മാളിലോ തീയറ്ററിലോ, നിങ്ങളിനി എവിടെപോയാലും കൂട്ടിനൊരാൾ എപ്പോഴുമുണ്ടാവും. ഗ്ലീഗിയെന്ന ചങ്ങാതി. “അയ്യോ, അവളിപ്പോ എവിടെയായിരിക്കും ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ” എന്നൊന്നും പറഞ്ഞ് വീട്ടിലിരിക്കുന്ന അച്ഛനും അമ്മയ്ക്കും ഇനി ആധി പിടിക്കേണ്ടിയും വരില്ലെന്ന് ചുരുക്കം. ഈ ഗ്ലീഗി ആരാണെന്നല്ലേ.. പേരുപോലെ അരുമയായ കൂട്ടുകാരനോ കൂട്ടുകാരിയോ ആണ് ഗ്ലീഗി. കൂടുതൽ വ്യക്‌തമായി പറഞ്ഞാൽ നിങ്ങൾ എവിടെയുണ്ടെന്ന് കൃത്യമായ വിവിരം നൽകുന്ന ഒരു സ്വീറ്റ് ആപ് ആണ് ഗ്ലീഗി. അതുകൊണ്ട് അച്ഛനോടും അമ്മയോടും നിങ്ങൾ എവിടെ പോകുന്നുവെന്ന് പറയാൻ അവസരം കിട്ടിയില്ലെങ്കിൽ മൊബൈലിൽ ഗ്ലീഗിയെന്ന ആപ് ഉണ്ടെങ്കിൽ നിങ്ങളെ ഈസിയായി ട്രാക്ക് ചെയ്യാനാവും. മൂവാറ്റുപുഴ സ്വദേശിനി ശ്രീമോൾ വി എൽദോസ് എന്ന യുവ ടെക്കിയുടെ തലയിലുദിച്ച ആശയമാണ് ഈ ക്യൂട്ട് ചങ്ങാതി ഗ്ലീഗി. ഗൂഗിൾ മാപ്പിന്‍റെയും സോഷ്യൽ മീഡിയയുടെയും ഫീച്ചറുകൾ ചോർന്നതാണ് ഈ ആപ്പ്.
ഗ്ലീഗിയെന്ന ആശയം
“സേലത്ത് എൻജീനിയറിംഗ് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു നിർഭയ കേസ്. ആ സംഭവം എന്നെ വേദനിപ്പിച്ചു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നയാളാണ് ഞാൻ. സമൂഹമായി ഇഴുകിച്ചേർന്ന ജീവിതമാണ് എനിക്കിഷ്ടവും. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ എന്നെ വല്ലാതെ അലട്ടുന്നത് സ്വാഭാവികമായിരുന്നു. സ്ത്രീകൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിൽ നിന്നാണ് ഇങ്ങനെയൊരു സുരക്ഷാ ആപ്പിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നതു തന്നെ. ആ സമയത്ത് ഞാൻ ധൃതി പിടിച്ച് ആപ് നിർമ്മാണത്തിന് ശ്രമിച്ചില്ല. അന്ന് ആ രംഗത്ത് ധാരാളം പേരുണ്ടായിരുന്നു” ശ്രീമോൾ പറയുന്നു. എൻജിനീയറിംഗ് അവസാന വർഷ പ്രൊജക്റ്റ് ആയാണ് ഈ ആപ്പ് നിർമ്മാണം ശ്രീമോൾ തെരഞ്ഞെടുക്കുന്നത്.
“പെൺമക്കളുള്ള അമ്മമാർ, നിർഭയ, ജിഷ സംഭവങ്ങൾ കേൾക്കുമ്പോൾ എത്രമാത്രം ഭയക്കുന്നുണ്ടാകും. പെൺമക്കൾ വീടെത്താൻ നേരം വൈകിയാൽ വീട്ടിലുള്ളവർക്ക് ആധിയാകും. ഒട്ടും ധൈര്യമില്ലാത്ത അമ്മമാരാണെങ്കിൽ പറയുകയും വേണ്ട. മക്കൾ തിരിച്ചെത്തുംവരെ ചങ്കിടിപ്പായിരിക്കും. ഇതൊക്കെ ഓർത്തപ്പോഴാണ് ഒരു സെക്യൂരിറ്റി സിസ്റ്റം വേണമെന്ന് തോന്നിയത്. നെറ്റ്‍വർക്കും എന്‍റെ ആശയങ്ങളും ചേർത്ത് ഏറ്റവും യുണീക്കായ ഒന്നായിരിക്കണം ആപ് എന്നെനിക്ക് നിർബന്ധമായിരുന്നു. അതാണ് ഗ്ലീഗിയുടെ ആവിഷ്ക്കാരത്തിലേക്ക് നയിച്ചത്” ശ്രീമോൾ അഭിമാനത്തോടെ പറയുന്നു. ട്രാക്ക്, ട്രേസ് ആന്‍റ് ലൊക്കേറ്റ് എന്നതിലധിഷ്ഠിതമാണ് ഗ്ലീഗിയുടെ പ്രവർത്തനം.
ഗ്ലീഗിയുടെ പ്രവർത്തന രീതി
ഗൂഗിൾ മാപ്പിന്‍റെയും സോഷ്യൽ മീഡിയയുടെയും മെർജിംഗ് ആപ് ആണ് ഗ്ലീഗി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ. ഈ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് കൂട്ടുകാരെയോ വീട്ടുകാരെയോ ആപ്പിൽ ആഡ് ചെയ്ത് ഗ്രൂപ്പുണ്ടാക്കുകയാണ് ചെയ്യുക. പരസ്പരം ട്രാക്ക് ചെയ്യാൻ ഇത് സഹായിക്കും. ഗ്രൂപ്പിലുള്ള ഒരു വ്യക്‌തി ഈ സമയം എവിടെയാണെന്ന്. ഗൂഗിൾ ആപ്പുവഴി കൂട്ടുകാർക്കോ വീട്ടുകാർക്കോ അറിയാൻ കഴിയും.
ഇനി വല്ല പ്രതിസന്ധി ഘട്ടത്തിലോ അല്ലെങ്കിൽ വല്ല പ്രശ്നവുമുണ്ടായാലോ ഗ്ലീഗിയിലെ പാനിക്ക് ബട്ടൺ ഒന്നമർത്തുകയേ വേണ്ടൂ. ആഡ് ചെയ്ത മുഴുവൻ അംഗങ്ങൾക്കും സൂചന ലഭിക്കും. ഉടൻ തന്നെ അവർക്ക് ലൊക്കേഷനിലെത്തി നിങ്ങളെ സഹായിക്കാനാവും. അല്ലെങ്കിൽ മറ്റ് സഹായമെത്തിക്കാനാവും.
എന്നാൽ നിങ്ങളുടെ നമ്പറോ ഇമെയിൽ ഐഡിയോ ഇല്ലാതെ ഗ്രൂപ്പിലില്ലാത്ത ആർക്കും നിങ്ങളെ ട്രാക്ക് ചെയ്യാനാവില്ലെന്നതാണ് ഗ്ലീഗിയുടെ സുരക്ഷിതത്വം. ഗ്ലീഗി ആപ്പ് ഇറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 3500 ഡൗൺലോഡിംഗ് ആണ് നടന്നത്. ഇന്ത്യ കൂടാതെ ലോകമെമ്പാടും ഈ ആപ്പിന് ഉപഭോക്താക്കളുണ്ട്. ഗൂഗിൾ ആപ്പുകളിൽ 98-ാം സ്ഥാനമാണ് ഗ്ലീഗിയ്ക്ക്.
ഗ്ലീഗി എന്ന പേര്
“ഈ ആപ്പിന് യുണീക്കായ ഒരു പേര് വേണമെന്ന ചിന്തയിലാണ് ഗ്ലീഗിയെന്ന പേര് ഈ ആപ്പിനിട്ടത്. ഗൂഗിൾ എന്ന് പറയും പോലെ ഇമ്പമുള്ളതായിരിക്കണം ഗ്ലീഗി” ശ്രീ മോൾ ചിരിയോടെ പറയുന്നു. ലൊക്കേഷൻ ഷെയർ ചെയ്യാനുള്ള സൗകര്യം ഈ ആപ്പിൽ ഉണ്ട്. ഒരേ മാളിന്‍റെ രണ്ട് സ്ഥലങ്ങളിലായി നിൽക്കുന്ന കൂട്ടുകാർക്ക് ദാ ഞാൻ ഇവിടെയുണ്ടേയ് എന്ന് ലൊക്കേഷൻ ഷെയർ ചെയ്ത് അറിയിക്കാം. അതുകൊണ്ട് ഗ്ലീഗി കയ്യിലുണ്ടെങ്കിൽ ഉത്സവ പറമ്പിലെത്തിയാലും മാളിലെത്തിയാലും കൂട്ടുകാർ പരസ്പരം കാണാതെ പോകില്ലെന്ന് ഉറപ്പിക്കാം.
സേലം വിനായക മിഷൻ എൻജിനീയറിംഗ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസ് ആന്‍റ് എൻജിനീയറിംഗിൽ ബിരുദം നേടിയ ശ്രീമോൾ കൊച്ചി ഇൻഫോപാർക്കിലെ നാസ്ക്കോമിന്‍റെ സ്റ്റാർട്ട് അപ്പ് കമ്പനിയായി രൂപീകരിച്ച ഗ്ലീഗിയുടെ സിഇഒ ആണ്.
ചാർട്ടേഡ് അക്കൗണ്ടന്‍റായ വികെ എൽദോസിന്‍റെയും ഇന്ത്യൻ നേവിയിൽ നിന്നും വിരമിച്ച മേരിക്കുട്ടിയുടേയും മൂത്തമകളാണ് ശ്രീമോൾ. ഏക സഹോദരി സഞ്‌ജു ബിഡിഎസ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്.
ഗ്ലീഗിയുടെ അടുത്ത ഘട്ടത്തിന്‍റെ നിർമ്മാണം തുടർന്നു കൊണ്ടിരിക്കുകയാണ്. സമീപത്തുള്ള ആപ്പ് ഉപഭോക്‌താക്കളെ ലൊക്കേഷൻ അലർട്ട് ചെയ്യാൻ സാധിക്കും വിധം യൂബർ ടൈപ്പ് ട്രാക്കിംഗ് സംവിധാനമുള്ളതായിരിക്കും പുതിയ ഫീച്ചർ.