രാജ്‍വിയുടെ അമ്മയുടെ കൂട്ടുകാരി നീന വീട്ടിൽ വന്നത് ഒരു കല്യാണാലോചനയുമായിട്ടാണ്. ആ കോളനിയിൽ അവർ ഒരു മാര്യേജ് ബ്യൂറോ നടത്തുന്നുണ്ട്. ഏതാനും പയ്യന്മാരുടെ ഫോട്ടോകളുമായിട്ടാണ് വരവ്. അതിൽ ഒരു ചിത്രം മേശപ്പുറത്ത് എടുത്തു വച്ചിട്ട് നീന പുഞ്ചിരിച്ചു.

“നോക്കു, ഈ പയ്യനെ കണ്ടോ, എൻ.ആർ.ഐ ആണ്. അമേരിക്കയിൽ സെറ്റിൽഡാ… സുന്ദരിയായൊരു പെൺകുട്ടി വേണം. യുഎസ് പൗരത്വം ഉള്ള പയ്യനാണ്. കൂടെ വേറെ ആരുമില്ല. നല്ല ശമ്പളം, വീട്, കാറ്…. മോൾക്ക് രാജകുമാരിയായി കഴിയാം.

രാജ്‍വി ആ ഫോട്ടോ എടുത്തു നോക്കുന്നതു കണ്ടപ്പോൾ നീന അവളെ ആകപ്പാടെ ചുഴിഞ്ഞു നോക്കി. “ഈ പെങ്കൊച്ചിനെ അവന് എന്തായാലും ഇഷ്‌ടമാകും. ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ അവൻ ഇതുവരേയും കണ്ടിട്ടുണ്ടാവില്ല.”

നീനയുടെ സംസാരം കേട്ടപ്പോൾ രാജ്‍വി ചുവന്നു തുടുത്തു. അവൾക്ക് സ്വന്തം സൗന്ദര്യത്തിൽ മതിപ്പ് തോന്നി. മറ്റു പെൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ താൻ വളരെ പ്രത്യേകതകൾ ഉള്ള പെണ്ണാണെന്ന് സ്വയം തോന്നാറുണ്ട്.

തിളങ്ങുന്ന കവിളുകളും, മാൻപേട കണ്ണുകളും ചുവന്ന ചുണ്ടുകളും അവളുടെ സൗന്ദര്യത്തിന്‍റെ  മാറ്റുകൂട്ടി. ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴിയും സൂപ്പർ നായികമാരേപ്പോലുള്ള അംഗലാവണ്യവും, രാജ്‍വിയുടെ സെക്‌സ് അപ്പീൽ കൂട്ടുന്ന ഘടകങ്ങളായിരുന്നു.

“അക്ഷയ് എന്നാണ് പേര്. ചെറുക്കന് അൽപം നിറം കുറവാണെന്നൊരു പ്രശ്നമേയുള്ളൂ. പിന്നെ കണ്ണട വച്ചിട്ടുണ്ട്. കാക്കയും കൊക്കും പോലെയിരിക്കുമോ? രണ്ടുപേരെയും കണ്ടാൽ.” രാജ്‍വിയുടെ അമ്മ മീര മനസിൽ ഇങ്ങനെ പറഞ്ഞു. ഇവൾക്ക് ഇഷ്‌ടപ്പെടുമോ എന്നാണ് സംശയം.

നീനയുടെ അകന്ന ബന്ധത്തിലുള്ള പയ്യനായതു കൊണ്ട് ഒട്ടും ഭയക്കാനില്ല. പുറത്തേക്ക് ഒക്കെ പെണ്ണിനെ കെട്ടിച്ചയക്കുമ്പോൾ പലതും ശ്രദ്ധിക്കാനുണ്ടല്ലോ. ഈ കേസ് ആകുമ്പോൾ ആശങ്കയ്‌ക്ക് കാര്യമില്ല.

മീരയുടെ ചിന്തകൾക്ക് വിരാമമിട്ടു.

“കണ്ണട വയ്‌ക്കുന്നതൊക്കെ ഒരു പ്രശ്നമാണോ ഇക്കാലത്ത്? ഇന്ത്യാകാരവുമ്പോൾ അൽപം നിറം കുറയും. ചെക്കൻ കൊള്ളാം. നല്ല ജോലി, സാമ്പത്തികം ഇത്രയൊക്കെ ഞാൻ നോക്കൂ. രാജ്‍വിക്ക് ഇഷ്‌ടമായാൽ ഞങ്ങൾക്ക് ഒരു എതിർപ്പുമില്ല.” കാൽവിരലിൽ നെയിൽ പോളിഷ് ഇട്ടു കൊണ്ടിരിക്കുകയായിരുന്നു രാജ്‍വി.

“മോളേ, നീ ഈ ഫോട്ടോ ഒന്നുകൂടി നോക്കിയേ?” അവൾ പക്ഷേ അത്ര തിടുക്കമൊന്നും കാണിച്ചില്ല.

“ആന്‍റി, അവിടെ വച്ചേക്കു ഞാൻ പിന്നെ നോക്കാം. എന്നിട്ട് പറഞ്ഞാൽ പോരെ?”

അവൾക്ക് ഉടനെ നോക്കണമെന്നൊക്കെ ഉണ്ട്. പക്ഷേ പെൺകുട്ടികളുടെ സ്വതസിദ്ധമായ ഒരു സ്വഭാവം അവളും കാണിച്ചു. അങ്ങനെ ചാടിക്കേറി ഫോട്ടോ നോക്കുന്നത് കുറച്ചിലാവുമല്ലോ!

രാജ്‍വിയുടെ അച്‌ഛനും അമ്മയ്ക്കും ഈ ബന്ധം മുന്നോട്ടു കൊണ്ടു പോകണം എന്നു തന്നെയാണ് ആഗ്രഹം. രാജ്‍വി പൊതുവേ, സ്വാതന്ത്യ്ര മോഹിയായ പെൺകുട്ടിയാണ്. അവൾക്ക് വിദേശത്തു ജോലിയുള്ള പയ്യൻ എന്തു കൊണ്ടും യോജിക്കും.

“രാജ്‍വി, കൂടുതൽ ആലോചിച്ച് സമയം കളയല്ലേ, ഇഷ്‌ടം പോലെ പെൺകുട്ടികൾ വേറെയും ഉണ്ട്. വിദേശത്തു പോകാൻ താൽപര്യമുള്ള പെൺകുട്ടികൾ.”

നീന ഇത്രയും കൂടി പറഞ്ഞിട്ടാണ് വീട്ടിൽ നിന്ന് പോയത്.

“നോക്കൂ, മോളേ, ഈ ആലോചന എന്തു കൊണ്ടും നല്ലതാണ്. നിനക്ക് വളരെ നല്ല ജീവിതം കിട്ടും. ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ടു. ഇനി നീ തീരുമാനിക്കൂ.”

രാജ്‍വിയുടെ അമ്മ പറഞ്ഞു.

രാജ്‍വി ഫോട്ടോയിൽ സൂക്ഷിച്ചു നോക്കി. അവൾ കുറേനേരം ആലോചിച്ചിരുന്നിട്ട് കൂട്ടുകാരി കവിതയെ വിളിച്ചു. കല്യാണക്കാര്യം പറഞ്ഞു.

“ആഹാ! നല്ല ആലോചനയാണ്. ഇതിലെന്താ ഇത്രയ്ക്കും ആശങ്ക? കല്യാണം കഴിഞ്ഞാൽ നിനക്ക് അവിടത്തെ സ്വാതന്ത്യ്രം ശരിക്കും ആസ്വദിക്കാമല്ലോ. ലൈഫ് എൻജോയ് ചെയ്യാമെടോ. വിദേശത്തു കഴിയുന്ന ആളല്ലേ. നിനക്ക് ഇഷ്‌ടം പോലെ ജീവിക്കാം. അവരുടെ ലൈഫും അങ്ങനെയൊക്കെ ആയിരിക്കുമല്ലോ. നീ ഇനി കൂടുതലൊന്നും ആലോചിക്കേണ്ട. യെസ് പറഞ്ഞേക്കൂ.”

രാജ്‍വിയുടെ മനസ്സിലുള്ള കാര്യം തന്നെയാണ് കവിതയും പറഞ്ഞത്. അതുകൊണ്ട് അവൾ ആ വിവാഹത്തിനു സമ്മതിച്ചു.

പയ്യൻ വിദേശത്തു നിന്നു അടുത്ത ആഴ്ച നാട്ടിലെത്തുമ്പോൾ പെണ്ണു കാണൽ നിശ്ചയിച്ചു. ഇന്ത്യൻ സംസ്കാരത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി വേണം. സുന്ദരി ആയിരിക്കണം. ആധുനിക ചിന്താഗതി വേണം. ഇതൊക്കെയാണ് കക്ഷിയുടെ ഡിമാന്‍റുകൾ. പിന്നെ ഇന്ത്യൻ ഭക്ഷണം ഉണ്ടാക്കാൻ കഴിയുമെങ്കിൽ വളരെ സന്തോഷം.

അക്ഷയ് എന്നാണ് പയ്യന്‍റെ  പേര്. അയാൾ നാളെ എത്തുമെന്നും വൈകിട്ട് ഹോട്ടൽ ശാലിഗ്രാമിൽ വച്ച് പെണ്ണു കാണൽ നടത്താമെന്നും നീന അറിയിച്ചു. “വൈകിട്ട് 6 മണിയാകുമ്പോഴേക്കും എത്തണം. ഡിന്നർ കഴിച്ചു പിരിയാം. നല്ല സാരി ഉടുത്ത് വന്നാൽ മതി.” നീന പറഞ്ഞു.

“സാരി? ജീൻസോ ചുരിദാറോ പോരെ?”

“സാരി ഉടുക്കുമ്പോഴാണ് ഒരു പെണ്ണ് ഏറ്റവും സുന്ദരി ആവുക. അതു മാത്രം മനസ്സിൽ കരുതി വന്നാൽ മതി.”

“ശരി അങ്ങനെ വരാം.” രാജ്‍വി സമ്മതം മൂളി.

വൈകിട്ട് ഇളം പിങ്ക് സാരി ഉടുത്ത് ഹോട്ടലിന്‍റെ ലോഞ്ചിലെത്തുമ്പോൾ സോഫയിൽ അക്ഷയ് ഇരിപ്പുണ്ടായിരുന്നു.

രാജ്‍വിയുടെ ഫോട്ടോ അക്ഷയ് കണ്ടിട്ടില്ലായിരുന്നു. നീന മനപൂർവ്വം അയച്ചു കൊടുക്കാതിരുന്നതാണ്. രാജ്‍വിയെ കണ്ടാൽ അക്ഷയിന് ഇഷ്‌ടപ്പെടുമെന്ന് ഉറപ്പാണ്. അതിനാൽ ഒരു സർപ്രൈസ് ആകട്ടെ എന്നു കരുതി. നീനയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം രാജ്‍വി ലോഞ്ചിലേക്ക് കടന്നു വന്നപ്പോൾ അക്ഷയ് അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയി. ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ അയാൾ ഇതുവരെ കണ്ടിട്ടില്ല.

കുടുംബാംഗങ്ങളൊത്തുള്ള ഔപചാരിക സംഭാഷണം കഴിഞ്ഞപ്പോൾ അവർ രാജ്‍വിയെയും അക്ഷയെയും മാത്രമാക്കി പുറത്തേക്കു മാറി നിന്നു.

അക്ഷയ് ഇരിക്കുന്ന സോഫയിലേക്ക് ഇരിക്കാൻ അയാൾ അവളെ ക്ഷണിച്ചു. അൽപം മേക്കപ്പ് ഇട്ടിട്ടുണ്ടെങ്കിലും അവൾ താൻ വിചാരിച്ചതിലും അതീവ സുന്ദരിയാണ്. അക്ഷയിന് സന്തോഷം തോന്നി, ഒപ്പം ചെറുതല്ലാത്ത ആശങ്കയും. ഇനി ഇവൾക്ക് തന്നെ ഇഷ്‌ടപ്പെടാതെ വന്നാൽ! ഇവൾക്ക് തന്നെ ഇഷ്‌ടപ്പെട്ടാൽ തീർച്ചയായും ഒരു മേക്കോവർ താൻ ചെയ്യേണ്ടി വരും. അക്ഷയ് മനസ്സിലോർത്തു.

രാജ്‍വിക്ക് അയാളുടെ സംഭാഷണ രീതി നന്നായി ഇഷ്‌ടപ്പെട്ടു. സൗന്ദര്യം അത്ര ഇല്ലെങ്കിലും വ്യക്‌തി പ്രഭാവം ആവോളം ഉണ്ട്. വാക്കുകളിലെ ആത്മവിശ്വാസം മുഖത്തും ഉണ്ട്. കൂടിക്കാഴ്ചക്കു ശേഷം അക്ഷയ് സന്തോഷത്തോടെ രാജ്‍വിക്ക് ഹസ്തദാനം ചെയ്‌തു.

“രാജ്‍വി, തന്‍റെ  അഭിപ്രായം രണ്ടു ദിവസത്തിനകം അറിയാൻ കഴിയുമല്ലോ.”

“ഷുവർ, ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം.” അവർ അന്ന് ഡിന്നർ കഴിച്ചു പിരിഞ്ഞു.

രാജ്‍വിയുടെ അച്‌ഛനും അമ്മയ്‌ക്കും പയ്യനെ നന്നായി ഇഷ്‌ടപ്പെട്ടു. രാജ്‍വിക്കും. അവൾ അന്നു രാത്രി തന്നെ അയാളെ വിളിച്ചു.

“ഒരു കാര്യം കൂടി ചോദിച്ചോട്ടെ. വിവാഹം കഴിഞ്ഞാൽ എനിക്ക് പഠിക്കാൻ പോകാൻ പറ്റുമോ? ജോലിക്കു പോകുന്നതിൽ വിരോധമില്ലല്ലോ. അതൊക്കെ സമ്മതമാണെങ്കിൽ എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ്.”

“ഓഹ്! ഇതൊക്കെ ചോദിക്കേണ്ടതുണ്ടോ? ഞാൻ കൺസർവേറ്റീവ് ആയി ചിന്തിക്കുന്ന ആളല്ല രാജ്‍വി. ആധുനിക ലോകത്ത് പെൺകുട്ടികൾ പഠിപ്പുള്ളവരാണ്. അവർ ജോലിക്കും പോകും. അതൊക്കെ നല്ല കാര്യമല്ലേ? ഇഷ്‌ടം പോലെ ചെയ്‌തോളൂ” അക്ഷയ് പറഞ്ഞു.

രണ്ടു പേരും സമ്മതം അറിയിച്ചതോടെ വീട്ടിൽ കല്യാണത്തിരക്കായി. അക്ഷയ് മടങ്ങിപ്പോകും മുമ്പ് വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹം കഴിഞ്ഞ് നാലു ദിവസങ്ങൾക്കകം അക്ഷയ് അമേരിക്കയ്‌ക്ക് പറന്നു. അവിടെ എത്തിയ ശേഷം രാജ്‍വിയുടെ വിസ കാര്യങ്ങൾ ശരിയാക്കി. രണ്ട് മാസത്തിനകം രാജ്‍വിയെയും അയാൾ അമേരിക്കയിലേക്ക് കൊണ്ടു പോയി.

വിദേശ രാജ്യത്ത് അതിരില്ലാത്ത സ്വാതന്ത്യ്രത്തിന്‍റെ ലോകത്ത് പാറിപ്പറന്നുല്ലസിക്കാനുള്ള മോഹമാണ് രാജ്‍വിയിൽ മുന്നിട്ടു നിന്നത്. സൗന്ദര്യം കൊണ്ട് ഒട്ടും യോജിക്കാത്ത അക്ഷയിനോടുള്ള അകൽച്ച അവളുടെ മനസ്സിൽ നിന്ന് വിട്ടു പോയിട്ടുമില്ല. എങ്കിലും അവൾ പുതുമോടിയുടെ ലഹരി ആസ്വദിച്ചു. ഷോപ്പിംഗും പാർട്ടിയും യാത്രയും ഒക്കെയായി സ്വർഗ്ഗ സമാനമായ ദിനങ്ങളായിരുന്നു കഴിഞ്ഞു പോയത്.

ദാമ്പത്യം ഒരു മാസം പിന്നിട്ട സമയം വീട്ടിൽ ഭക്ഷണം വയ്‌ക്കുന്ന ശീലമൊന്നും ഇതുവരെ രാജ്‍വി ആരംഭിച്ചിട്ടില്ല. അവൾക്ക് ഇന്ത്യൻ ഭക്ഷണം മാത്രമായിരിക്കും ഉണ്ടാക്കാൻ അറിയൂ എന്ന് വിചാരിച്ച് അക്ഷയ് അതിനാവശ്യമായ സാധനങ്ങൾ വാങ്ങിക്കൊണ്ടു വന്നു. “രാജ്‍വി, നമുക്ക് ഇന്ന് ഇന്ത്യൻ ഡിഷ് ഉണ്ടാക്കിയാലോ? നിനക്ക് ഒത്തിരി മിസ് ചെയ്യുന്നുണ്ടാവുമല്ലോ.”

“ഓഹ്! ഇന്ത്യൻ ഡിഷ്? ചോറും കറിയും എനിക്ക് ഇഷ്‌ടമേയല്ല. നമുക്ക് അതൊന്നും വേണ്ട. അല്ലെങ്കിലും എനിക്ക് ഹോംലി ഫുഡ് എന്നൊക്കെയുള്ള സെന്‍റിമെന്‍റ്സ് ഒന്നും ഇല്ല. അടുക്കളയിൽ കയറി വിയർക്കാൻ എനിക്ക് ഒട്ടും ഇഷ്‌ടവുമില്ല.”

രാജ്‍വിയുടെ മറുപടി കേട്ട് അക്ഷയ് ഞെട്ടിപ്പോയി.

“നീ തമാശ പറയുകയാണോ? നോക്കൂ ഞാൻ ഇതൊക്കെ വാങ്ങിച്ചത് നിനക്കു വേണ്ടിയാണ്. പിന്നെ എനിക്കും ആഗ്രഹം തോന്നി. ചോറും കറിയും ഉണ്ടാക്കി ഇന്ത്യൻ സ്റ്റൈലിൽ ഫുഡ് കഴിക്കാൻ.

“ഓ… അക്ഷയ്! രണ്ട് ദിവസം കഴിഞ്ഞാൽ എനിക്ക് ക്ലാസ് തുടങ്ങും. ഇന്നു അടുക്കളയിലേക്ക് കയറി ഉള്ള സമയം കളയണോ?” അവൾ തെല്ല് ഈർഷ്യയോടെ ചോദിച്ചു.

“നമുക്ക് ഒരു ഹൗസ്മെയിഡിനെ വയ്ക്കാം. ഇന്ത്യൻ ഫുഡ് വയ്‌ക്കാൻ അറിയുന്ന ആരെയെങ്കിലും നോക്കാം. അല്ലെങ്കിൽ നിങ്ങൾ തന്നെ വച്ചോളൂ.”

രാജ്‍വിയുടെ ഭാവമാറ്റവും, സംസാരവും കണ്ടപ്പോൾ അക്ഷയിന്‍റെ  മനസ്സ് തകർന്നു. രാവിലെ ചായ ഉണ്ടാക്കാൻ പോലും മടിയാണ്. ബ്രേയ്‌ക്ക് ഫാസ്റ്റ് മിക്കവാറും റെഡിമെയ്ഡ് ഭക്ഷണം ആയിരിക്കും. തുടക്കമാണല്ലോ എന്നു കരുതി അതൊക്കെ അവഗണിച്ചു. പക്ഷേ രാജ്‍വിയുടെ തനി സ്വഭാവം ഇങ്ങനെയൊക്കെ ആണോ? അയാൾ ഒന്നും മിണ്ടിയില്ല.

രാവിലെ ഓഫീസിലേക്ക് യാത്ര ചെയ്യുമ്പോൾ അക്ഷയ് പതിവില്ലാതെ അസ്വസ്ഥനായി. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് കോളേജിൽ പോയിത്തുടങ്ങിയപ്പോഴാണ് അടുത്ത പ്രശ്നം വന്നത്. വളരെ സെക്‌സിലുക്ക് നൽകുന്ന ഷോർട്സും സ്ലീവ്ലസ് ടോപ്പും ഇട്ട് കോളേജിൽ പോകാൻ ഇറങ്ങിയപ്പോൾ അയാൾ അമ്പരന്നു പോയി. അക്ഷയ് അവളെ തടഞ്ഞു.

“ഇതെന്തു കോലമാണ്? നല്ല വസ്‌ത്രം ധരിച്ചു പോകൂ. പഠിക്കാൻ പോകുന്നതല്ലേ?”

“അതു ശരി, ഇന്നാട്ടിലെ ആളുകളൊക്കെ ഇതിലും സെക്‌സി ആയിട്ടാണല്ലോ വസ്‌ത്രം ധരിക്കുന്നത്. പിന്നെ എനിക്കു മാത്രമെന്താ പ്രത്യേകത? നിങ്ങൾ വലിയ മോഡേൺ ചിന്താഗതിക്കാരനാണെന്നാണല്ലോ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ? ഇത് അമേരിക്കയാണ്!”

“അതേ, ഇത് അമേരിക്ക തന്നെ. പക്ഷേ എനിക്ക് നിന്‍റെ  സുരക്ഷ പ്രധാനമാണ്. മോഡേൺ ആവുക എന്നാൽ നീ വിചാരിക്കുന്ന അർത്ഥമല്ല ഞാൻ നൽകുന്നത്.”

“ഓകെ. ആ അർത്ഥവും ചിന്തയുമൊന്നും എനിക്ക് മനസ്സിലാവില്ല. ഞാൻ ഒരു കിളവി ഒന്നും അല്ലല്ലോ. സാരിത്തുമ്പ് തലയിൽ ചുറ്റി നടക്കാൻ! ഇത് എന്‍റെ  സ്വന്തം ജീവിതമാണ്. ഞാൻ സുന്ദരി ആയതു കൊണ്ടല്ലേ നിങ്ങൾ എന്നെ വിവാഹം ചെയ്‌തത്? എങ്കിൽ ആ സൗന്ദര്യം പ്രദർശിപ്പിക്കുന്നതിൽ എന്താ കുഴപ്പം?”

രാജ്‍വിയുടെ ഈ ചോദ്യത്തിന് അക്ഷയ് മറുപടിയൊന്നും പറഞ്ഞില്ല.

അങ്ങനെ ദിവസം കഴിയുന്തോറും രണ്ടു പേർക്കിടയിൽ കലഹം കൂടി വന്നു. ഇനി എന്താണ് ചെയ്യുക?

അക്ഷയിന്‍റെ  മനസ്സ് അസ്വസ്ഥമായി. ഇങ്ങനെ പോയാൽ അപകടമാകുമെന്ന് അയാൾക്കറിയാം.

രാജ്‍വിയുടെ പുതിയ ഗ്രൂപ്പിൽ അമേരിക്കൻ യുവാക്കളും ഇന്ത്യൻ യുവാക്കളും ഉണ്ട്. അവർക്കൊപ്പം മാറിമാറി സിനിമ കണ്ടും ക്ലബ് പാർട്ടി എൻജോയ് ചെയ്‌തും അവൾ നടന്നു. ചിലപ്പോൾ രാത്രിയിൽ പോലും വീട്ടിലെത്തില്ല. കൂട്ടുകാരിക്കൊപ്പം പ്രൊജക്ട് ചെയ്യുകയാണെന്നു പറയും.

അക്ഷയ് വളരെ ദുഃഖിതനായി. അയാൾ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിച്ചെങ്കിലും ആ വാക്കുകൾക്ക് ചെവി കൊടുക്കാൻ അവൾ തയ്യാറായില്ല.

ബോയ്ഫ്രണ്ട്സിനെ വീട്ടിലേക്കും കൂട്ടിക്കൊണ്ടു വരാൻ തുടങ്ങിയപ്പോൾ അയാൾ ശരിക്കും ഗതികെട്ടു. അവളുടെ കൂട്ടുകാർ എന്ന നിലയിൽ അയാൾ പരമാവധി സഹിച്ചുവെങ്കിലും പലപ്പോഴും താൻ അപമാനിതനാവുന്നതായി അയാൾക്കു തോന്നി. അക്ഷയിന്‍റെ  ഇരുണ്ട നിറത്തെയും കണ്ണട വച്ച് ബുദ്ധിജീവി ലുക്കിനെയും എല്ലാം അവർ പരിഹസിക്കും.

ഒരു ദിവസം ഈ കാര്യങ്ങളെക്കുറിച്ചെല്ലാം അക്ഷയ് നീന ആന്‍റിയോട് ഫോൺ ചെയ്‌തു പറഞ്ഞു. ഇതു കേൾക്കവേ രാജ്‍വി ഫോൺ തട്ടിപ്പറിച്ചെടുത്ത് ഉറക്കെ കരയാൻ തുടങ്ങി.

“ആന്‍റി അല്ലേ പറഞ്ഞത് എനിക്ക് ഇവിടം സ്വർഗ്ഗമായിരിക്കുമെന്ന്! എന്നിട്ടെന്താ? നിങ്ങളുടെ മരുമകൻ എന്നെ വീട്ടിലെ പണിക്കാരിയാക്കാൻ ആഗ്രഹിക്കുന്നു. ഞാൻ സ്വാതന്ത്യ്രത്തോടെ നടക്കുന്നത് ഇഷ്‌ടവുമല്ല.”

അതു കേട്ടപ്പോൾ അക്ഷയ് ഞെട്ടിപ്പോയി. ഇനി ഒരു കാര്യത്തിലും രാജ്‍വിയെ വിലക്കുന്ന പ്രശ്നമേയില്ല എന്ന് അതോടെ അയാൾ ഉറപ്പിച്ചു. അവനവന് തോന്നുന്ന പോലെ ജീവിക്കാൻ അയാൾ അവളോട് പറഞ്ഞു.

കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയി. ഇതിനിടെ അക്ഷയ് അക്കാര്യവും ശ്രദ്ധിച്ചു. രാജ്‍വിക്ക് താനുമായി ശാരീരികബന്ധം പുലർത്താൻ പോലും താൽപര്യമില്ലാതായിരിക്കുന്നു. അവളുടെ മുഖത്തെ തിളക്കം കുറഞ്ഞു. ഭക്ഷണവും ഉറക്കവുമൊന്നും കൃത്യസമയത്തില്ലാത്തതു കൊണ്ടാകാം പഴയ ചൈതന്യം നഷ്‌ടമായതു പോലെ.

ഒരു ദിവസം രാത്രി മൂന്നു മണിയോടടുപ്പിച്ച് അക്ഷയിന് ഫോൺകാൾ വന്നു. രാജ്‍വിയുടെ ഫോണിൽ നിന്ന് മറ്റാരോ വിളിക്കുന്നു.

“നിങ്ങളുടെ ഭാര്യ മദ്യപിച്ച് ലക്കുകെട്ട് വഴിയിൽ കിടക്കുന്നു. അവരെ ആരോ ബലാത്സംഗം ചെയ്‌ത് ഉപേക്ഷിച്ചതാണെന്നു സംശയമുണ്ട്. സെൻട്രൽ മാർക്കറ്റിനടുത്ത ഹോട്ടലിനടുത്തു നിന്നാണ് വിളിക്കുന്നത്.” കൂടുതൽ കേൾക്കാനുള്ള ശേഷി അക്ഷയിനുണ്ടായിരുന്നില്ല. അയാൾ വേഗം കാറുമായി പുറത്തേക്കു പാഞ്ഞു.

ആരോ വിളിച്ചറിയിച്ചതനുസരിച്ച് പറഞ്ഞ സ്‌ഥലത്ത് അക്ഷയ് എത്തുമ്പോൾ രാജ്‍വി റോഡരുകിൽ അവശയായി കിടക്കുന്നുണ്ടായിരുന്നു. കീറിപ്പറിഞ്ഞ വസ്‌ത്രങ്ങളും ചോര പൊടിഞ്ഞ ശരീരവുമായി അവൾ സഹായത്തിനായി വിലപിക്കുന്നു.

മദ്യലഹരിയിൽ ആയതിനാൽ എഴുന്നേറ്റിരിക്കാൻ പോലും കഴിയുന്നില്ല. പ്ലീസ്… ഹെൽപ്പ് മീ…. എന്നു മാത്രം ഉരുവിട്ടു കൊണ്ടിരിക്കുകയാണ്.

ആ പരിസരത്ത് രണ്ടോ മൂന്നോ ആളുകൾ ഉണ്ടായിരുന്നതൊഴിച്ചാൽ തീർത്തും വിജനം.

“ആ ഹോട്ടലിൽ പാർട്ടി ഉണ്ടായിരുന്നു. ഇവരുടെ ഫ്രണ്ട്‌സ് ആണെന്നു തോന്നുന്നു. കുറെ പയ്യന്മാരാണ് ഇവിടെ കൊണ്ടു വിട്ടത്. പോലീസിനെ അറിയിക്കണോ?”

“ഏയ് വേണ്ട”

പോലീസിനെ വിളിച്ചിട്ട് എന്തു ചെയ്യാൻ? അക്ഷയ് അവളെ കാറിലേക്ക് കിടത്തി വീട്ടിലേക്ക് വണ്ടിയോടിച്ചു പോയി. അവളുടെ കോലം കണ്ടപ്പോൾ അയാളുടെ ചങ്ക് തകർന്നു പോയി. എത്ര വന്നാലും തന്‍റെ സഹധർമ്മിണി അല്ലേ. അയാൾ കുടുംബ ഡോക്ടറെ വിളിച്ചു വരുത്തി ഫസ്‌റ്റ് എയ്ഡ് കൊടുത്തു. അവളുടെ മുഖത്തും ശരീരത്തും ചുവന്ന പാടുകൾ ഉണ്ടായിരുന്നു.

പിറ്റേന്ന് ശരിക്കും ബോധം വീണ്ടു കിട്ടിയപ്പോൾ തലേന്ന് ഉണ്ടായ സംഭവത്തെ കുറിച്ചോർത്ത് കരയാൻ തുടങ്ങി. അക്ഷയ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല. കരയട്ടെ! കുറച്ചു നേരം. വീട്ടുജോലിക്കാരി മായയുടെ സഹായത്തോടെ രാജ്‍വിയെ കുളിപ്പിച്ച് ഡ്രസ് മാറ്റിച്ചു. ഭക്ഷണവും കഴിപ്പിച്ചു.

“വരൂ, ആശുപത്രിയിൽ പോകാം” അയാൾ വിളിച്ചു.

“വേണ്ട എനിക്ക് പോവണ്ട. എല്ലാം ഒ.കെ ആവും.” രാജ്‍വി പറഞ്ഞു.

രാജ്‍വി എന്തോ ഒളിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അക്ഷയിന് മനസ്സിലായി. ഇനി അവൾ ഗർഭിണിയോ മറ്റോ ആണോ? അതേ കുറിച്ച് നേരത്തെ സംസാരിച്ചപ്പോൾ അഞ്ചു വർഷം കഴിഞ്ഞു മതിയെന്നാണല്ലോ രാജ്‍വി പറഞ്ഞത്. കരിയർ ഉണ്ടാക്കണം ലൈഫ് അടിച്ചു പൊളിക്കണം എന്നിട്ടു മതി കുഞ്ഞ് എന്നായിരുന്നു മറുപടി.

പിന്നെന്താണ് അവൾക്ക് സംഭവിച്ചത്. ഇനി ശരിക്കും ബലാത്സംഗം നടന്നോ? ഇവളുടെ സമ്മതമില്ലാത്ത വേഴ്ച ആവുമോ? അക്ഷയ് മനസ്സിൽ ഇങ്ങനെ പലതും ചിന്തിച്ചു. താൻ എന്തൊക്കെ സ്വപ്നം കണ്ടാണ് കുടുംബ ജീവിതത്തിലേക്ക് കടന്നത്.

രണ്ട് ദിവസം കഴിഞ്ഞ് അക്ഷയ് ഒരു വൈകുന്നേരം വീട്ടിലെത്തുമ്പോൾ രാജ്‍വി ബോധശൂന്യയായി കിടക്കുന്നു. അവൾക്ക് കടുത്ത പനിയും ഉണ്ടായിരുന്നു. അക്ഷയ് അവളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

റിപ്പോർട്ടു വന്നപ്പോൾ അക്ഷയ് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. അവൾ ഗർഭിണിയാണ്. ആന്തരിക രക്‌തസ്രാവവും ഉണ്ട്. അണുബാധയോ പകർച്ചവ്യാധിയോ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

മുഖം പൊത്തി ആരും കാണാതെ അക്ഷയ് കരഞ്ഞു. എന്തു പറ്റി രാജ്‍വിക്ക്! രോഗം തുടക്കത്തിലെ കണ്ടെത്തിയിരുന്നുവെങ്കിൽ ബ്ലീഡിംഗ് ഉണ്ടാവില്ലായിരുന്നു. ഇതെന്തുപറ്റി രാജ്‍വി നിനക്ക്? എന്‍റെ  സ്നേഹത്തിൽ നിനക്ക് തൃപ്തി തോന്നിയില്ലെങ്കിൽ പറയാമായിരുന്നില്ലേ. സ്നേഹത്തിനും കാമത്തിനും വേണ്ടിയാണോ നീ അലഞ്ഞുതിരിഞ്ഞത്?

ഡോക്ടർ അയാളെ ആശ്വസിപ്പിച്ചു, “മിസ്‌റ്റർ അക്ഷയ് , നിങ്ങൾ വിഷമിക്കേണ്ടതില്ല. നമുക്ക് നല്ല ചികിത്സ കൊടുക്കാം. എല്ലാം ശരിയാകും.”

മികച്ച ചികിത്സയും അക്ഷയിന്‍റെ  പരിചരണവും കൂടിച്ചേർന്നപ്പോൾ രാജ്‍വി തന്‍റെ രോഗാവസ്‌ഥയിൽ നിന്ന് മെല്ലെ കരകയറിത്തുടങ്ങി. അക്ഷയിന് ഈ അവസ്‌ഥയിലും തന്നോടുള്ള ശ്രദ്ധയും സ്നേഹവും കണ്ടപ്പോൾ രാജ്‍വിക്ക് കുറ്റബോധം തോന്നി.

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയപ്പോഴും ആ ശ്രദ്ധക്കും സ്നേഹത്തിനും ഒരു കുറവും ഉണ്ടായില്ല. അവളെ സന്തോഷിപ്പിക്കാൻ അയാൾ തനിക്കാവും വിധം ശ്രമിച്ചു കൊണ്ടിരുന്നു.

രാജ്‍വി തന്‍റെ തെറ്റുകളെക്കുറിച്ച് ഓരോ ദിവസവും ബോധവതിയായി തീർന്നു. എന്തൊക്കെ അപരാധങ്ങളാണ് താൻ അക്ഷയിനോട് പ്രവർത്തിച്ചത്. നിറത്തിന്‍റെ പേരിൽ പോലും എത്രമാത്രം അപഹസിച്ചു. ദേഷ്യവും വെറുപ്പും പ്രകടിപ്പിച്ചു.

സ്വന്തം സൗന്ദര്യത്തിന്‍റെ പേരിൽ മാത്രമല്ല ഇങ്ങനെയൊക്കെ പെരുമാറാൻ തനിക്ക് തോന്നിയത്. എന്നാൽ അക്ഷയ് എന്താണ് തനിക്ക് തിരിച്ചു തന്നത്. അവൾ കുറ്റബോധത്തിൽ നീറിപ്പിടഞ്ഞു.

അക്ഷയ് ആകട്ടെ, ഈ ദിനങ്ങളിൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് പെരുമാറുന്നത്. പഴയതുപോലെ തന്നെ സ്നേഹം പ്രകടിപ്പിക്കുന്നു.

തന്‍റെ തെറ്റുകൾ, മണ്ടത്തരങ്ങൾ അഹങ്കാരം ഇതെല്ലാം കണ്ടിട്ടും അക്ഷയ് തന്നെ സ്നേഹിക്കുന്നു. സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ താനോ? സ്വാതന്ത്യ്രം മോഹിച്ച പക്ഷിയായി താൻ പറന്നു നടക്കാൻ ശ്രമിച്ചതിന്‍റെ  ദുരന്തഫലങ്ങളോ ഇത്…!

ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞു. രാജ്‍വിയുടെ ആരോഗ്യനില തൃപ്തികരമായി. അവൾ തന്‍റെ തെറ്റു കുറ്റങ്ങൾക്ക് അക്ഷയോട് മാപ്പപേക്ഷിച്ചു.

“രാജ്‍വി, നീ എനിക്കൊപ്പം സന്തോഷത്തോടെയല്ല ഇതുവരെ ജീവിച്ചത് എന്ന കാര്യം എനിക്കറിയാം. നിന്‍റെ സൗന്ദര്യത്തിനു ചേരുന്ന മാച്ച് അല്ല ഞാൻ. വേണമെങ്കിൽ നിനക്കു വേണ്ടി ഇരുണ്ട നിറം മാറ്റാൻ പറ്റുമോ എന്നു നോക്കാം. എങ്കിലും നിനക്ക് ഇഷ്‌ടമുള്ള പാത തെരഞ്ഞെടുക്കുന്നതിൽ ഞാൻ എതിരല്ല.”

അക്ഷയ് പറയുന്നതു കേട്ട് രാജ്‍വി തലകുനിച്ചിരുന്നു.

“എനിക്ക് ഒരു ചങ്ങാതിയുണ്ട്. സഹപ്രവർത്തകനും കൂടിയാണ്. എന്‍റെ അതേ ജോലി. അത്രയും ശബളം. എന്നേക്കാൾ സുന്ദരൻ. നിന്നെപ്പോലെ വെളുത്തതും സ്വാതന്ത്യ്രം ആഗ്രഹിക്കുന്നയാളും ആണ് അവൻ. ഇന്ത്യക്കാരനാണ്. നിനക്ക് വേണ്ടി ഞാൻ അവനോട് സംസാരിക്കാം. ഇഷ്‌ടമായാൽ വിവാഹം ചെയ്യൂ.”

“അയ്യോ! എന്താണീ പറയുന്നത്?”

രാജ്‍വി കരഞ്ഞു പോയി. അക്ഷയ് ഇങ്ങനെയൊക്കെ ചിന്തിക്കുമെന്നും പറയുമെന്നും അവൾ പ്രതീക്ഷിച്ചതേയില്ല.

“ഇഷ്‌ടമില്ലാത്ത ഒരാളുടെ കൂടെ കഴിയുന്നതിലും ഭേദമല്ലേ അത്. എനിക്ക് എന്‍റെ രൂപം മാറ്റുക പ്രയാസമാണ്. അതിനാൽ നമുക്കിടയിലെ പ്രശ്നം എക്കാലവും നിലനിൽക്കുമല്ലോ!”

അവൾ ഞെട്ടിത്തരിച്ചു പോയി. പിന്നെ ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ ചുണ്ടുകളിൽ വിരൽ ചേർത്തു.

“അയ്യോ… ഇനി ഒന്നും പറയല്ലേ! എന്‍റെ  അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റുകൾ ആണ് എല്ലാം.”

“ഈ സൗന്ദര്യത്തിൽ ഞാൻ ഏറെ അഹങ്കരിച്ചു പോയി. എന്നെ ശിക്ഷിക്കാം. പക്ഷേ എന്നെ വിട്ടു പോകരുത്. ഇപ്പോൾ ഈ ലോകത്ത് നിങ്ങളെയാണ് ഞാൻ ഏറ്റവും സ്നേഹിക്കുന്നത്. അക്ഷയ് പ്ലീസ്, നിങ്ങളില്ലാതെ ഇനി എനിക്ക് ജീവിക്കാൻ വയ്യ! എന്നെ ഉപേക്ഷിക്കരുത്.”

അവൾക്ക് കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല. നിറഞ്ഞ കണ്ണുകൾ അവൾ തുടച്ചുമില്ല. രാജ്‍വിയുടെ സങ്കടം കണ്ടപ്പോൾ അക്ഷയിന് സഹിക്കാൻ കഴിഞ്ഞില്ല. അത്രയേറെ അവളെ താൻ സ്നേഹിക്കുന്നുണ്ടല്ലോ.

“ശരി…. എല്ലാം നിന്‍റെ ഇഷ്‌ടം.”

എന്നും പറയും പോലെ ഇപ്പോഴും അക്ഷയ് അങ്ങനെ തന്നെ പറയുന്നതു കേട്ട് അവൾക്ക് കടുത്ത സങ്കടം തോന്നി ഒപ്പം സന്തോഷവും. അവൾ അയാളുടെ തോളിൽ മുഖം ചായിച്ചു ചിരിക്കാൻ ശ്രമിച്ചു.

और कहानियां पढ़ने के लिए क्लिक करें...