കൂട്ടുകാരിയുടെ വീട്ടിലെത്തിയതായിരുന്നു അനിതയും അഞ്ച് വയസ്സുകാരൻ മകൻ ഋത്വിക്കും. കൂട്ടുകാരി വിളമ്പിയ പലഹാരങ്ങൾ കണ്ട് ഋത്വിക്ക് അവയിൽ മിക്കതും സ്വന്തം പോക്കറ്റിൽ തിരുകി കയറ്റി, അതിനു ശേഷം കൂട്ടുകാരിയുടെ നാലു വയസ്സുകാരി മകളെ അവൻ നിലത്ത് തള്ളിയിട്ടു. അനിത അവനെ എത്ര വിലക്കിയിട്ടും അവൻ കുട്ടിയോട് ഉച്ചത്തിൽ കയർത്തു കൊണ്ടിരുന്നു. മകന്‍റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിൽ അനിതയ്ക്ക് വല്ലാത്ത ലജ്‌ജ തോന്നി. മിക്ക മാതാപിതാക്കളും നേരിടുന്ന ഒരു പ്രശ്നമാണിത്.
ചില കുട്ടികളുടെ അപ്രതീക്ഷിതമായ ഇത്തരം പെരുമാറ്റം മനസ്സിലാക്കാൻ തന്നെ പ്രയാസകരമായിരിക്കും. വീട്ടിൽ വളരെ മര്യാദയോടു കൂടി പെരുമാറുന്ന കുട്ടികളുണ്ട്. പക്ഷേ ഇത്തരക്കാർ പുറത്ത് പോകുമ്പോഴാകും വിചിത്രമായി പെരുമാറുക. ഇത്തരം അവസ്‌ഥകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ മാനസികാവസ്‌ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കുട്ടികൾ എങ്ങനെയെല്ലാം പെരുമാറുന്നോ അവയെല്ലാം സ്വന്തം കുടുംബത്തിൽ നിന്നും ശീലിച്ച കാര്യങ്ങളായിരിക്കുമെന്നാണ് മന:ശാസ്ത്രജ്‌ഞനായ അമുൽ വർമ്മ പറയുന്നത്. മുതിർന്നവർ വീട്ടിൽ എങ്ങനെയാണോ സംസാരിക്കുക കുട്ടികളും അപ്രകാരം തന്നെയാവും ചെയ്യുക. മുതിർന്നവരുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി പലപ്പോഴും കുട്ടികൾ വിചിത്രമായ രീതിയിൽ പ്രവർത്തിക്കാം.
കുട്ടിയുടെ വേണ്ടതും വേണ്ടാത്തതുമായ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കുകയെന്നതല്ല പേരന്‍റിംഗ് എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് ശരിയായ കാര്യം കുട്ടിയുടെ കാഴ്ചപ്പാടിനനുസരിച്ച് പഠിപ്പിക്കുകയാണ് വേണ്ടത്. മാതാപിതാക്കൾ സ്വന്തം കുഞ്ഞിന് നല്ലതും ചീത്തയുമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കും. എന്നാൽ മുതിർന്നവരോടും അല്ലാത്തവരോടും അച്ചടക്കത്തോടെ എങ്ങനെ പെരുമാറണമെന്ന അടിസ്‌ഥാന കാര്യം കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ പറഞ്ഞു കൊടുക്കാറില്ല. ഇക്കാരണത്താൽ എപ്പോൾ എവിടെ എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ കുട്ടികൾ അജ്ഞരായിരിക്കും.
കുട്ടിയിൽ അച്ചടക്കബോധവും നല്ല പെരുമാറ്റ ശീലങ്ങളും വളർത്തിയെടുക്കാനുള്ള ചില കൊച്ചു വലിയ കാര്യങ്ങളിതാ.
സ്വയം മാറ്റത്തിന് തയ്യാറാകൂ
സ്വന്തം കുഞ്ഞിനെ വെൽ ബിഹേവ്ഡ് ആക്കുന്നതിന് മാതാപിതാക്കൾ സ്വയം മാറ്റത്തിന് തയ്യാറാകണം. നിങ്ങൾ സ്വന്തം മാതാപിതാക്കളോട് എങ്ങനെ പെരുമാറുന്നോ കുട്ടികളും അത് കണ്ടാവും ശീലിക്കുക.
കുട്ടികൾ മുതിർന്നവരെ ബഹുമാനിക്കണം. അവരോട് ഉച്ചത്തിൽ കയർത്ത് സംസാരിക്കരുതെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ടാകുമല്ലോ. അതുകൊണ്ട് മാതാപിതാക്കളും വീട്ടിലെ മറ്റ് കുടുംബാംഗങ്ങളോട് ഹൃദ്യമായി പെരുമാറണം. അമ്മായിയച്‌ഛനോടും അമ്മായിയമ്മയോടും മറ്റ് കുടുംബാംഗങ്ങളോടും സൗഹാർദ്ദത്തോടൊയും ആദരവോടെയുമുള്ള മാതാപിതാക്കളുടെ പെരുമാറ്റം കണ്ട് കുഞ്ഞുങ്ങളും അത് തന്നെ പിന്തുടരും.
മുതിർന്നവരോട് കള്ളം പറയരുതെന്ന് പറഞ്ഞ് മനസ്സിലാക്കുന്നതും പ്രധാനമാണ്. കളവ് പറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് ചൂണ്ടിക്കാട്ടുന്ന കുഞ്ഞ് കഥകൾ അവർക്ക് പറഞ്ഞു കൊടുക്കാം. കുഞ്ഞുങ്ങൾ കാര്യങ്ങൾ തിരിച്ചറിയുന്നതിനും മനസ്സിലാക്കുന്നതിനും മാതാപിതാക്കൾ സ്വയം മാറ്റത്തിന് തയ്യാറാകണം. കാരണം കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷിയും കഴിവും കുഞ്ഞുങ്ങൾക്കുണ്ടാവില്ല. അതിനാൽ മാതാപിതാക്കളെ കണ്ട് മനസ്സിലാക്കിയാണ് അവൻ സ്വന്തം പെരുമാറ്റത്തെ രൂപപ്പെടുത്തുക.
സ്വയമുണ്ടാക്കിയ നിയമത്തെ മുറുകെ പിടിക്കുക
മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കായി ചില ചിട്ടകളും നിയമങ്ങളും ഉണ്ടാക്കുക സാധാരണമാണ്. ഉദ: ആഴ്ചയിൽ രണ്ട് തവണയേ ചോക്കളേറ്റ് തരൂ, കാർട്ടൂൺ കാണാൻ ദിവസം ഒരു മണിക്കൂർ എന്നിങ്ങനെയുള്ള നിബന്ധനകൾ. ഇത്തരം ചിട്ടകൾ പാലിക്കാനും അനുസരിക്കാനും കുട്ടികൾ തയ്യാറാകും. കുഞ്ഞുങ്ങൾ നിയമങ്ങൾ പാലിക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാതാപിതാക്കളും സ്വന്തം നിയമങ്ങൾ പിന്തുടരണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നത് കണ്ടാൽ കുട്ടികൾ അത് ചൂണ്ടിക്കാട്ടും. മൂഡ് ഇല്ലെങ്കില്ലോ ജോലി തിരക്കുകൾ മൂലമോ മാതാപിതാക്കൾ ചിട്ടകൾ പാലിക്കുന്നതിൽ അലംഭാവം പുലർത്തരുത്.
ശിക്ഷയരുത്
കുട്ടികൾ എന്തെങ്കിലും തെറ്റ് ചെയ്യുന്നത് കണ്ടാലുടൻ കടുത്ത ശിക്ഷ നൽകുന്ന മാതാപിതാക്കളുണ്ട്. നല്ല അടി കൊടുത്താൽ കുട്ടി ചെയ്‌ത തെറ്റ് മനസ്സിലാക്കി തിരുത്തിക്കോളുമെന്ന ധാരണയിലാണിത്. ഇത് തെറ്റായ നടപടിയാണ്. ഇത്തരം കടുത്ത ശിക്ഷ കുട്ടിയെ വാശിക്കാരനോ വാശിക്കാരിയോ ആക്കാം.
കുട്ടി ചെയ്‌ത ഏതെങ്കിലും പ്രവർത്തിയിൽ ദേഷ്യം തോന്നിയാലും സമചിത്തതയോടെ നേരിടുകയാണ് വേണ്ടത്. കുട്ടിയെ ക്രൂരമായി ശിക്ഷിക്കുന്നതിനു പകരം അടുത്ത് ചേർത്തു നിർത്തി സ്നേഹപൂർവ്വം കാര്യങ്ങൾ മനസ്സിലാക്കുകയാണ് വേണ്ടത്. മാത്രമല്ല വഴക്കു പറയുന്ന സമയത്ത് ചീത്ത വിളിക്കുന്ന ചില മാതാപിതാക്കളുണ്ട്. ഇത്തരം പദപ്രയോഗങ്ങൾ കുട്ടിയും കേട്ടു പഠിക്കുമെന്ന കാര്യം അവർ വിസ്മരിക്കുകയാണ്.
കുട്ടി ചെറുതായാലും വലുതായാലും അവനെ അവളെ വ്യക്‌തിയായി അംഗീകരിക്കുക വഴി ഒട്ടനവധി പ്രശ്നങ്ങൾ ഒഴിഞ്ഞു കിട്ടും. മാതാപിതാക്കൾ തങ്ങൾക്ക് വേണ്ട പരിഗണനയും പ്രാധാന്യവും നൽകുന്നുണ്ടെന്ന ധാരണ അവരെ ആത്മാഭിമാനമുള്ളവരാകും. അവർ തെറ്റുകൾ ചെയ്യുന്നത് കുറയും.
അനാവശ്യങ്ങളായ ആവശ്യങ്ങളെ അംഗീകരിക്കേണ്ട
സ്വന്തം കുഞ്ഞുങ്ങൾക്ക് വാത്സല്യം നൽകുക. അതിരറ്റ് സ്നേഹിക്കുക എന്നതൊക്കെ വളരെ നല്ല കാര്യങ്ങളാണ്. എന്നാൽ അതിനർത്ഥം അവരുടെ എല്ലാ വാശികളും അംഗീകരിച്ചു കൊടുക്കുകയെന്നതല്ല. ചില കുട്ടികളുണ്ട് മാതാപിതാക്കൾക്കൊപ്പം ഷോപ്പിംഗിന് പോയാലോ അല്ലെങ്കിൽ അതിഥികൾ ആരെങ്കിലും വീട്ടിൽ വന്നാലോ ഒരു കാരണവുമില്ലാതെ വാശി പിടിക്കും. അല്ലെങ്കിൽ അനാവശ്യമായ ദേഷ്യം കാട്ടും. ആ സമയത്ത് കുട്ടിയുടെ ആവശ്യം അംഗീകരിച്ചു കൊടുക്കുകയാണെങ്കിൽ ആവശ്യം സാധിച്ചു കിട്ടാനുള്ള ഒരു വഴിയായി വാശിപിടിക്കുന്ന ശീലം ഊട്ടിയുറപ്പിക്കാം. അച്ചടക്കത്തോടെയുള്ള അവന്‍റെ അവളുടെ വളർച്ചയ്ക്ക് ഇത് നല്ലതല്ല. അതുകൊണ്ട് കുട്ടി വാശിപിടിക്കുന്നത് കാണുമ്പോൾ അത് അവഗണിക്കുക. ഒന്ന് രണ്ട് തവണ ആവഗണിക്കുന്നതോടെ കുട്ടി വാശിപിടിക്കുന്നത് അവസാനിപ്പിച്ചു കൊള്ളും.
ലാളിക്കുക, ധാരാളം സംസാരിക്കുക
കുട്ടിയുടെ ശരിയായ വളർച്ചയ്ക്ക് ഇവ രണ്ടും പ്രധാനമാണ്. സ്ക്കൂളിൽ നിന്നും കുട്ടി മടങ്ങി വരുമ്പോൾ സ്ക്കൂളിലെ വിശേഷം, കുട്ടി ചെയ്‌ത കാര്യങ്ങൾ തുടങ്ങിയവ ചോദിക്കുക. സ്ക്കൂളിൽ കുട്ടിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടോ, ക്ലാസിൽ അവനിഷ്‌ടപ്പെട്ട കാര്യം അവൻ അവൾ ചെയ്‌ത നല്ല പ്രവർത്തി തുടങ്ങിയ കാര്യങ്ങൾ അറിയുക. കുഞ്ഞിന് മാതാപിതാക്കളോട് എല്ലാ കാര്യങ്ങളും പങ്കുവയ്‌ക്കാനുള്ള അവസരം ഒരുക്കുകയാണ് ഇത്തരം സമീപനങ്ങളിലൂടെ സാധ്യമാകുക.
മാതാപിതാക്കളുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടിയാണ് കുട്ടി മോശമായി പെരുമാറുന്നത്. ഇതൊഴിവാക്കാൻ ഒരു എളുപ്പ വിദ്യയുണ്ട്. കുട്ടി എപ്പോഴെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവനെ അവളെ പ്രശംസിക്കുക. ധാരാളം സ്നേഹിക്കുക. മാറോട് ചേർത്ത് പിടിക്കുക. ഇത്തരം പ്രവർത്തികൾ കുഞ്ഞിന്‍റെയുള്ളിൽ സുരക്ഷിതത്വ ബോധമുണർത്തും. നല്ല പെരുമാറ്റം കാഴ്ചവയ്‌ക്കാൻ കുട്ടി കൂടുതൽ ശ്രമിച്ചു കൊണ്ടിരിക്കും.
ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക
- കുട്ടിയെ ഒരു വ്യക്‌തിയായി കണ്ട് അംഗീകരിക്കുക, ബഹുമാനിക്കുക. എന്തെങ്കിലും തെറ്റ് കണ്ടാലുടൻ എല്ലാവരുടേയും സാന്നിധ്യത്തിൽ വച്ച് ശകാരിക്കുന്നതിന് പകരം കുട്ടി തനിച്ചാകുന്ന അവസരത്തിൽ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുക.
- മാതാപിതാക്കൾ കുട്ടിയിൽ നിന്നും എങ്ങനെയുള്ള പെരുമാറ്റമാണോ ആഗ്രഹിക്കുക അതുപോലെ തന്നെ കുഞ്ഞിനോടും പെരുമാറുക. കുഞ്ഞുങ്ങൾ അനുകരണ ശീലമുള്ളവരാണെന്ന കാര്യം മറക്കരുത്. കുട്ടി നന്നായി പഠിക്കണമെന്ന ആഗ്രഹിക്കുന്നുവെങ്കിൽ മാതാപിതാക്കളും പഠിക്കാൻ ശ്രമിക്കുക.
- കുട്ടി ചെയ്യുന്ന നല്ല പ്രവർത്തിയെ പ്രശംസിക്കുക. തെറ്റായ പ്രവർത്തി ചെയ്താൽ അതിന് ക്ഷമ ചോദിക്കാനുള്ള ശീലവും കുഞ്ഞിൽ വളർത്തിയെടുക്കണം. കുട്ടിയെ വെൽ ബിഹേവ്ഡ് ആക്കാൻ മാതാപിതാക്കൾ എടുക്കുന്ന ചെറിയ ശ്രമം പോലും ഏറ്റവും നല്ല ഫലമാവും ഉള്ളവാക്കു.
സെക്‌സ് എഡ്യുക്കേഷൻ
ശരിയായ വളർച്ചയ്ക്ക് കുഞ്ഞിന്‍റെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തുക. ബാല്യകാലം അവസാനിക്കുന്ന തരത്തിലുള്ള അനിഷ്ടങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. കുട്ടികളോടുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ എല്ലാ തരത്തിലും ജാഗ്രത പാലിക്കണം. കുട്ടിയായിരിക്കെ തന്നെ സെക്‌സ് സംബന്ധിയായ അറിവുകൾ പ്രായത്തിനനുസരിച്ച് ലളിതമായ രീതിയിൽ പറഞ്ഞു കൊടുക്കാം. നല്ല സ്പർശനവും, ചീത്ത സ്പർശനവും എന്താണെന്ന കാര്യം കുട്ടിക്ക് പറഞ്ഞു കൊടുക്കാം. ആരെങ്കിലും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചാൽ അക്കാര്യം വീട്ടിൽ പറയുന്നതിന് ജാഗ്രത പാലിക്കാനും കുട്ടിയെ പറഞ്ഞു മനസ്സിലാക്കാം.