പ്രണയം എന്നത് എനിക്ക് സാഹിത്യ അനുഭവം അല്ല, മറിച്ച് സമഗ്രമായ ജീവിതത്തെ ഉൾക്കൊള്ളുന്ന ദർശനമാണ്. വ്യക്‌തിപരമായ പ്രണയാനുഭവങ്ങൾ അല്ല എന്‍റെ കവിതയിൽ വിഷയമാവാറുള്ളത്. പലപ്പോഴും പ്രണയമെന്നത് ഒരു സ്വപ്‌നം പോലെ കവിതയായി അനുഭവിക്കാറുണ്ട്. അതാണ് പതിവ്. ശ്രദ്ധിക്കപ്പെട്ട പല പ്രണയ കവിതകളും എന്‍റെ തന്നെ അനുഭവങ്ങളാണ് എന്ന് തെറ്റിദ്ധരിച്ചു അഭിപ്രായപ്പെടുന്ന ഒരുപാട് വായനക്കാരുണ്ട്. എന്നാൽ കവിതയുടെ ആത്മാവും സത്തയും ഒരേപോലെ ഉൾക്കൊള്ളുന്ന വായനക്കാരൻ അഥവാ വായനക്കാരിയെയാണ് ഞാൻ പ്രോത്സാഹിപ്പിക്കാറുളള്ളത്.

കവി ഉദ്ദേശിക്കുന്നത് എന്താണോ, അത് ഉൾക്കൊള്ളുന്ന ആ വായനക്കാരൻ നമ്മേ തിരിച്ചറിയുമ്പോൾ കിട്ടുന്ന സുഖമാണല്ലോ മറ്റെന്തിനെക്കാളും വലുത്. പ്രണയത്തെ ആൺ-പെൺ പക്ഷം മാത്രമായി ചുരുക്കി കാട്ടാൻ എനിക്ക് താൽപര്യമില്ല. 16 കാരിയായ പെൺകുട്ടിക്ക് തന്‍റെ പേനയോട് തോന്നുന്ന, അവൾ വായിക്കുന്ന, വായിക്കപ്പെടുന്ന കഥയോ കവിതയോ അതിലെ കഥാപാത്രങ്ങളോ അങ്ങനെ മറ്റനേകം പേരില്ലാത്ത, പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളോടും തോന്നുന്ന ഉൽക്കടമായ അനിർവചനീയമായ, ആ വികാരത്തെ പ്രണയമെന്ന് വിളിക്കാമെങ്കിൽ, ആ പ്രണയം വിലമതിക്കാനാവാത്തതാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

ഞാൻ കാണാത്ത, ഭാവനയിലെ പ്രണയങ്ങളുടെ മഴവില്ലാണ് എന്‍റെ കവിത. മഴവില്ല് കാണുമ്പോൾ മയിൽ നൃത്തം ചെയ്യും. വായനക്കാരുടെ പ്രതികരണത്തെ ഞാൻ ആ നൃത്തത്തോടാണ് ഉപമിക്കുന്നത്. പ്രകൃതീയമായിട്ടുള്ളത്. അങ്ങനെയുള്ള ഒരനുഭവമാണ് ഞാൻ അവരിൽ നിന്നും അനുഭവിക്കുന്നത്. എന്‍റെ സ്വത്വത്തെ ഉൾക്കൊള്ളുന്ന മറ്റൊരു സമതലം. പക്ഷേ, മഴവില്ല് ഇല്ലെങ്കിൽ നൃത്തമില്ല. മഴവിൽ ഉണ്ടാകണമെങ്കിൽ പ്രണയാനുഭവം ഉണ്ടാവണം. ആ തോന്നലിന്‍റെ പരോൾ ലഭിക്കാത്ത ജീവപര്യന്ത തടവുകാരിയാണ് ഞാൻ.

ഞാൻ എഴുതിയ പല കവിതകളും മുഖപുസ്‌തകത്തിൽ പ്രസിദ്ധീകരിക്കാറുണ്ട്. അതിന് താഴെ വരുന്ന കമന്‍റുകൾ പലതും നിലവാരമുള്ളവ ആയിട്ടാണ് എനിക്ക് തോന്നാറുള്ളത്. കവിയെക്കാൾ മുന്നേ നടക്കുന്ന വായനക്കാരുടെ ഒരു കാലമാണിതെന്ന് തോന്നാറുണ്ട്. പക്വമായ ആസ്വാദനമാണ് പലപ്പോഴും വായനക്കാരൻ നടത്തുന്നത്. വേറൊരർത്ഥത്തിൽ, കവികൾ ആകാൻ ശ്രമിച്ചു പരാജയപ്പെട്ട ആളുകൾ ആണല്ലൊ കേരളത്തിലെ ഇന്നത്തെ കവിതാ വായനക്കാർ. ഈ കവിത എനിക്ക് എഴുതാൻ പറ്റുമായിരുന്നു അല്ലെങ്കിൽ ഇത് എന്‍റെ അനുഭവമാണല്ലോ എന്ന തിരിച്ചറിവിന്‍റെ നിമിഷത്തിലാണ് വായനക്കാരൻ കവിയുമായി താരതമ്യം സാധിക്കുന്നത്. ആ താരതമ്യപ്പെടലിന്‍റെ കാത്തിരിപ്പിലാണ് പ്രണയം. അതുകൊണ്ടായിരിക്കണം പ്രണയകവിതകൾ കൂടുതൽ സ്വീകരിക്കപ്പെടുന്നത്.

ഇഷ്‌ടപ്പെട്ട പ്രണയ കവിത ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ സദ്‌ഗതിയാണ്. അതിലെ ഒരു വരിയുണ്ട്. “പല നാളും മാറ്റിവെച്ച പ്രണയത്തിൻ പുസ്‌തകം നീ തുറക്കും അതിലെന്നും നീയെന്‍റെ പേര് കാണും അതിലെന്‍റെ ജീവന്‍റെ നേര് കാണും” എന്ന വരി എല്ലാ കാലത്തെയും മികച്ച പ്രണയാനുഭവ വായനയാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്. സദ്ഗതിയിലെ ആ വരികൾക്ക് മുന്നിൽ കെ.വി. സുമിത്രയുടെ കവിതകൾ ഒരു കടുകുമണിയോളം ചെറുതാകുന്നു എന്ന് കണ്ട്, അതിൽ സങ്കടം അല്ല, സന്തോഷമാണ് എനിക്ക് തോന്നാറുള്ളത്. കാരണം അത്തരം സന്തോഷങ്ങൾ കൂടിയാണ് എനിക്ക് എന്‍റെ കവിത…

പ്രണയം ഒരു കാത്തിരിപ്പാണ്. ജീവിതത്തിനപ്പുറമുള്ള ഒരു സ്വപ്‌നസഞ്ചാരത്തിലേക്കുള്ള പ്രാർത്ഥനയോടു കൂടിയ ഒരു യാത്ര. ആ യാത്രയ്‌ക്കൊപ്പം ചേരാൻ നാം കൊതിക്കുന്ന മുഖങ്ങളുണ്ട്. ഭൂഖണ്ഡം പ്രഖ്യാപിക്കാതെ, അതിർത്തികൾ നിവർത്താത്ത ഒരു ലോകം. സഞ്ചരിക്കുമ്പോൾ നാം കാണാൻ ആഗ്രഹിച്ച മുഖങ്ങളെ കണ്ടെത്തിയെന്ന് തോന്നും. കവിതകളിൽ നിറയുന്ന “നീ” ആ മുഖങ്ങൾ ആണ്. അവയെല്ലാം വായിച്ചു കഴിയുമ്പോൾ, ഏതോ ലോകത്തിന്‍റെ അപ്പുറത്തിരുന്ന് എന്‍റെ കവിതാവായനക്കാരൻ എനിക്ക് നേർക്കു പിടിച്ച പ്രണയ ഭിക്ഷകളുണ്ട്, പ്രണയപാനങ്ങളുണ്ട്… “അതതല്ല, അതതല്ല” എന്ന് പറഞ്ഞു ഒഴിഞ്ഞു പോകുമ്പോൾ, മനസ്സ് പിടച്ചില്ലെന്നു പറയാനും പറ്റില്ല… കാരണം, ആ കണ്ണീരു വിങ്ങുന്ന ഹൃദയവും ചേർത്ത് വെച്ച് അവർക്കായി സമർപ്പിക്കുന്നതും കൂടിയാണ് ഈ ഞാൻ എന്ന എന്നിലെ കവയിത്രി…

ചോദിക്കാത്തവരില്ല, “ഇപ്പോൾ അപാര പ്രണയത്തിൽ ആണല്ലോ” എന്ന്… ചെറു ചിരിയോടെ “ജീവിച്ചു പോകട്ടെ മാഷേ” എന്ന വാക്കുകളിൽ ഒതുക്കി മുനയൊടിക്കുന്നവയും ഉണ്ട്. അപ്പോഴും പറയുന്നു… ഉള്ളിൽ നിന്നുള്ളവയെ എന്‍റെ എഴുത്തിൽ വിടരൂ… അങ്ങനെ തന്നെയല്ലേ വേണ്ടതും… എന്‍റെ എഴുത്തിനെ ഉൾക്കൊള്ളുന്ന, മനസിലാക്കുന്ന ആ ഒരേയൊരു സഹൃദയനുവേണ്ടി, ഏറ്റുവാങ്ങുന്ന വേദനകളുടെ അപാരതകളും മനോഹാരിതകളും ഇതാ എഴുത്തിലൂടെ, ഈ നീറ്റെഴുത്തായി വീണ്ടും നിങ്ങൾക്ക് മുന്നിൽ വെക്കുന്നു…

और कहानियां पढ़ने के लिए क्लिक करें...