എല്ലാറ്റിനും അതിന്‍റെ സമയമുണ്ട് ദാസാ എന്നു പറയും പോലെയാണ് അഞ്ജുവിന്‍റെയും കാര്യം. എല്ലാറ്റിനും അതിന്‍റേതായ ഒരു സ്റ്റൈൽ ഉണ്ട് ഈ പാട്ടുകാരിക്ക്. പാട്ടുപാടാനായാലും പെർഫോം ചെയ്യുന്നതിനായാലും കമ്പോസ് ചെയ്യുന്നതിനായാലും അഞ്ജു ബ്രഹ്മാസ്മി സ്വന്തം സ്റ്റൈൽ ക്രിയേറ്റ് ചെയ്‌തിരിക്കുകയാണ്. ആ സ്റ്റൈൽ സ്വന്തം ലുക്കിലും പേരിലും പാട്ടിലും സാമൂഹ്യ പ്രവർത്തനത്തിലും സൂക്ഷിക്കുകയാണ് ഈ കലാകാരി.
അഹം ബ്രഹ്മാസ്മി എന്ന സങ്കൽപത്തിൽ നിന്നാണ് അഞ്ജു ജോസഫ് എന്ന ഗായിക തന്‍റെ പേരിനൊപ്പം ബ്രഹ്മാസ്മി എന്ന് ചേർത്തത്. മത്സരം നിറഞ്ഞ മൂസിക് ഇൻഡസ്ട്രിയിലും കിടമത്സരത്തിനൊന്നും നിൽക്കാതെ അഞ്ജു തന്‍റെ വഴികൾ സ്വയം കണ്ടെത്തുകയാണ്.
സാഹസികതയോടാണ് പ്രണയം
വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെയും ലൈവ് പെർഫോമൻസിലൂടെയും സംഗീതത്തിൽ സ്വന്തം ഇടം കണ്ടെത്തുക എന്നത് ഒരു കലാകാരിയെ സംബന്ധിച്ച് സാഹസം തന്നെയാണ്. പക്ഷേ ആ സാഹസം എനിക്ക് ഇഷ്ടമാണ്. ഫ്യൂഷൻ സ്റ്റൈലിൽ പ്രസന്‍റ് ചെയ്ത കീർത്തനം എന്തരോ മഹാനുഭാവുലുവും കാവാലം നാരായണപ്പണിക്കരുടെ അതിരു കാക്കും എന്ന കവിതയുമാണ് സംഗീത യാത്രയിൽ ബ്രേക്ക് ആയത്. ഗോസ്പൽ മ്യൂസിക് മാത്രം കേട്ടു ശീലിക്കേണ്ടി വന്ന കുട്ടിക്കാലത്തു നിന്ന് ജാസ് സോംഗ് വൺലൈഫ് സ്റ്റാന്‍റിലേക്കുള്ള ദൂരം വളരെ വലുതാണ്. ഹ്യൂമൻസ് ഓഫ് സംവൺ എന്ന ഇംഗ്ലീഷ് ചിത്രത്തിലേക്ക് പാട്ട് കമ്പോസ് ചെയ്‌ത് അവതരിപ്പിക്കാൻ കഴിഞ്ഞു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതജ്ഞന്മാരിൽ നിന്ന് സംഗീതത്തെ മനസിലാക്കാൻ കഴിഞ്ഞത് ചെന്നൈയിലെ സ്വർണ്ണഭൂമി അക്കാദമി ഓഫ് മ്യൂസിക്കിലെ പഠന കാലത്താണ്.
ഇതുവരെ റഷ്യൻ, സ്പാനിഷ്, ഗ്രീക്ക്, പോർച്ചുഗീസ് ഭാഷകൾ ഉൾപ്പെടെ 10 ഭാഷകളിൽ പാടാൻ കഴിഞ്ഞു. ഇന്‍റർനാഷണൽ പോർച്ചുഗീസ് മ്യൂസിക് അവാർഡിൽ നോമിനേറ്റു ചെയ്യപ്പെട്ടു. ആദ്യമായിട്ടാണ് അവിടെ ഒരു ഇന്ത്യൻ നോമിനേറ്റ് ചെയ്യപ്പെട്ടത്.
ധൈര്യമുണ്ടെങ്കിൽ ആ ഇടം കിട്ടും
സംഗീത രംഗവും മറ്റേതൊരു വ്യവസായരംഗവും പോലെ തന്നെയാണ്. ഒരു പ്രത്യേക പാറ്റേൺ അതിനും ഉണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു വ്യക്‌തിക്ക് അവിടെ പിടിച്ചു നിൽക്കാൻ പ്രയാസമായേക്കാം. പക്ഷേ കാലം മാറി വരുന്നുണ്ട്. സംഗീതത്തിലും സ്വതന്ത്രമായി പ്രവർത്തിച്ച് വിജയം നേടാൻ കഴിയുന്ന ഒരു കാലം വിദൂരമല്ല. കളത്തിലിറങ്ങി പ്രവർത്തിക്കാൻ തയ്യാറുള്ള ആർക്കും തീർച്ചയായും ഒരു സേപ്സ് ലഭിക്കും എന്നു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ എന്‍റേതായ ഇടം അങ്ങനെ കണ്ടെത്തിയിട്ടുണ്ട്. ഇത്രയേറെ തിരക്കുള്ള ലോകത്ത് സ്വന്തം യൂണീക്നെസ് നില നിർത്തുന്നത് വിജയത്തിലേക്ക് നയിക്കും.
മൾട്ടി സ്റ്റാർ പെർഫോമൻസ്
മൾട്ടി ലാംഗ്വേജ് സിംഗർ, പെർഫോമർ, കമ്പോസർ ഇങ്ങനെ പല കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. എനിക്ക് ഇതെല്ലാം ഇഷ്ടമാണ്. അതിനെല്ലാം പ്രാധാന്യം നൽകുന്നു. ഞാൻ ഒരു പാട്ടു പാടുമ്പോൾ ഞാൻ പാട്ടിലാണ് ശ്രദ്ധ കൊടുക്കുന്നത്. ഡാൻസ് ചെയ്യുമ്പോഴും സ്റ്റേജ് ഷോയിലും, ഓഡിയൻസുമായി കണക്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. കമ്പോസ് ചെയ്യുമ്പോൾ ക്രിയേറ്റീവ് ആകാനാണ് ശ്രമിക്കുന്നത്. ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുൻവിധികൾ ഇല്ല. ഞാൻ എല്ലാറ്റിനും അതിന്‍റേതായ സ്വാതന്ത്യ്രം നൽകുന്നുണ്ട്. കമ്പോസിംഗ് എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്യമാണ്. ഞാൻ എല്ലാ ദിവസവും അതു ചെയ്യുന്നു. പുത്തൻ ഐഡിയകൾ എന്നും എനിക്ക് ലഭിക്കുകയും ചെയ്യുന്നു. മൂന്നു കാര്യങ്ങളിലും ഞാൻ എന്നെത്തന്നെ സമർപ്പിച്ചു തന്നെയാണ് അതു ചെയ്യുന്നത്. ഈ പ്രക്രിയയിൽ ഞാൻ ഒരു ഉപകരണമാണ്.
ബ്രഹ്മ സ്റ്റൈൽ
സ്റ്റേജ് പെർഫോമൻസായാലും പാട്ടുപാടൽ ആയാലും സ്വീകരിക്കുന്ന പ്രത്യേക സ്റ്റൈലിന് ഞാൻ ഒരുപാട് എഫേർട്ട് ഒന്നും എടുക്കുന്നില്ല. അതെല്ലാം എന്‍റെ മനസിന്‍റെ ഓരോ അവസ്‌ഥകളാണ് എന്‍റെ സംഗീതത്തിലൂടെ പെർഫോമൻസിലൂടെ ഞാൻ കൈമാറുന്നത്. ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന സംഗീതം അതിന്‍റെ പരമ്പരകൾ എന്നെ വളരെയധികം സ്വാധീനിക്കുന്നു. അതുകൊണ്ടാണ് ഞാൻ എന്‍റെ സ്വന്തം സ്റ്റൈലിൽ ബ്രഹ്മ എന്ന പേരിൽ ഒരു പുതിയ സംഗീതശൈലി രൂപപ്പെടുത്തിയത്.
പ്രകൃതിയും യാത്രയും
സംഗീതത്തിൽ നിന്നുപരി വേറെയും ഇഷ്ടങ്ങളുണ്ട്. പ്രകൃതിയും യാത്രയുമാണ് എന്‍റെ ലിസ്റ്റിൽ പ്രഥമസ്ഥാനം. ക്രിയേറ്റീവ് ഡിസൈനിംഗ്, സാമൂഹ്യസേവനം ഇതെല്ലാം എനിക്ക് പ്രിയപ്പെട്ട മേഖലകളാണ്. സിനിമകളെയും ഞാൻ സ്നേഹിക്കുന്നു, കാരണം അവ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു. ഗാർഡനിംഗ്, പെയിന്‍റിംഗ്, വായന, നീന്തൽ, കിക്ക് ബോക്സിംഗ്, പാചകം, പ്രാണായാമം, യോഗ, ജിം… എന്‍റെ ലിസ്റ്റ് ഇങ്ങനെ വളരെ വലുതാണ്. ചുരുക്കിപ്പറഞ്ഞാൽ ഈ ജീവിതത്തെ ഞാൻ ഒരുപാടങ്ങ് സ്നേഹിക്കുന്നു.
ജീവിതത്തിലെ ചോയിസുകൾ
സത്യം പറഞ്ഞാൽ നമ്മുടെ ജീവിതം രൂപപ്പെടുന്നത് ചോയിസുകളിലൂടെയല്ലേ? ഭാവിയും വിധിയും എല്ലാം ചോയിസിനെ അടിസ്‌ഥാനപ്പെടുത്തിയാണല്ലോ. ഈ കുഞ്ഞു ജീവിതത്തിൽ നമ്മൾ ഏറ്റവും ആഗ്രഹിക്കുന്ന കാര്യങ്ങൾക്കു പ്രിയോരിറ്റി നൽകാനാണ് ശ്രമിക്കേണ്ടത്. അതാണ് ഞാനിപ്പോഴും എല്ലായ്പ്പോഴും ചെയ്യാൻ ശ്രമിക്കുന്നത്.
അപൂർവ നിമിഷങ്ങൾ
എന്‍റെ ജീവിതത്തിലെ മിക്ക അനുഭവങ്ങളും മറ്റൊരാളുടെ ജീവിതത്തിൽ നിന്നും നോക്കിയാൽ അപൂർവ്വമായി തോന്നിയേക്കാം. സാഹസികതയും അനിശ്ചിതത്വവും നിറഞ്ഞതാണ് എന്‍റെ ജീവിതം. സ്വാതന്ത്യ്രത്തിന് ഞാൻ ഏറ്റവും പ്രാധാന്യം നൽകുന്നതിനാൽ അതെന്നെ ഒരുപാട് റിസ്കുകളിൽ കൊണ്ടെത്തിക്കാറുണ്ട്.
ഇഷ്ടപ്പെട്ട പ്രൊജക്ട്
ഇന്നു വരെ നേടിയിട്ടുള്ള എല്ലാ കുഞ്ഞു കാര്യങ്ങൾ വരെ എന്നെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. കഷ്ടപ്പെടാതെ ഒരു കാര്യവും നമുക്ക് കിട്ടില്ല. കഠിനാധ്വാനത്തിലൂടെ ലഭിക്കുന്ന ഓരോ നേട്ടത്തിലും ഞാൻ ഹാപ്പിയാണ്. ജീവിതത്തിലെ സാധാരണ കാര്യങ്ങൾ മിസ് ചെയ്യുന്നതാണ് ഇപ്പോൾ എന്‍റെ ചലഞ്ച്. ഞാൻ ഭാവിക്കായി കൂടുതലൊന്നും പ്ലാൻ ചെയ്യാറില്ല. കാലം എന്‍റെ മുന്നിൽ ഞാൻ പോലുമറിയാതെ തുറന്നു വയ്ക്കുന്ന സർപ്രൈസുകളോടാണ് എനിക്ക് താൽപര്യം.
വേറിട്ട സ്റ്റൈൽ
പരമാവധി നാച്ചുറൽ ആവാനാണ് എന്‍റെ ശ്രമം. ഞാൻ ഉപയോഗിക്കുന്ന പ്രോഡക്ടുകൾ പോലും! എന്‍റെ ഡ്രസ്സിംഗിലും ഞാൻ എന്‍റേതായ കൺസെപ്റ്റ് കൊണ്ടു വന്നു. കംഫർട്ട് വിത്ത് സ്റ്റൈൽ ആണ് എന്‍റെ പോളിസി. ബൊഹീമിയൻ ഡിസൈനുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഞാനിഷ്ടപ്പെടുന്ന ലുക്ക് ലഭിക്കാൻ മിക്സ് ആന്‍റ് മാച്ച് ഡിസൈൻ ചെയ്യാറുണ്ട്.
സ്വയം ഇഷ്ടപ്പെടുന്നത്
സ്വയം സ്നേഹിക്കുന്ന വ്യക്‌തിക്ക് മാത്രമേ മറ്റുള്ളവരെ സ്നേഹിക്കുവാൻ കഴിയുള്ളൂ. ഞാൻ എന്നിൽ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളിലൊന്നാണ് സത്യസന്ധത. എവിടെയായാലും ഞാനതിനു ശ്രമിക്കാറുണ്ട്. അങ്ങനെയാണ് ഞാൻ എന്നിലെ ബെസ്റ്റ് കണ്ടെത്തുന്നത്. ഭൂമിയിലെ സകല ജീവജാലങ്ങളും എന്നെ അതിശയിപ്പിക്കുന്നുണ്ട്. അവയെ അറിയാനുള്ള എന്‍റെ ജിജ്ഞാസയാണ് ഞാൻ ഇഷ്‌ടപ്പെടുന്ന മറ്റൊരു കാര്യം. ഒരുപാട് ബന്ധങ്ങളിൽ പെട്ടു പോകാത്ത തളർത്താത്ത മനോനില. ഇതും ഞാൻ ഇഷ്ടപ്പെടുന്നു.
സാമൂഹ്യപ്രവർത്തനം
പ്രകൃതിയാണ് എന്‍റെ പ്രചോദനം. പ്രകൃതി സംരക്ഷണത്തിന് ഞാൻ പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്നു. എന്‍റെ കലയുമായി ബന്ധപ്പെടുത്തി തന്നെ അതു ചെയ്യാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്താണ് കുന്നു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളൂടെ അപകടം നേരിട്ടു മനസ്സിലാക്കിയത്. ആ വിപത്തിനെ ലഘൂകരിക്കാൻ ആവുന്ന കാര്യങ്ങൾ അന്ന് ചെയ്തു. ഇനിയും അത്തരം പ്രവർത്തനങ്ങൾ തുടരും.