ഹിന്ദിയിലും പഞ്ചാബിയിലും ഒരേ പോലെ തിളങ്ങുന്ന താരമാണ് മാഹി ഗിൽ. 2003 ലാണ് മാഹി തന്‍റെ സിനിമ കരിയർ തുടങ്ങിയത്. ഹവായി എന്ന പഞ്ചാബി സിനിമയിലൂടെയുള്ള തുടക്കം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം ധാരാളം പഞ്ചാബി സിനിമകൾ ചെയ്‌തു. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് തിയേറ്ററിൽ എംഎ പൂർത്തിയാക്കിയ മാഹി സിനിമയിൽ തിളങ്ങുമെന്ന് എല്ലാവരും തന്നെ കരുതിയിരുന്നു. കഴിവും സൗന്ദര്യവും അവർക്ക് മുതൽ കൂട്ടായി.
അനുരാഗ് കശ്യപിന്‍റെ ദേവ് ഡിയിലൂടെയാണ് മാഹി ഗിൽ ബോളിവുഡിലേയ്ക്ക് കാലെടുത്തു വച്ചത്. ആ എൻട്രി വേസ്റ്റായില്ല. ഇതിലെ അഭിനയ മികവിന് ഫിലിം ഫെയർ ക്രിട്ടിക് അവാർഡ് ലഭിച്ചു. മികച്ച നടിക്കുള്ളത്! തുടർന്ന് നിരവധി ഹിന്ദി ചിത്രങ്ങൾ ചെയ്‌തു. ഗുലാൽ, ദബാംഗ്, നോട്ട് എ ലൗസ്റ്റോറി, സാബ് ബിബി ഔർ ഗ്യാംഗ്സ്റ്റർ, പാൻസിംഗ് തോമർ, ദബാംഗ് -2 എന്നിവയെല്ലാം തന്നെ കരിയറിന് തിളക്കം കൂട്ടി.
ബുളറ്റ് രാജ എന്ന ചിത്രത്തിലെ സെക്സി ഐറ്റം നമ്പർ വലിയ വിവാദമായി. ഗാനം ഹിറ്റായതോടെ ആരാധകരും വർദ്ധിച്ചു. സെക്സി ഇമേജിനൊപ്പം തന്‍റെ അഭിനയ പ്രതിഭ കൊണ്ടും മാഹി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരുന്നു. ബാലാജിയുടെ വെബ് സീരിസ് അപഹരണത്തിലും ചർച്ചാവിഷമായി. മാഹി ഗൃഹശോഭയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ…
മാഹിയുടെ ആദ്യത്തെ വെബ് സിരീസ് ആണ് അപഹരണ്‍. എന്താണിതിലേയ്ക്ക് ആകർഷിച്ചത്?
സിദ്ധാർത്ഥ് സെൻ ഗുപ്തയാണ് ഞാനീ വെബ് സിരീസിലേയ്ക്ക് വരാൻ ഇടയാക്കിയത്. വളരെ നല്ലൊരു അനുഭവമാണ് ഇത് എനിക്ക് സമ്മാനിച്ചത്. മുഴുവൻ ടീമും വളരെ നല്ലതായിരുന്നു. ഉഗ്രൻ സ്ക്രിപ്റ്റ്. വരുൺ ഭണ്ഡോല ആണ് സൂപ്പർ ഡയലോഗുകൾ എഴുതിയത്. പുള്ളി നല്ലൊരു അഭിനേതാവ് കൂടിയാണ്. അരുണോദയ് നല്ല വർക്കാണ് ചെയ്‌തത്. ഇങ്ങനെ എല്ലാ ഘടകങ്ങളും ഒരു പ്ലാറ്റ്ഫോമിൽ നല്ലതായി വരുമ്പോൾ റിസൾട്ടും ഗംഭീരമാകും, എന്‍റെ തെരഞ്ഞെടുപ്പ് തെറ്റിയിട്ടില്ല എന്ന് സിരീസ് കാണ്ടാല്‍ നിങ്ങൾക്ക് മനസ്സിലാവും.
പ്രൊജക്ടുകൾ എന്തിന്‍റെ അടിസ്‌ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്?
സ്ക്രിപ്റ്റ് തന്നെയാണ് പ്രധാനം. ഒരിക്കൽ വായിക്കുമ്പോൾ കഥ ബോറിംഗ് ആയി തോന്നിയാലോ തീരെ പുതുമയില്ലെങ്കിലോ ഞാൻ അത് അപ്പോൾ തന്നെ വേണ്ടെന്ന് വയ്ക്കും. മനസ്സ് പറയുന്നതാണ് ഞാൻ കേൾക്കുന്നത്. എനിക്ക് ഇഷ്ടപ്പെടാത്തത് പിന്നെ പ്രേക്ഷകർക്ക് എങ്ങനെയാണ് ഇഷ്ടപ്പെടുക എന്ന് ഞാൻ പലവട്ടം ചിന്തിക്കും. ചില കേസുകളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഞാൻ വേണ്ടെന്ന് വച്ച സ്ക്രിപ്റ്റ് പിന്നീട് സിനിമയായി വന്നപ്പോൾ വൻ പരാജയമായി. അതിന്‍റെ ഭാഗമാകാത്തതിൽ എനിക്ക് വലിയ മതിപ്പു തോന്നിയിരുന്നു. ഇത് നമ്മുടെ സെൻസിബിലിറ്റിയുടെ പ്രശ്നം കൂടിയാണ്. വേണ്ടതും വേണ്ടാത്തതും നമ്മുടെ ഉള്ളിൽ നിന്ന് തന്നെ വേർതിരിച്ചെടുക്കാൻ കഴിയും.
വളരെ ബോൾഡായാണ് വെബ് സിരീസുകൾ നിർമ്മിക്കപ്പെടുന്നത്. സെൻസർ ബോർഡിന്‍റെ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇതിന് ബാധകമല്ല. എന്തു തോന്നുന്നു?
ആവിഷ്ക്കാര സ്വാതന്ത്യ്രം സംരക്ഷിക്കപ്പെടണമെന്ന് തന്നെയാണ് എന്‍റെ പക്ഷം. പിന്നെ വെബ് സിരീസിൽ കാണിക്കുന്നതിനേക്കാൾ കൂടുതൽ ഇന്‍റർനെറ്റിൽ ലഭ്യമാണ്. നമ്മുടേത് പക്വത വന്ന വിദ്യാസമ്പന്നരായ ആളുകളുടെ ഒരു സമൂഹമാണ്. വിലക്കുകൾ കൊണ്ട് നമുക്കിന്ന് ഒന്നും നേടാനില്ല. എന്തു കാണണം എന്തു കാണണ്ട എന്ന് നിശ്ചയിക്കേണ്ടത് അവനവൻ തന്നെയാണ്. അതിൽ നിയമത്തിനും ഇടപെടേണ്ട കാര്യമില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. വിദേശ രാജ്യങ്ങളിൽ സിനിമയ്ക്ക് പോലും സെൻസർഷിപ്പ് ഇല്ല. സ്വയം നിയന്ത്രണങ്ങളെ ഉള്ളൂ.
കുറച്ചു കാലമായി നായകന്മാർ സ്ക്രീനിൽ തെറിവിളിയാണ്. നിങ്ങളുടെ വെബ് സിരീസിലും തെറി വിളിയ്ക്ക് യാതൊരു കുറവും ഇല്ല. ഈ പ്രവണത ശരിയാണോ?
ജീവിതത്തിൽ ആൾക്കാർ തെറി വിളിക്കാറില്ലേ. ജീവിതത്തിൽ ഉള്ളതേ സ്ക്രിപ്റ്റിലും ഉള്ളൂ. പക്ഷേ അതിർവരമ്പ് ലംഘിക്കരുതെന്ന് മാത്രം. എന്‍റെ ചിത്രത്തിൽ ഞാനിതിനു മുമ്പും തെറി വിളിച്ചിട്ടുണ്ട്. എന്‍റെ കഥാപാത്രങ്ങൾ അത്തരക്കാരായിരുന്നു. അത് കഥാപാത്രത്തോട് ചെയ്യുന്ന നീതിയാണ്. ഒരു പുണ്യാളൻ തെറി പറയുമ്പോഴേ പ്രശ്നം ഉള്ളൂ. ഞാൻ സിക്ക് കുടുംബത്തിൽ നിന്നുള്ള ആളാണ്. ഞാൻ ചെറുപ്പത്തിൽ ഒരുപാട് വഴക്കും തെറി വിളിയും കേട്ടിട്ടുണ്ട്. വീട്ടിലും പുറത്തും ആളുകൾ തെറി വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതിനാൽ ഇതൊന്നും വലിയ കാര്യമായി എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ നാട്ടിൽ സംസാരത്തിലൊക്കെ തെറി വരുന്നുണ്ട്. പറഞ്ഞത് കേൾക്കാത്ത കുട്ടികളെ തെറിയല്ലാതെ മറ്റെന്താണ് വിളിക്കുക, നോര്‍ത്തില്‍ ഇതൊരു സാധാരണ കാര്യമാണ്. പിന്നെ സിനിമയിൽ അതുണ്ടായാൽ എന്താണ് പ്രശ്നം!
സിനിമ റിജക്ട് ചെയ്യുന്നതെങ്ങിനെയാണ്. അതു മന:പ്രയാസം ഉണ്ടാക്കാറുണ്ടോ?
എന്നെ എക്സൈറ്റ് ചെയ്യുന്നതേ ഞാൻ ചെയ്യാറുള്ളൂ. മന:പ്രയാസത്തിന്‍റെ പ്രശ്നം ഒന്നും ഇല്ല. ഇതൊരു പ്രൊഫഷൻ ആണ്. എന്നെ അപ്രോച്ച് ചെയ്യുന്നവരും ബിസിനസ് മുന്നിൽ കണ്ടാവുമല്ലോ വരുന്നത്. ബജറ്റ്, വിൽപ്പന സാധ്യത അങ്ങനെ പലതും ഉണ്ട്. ഞാൻ മുമ്പ് ചെയ്‌ത തരം കഥാപാത്രമാണെങ്കിൽ ഞാനപ്പഴേ നോ പറയും. ചർച്ച ചെയ്‌ത് വെറുതെ സമയം പോക്കില്ല. ആളുകൾ വിചാരിക്കുന്നത് ഞാൻ വളരെ ഹോട്ടും സെക്‌സിയും ആണെന്നാണ്. സ്റ്റൈലിഷ് ആയതു കൊണ്ടാണ് എനിക്കിത്തരം റോൾ അധികവും കിട്ടുന്നത്. അതൊരു നല്ല കാര്യമല്ലേ. പക്ഷേ ബോറിംഗ് ആയി തുടങ്ങിയപ്പോൾ ഞാൻ ഇതും ഒഴിവാക്കി. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അതുകൊണ്ടാണ് ഞാൻ വെബ് സിരീസ് ചെയ്യാമെന്ന് വച്ചത്. ഇത് വളരെ ഡിഫറന്‍റ് ആയ കഥയും കഥാപാത്രവും ആണ്. ദുരൂഹമായ ചിന്തകൾ ഉള്ള കഥാപാത്രം. നെഗറ്റീവും പോസിറ്റീവുമായ മനോവ്യാപാരം ഉള്ള കഥാപാത്രം എനിക്ക് സിനിമയിൽ പോലും ലഭിച്ചിട്ടില്ല. അതിനാൽ ഞാനിത് ഇഷ്‌ടപ്പെട്ട് ചെയ്യുകയാണ് ചെയ്തത്.
സെക്സി ഫിഗർ നിലനിർത്താൻ എന്താണ് ചെയ്യുന്നത്?
സത്യം പറയാലോ, ഞാനാ കാര്യത്തിൽ ഭാഗ്യവതിയാണ്. എന്‍റെ ശരീരം പ്രകൃതിയുടെ സംഭാവനയാണ്. ഈ കാര്യത്തിൽ ഞാൻ അനുഗ്രഹീതയാണ്. അതിനാൽ കൂടുതലൊന്നും ചെയ്യേണ്ടി വരാറില്ല. പക്ഷേ ആരോഗ്യം കാക്കാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. കൃത്യസമയത്ത് ഉറങ്ങും. വാരിവലിച്ച് ഭക്ഷണം കഴിക്കാറുമില്ല. ജങ്ക്ഫുഡ് തീർത്തും ഒഴിവാക്കും. അനാരോഗ്യകരമായ ജീവിതശൈലിയാണ് പല രോഗങ്ങളും ഉണ്ടാക്കുന്നത്. അത് സൗന്ദര്യത്തെയും ബാധിക്കുമല്ലോ. ഞാൻ വ്യായാമം മുടക്കാറില്ല. വേണ്ടത്ര സമയം നന്നായി ഉറങ്ങും. വെള്ളം ധാരാളം കുടിക്കും. പിന്നെ സന്തോഷം നിലനിർത്താൻ എപ്പോഴും ശ്രമിക്കുന്നു. നെഗറ്റീവ് ആൾക്കാരെയും ചിന്തകളെയും അകറ്റി നിർത്തിയാൽ തന്നെ സമാധാനവും സൗന്ദര്യവും ലഭിക്കും.