കാത്തു കാത്തിരുന്ന യാത്ര ആസ്വദിക്കാൻ തടസ്സം സൃഷ്ടിക്കുന്ന മോഷൻ സിക്ക്നസിനെ അഥവാ യാത്രച്ചൊരുക്കിനെ എങ്ങനെ നേരിടാൻ പറ്റും? അടുക്കളയ്ക്കുള്ളിൽ നിന്നു തന്നെ ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് മനസ്സിലാക്കൂ.
അതെന്തൊക്കെയാണെന്ന് അറിയുന്നതിനുമുമ്പ്, എന്തു കൊണ്ടാണ് യാത്രയിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നതെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ശാരീരിക സന്തുലന നിലയിലെ വ്യതിയാനം കൊണ്ടാണ് മോഷൻ സിക്ക്നസ് ഉണ്ടാകുന്നത്. അതായത് ചെവിയുടെയും തലച്ചോറിന്‍റെയും പരസ്‌പരമുള്ള ബാലൻസിനാണ് യാത്രക്കിടയിൽ വ്യത്യാസം സംഭവിക്കുന്നത്. യാത്രക്കിടയിൽ ചെവിയിൽ അനുഭവപ്പെടുന്ന കാര്യങ്ങൾ തലച്ചോറിന് മനസ്സിലാകാതെ വരുമ്പോഴാണ് ശരീരത്തിന് അസ്വസ്ഥത തോന്നുന്നത്. ആ സമയത്ത് ഛർദ്ദി, തലക്കറക്കം, ബോധക്ഷയം വരെ ഉണ്ടാകാം. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഇരുന്ന് വായിക്കുമ്പോൾ ചിലർക്ക് ഛർദ്ദിക്കാൻ വരുന്നതായി തോന്നാറില്ലേ. മുന്നോട്ടുള്ള യാത്രയെ ചെവികൾ തിരിച്ചറിയുകയും ആ സന്ദേശം തലച്ചോറിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതേ സമയം കണ്ണുകൾ വായിക്കാനായി കേന്ദ്രീകരിക്കുകയും ചെയ്യുമ്പോൾ, കണ്ണുകളിൽ നിന്നുള്ള സന്ദേശം ആ സമയം ആ വ്യക്‌തി ചലിക്കുന്നില്ല എന്നുമായിരിക്കും. തലച്ചോറിന് രണ്ടു തരം സന്ദേശം ഒരേ സമയം ലഭിക്കുമ്പോൾ ആശയക്കുഴപ്പത്തിലാകുന്നു. ഈ പ്രശ്നം പരിഹരിക്കാൻ പറ്റാതെ തലച്ചോർ കുഴയുമ്പോൾ അതിന്‍റെ പ്രതികരണമാണ് ഛർദ്ദിയും അസ്വസ്ഥതയും.
ഈ പ്രശ്നത്തിന് പ്രധാന പരിഹാരം യാത്രയിൽ വായിക്കാതിരിക്കുക തന്നെയാണ്. വായിച്ചില്ലെങ്കിലും ചിലർക്ക് ഛർദ്ദി ഉണ്ടാകും. അവർക്ക് പ്രയോജനപ്പെടുന്ന ചില കാര്യങ്ങൾ ഇതാ.
നാരങ്ങ: ഛർദ്ദിക്കാനുള്ള പ്രവണതയ്ക്ക് ആശ്വാസം നൽകാൻ നാരങ്ങയ്ക്ക് കഴിയും. നാരങ്ങയുടെ ചെറിയ കഷണങ്ങൾ നുണയുന്നത് ഛർദ്ദി തടയും. നാരങ്ങ കാൻഡി പോലുള്ള മിഠായികൾ വായിലിടുന്നതും ഗുണം ചെയ്യും.
ഓറഞ്ച്: ബ്ലാക്ക് സോൾട്ട് ചേർത്ത ഓറഞ്ച് കഴിച്ചാൽ മോഷൻ സിക്ക്നസ് ഇല്ലാതാകും.
ഇഞ്ചി: നാരങ്ങാ നീരിൽ ഏതാനും തുള്ളി ഇഞ്ചി നീരും തേനും അൽപം ചൂടുവെള്ളവും ചേർത്തു കുടിക്കുന്നത് ഓക്കാനം നിയന്ത്രിക്കും. യാത്ര തുടങ്ങുന്നതിനു മുമ്പ് ഈ ഡ്രിങ്ക് കുടിച്ചിട്ടു പോകുക.
ബേക്കറി: ജങ്ക് വറപൊരി സാധനങ്ങൾ യാത്രയിൽ ഒഴിവാക്കി ബിസ്ക്കറ്റു പോലുള്ള ബേക്കറി ഭക്ഷണം കഴിക്കുന്നത് വയറിന് ആയാസം കുറയ്‌ക്കും. വായു കെട്ടി നിന്ന് വയറിൽ അസ്വസ്ഥത ഉണ്ടാകാതിരിക്കാനും ഇതാണ് ഉത്തമം.
പെപ്പർമിന്‍റ്: റോഡ്, കപ്പൽ യാത്രകളിൽ ഏറ്റവും ഫലപ്രദമായ ഒരു ഔഷധമാണ് പെപ്പർമിന്‍റ് അഥവാ കർപൂര തുളസി. തലവേദന, ഓക്കാനം, തലകറക്കം ഇവ കുറയ്‌ക്കാൻ നല്ല പ്രതിവിധിയാണ് പെപ്പർമിന്‍റ്. യാത്ര തുടങ്ങും മുമ്പ് പെപ്പർമിന്‍റ് ചായയോ ഏതാനും തുള്ളി പെപ്പർമിന്‍റ് ഓയിലോ കുടിക്കുക.
കറുവപ്പട്ട: റോഡ്, ജലയാത്രകളിലെ ചൊരുക്ക് നിയന്ത്രിക്കാൻ ഇതും ഉപയോഗിക്കാറുണ്ട് കറുവപ്പട്ടപൊടിയും തേനും ചേർത്ത് കഴിച്ചാൽ ഛർദ്ദി നിൽക്കും. പാലിൽ ചേർത്തും കുടിക്കാം. വയറിന് ഏറ്റവും നല്ല ഔഷധമാണ് കറുവപ്പട്ട.
ഇരട്ടി മധുരം: വയറിന്‍റെ പ്രശ്നങ്ങൾക്ക് ഏറ്റവും ഉത്തമമായ ഔഷധമാണ് ഇരട്ടി മധുരം. വയറിന്‍റെ നേർത്ത സ്തരങ്ങൾക്ക് സുഖകരമായ അവസ്‌ഥ നൽകാനും അതു വഴി ഛർദ്ദിയും ഓക്കാനവും നിയന്ത്രിക്കാനും സാധിക്കുന്നു. യാത്രക്കിടയിൽ ഇരട്ടി മധുരം ചേർത്ത ചായ കുടിക്കുകയോ, ഒരു ചെറു കഷ്ണം വായിലിട്ട് ചവക്കുകയോ ചെയ്താൽ ആശ്വാസം ലഭിക്കും.
മേൽപ്പറഞ്ഞ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ തീർച്ചയായും യാത്രച്ചൊരുക്കിന് പരിഹാരം ആവുക തന്നെ ചെയ്യും. എന്നാൽ യാത്ര പുറപ്പെടും മുമ്പ് മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് യാത്ര കൂടുതൽ ആസ്വദിക്കാം.
- യാത്രയ്‌ക്കു മുമ്പും ശേഷവും വയറു നിറയെ ആഹാരം കഴിക്കാതിരിക്കാം. പ്രത്യേകിച്ചും കൊഴുപ്പുള്ള ഭക്ഷണം. കഫീൻ അടങ്ങിയ ഡ്രിങ്കുകളും ഒഴിവാക്കുക.
- ചലനത്തിന്‍റെ തീവ്രത കുറച്ചു ഫീൽ ചെയ്യുന്ന സീറ്റുകൾ തെരഞ്ഞെടുക്കാം. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ മധ്യത്തിലുള്ള സീറ്റുകളിൽ ഇരുന്നാൽ മോഷൻ സിക്ക്നസ് ഉണ്ടാവില്ല. കാറിലാണെങ്കിൽ മുമ്പിലെ സീറ്റിലിരിക്കാം. കപ്പലിൽ സഞ്ചരിക്കുമ്പോൾ താഴെത്തട്ടിലുള്ള കാബിനുകൾ അതും നടുവിലായി ക്രമീകരിച്ചിട്ടുള്ളത് തെരഞ്ഞെടുക്കുക.
- റോഡ് യാത്രയിൽ വിദൂരതയിൽ നോക്കിയിരിക്കുക.
- വാഹനം സഞ്ചരിക്കുന്നതിന്‍റെ വിപരീത ദിശയിൽ ഇരിക്കരുത്.
- കടും ഗന്ധമുള്ള പെർഫ്യൂമുകൾ ഛർദ്ദിക്കാനുള്ള പ്രവണത ഉണ്ടാക്കും.
മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ യാത്രകൾ എപ്പോഴും സുഖപ്രദമായി തോന്നും.