എളുപ്പത്തിൽ ഉണ്ടാക്കാമെന്നതാണ് ചട്നിയുടെ പ്രത്യേകത. ചട്നി തയ്യാറാക്കാൻ മിനിറ്റുകൾ മാത്രം മതി. മാത്രമല്ല രുചിയിലും കേമൻ.
ചട്നിയുടെ സ്വഭാവം തന്നെ ഇപ്പോൾ മാറിയിരിക്കുന്നു. വ്യത്യസ്തമായ രുചികളിൽ ചട്നി തയ്യാറാക്കാം. പച്ചമുളക്, ഉള്ളി, പച്ചമാങ്ങ, പുളി, കുരുമുളക്, വെളുത്തുള്ളി, മല്ലിയില, പൊദീനയില എന്നിവ കൊണ്ട് രുചികരമായ ചട്നി, ചമ്മന്തി ഇവ തയ്യാറാക്കി ചോറിനോ ചപ്പാത്തിക്കൊപ്പമോ നല്ല ടേസ്റ്റിയായി കഴിക്കാം.
ചട്നി, ചമ്മന്തിയിൽ പുതുരുചി തേടുകയാണ് ഭക്ഷണപ്രിയർ. അതിൽ പച്ചക്കറി മാത്രമല്ല പഴങ്ങളും യഥേഷ്ടം ചേർത്ത് ചട്നി തയ്യാറാക്കാം.
പുളി, ശർക്കര, ഇന്തുപ്പ്, മുള കുപൊടി, വറുത്ത ജീരകം, ഈന്തപ്പഴം ഒക്കെയിട്ട് മധുരവും പുളിയും എരിവും ചേർന്ന രുചി ആരെയാണ് കൊതിപ്പിക്കാത്തത്. ഇനിയൊരു വെറൈറ്റി രുചി വേണമെങ്കിൽ മാതളയല്ലി, മുന്തിരി, വാഴപ്പഴം എന്നിവ കൂടി നുറുക്കിയിട്ടോളൂ. സമോസയ്ക്കോ, പക്കോഡയ്ക്കോ, കട്‍ലറ്റിനോ ആലു ടിക്കിക്കൊപ്പമോ അതുമല്ലെങ്കിൽ ഉഴുന്ന് വടയ്ക്കുമൊപ്പമോ ഈ ടേസ്റ്റി മിക്‌സ് ചട്നി വിളമ്പി നോക്കൂ. കഴിക്കുന്നവർ രുചിയിൽ മതിമറന്നു പോകും തീർച്ച. ഇനിയൊരു നോർത്തിന്ത്യൻ രുചിയ്ക്ക് പൊലിമ പകരണമെന്നുണ്ടോ… എങ്കിൽ ഗോൽഗപ്പയുടെ രുചി രസത്തിൽ ഈ എരിവും പുളിയും നിറച്ച് നോക്കൂ.
വൈവിധ്യമാർന്ന ചട്നി രുചി
ഉലുവ, പെരുംജീരകം, ജീരകം, ശർക്കര, വറ്റൽ മുളക്, ഉണങ്ങിയ മാങ്ങ, മഞ്ഞൾപൊടി, മല്ലി, കുടംപുളി, കച്ചോലം, ഉപ്പ് എന്നിവ രാത്രിയിൽ വെള്ളത്തിലിട്ട് കുതിർക്കുക. രാവിലെ ചെറുതീയിൽ ഇത് വേവിക്കുക. എന്നിട്ട് മിക്സിയിലിട്ട് അടിക്കുക. കച്ചോഡിക്കൊപ്പമോ ബ്രഡിനൊപ്പമോ ഈ ചട്നി രുചികരമായിരിക്കും.
ഇനി ദക്ഷിണേന്ത്യൻ ചമ്മന്തിയിലുമുണ്ട് ചില രസികൻ രുചികൾ. നമ്മുടെ നാടൻ രുചിയിൽ മുമ്പിൽ നിൽക്കുന്ന തേങ്ങയരച്ച ചമ്മന്തി ഇഷ്‌ടപ്പെടാത്തവരായി ഒരു മലയാളിയുമുണ്ടാവില്ല.
തേങ്ങയരച്ച ചമ്മന്തിയിലുമുണ്ട് ചില വൈവിദ്ധ്യങ്ങൾ: തേങ്ങ ചിരകിയത്, ഒരു കഷണം ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, വറ്റൽ മുളക് എന്നിവ കൂടിച്ചേർന്ന ചമ്മന്തിയരപ്പിലെ രുചി പറഞ്ഞറിയിക്കാനാവാത്തതാണ്.
ഉണക്ക തേങ്ങ ചിരകിയത്, ഉലുവ, വെളുത്തുള്ളി, വറ്റൽ മുളക്, കുടംപുളി എന്നിവ അരച്ചുണ്ടാക്കിയ ചമ്മന്തി രുചിയിൽ കയ്പും പുളിയും എരിവും കൊണ്ട് ആരേയും കൊതിപ്പിക്കും.
ദഹി കച്ചംബർ: കാബേജ്, ചെറിയ കഷണങ്ങളാക്കിയ പച്ചമാങ്ങ, മഞ്ഞപ്പൊടി എന്നിവ തൈരിൽ ചേരുന്നതോടെ ദഹി കച്ചംബർ ആയി. രുചിയിൽ ഒരു ചേഞ്ച് വേണമെന്നുണ്ടെങ്കിൽ മാമ്പഴവും ചേർത്ത് കച്ചംബർ സ്വീറ്റ് ചട്നിയാക്കാം.
ഗുജറാത്തി കഡി (ചട്നി): നല്ല പുളിയുള്ള തൈര് പാനിൽ ഒഴിച്ച് അതിൽ കടലമാവും ഇഞ്ചി പേസ്റ്റും, പച്ചമുളക് അരിഞ്ഞതും, അൽപം മഞ്ഞൾപൊടിയും പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി അൽപം വെള്ളം ചേർത്ത് ചെറുതീയിൽ ഇളക്കി പാകം ചെയ്യാം. തിള വരുന്നതോടെ തീ കുറച്ച് വയ്ക്കാം. ഒരു പാനിൽ നെയ്യൊഴിച്ച് അതിൽ കടുകും ജീരകവും വറുത്ത് കഡിയിൽ ചേർക്കുക. അൽപസമയം കൂടി കഡി പാകം ചെയ്‌ത് സർവ്വ് ചെയ്യാം. ചോറിനൊപ്പമോ കിച്ചടിക്കൊപ്പമോ ചപ്പാത്തിക്കൊപ്പമോ ഗുജറാത്തി കഡി സൂപ്പർ രുചി പകരും.
ബംഗാൾ ചട്നി: ഇനി സാക്ഷാൽ ബംഗാൾ ചട്നി പരീക്ഷിക്കണമെന്നുണ്ടെങ്കിൽ അൽപം മാതളം, മാങ്ങ, കിസ്മിസ്, പച്ച പപ്പായ എന്നിവ ചേർത്ത് ചട്നി തയ്യാറാക്കാം.
രാജസ്‌ഥാനി ലഹ്സുനി ചട്നി: രുചിപ്പെരുമ കൊണ്ട് പ്രശസ്തമായ രാജസ്ഥാനിനുമുണ്ട് ചില ടേസ്‌റ്റി ചട്നികൾ. രാജസ്‌ഥാനി ലഹ്സുനി ചട്നി ഏറെ പ്രശസ്തമാണ്. വെളുത്തുള്ളി അല്ലികൾ, കുതിർത്ത വറ്റൽ മുളക് 8-10 (എരിവനുസരിച്ച്), ഉലുവ ഒരു ടീസ്പൂൺ അത്രയും കടുകും പഞ്ചസാരയും ആവശ്യത്തിനു ഉപ്പും ചേർന്ന ഒരു സ്പൈസി രുചിമേളമാണ് ഇത് നാവിൽ തീർക്കുക. പഞ്ചസാര, ഉലുവ, കടുക് ഒഴിച്ച് എല്ലാം കൂടി ബ്ലൻഡറിൽ അരച്ച്, എണ്ണ ചൂടാക്കി ഉലുവ, കടുക് വറുത്ത് അതിലേക്ക് അരച്ച ചട്നി ചേർത്ത് പഞ്ചസാരയും വെള്ളവും ചേർത്ത് വേവിക്കുക. എണ്ണ തെളിയുന്നതോടെ രാജസ്‌ഥാനി ചട്നി റെഡി. എയർടൈറ്റ് കണ്ടെയ്നറിൽ ഇത് അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 2-3 ആഴ്ച ഉപയോഗിക്കാം. ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പം പ്രിയങ്കരം: ഹരിയാനയ്ക്കുമുണ്ട് ഒരു ഹെൽത്തി ചട്നി വിഭവം. പച്ചക്കടല, പച്ച മട്ടർ, പഴുത്ത പേരയ്ക്ക, നെല്ലിക്ക എന്നിവ ചേർന്നൊരു ഡയറ്റ് ചട്നി.
വിദേശിയരുടെ ചട്നി രസം: മുട്ടയുടെ മഞ്ഞക്കരു, വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഒലീവ് ഓയിൽ, കടുക് പൊടിച്ചത്, ഉപ്പ്, ചുവന്നമുളക് എന്നിവ അരച്ചെടുത്ത് ഫ്രഞ്ച് മയോണൈസ് ചേർന്ന ബേസിക് റഷ്യൻ സലാദ് ഒരു കാലത്ത് ഇന്ത്യൻ ഫുഡ് ക്രാഫ്റ്റ് സ്ഥാപനങ്ങൾ വിളമ്പിയിരുന്ന വിഭവമായിരുന്നു.
ഇറ്റലിയിലെ പെസ്റ്റോയുമായി മറ്റൊരു കൂടി കാഴ്ച: പെസ്റ്റോ എന്നാൽ പേസ്റ്റ്. കിളുന്ത് തുളസിയില, വെളുത്തുള്ളി അരച്ചത്, ചിൽഗോസ, ഒലീവ് ഓയിൽ, പരമേസൻ ചീസ്, ഉപ്പ്, കറുത്ത അല്ലെങ്കിൽ വെളുത്ത കുരുമുളക്പൊടി എല്ലാം ചേർത്തരച്ചതാണ് ഇറ്റാലിയൻ ചട്നി. ആവശ്യമെങ്കിൽ നാരങ്ങാനീര് ചേർക്കാം. ചിൽഗോസയ്ക്കു പകരം വാൽനട്ടോ പിസ്തയോ ചേർത്ത് അരയ്ക്കാം. മുകളിലായി അൽപം ഒലീവ് ഓയിലും കൂടി തൂവിയാൽ ചേരുവകളടെ തനതുനിറം മാറുകയില്ല. 1-2 ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇനി ഇതൊന്ന് പരീക്ഷിക്കണമെന്നുണ്ടെങ്കിൽ ഈ ചേരുവകൾ തന്നെ വേണമെന്നില്ല. പച്ചമുളക്, മല്ലി, പൊദീന, കറിവേപ്പില, സവാള, വെളുത്തുള്ളിയുടെ കിളുന്ത് ഇല, തൊലി കളഞ്ഞ ബദാം എന്നിവയെല്ലാം അരച്ച് പേസ്റ്റോയ്ക്ക് ഒരു ഇന്ത്യൻ രുചി നൽകാം.
ഗ്രീസിനുമുണ്ട് സ്വന്തമായ ഡിപ്പിംഗ് സോസ്: പിഞ്ചു വെള്ളരിയുടെ കുരുകളഞ്ഞ് അരച്ച് നീര് മാറ്റിയതിനു ശേഷമുള്ളതിൽ തൈര്, ഉപ്പ്, കുരുമുളക് പൊടി, ഇഞ്ചി പേസ്റ്റ്, ലെമൺ ജെസ്റ്റ്, നാരങ്ങാനീര്, ഫ്രഷ് സോയ ഇലകൾ എന്നിവ ചേരുന്നതോടെ വ്യത്യസ്‌തമായ രുചി വിഭവമായി. അതിലൽപം ഒലീവ് ഓയിലും പൊദീനയിലയും ഉപ്പും ചേരുന്നതോടെ ടേസ്റ്റ് ഉഗ്രനായി.
മെക്സിക്കൻ ഗുവാക്കമോലെ: മെക്സിക്കൻ ഗുവാക്കമോലെ അൽപം വ്യത്യസ്‌തമാണ്. പിയർ പഴത്തിന്‍റെ തൊലി, അവോക്കാഡോ പഴത്തിന്‍റെ കാമ്പ്, പച്ചമുളക്, മല്ലി, ഉള്ളി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞ് ഉപ്പും കുരുമുളകും നാരങ്ങാനീരും ചേർത്ത് ഈ വിഭവം ചിപ്സ്, ക്രാക്കേഴ്സ് എന്നിവക്കൊപ്പം കഴിക്കാം.
ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോഴാകും അരകല്ലിൽ അരച്ച ചമ്മന്തിയുടെ ആ രുചിയാസ്വദിക്കാൻ കൊതി തോന്നുക. ഗ്രാമീണ ഭക്ഷണത്തിലെ ആ തനതു രുചിയറിയാൻ നാടൻ രീതിയിലേക്ക് ഒരു മടക്കയാത്ര മോഹിക്കാറില്ലേ? ഇന്നു തന്നെ ഒരു ഉഗ്രൻ ചമന്തി അരച്ചോളൂ… തിന്നോളൂ!