കുറച്ചു മാസങ്ങൾക്ക് മുൻപാണ് സോയ സിസ്റ്റർ ലൂസിയെ ഈ നേരിട്ട് കാണാൻ ഇടയായത്. അതിനുശേഷം മാസങ്ങൾ വീണ്ടും കടന്നു പോയി.ഇപ്പോഴും സിസ്റ്റർ ലൂസി നേരിടുന്ന പ്രയാസങ്ങൾക്ക്, അവഗണനയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അത്രയേറെ പുരുഷാധിപത്യ സ്വഭാവത്തോടെ ആണ് ഇപ്പോഴും സഭ പ്രവർത്തിക്കുന്നത് എന്ന് ഇതിൽ നിന്നു വ്യക്തമാണ്..
സന്യാസിനി സമൂഹത്തിന്‍റെ ചട്ടങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് ക്രൈസ്തവ സഭയുടെ പീഡനങ്ങൾ നേരിടേണ്ടിവന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പറയാനുള്ളത് ഇതൊക്കെയാണ്…
സഹനത്തിന്‍റെ മാലാഖ
മാനന്തവാടി കാരയ്ക്കാമല കോൺവെന്‍റിലോ ദ്വാരക സ്ക്കൂളിലോ ചെന്നാൽ സിസ്റ്റർ ലൂസിയെ നിങ്ങൾക്ക് കാണാൻ പറ്റും. ഇത്രയേറെ പ്രതിസന്ധി നേരിടുന്ന സന്യാസിനി ആയിട്ടും വളരെ വിനയാന്വിതയായി നിറഞ്ഞ പുഞ്ചിരിയോടെ മാത്രമേ അവർ നമ്മളെ സ്വീകരിക്കുകയുള്ളൂ… കേരളം മുഴുവൻ വാർത്തകളിൽ നിറഞ്ഞ് നിന്ന ആ കന്യാസ്ത്രീ ആണോ ഇവർ എന്ന് സംശയം തോന്നിപ്പോകും. അവരുടെ മുഖത്തോ സംസാരത്തിലോ അൽപം പോലും ഭാവഭേദമില്ല. ഒട്ടും ആത്മീയവിശ്വാസം കെടാത്ത സംസാരം. സിസ്റ്റർ ആരെയും കുറ്റപ്പെടുത്താറില്ല. എല്ലാം യേശുവിൽ അർപ്പിക്കുകയാണ് അവർ, അത് അവർ പറയുകയും ചെയുന്നു. ആ മുഖത്തെ പുഞ്ചിരി കാണുമ്പോൾ ഇവരാണോ ഇത്രയും വലിയ പ്രശ്നങ്ങളിലൂടെ കടന്ന് പോയത് എന്ന് ചിന്തിച്ചു പോകും.
കന്യാസ്ത്രീ സമരം കഴിഞ്ഞ് തിരിച്ച് കാരയ്ക്കാമല കോൺവെന്‍റിലെത്തിയ സിസ്റ്ററെ മഠത്തിൽ കയറ്റാതിരിക്കുകയും കാരയ്ക്കാമലയിലെ വിശ്വാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് മഠത്തിൽ കയറ്റുകയും ചെയ്ത വാർത്ത മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതിനെ തുടർന്നാണ് ഞാൻ സിസ്റ്ററെ കാണാൻ ദ്വാരകയിലെത്തിയത്. അന്ന് ഞങ്ങൾ കുറേ സംസാരിച്ച് പിരിഞ്ഞു. പിന്നീട് ഇടയ്ക്ക് വിളിക്കുമ്പോൾ പ്രത്യേകിച്ചൊന്നുമില്ല ജീവിതം അങ്ങനെയൊക്കെ പോകുന്നു. എന്നാലും ചില സങ്കടങ്ങൾ ഉണ്ട്. മഠത്തിൽ ചിലപ്പോൾ അച്ചൻമാർ വരും. ബാക്കി എല്ലാ സിസ്റ്റേഴ്സിനോടും സംസാരിക്കും എന്നോട് മാത്രം മിണ്ടില്ല എന്ന് സിസ്റ്റർ തെല്ലൊരു ദു:ഖത്തോടെ പറഞ്ഞു. സാരമില്ല പോട്ടെ എന്ന് ഞാനും പറഞ്ഞു. “അതല്ല ഇവരൊക്കെ മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നവരാണല്ലോ എന്നോർക്കുമ്പോൾ…” സിസ്റ്റർ ഇങ്ങനെ പറഞ്ഞപ്പോൾ അവരുടെ ഉള്ളിലെ വേദന ശക്തമാണ് എന്ന് തോന്നിപ്പോയി.
എന്നെ പിന്നീട് എഫ്സിസിയിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള കത്ത് എനിക്ക് കിട്ടിയിരുന്നു… അതോടെ ആ വേദന ഇരട്ടിയായി. ഇതിന് പിറ്റേദിവസം സിസ്റ്ററെ മഠത്തിൽ പൂട്ടിയിടുകയും ചെയ്തു. അതിനെപ്പറ്റി നോബിൾ തോമസ് പാറയ്ക്കൽ എന്ന വൈദികന്‍റെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ കണ്ടപ്പോൾ ഞാൻ പലതവണ ഫോണിൽ സിസ്റ്ററെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷെ കിട്ടിയില്ല. പിന്നെ മറ്റൊന്നും നോക്കിയില്ല, ഞാൻ നേരെ ദ്വാരക സ്ക്കൂളിലെത്തി സിസ്റ്ററെ അന്വേഷിച്ചു. അപ്പോൾ സിസ്റ്റർ കോൺവെന്‍റിലേക്ക് പോയി എന്നറിഞ്ഞു. വീണ്ടും വിളിച്ചപ്പോൾ സിസ്റ്ററെ ഫോണിൽ കിട്ടി. അങ്ങനെ കാരയ്ക്കാമല കോൺവെന്‍റിലെത്തി ഞാൻ കോളിംഗ് ബെല്ലമർത്തി കാത്തു നിന്നു. അൽപം കഴിഞ്ഞപ്പോൾ പാതി തുറന്ന ജനലിലൂടെ മുഖം പുറത്തേക്ക് കാണിച്ച് ഒരു സിസ്റ്റർ ചോദിച്ചു. “എന്തു വേണം” “സിസ്റ്റർ ലൂസിയെ കാണാൻ”
“സിസ്റ്ററെ വിളിച്ചിരുന്നോ”
“ഉവ്വ്”
“എങ്കിൽ ഒന്നു കൂടി ഫോണിൽ വിളിച്ചോളൂട്ടോ”
ഞാൻ വീണ്ടും ഫോണിൽ വിളിച്ചു.
“ദാ വരുന്നു…” അകത്തു നിന്നും സിസ്റ്ററുടെ ശബ്ദം.
അവരെ ഞാൻ പുറത്ത് കാത്തുനിന്നു. കുറേക്കാലം വാർത്തകളിൽ ഇടം പിടിച്ച കാരയ്ക്കാമലകോൺവെന്‍റിനെ ഞാനൊന്നു സൂക്ഷിച്ചു നോക്കി. പുറത്ത് നിന്ന് നോക്കിയാൽ തന്നെ അറിയാം അകത്തെ കട്ട പിടിച്ച കൂരിരുട്ട്. കണ്ടാൽ ഒരു കാരാഗൃഹം പോലെയുണ്ട്. ഇരുട്ട് നിറഞ്ഞ നീണ്ട ഇടനാഴികൾ കോൺവെന്‍റുകളുടെ പ്രത്യേകതയാണ്. ആലോചിച്ചു നിന്നപ്പോൾ വിസിറ്റിംഗ് റൂമിന്‍റെ വാതിൽ തുറന്ന് സിസ്റ്റർ പുറത്തേക്ക് വന്നത് ഞാൻ അറിഞ്ഞതേയില്ല.
എപ്പോഴെത്തെയും പോലെ നിറഞ്ഞ പുഞ്ചിരിയോടെ അവർ കോൺവെന്‍റിന്‍റെ മുറ്റത്ത് നിന്ന് എന്നോട് സംസാരിച്ചു. ഇതിനിടയിലും സിസ്റ്ററിന് നിരവധി ഫോൺ കോളുകൾ വന്നുകൊണ്ടേയിരുന്നു. “ഞാൻ അത്യാവശ്യം കോളുകൾ മാത്രമേ എടുക്കുന്നുള്ളൂ.”
എന്നിട്ട് ഫോണെടുത്ത് മിഡ്സ് കോളുകളുടെ നീണ്ട നിര കാണിച്ചു തന്നു. “ഞാൻ സത്യത്തിന്‍റെ കൂടെയാണ്. അതുകൊണ്ടാണ് ഇത്രയധികം ആളുകൾ എന്നെ പിന്തുണയ്ക്കുന്നത്. സഭയിൽ നിന്നോ മഠത്തിൽ നിന്നോ പുറത്താക്കേണ്ട യാതൊരു തെറ്റും ഞാൻ ചെയ്‌തിട്ടില്ല. ഞാൻ കന്യാസ്ത്രീ ആയതും മഠത്തിൽ ചേർന്നതും മനുഷ്യരെ സ്നേഹിക്കാൻ വേണ്ടിയാണ്.” സിസ്റ്റർ ലൂസി പറഞ്ഞു.
കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത കരിക്കോട്ടക്കിരിയിലാണ് സിസ്റ്റർ ലൂസി കളപ്പുര ജനിച്ചത്. കളപ്പുര സ്കറിയായുടേയും റോസയുടേയും ഏഴാമത്തെ മകളാണ് ലൂസി. പാവങ്ങളെ സഹായിക്കുന്ന നല്ല മനസിനുടമയായ ലൂസിയുടെ പിതാവ് സമ്പന്നനായിരുന്നു. അതുകൊണ്ട് തന്നെ 11 മക്കളിൽ ഒന്നിനെ കന്യാസ്ത്രീ ആകാൻ വിടാൻ സ്കറിയായ്ക്ക് ഇഷ്ടമായിരുന്നില്ല. പിതാവും സഹോദരങ്ങളും എതിർത്തിട്ടും ലൂസി കന്യാസ്ത്രീ ആകണമെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. ദാരിദ്ര്യം കൊണ്ടല്ല ലൂസി കന്യാസ്ത്രീ ആകാൻ തീരുമാനിച്ചത്. മാനവ സേവ ചെയ്യാൻ വേണ്ടി ആയിരുന്നു. ദൈവവിളി സ്വീകരിച്ചായിരുന്നു.
കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷം അവർ മഠത്തിൽ ചേർന്നു. മഠത്തിൽ ചേർന്നതിന് ശേഷം ബിഎസ്സി മാത്ത്സും ബിഎഡും എടുത്തു. 1996 ൽ മാനന്തവാടിക്കടുത്തുള്ള ദ്വാരകയിൽ അധ്യാപികയായി സേവനമാരംഭിച്ചു. കുട്ടികൾക്ക് പ്രിയപ്പെട്ട ടീച്ചറായി. ഇതിനിടയിൽ സ്ക്കൂളിലേയും കോൺവെന്‍റിലേയും ചില അനീതികൾക്കെതിരെ പ്രതികരിച്ചതുകൊണ്ട് ചിലരുടെയൊക്കെ കണ്ണിലെ കരടായി മാറി. ഇപ്പോൾ സിസ്റ്റർ കോൺവെന്‍റിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല. രാവിലെ കാരയ്ക്കാമലയിലോ ദ്വാരകയിലോ പോയി പ്രാതൽ കഴിക്കും. ഉച്ചയ്ക്ക് സഹ അധ്യാപകർ കൊണ്ടു തരുന്ന ഭക്ഷണമോ കുട്ടികളുടെ ഉച്ചക്കഞ്ഞിയോ കഴിക്കും. വൈകുന്നേരം പഴങ്ങളോ എന്തെങ്കിലും ലഘു ഭക്ഷണമോ… സിസ്റ്റർ കോൺവെന്‍റിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആരും മിണ്ടാറില്ല. ടിവി നശിപ്പിച്ചു. പുറംലോകവുമായി ബന്ധപ്പെടാനും വാർത്തകൾ അറിയാനും ഫോൺ മാത്രമാണ് ആശ്രയം. അതു തട്ടിപ്പറിക്കാനുള്ള ശ്രമവും നടന്നു.
“സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും എല്ലാം ഉപേക്ഷിച്ചാണ് ഒരു പെൺകുട്ടി മഠത്തിൽ ചേരുന്നത്. ജോലി ചെയ്യുന്നതും ജീവിക്കുന്നതും ശമ്പളം വാങ്ങുന്നതുമെല്ലാം സഭയ്ക്ക് വേണ്ടി മാത്രം. 34 വർഷം എന്നത് ചെറിയ ഒരു കാലയളവല്ല. യേശുവിനെ പൂർണമായി പിന്തുടരാൻ ഇറങ്ങിത്തിരിച്ച എനിക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിസന്ധികളാണ്. എന്‍റെ യൗവ്വനവും ആരോഗ്യവും ഞാൻ ചെലവഴിച്ചത് ഈ മഠത്തിനുള്ളിലാണ്. സഭയ്ക്ക് വേണ്ടിയാണ്. സുഹൃത്തുക്കളായി കരുതിയ സഹകന്യാസ്ത്രീകൾ പോലും ശത്രുവിനെ പോലെ കരുതാൻ ഞാൻ ചെയ്‌ത തെറ്റെന്താണ്?” സിസ്റ്റർ ലൂസി ചോദിക്കുന്നു.
കവിത എഴുതി, സിഡി ഇറക്കി, ചുരിദാർ ധരിച്ചു എന്നതൊക്കെയാണ് എനിക്കെതിരെ ആരോപിക്കുന്ന കുറ്റം. എന്നാൽ യഥാർത്ഥ കുറ്റം അതല്ല. ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീക്ക് വേണ്ടി സമരപ്പന്തലിലെത്തി സംസാരിച്ചു. അതാണ് പ്രശ്നം. 2017 ഡിസംബർ മുതലാണ് ഞാൻ എന്‍റെ ശമ്പളം സഭയ്ക്ക് കൊടുക്കാതായത്. അതിൽ ഞാൻ എനിക്ക് വേണ്ടി ചെയ്‌തത് “സ്നേഹ മഴയിൽ” എന്ന കവിതാസമാഹാരം, ദേവാലയം എന്ന സിഡി, ആൾട്ടോ കെ 10 കാർ എന്നിവയ്ക്ക് വേണ്ടി ആയിരുന്നു. ബാക്കി പണം ഞാൻ പ്രേഷിത പ്രവർത്തനങ്ങൾ ചെയ്യാൻ വേണ്ടിയാണ് ഉപയോഗിച്ചത്.
സഭയുടെ പണം സഭയുടെ സ്വത്തായ ഞാൻ സഭ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ വേണ്ടി ഉപയോഗിച്ചു എന്ന തെറ്റാണ് ചെയ്തതതെന്ന് അവർ ആരോപിക്കുന്നത്. “ചുരിദാർ ധരിച്ചത് എന്‍റെ ശരീരത്തിന് സഭാവസ്ത്രം ഒരുതരത്തിലും യോജിക്കാത്തതുകൊണ്ടാണ്. അസഹ്യമായ ചൂട് കാരണമാണ് ഞാൻ ചുരിദാർ ധരിക്കാൻ അനുവാദം ചോദിച്ചത്. സഭയിൽ തന്നെ ജോലിസംബന്ധമായ കാര്യങ്ങൾക്ക് പുറത്ത് പോകുന്ന പല കന്യാസ്ത്രീകളും ചുരിദാർ ധരിക്കാറുണ്ട്. എനിക്ക് മാത്രമാണ് വിലക്ക്. ഈ വയനാടിനെ ഹൃദയത്തിൽ സ്വീകരിച്ചവളാണ് ഞാൻ. ഈ നാടിന്‍റെ തണുപ്പും പ്രകൃതി ഭംഗിയും സാംസ്ക്കാരിക നിലവാരവും ഞാനൊരുപാട് ഇഷ്ടപ്പെട്ടതാണ്. ഇവിടം വിട്ട് ഞാനെങ്ങോട്ടുമില്ല.” സിസ്റ്റർ പറയുന്നു.
“എന്നെ ഇവിടെ എത്തിച്ചത് എന്‍റെ തന്നെ സന്യാസ സഭയിലെ അംഗങ്ങളാണ്. ഞാൻ എന്‍റെ സഭയ്ക്ക് എതിരല്ല. ഒരു ഭാരതീയനായ ഞാൻ ഭാരതത്തിന്‍റെ വസ്ത്രം ധരിച്ച് ഭാരതീയനായി ജീവിക്കാൻ ഇഷ്ടപ്പെടുന്നു. എന്‍റെ സമർപ്പണ ജീവിതത്തിന് വ്യക്‌തമായ നിലപാട് ഉണ്ടായിരുന്നു. ആ നിലപാടിൽ ഉറച്ചു നിന്നു എന്നതു മാത്രമേ ഞാൻ ചെയ്‌തിട്ടുള്ളൂ. എന്നെ മനസ്സിലാക്കുന്ന ഒരു സമൂഹം എനിക്കൊപ്പമുണ്ട് എന്നതാണ് എന്‍റെ സന്തോഷം.” സിസ്റ്റർ ലൂസി കൂട്ടിച്ചേർക്കുന്നു.
മാധ്യമ പ്രവർത്തകർ വന്നു എന്ന് പറഞ്ഞ ആ പിൻവാതിൽ സിസ്റ്റർ കാണിച്ചു തന്നു. ആ വാതിലിലൂടെയാണ് പലരും അകത്തു കയറാറുള്ളത്. മഠത്തിൽ എല്ലായിടത്തും സിസി ടിവി ക്യാമറ ഉണ്ട്. ക്യാമറയുടെ കണ്ണിലൂടെയാണ് ജീവിതം. ബെഡ്റൂമിൽ കയറി വാതിൽ അടയ്ക്കും വരെ ക്യാമറക്കണ്ണുകൾ കൂടെയുണ്ട്.
സിസ്റ്റർ ഓർമ്മപ്പെടുത്തി
അങ്ങനെ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ സിസ്റ്റർക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു കോൾ വന്നു. സിസ്റ്റർ കൊടുത്ത പരാതിയിൻ മേൽ മൊഴിയെടുക്കാൻ പോലീസ് ഉടനെ എത്തുമെന്നു പറഞ്ഞുള്ള കാൾ.. ഇനി സംസാരിക്കാൻ സമയം ഇല്ലെന്നറിഞ്ഞപ്പോൾ ഞാൻ മടങ്ങാൻ ഒരുങ്ങി. യാത്ര പറഞ്ഞപ്പോൾ സിസ്റ്റർ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ ചോദിച്ചു, ഞങ്ങളുടെ സംഘടന സിസ്റ്റർക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്? “നിങ്ങൾക്ക് ചെയ്യാനുള്ളത് നിങ്ങൾ ചെയ്യൂ” ഇത്ര മാത്രം ആയിരുന്നു മറുപടി. യാത്ര പറഞ്ഞു പിരിയുമ്പോൾ സിസ്റ്റർക്ക് വിടാൻ മനസ്സുണ്ടായിരുന്നില്ല എന്ന് തോന്നി.പുഞ്ചിരി മായാതെ കണ്ണിൽ നിന്നു മറയുന്നതുവരെയും അവർ നോക്കി നിൽക്കുന്നുണ്ടായിരുന്നു. സിസ്റ്ററെ അവിടെ വിട്ട് കോൺവെന്‍റിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ മനസ്സ് വളരെ അസ്വസ്ഥമായി മാറി എന്ന് പറയുന്നതാണ് ശരി…
മതാധികാരവും പുരുഷാധിപത്യവും ചേർന്ന് സിസ്റ്റർ ലൂസി എന്ന നീതിബോധമുള്ള സ്ത്രീയെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അവർ അതിന് സ്നേഹത്തിന്‍റെ ഭാഷയിൽ തന്നെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സിസ്റ്റർ ലൂസിക്ക് വേണ്ടി മാനന്തവാടിയിൽ സ്ത്രീപക്ഷ സംഘടനയായ വിംഗ്സ് കേരളാ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. വൻ വിജയമായിരുന്നു ആ പരിപാടി. അതു തെളിയിക്കുന്നതും സിസ്റ്റർ ലൂസിയ്ക്കുള്ള ജനാംഗീകാരം തന്നെയാണ്.പക്ഷെ അധികാര സ്ഥാങ്ങളിൽ ഇരിക്കുന്നവർക്ക് ജനങ്ങളുടെ മനസ് അറിയേണ്ട കാര്യമുണ്ടോ..!!!!