ഇൻഡസ്ട്രി വളരെ ക്രിയേറ്റീവ് ആണ്. ടെക്നിക്കലി സൗണ്ട് ആണ്. നല്ല സ്റ്റോറികൾ ഉണ്ട്. അവിടെ വർക്ക് ചെയ്‌ത എക്സ്പീരിയൻസ് വളരെ ഇഷ്ടമായി.

സ്ത്രീ ശാക്തീകരണത്തിന് ഏറ്റവും ആവശ്യം?

സെൽഫ് ഡിഫൻസ് മനസിലാക്കി വയ്ക്കുക. അങ്ങനെ ശാരീരികവും മാനസികവുമായി കരുത്തുള്ള സ്ത്രീ സമൂഹത്തോട് തെറ്റ് ചെയ്യാൻ സൊസൈറ്റിയ്ക്ക് ഭയമുണ്ടാകും. തെറ്റ് ചെയ്യും മുമ്പ് ആലോചിക്കും. കഴിഞ്ഞ 10 വർഷത്തിനിടയിൽ പുരുഷന്മാരുടെ ചിന്താഗതി സമാനമായി തുടരുന്നു. എന്നാൽ സ്ത്രീകൾ വളരെ പ്രോഗ്രസീവ് ആണ്.

और कहानियां पढ़ने के लिए क्लिक करें...