ശില്പ കുളിച്ചൊരുങ്ങി തയ്യാറായി വന്ന ശേഷം 5 മാസം പ്രായമുള്ള സിയയെ മടിയിലിരുത്തി കൊഞ്ചിച്ചു കൊണ്ടിരുന്നു. അവൾ ജനിച്ച ശേഷം ഇന്നാദ്യമായി ഓഫീസിൽ പോവുകയായിരുന്നുവെങ്കിലും മോളെ പിരിഞ്ഞിരിക്കുന്നതിൽ ശില്പ അങ്ങേയറ്റം വേദനിച്ചു. പക്ഷേ അവധി കഴിഞ്ഞിരിക്കുന്നു. ഓഫീസിൽ പോയേ പറ്റൂ. ആറ് മാസത്തെ അവധിയായിരുന്നുവല്ലോ.

ശില്പ സിയയെ മടിയിലിരുത്തി കൊഞ്ചിക്കുന്നത് കണ്ടുകൊണ്ട് വന്ന മനീഷ് ചിരിച്ചു, “എന്തുപറ്റി?”

“മോളെ വിട്ടിട്ട് പോകാൻ മനസ്സു വരുന്നില്ലാ?” ശില്പ സിയയുടെ മുഖം സ്വന്തം മുഖത്തോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

“അതെ ഐ ക്യാൻ അണ്ടർസ്റ്റാൻഡ്. പക്ഷേ സിയയെയോർത്ത് നീ ടെൻഷനടിക്കണ്ട. അമ്മയും അച്‌ഛനുമുണ്ടല്ലോ. പിന്നെ ലതചേച്ചിയുമുണ്ടല്ലോ. അവളിവിടെ സുഖമായി ഇരിക്കും. അല്ലേ മോളെ…” മനീഷ് സിയയുടെ കുഞ്ഞുകവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

മനീഷിന്‍റെ അച്‌ഛൻ ദിനേശനും അമ്മ സരസ്വതിയും ശില്പയെ ആശ്വസിപ്പിച്ചു. “ശില്പ, നീ വിഷമിക്കണ്ട. ഈ കുഞ്ഞിപ്പെണ്ണ് ഇവിടെ സുഖമായിരിക്കും. ഞങ്ങളുണ്ടല്ലോ.”

ഓഫീസിൽ പോകാൻ സമയമായതോടെ ശില്പ മനസ്സില്ലാമനസ്സോടെ സിയയെ അമ്മയുടെ കയ്യിൽ കൊടുത്ത ശേഷം സങ്കടത്തോടെ ചിരിച്ചു. പുറത്തേക്ക് ഇറങ്ങിയ ശേഷം ശില്പ  സിയയെ തിരിഞ്ഞു നോക്കി. തന്നെ ഉറ്റു നോക്കുന്ന ആ കുഞ്ഞു കണ്ണുകളെ നോക്കിയപ്പോൾ ശില്പയുടെ മനസ്സു പിടഞ്ഞു. കണ്ണുകളിൽ നനവു പടർന്നു. പക്ഷേ ഈ സമയത്ത് ഇത്രയും വികാരാധീനയായിട്ട് കാര്യമില്ലല്ലോ. ഓഫീസിൽ പോയേ പറ്റൂ.

അവൾ ബാഗും തൂക്കി മനീഷിനൊപ്പം കാറിൽ കയറി. വീട്ടിൽ നിന്നും 13 കിലോമീറ്റർ ദൂരത്തായിരുന്നു ശില്പയുടെ ഓഫീസ്. മനീഷിന്‍റേത് 8 കിലോമീറ്റർ ഇപ്പുറവുമായതിനാൽ അയാൾ അവളെ ബസ്സ്റ്റാന്‍റിൽ ഇറക്കി. വഴിയിലുടനീളം ഓഫീസിനെക്കുറിച്ചും സിയയെക്കുറിച്ചുമുള്ള ചിന്തകളിലുമായിരുന്നു ശില്പ. തിരക്കുപിടിച്ച ബസ്സായതിനാൽ അവൾക്ക് ഇരിക്കാൻ സീറ്റ് കിട്ടിയില്ല. ചിന്തകളിൽ മുഴുകിയിരുന്നതിനാൽ ആ നിലവിലുള്ള അസ്വസ്ഥതയും തിരക്കുമൊന്നും അവളെ തെല്ലും അലട്ടിയിരുന്നുമില്ല. അവളുടെ മനസ്സ് ആകുലതകൾ കൊണ്ട് നിറഞ്ഞു.

പ്രശസ്തമായ ഒരു കോസ്മെറ്റിക്ക് കമ്പനിയിലെ എക്സ്പോർട്ട് മാനേജരായിരുന്നു ശില്പ. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമുള്ള ജോലി. ഹൃദ്യമായ സ്വഭാവവും പെരുമാറ്റവും കൊണ്ട് വീട്ടിലും ഓഫീസിലുമായുള്ള അവളുടെ ജീവിതം ഇതുവരെ സുഖകരമായാണ് പോയിക്കൊണ്ടിരുന്നത്. പക്ഷേ ഇന്ന് എന്തു കൊണ്ടോ സിയയുടെ ജനനശേഷം ആദ്യമായി ഓഫീസിലെത്തിയപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു കൊണ്ടിരുന്നു.

ഓഫീസിലെത്തിയ ശില്പ അൽപം ജാള്യതയോടെ ചുറ്റിലും കണ്ണോടിച്ചു. പഴയ സഹപ്രവർത്തകരിൽ ചിലർ ഓടി വന്ന് ശില്പയെ അഭിനന്ദിച്ചു. മകളുടെ വിവരങ്ങൾ ആരാഞ്ഞ ശേഷം അവർ സ്വസ്ഥാനങ്ങളിൽ പോയി ജോലിയിൽ മുഴുകി. ഏറെ ഉത്തരവാദിത്വങ്ങളുള്ള ചുമതലയായിരുന്നു ശില്പ വഹിച്ചിരുന്നത്. ഓരോ പ്രൊഡക്റ്റും അതുവരെ അപ്രൂവ് ചെയ്തിരുന്നത് ശില്പയാണ്.

ജോലിയിലുള്ള അവളുടെ പ്രാഗത്ഭ്യത്തിലും അർപ്പണ മനോഭാവത്തിലും ബോസ് ശുഭ ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. അവളുടെ കഴിവിലുള്ള ആത്മവിശ്വാസം മൂലം സ്വന്തം ചില ഉത്തരവാദിത്തങ്ങളും കൂടി ശുഭ ശില്പയെ ഏൽപിക്കുമായിരുന്നു. അവൾ അതൊക്കെ സന്തോഷപൂർവ്വം ചെയ്ത് കൊടുക്കുകയും ചെയ്യുമായിരുന്നു. അത്തരം സന്ദർഭങ്ങളിലൊക്കെ ശുഭ അവളെ അഭിനന്ദിക്കും. “ശില്പ നീ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇത്രയും ജോലി ഒറ്റയ്ക്ക് ചെയ്യേണ്ടി വരുമായിരുന്നു. നീയുള്ളതു കൊണ്ട് ടെൻഷനില്ല. വെൽഡൺ ഡിയർ.”

ബോസിന്‍റെ അത്തരം അഭിനന്ദന ങ്ങൾ അവളെ ആഹ്ലാദിപ്പിച്ചു. അതിലേറെ അവൾക്ക് സ്വന്തം കഴിവിൽ മതിപ്പും അഭിമാനവും തോന്നി. കർക്കശക്കാരിയായിരുന്ന ബോസിന്‍റെ അഭിനന്ദനങ്ങൾ കേൾക്കുകയെന്നത് അവളെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമായിരുന്നു. അതുകൊണ്ട് ബോസിന്‍റെ ജോലിയും വളരെ കണിശതയോടെ ചെയ്‌തിരുന്നു. അതൊന്നും അവൾക്ക് ബുദ്ധിമുട്ടായി തോന്നിയിരുന്നുമില്ല.

ഓഫീസിലെ സ്വന്തം ഇരിപ്പിടത്തിൽ എത്തിയപ്പോൾ ശില്പയുടെ മനസ്സ് പഴയതു പോലെ ഊർജ്ജസ്വലമായി. കർത്തവ്യബോധം ഉള്ളിലുണ്ടാക്കിയ ഉത്സാഹതിമിർപ്പിൽ അവൾ ജോലിയിൽ മുഴുകി. ബോസുമായുള്ള ഔപചാരികമായി വർത്തമാനത്തിനു ശേഷം അവൾ സ്വന്തം ജോലി തുടർന്നു. ഇനി ഒരു മാസം കഴിഞ്ഞാണ് പുതിയ പ്രൊഡക്റ്റ് ലോഞ്ച് ചെയ്യുക. ശില്പ പ്രൊഡക്റ്റിനെ സംബന്ധിച്ചുള്ള ചില വിശദാംശങ്ങൾ ആരായാൻ വേണ്ടി ശുഭയുടെ ക്യാബിനിൽ ചെന്നു.

“ശില്പ, പുതിയൊരു കുട്ടി വന്നിട്ടുണ്ട് റോമ, ഞാനവൾക്ക് ഈ അസൈൻമെന്‍റ് കൊടുത്തല്ലോ.”

“മാഡം, അത് ഞാനല്ലേ ചെയ്തിരുന്നത്.”

“സാരമില്ല. അതിനിത്തിരി ടൈം വേണ്ട ജോലിയാണ്. ശില്പയ്ക്കിനി അത്രയും നേരം ഓഫീസിലിരിക്കാനാവില്ലല്ലോ.” ശുഭ കണ്ണുയർത്താതെ കമ്പ്യൂട്ടർ മോണിറ്ററിലേക്ക് നോക്കി കൊണ്ട് ശില്പയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.

“അങ്ങനെയല്ല മാഡം. ജോലി ചെയ്യേണ്ടി വന്നാൽ അത് ചെയ്തല്ലേ പറ്റൂ.”

ശില്പയുടെ മനസ്സിനുള്ളിൽ എന്തോ തകർന്നുടയുന്നതു പോലെ തോന്നി. ഓരോ പ്രൊഡക്റ്റിന്‍റെയും വിശദാംശങ്ങൾ എടുക്കാനും അത് കൃത്യതയോടെ രേഖപ്പെടുത്താനുമൊക്കെ മുമ്പ് രാപ്പകലെന്നില്ലാതെ ജോലി ചെയ്തിരുന്ന കാര്യം അവൾ വേദനയോടെ ഓർത്തു. ഇപ്പോൾ ഈ ആ ജോലി ചെയ്യാൻ കഴിയില്ലെന്നാണോ?

മോൾക്കു വേണ്ടി വീട്ടിൽ കൃത്യസമയത്ത് എത്തണമെന്നത് പ്രധാനമാണെങ്കിലും ജോലിയിൽ നിന്നും കിട്ടുന്ന മാനസിക സന്തോഷത്തിനും അവൾ വില കൽപിച്ചിരുന്നു. പക്ഷേ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതു പോലെ അവൾ നിശബ്ദയായി ക്യാബിൻ വിട്ടിറങ്ങി. മനസ്സിൽ വല്ലാത്ത അപമാനഭാരം.

ശില്പ ചുറ്റും കണ്ണോടിച്ചു. പെട്ടെന്ന് അവൾ കപിലിനെ ശ്രദ്ധിച്ചു. രാവിലെ വന്നപ്പോൾ പോലും അവനെ കണ്ടില്ലല്ലോ. കപിലിനെപ്പറ്റി ഓർത്തപ്പോൾ  തന്നെ അവളുടെ മനസ്സിൽ ചിരി നിറഞ്ഞു. ഓഫീസിലെ തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണവൻ.

എപ്പോഴും ചിരിയുമായി കപിൽ സദാ നേരവും തനിക്കു ചുറ്റുമുണ്ടാകും. അതുകൊണ്ട് ജോലിഭാരം കൊണ്ട് ഉണ്ടാകുന്ന ടെൻഷനും മുഷിച്ചിലുമൊന്നും അവളറിഞ്ഞിരുന്നില്ല. അവൾ വിവാഹിതയും പിന്നീട് ഗർഭിണിയുമായിരുന്നിട്ടു പോലും കപിൽ വളരെ സ്വതന്ത്രമായാണ് അവളോട് ഇടപെട്ടിരുന്നത്. എപ്പോഴും അവൾക്കരികിൽ കപിലുമുണ്ടാകും.

ഉച്ചയായപ്പോൾ ശില്പ നേരെ കാന്‍റീനിലേക്ക് നടന്നു. കാന്‍റീനിൽ നിന്നും കഴിക്കാമെന്ന് കരുതിയതിനാൽ അവൾ ലഞ്ച് കൊണ്ടു വന്നിരുന്നില്ല. അവിടെ ഒരു ഒഴിഞ്ഞ ടേബിളിൽ കപിൽ ഇരിക്കുന്നത് കണ്ട് ശില്പയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

“കപിൽ…”

“ങ്ഹാ നീയോ? സുഖമാണോ?”

“സുഖമാണടാ. നിന്നെ രാവിലെയൊന്നും കണ്ടതേയില്ലല്ലോ?”

“എടാ, നീ പറ നിന്‍റെ വിശേഷമെന്താ?”

“എനിക്കും സുഖം തന്നെ. നിന്‍റെ മോൾ എങ്ങനെയുണ്ട്?”

“അവൾ സുഖമായിരിക്കുന്നു. വാ നമുക്ക് ലഞ്ച് കഴിക്കാം.”

“ങ്ഹാ, നീ പോയി കഴിച്ചോ. ഞാൻ ദാ ഇപ്പോ വരാം.” എന്നു പറഞ്ഞു കൊണ്ട് കപിൽ പെട്ടെന്ന് പുറത്തേക്ക് നടന്നു പോയി.

കപിലിന്‍റെ പെരുമാറ്റത്തിലെ മാറ്റം കണ്ടിട്ട് ശില്പയ്ക്ക് അദ്ഭുതം തോന്നി. വളരെ അളന്ന് തൂക്കിയുള്ള സംസാരം. വാക്കുകളിൽപ്പോലും നിഴലിക്കുന്ന കൃത്യമായ അകൽച്ച. വളരെ ഔപചാരികമായ സംസാരം. ഇത് ആ പഴയ കപിൽ തന്നെയാണോ?

അവൻ മുമ്പ് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ. ശില്പ പഴയൊരു സഹപ്രവർത്തകക്കൊപ്പം ലഞ്ച് കഴിക്കാനിരുന്നു. ശില്പ ഓഫീസിൽ ഇല്ലാതിരുന്ന സമയത്തെ പുതിയ വിശേഷങ്ങളെക്കുറിച്ചും വാർത്തകളെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലും ശില്പ അൽപം ദൂരെ മാറിയിരിക്കുന്ന കപിലിനെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

പുതിയതായി എത്തിയ സ്റ്റാഫുകൾക്കിടയിലിരുന്ന് കപിൽ ഓരോ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് അവൾ ഒരു നെടുവീർപ്പോടെ നോക്കി കൊണ്ടിരുന്നു. ഇതിനിടെ അവൾ വീട്ടിൽ അമ്മായിയമ്മയെ വിളിച്ച് മകളുടെ സുഖ വിവരങ്ങൾ ആരാഞ്ഞു. അതിനു ശേഷം അവൾ സ്വന്തം ജോലികളിൽ മുഴുകി.

വൈകുന്നേരം 6 മണിയായപ്പോൾ ശില്പ ഓഫീസിൽ നിന്നിറങ്ങി നേരെ ബസ്സ്റ്റോപ്പിലേക്ക് നടന്നു. മുമ്പ് വളരെ അപൂർവ്വമായിട്ടേ ശില്പ ഓഫീസിൽ നിന്നും 6 മണിക്ക് ഇറങ്ങിയിരുന്നുള്ളൂ. ആ സമയത്തും ജോലി തീരുമായിരു ന്നില്ല. ഇന്ന് അങ്ങനെ പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നുമില്ല.

വീട്ടിലേക്കുള്ള മടക്കയാത്രയിൽ ശില്പ പലവിധ ചിന്തകളിൽ മുഴുകി. ഏതാനും മാസത്തെ അവധിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയിട്ടും എന്തുകൊണ്ടാണ് ഓഫീസിന്‍റെ അന്തരീക്ഷവുമായി തനിക്ക് പൊരുത്തപ്പെടാൻ കഴിയാത്തതെന്ന് ശില്പ ആലോചിച്ചു കൊണ്ടിരുന്നു.

ഒരു പക്ഷേ സിയമോളെ പിരിഞ്ഞിരിക്കുന്നതിന്‍റെ വിഷമം കാരണമാകാം. അല്ലെങ്കിൽ ഓഫീസിലെ അന്തരീക്ഷത്തിനുണ്ടായ വിചിത്രമായ മാറ്റമായിരിക്കുമോ. മുമ്പ് കപിൽ തന്നോട് എന്തു മാത്രമാണ് വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നത് ഏത് കാര്യവും അവൻ ഏറ്റവുമാദ്യം പങ്കുവച്ചിരുന്നത് തന്നോടായിരുന്നുവെന്ന കാര്യം അവൾ വേദനയോടെ ഓർത്തു.

ഓഫീസിൽ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അതുകൊണ്ട് അവൾ അറിഞ്ഞിരുന്നില്ല. എത്ര തിരക്കു പിടിച്ച ജോലി പോലും വളരെ ഈസിയായി അവൾ ചെയ്‌ത് തീർത്തിരുന്നു. അതിനെല്ലാം കപിലിന്‍റെ സ്നേഹ നിർഭരമായ പിന്തുണയും പരിഗണനയുമൊക്കെയുണ്ടായിരുന്നു.

ഇത്രയും ദിവസത്തെ അവധിക്ക് ശേഷം കാണുമ്പോൾ അവനോട് എന്തെല്ലാം വിശേഷങ്ങളാണ് പറയാൻ താൻ കാത്തു വച്ചിരുന്നതെന്നവൾ വല്ലാത്തൊരു ഹൃദയനോവോടെ ഓർത്തു. ഉള്ളിലുയർന്ന തേങ്ങൽ അവൾ കടിച്ചമർത്തി. ഇത്രയും നാളിനു ശേഷം കാണുന്നതു കൊണ്ട് കപിൽ ഓടി വന്ന് വിശേഷങ്ങളോരൊന്നും പറയുമെന്നായിരുന്നു ശില്പയുടെ പ്രതീക്ഷ.

5 മാസം അവധിയിലായിരുന്നപ്പോൾ തുടക്കനാളുകളിൽ കപിൽ ഇടയ്ക്കിടെ ശില്പയെ ഫോൺ ചെയ്‌ത് വിവരങ്ങൾ തിരക്കുമായിരുന്നു. പിന്നീടത് കുറഞ്ഞ് ഇല്ലാതായി. ചിലപ്പോൾ ശില്പ അവന് എന്തെങ്കിലും മെസേജ് ചെയ്താലും വളരെ വൈകിയാവും അതിന് മറുപടി ലഭിക്കുക. പിന്നീട് പ്രസവവും സിയമോളുടെ പരിചരണവുമൊക്കെയായി തിരക്കിലായതോടെ ശില്പയും ആരേയും ഫോൺ ചെയ്യാതെയായി.

പുതിയ പ്രൊഡക്റ്റ് ലോഞ്ചിംഗിന്‍റെ ജോലി അവൾ ഏറെ പ്രതീക്ഷയോടെയും ഉത്സാഹത്തോടെയുമാണ് കണ്ടിരുന്നത്. പക്ഷേ എന്ത് ചെയ്യാനാണ്? ശുഭയുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂ.

വൈകുന്നേരം ഓഫീസിൽ നിന്നും മടങ്ങിയെത്തിയ ശില്പ വീട്ടിൽ അച്‌ഛന്‍റെയും അമ്മയുടെയും അവസ്‌ഥ കണ്ട് വിഷമിച്ചു നിന്നു. സിയയെ പരിചരിച്ച് ഒറ്റ ദിവസം കൊണ്ട് ഇരുവരും തളർന്നു പോയിരുന്നു.

മുഴുവൻ ദിവസം അമ്മയിൽ നിന്നും ആദ്യമായിട്ടാണ് സിയ അകന്നു നിൽക്കുന്നത്. “സിയമോളെ” എന്ന് ശില്പ വിളിച്ചയുടനെ സിയ പെട്ടെന്ന് ശബ്ദം വന്ന ദിക്കിലേക്ക് നോക്കി, “അമ്മ ഇപ്പോ വരാം” എന്നു പറഞ്ഞ ശേഷം ശില്പ മുഖവും കൈകളും കഴുകി തുടച്ച ശേഷം സിയയെ വാരി എടുത്ത് നെഞ്ചോട് ചേർത്തു പിടിച്ച് ബെഡ്റൂമിലേക്ക് പോയി.

സിയയെ നെഞ്ചോട് ചേർത്ത് അവൾ ബെഡിൽ കിടന്നു. എന്തുകൊണ്ടോ ശില്പയുടെ കണ്ണുകൾ ഈറനായി.

“അമ്മേ, എങ്ങനെയുണ്ടായിരുന്നു, മോൾ വാശിപിടിച്ചില്ലല്ലോ?” അമ്മായിയമ്മ മുറിയിൽ വന്നയുടനെ ശില്പ ചോദിച്ചു.

“ങ്ഹാ കുറച്ച് കരഞ്ഞു. പിന്നെ പതിയെ ശീലമായിക്കൊള്ളും. നിനക്കും ഞങ്ങൾക്കും; നിനക്ക് ജോലി അത്യാവശ്യമാണല്ലോ?”

അപ്പോഴേക്കും ഓഫീസിൽ നിന്നും മനീഷും എത്തി. അടുക്കളയിൽ ലത ചേച്ചി അത്താഴം തയ്യാറാക്കാനുള്ള തിരക്കിലായിരുന്നു. അത്താഴം തയ്യാറാക്കി ഡൈനിംഗ് ടേബിളിൽ എടുത്ത് വച്ച ശേഷം അവർ വീട്ടിലേക്ക് മടങ്ങും. ഒരു പകൽ മുഴുവൻ അമ്മയെ പിരിഞ്ഞിരുന്നതിന്‍റെ സങ്കടം തീർക്കാനാവും പിന്നീട് ഒരു നിമിഷം പോലും സിയ അമ്മയുടെ അടുത്ത് നിന്നും മാറിയില്ല.

“ശില്പേ… എങ്ങനെയുണ്ടായിരുന്നു ഓഫീസിൽ?” വസ്ത്രം മാറുന്നതിനിടെ മനീഷ് ചോദിച്ചു.

“എന്തോ വലിയ മാറ്റമുണ്ടായതു പോലെ. കുറേ പുതിയ ആളുകൾ ജോയിൻ ചെയ്തിട്ടുണ്ട്. പക്ഷേ എനിക്കെന്തോ പഴയതു പോലെ ഓഫീസിനോട് താൽപര്യം തോന്നുന്നില്ല.”

“ങ്ഹാ… അതുപിന്നെ നീ സകല സമയവും മോളെ ഓർത്തിരിക്കുന്നതു കൊണ്ടാ. പതിയെ ശരിയാവും.” മനീഷ് തമാശരൂപേണ പറഞ്ഞു.

പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ഓഫീസിലുണ്ടായ മാറ്റങ്ങൾ ശില്പയെ കൂടുതൽ വിഷമിപ്പിച്ചു കൊണ്ടിരുന്നു. ഓഫീസിൽ അവൾക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി.

37 വയസ്സുകാരിയായ ശുഭ വളരെ ചുറുചുറുക്കും ബിസിനസ്സിൽ കൂർമ ബുദ്ധിയുമുള്ള സ്ത്രീയായിരുന്നു. ഭർത്താവിന് ബാംഗ്ലൂരിലായിരുന്നു ഉദ്യോഗം. കൊച്ചിയിൽ ഒരു ഫ്ളാറ്റിൽ തനിച്ചായിരുന്നു അവരുടെ താമസം. കുട്ടികളുമില്ല. അതുകൊണ്ട് ഓഫീസിൽ എത്രനേരം വേണമെങ്കിലും അവൾ ജോലി ചെയ്യാൻ സന്നദ്ധയായിരുന്നു.

ഫ്ളാറ്റിൽ പോയിട്ട് വലിയ തിടുക്കമൊന്നുമില്ലല്ലോ. 15 ദിവസം കൂടുമ്പോഴാണ് ഭർത്താവ് അവളെ കാണാൻ കൊച്ചിയിൽ വരുന്നത് തന്നെ. അതും വീക്കെൻഡിൽ. അതുകൊണ്ട് മിക്കപ്പോഴും ഓഫീസ് സമയം കഴിഞ്ഞ് 7 മണിക്കാണ് ശുഭ ഔദ്യോഗിക മീറ്റിംഗ് വിളിച്ചിരുന്നത്. വൈകുന്നേരം 6 മണിയാകുമ്പോഴാകും എന്തെങ്കിലും സുപ്രധാന കാര്യം ചർച്ച ചെയ്യേണ്ട കാര്യം ശുഭ ഓർത്തിരുന്നത്.

ശില്പ ജോലിയെ വളരെയേറെ സ്നേഹിച്ചിരുന്നു. ജോലി കൂടുതൽ കാരണം വീട്ടിൽ വൈകിയെത്തിയാലൊന്നും ഭർത്താവിന്‍റെ വീട്ടുകാർ പരിഭവപ്പെട്ടിരുന്നില്ല.

ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ചു വളർന്ന ശില്പ ഇത്രത്തോളമെത്തിയത് തന്നെ കഠിനാദ്ധ്വാനം കൊണ്ട് മാത്രമായിരുന്നു.

വൈകുന്നേരം 6 മണിയോട് അടുത്തപ്പോൾ ശില്പ തന്‍റെ പുതിയ സഹപ്രവർത്തകയായ ഹിമയോട് വീട്ടിൽ പോകുന്നില്ലെയെന്ന് ചോദിച്ചയുടനെ ഹിമ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.

“ഇപ്പോ മീറ്റിംഗ് ഉണ്ടല്ലോ.” ഒരു നിമിഷം ശില്പ ഞെട്ടിത്തരിച്ചിരുന്നു.

“മീറ്റിംഗോ? എന്ത് മീറ്റിംഗ്? എന്നോട് ആരും പറഞ്ഞില്ലല്ലോ?”

“ശുഭ മാം വിളിച്ചില്ലേ? മാമിന് പിന്നെ വീട്ടിൽ പോകേണ്ട അത്യാവശ്യമൊന്നുമില്ലല്ലോ. മറ്റുള്ളവരുടെ കാര്യം അങ്ങനെയാണോ? പക്ഷേ അതൊന്നും മാമിന് വലിയ പ്രശ്നമല്ലല്ലോ.”

ശില്പ തീർത്തും അപരിചിതയെപ്പോലെ ങ്ഹും അതെ എന്നൊക്കെ മൂളികൊണ്ടിരുന്നു. എന്തോ മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത ഉറഞ്ഞു കൂടുന്നതുപോലെയാണ് ശില്പയ്ക്ക് അപ്പോൾ തോന്നിയത്. വല്ലാത്തൊരു അപമാന ഭാരം. ഒടുവിൽ ശില്പ രണ്ടും കൽപിച്ച് ശുഭയുടെ ക്യാബിനിൽ ചെന്നു.

“മാം, മീറ്റിംഗ് ഉള്ള കാര്യം ഞാനിപ്പോഴാ അറിയുന്നത്? എന്താണ് ഇന്ന് ഡിസ്ക്കഷന് വരുന്നത്? എന്തെങ്കിലും തയ്യാറെടുക്കേണ്ടേ?”

“സാരമില്ല. പുതിയൊരു അസൈൻമെന്‍റിനെപ്പറ്റി ഡിസ്ക്കസ് ചെയ്യാനാ.”

“ഞാൻ നില്ക്കണ്ടേ?”

“വേണ്ട യു കാൻ ഗോ. മോള് കാത്തിരിക്കുന്നുണ്ടാവുമല്ലോ?” ഇത്രയും പറഞ്ഞു ശുഭ ലാപ്ടോപ്പിൽ എന്തോ ജോലിയിൽ വ്യാപൃതയായി.

ശില്പയ്ക്ക് സ്വയം അപമാനിക്കപ്പെട്ടതു പോലെ തോന്നി. കമ്പനിയ്ക്ക് അനിവാര്യമല്ലാത്ത ഒരു ഉദ്യോഗസ്‌ഥ മാത്രമാണെന്ന തോന്നൽ അവളെ ചുട്ടു പൊളിച്ചു. അന്നവൾ ഏറെ വേദനയോടെയാണ് വീട്ടിൽ മടങ്ങിയെത്തിയത്.

മകളുടെ നിഷ്കളങ്കമായ മുഖത്തേക്ക് പരാജിതയായ ഒരമ്മയെ പോലെ അവൾ ഏറെ നേരം നോക്കിയിരുന്നു. സ്വയം ഒന്നിനും കൊള്ളാത്ത ഒരു വ്യക്‌തിയാണെന്ന തോന്നൽ അന്നവളെ ക്രൂരമായി കുത്തി വേദനിപ്പിച്ചു കൊണ്ടിരുന്നു.

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ താൻ അനുഭവിക്കുന്ന വേദന എല്ലാവരുമായി പങ്കുവയ്ക്കണമെന്ന തോന്നലിൽ അവൾ മനസ്സു തുറന്നു.

“മനീഷ്, രണ്ടാമത് ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ മുതൽ എന്തോ ഓഫീസിലെ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. ലേറ്റ് മീറ്റിംഗിൽ ഞാൻ ഇല്ലെങ്കിലും കുഴപ്പമില്ല. മുമ്പ് ഞാനില്ലാതെ ശുഭ മാം മീറ്റിംഗ് പോലും അറേഞ്ച് ചെയ്യുമായിരുന്നില്ല. എനിക്ക് പുതിയ അസൈൻമെന്‍റും തരുന്നില്ല.”

മുമ്പ് എന്നോട് ചിരിച്ച് കളിച്ച് സംസാരിച്ചു കൊണ്ടിരുന്നവർ പോലും എന്നെ അവോയിഡ് ചെയ്യുന്നു. കപിലിന്‍റെ പേര് പറയാതെ ശില്പ ഓഫീസിലെ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.

“അവരൊക്കെ വളരെ ഫോർമൽ ആയതു പോലെ എനിക്കെന്തോ പൊരുത്തപ്പെടാൻ കഴിയുന്നില്ല. മോള് ഉണ്ടായത് വലിയ തെറ്റായതു പോലെ ശ്വാസം മുട്ടുന്ന അന്തരീക്ഷമാണ് അവിടെ.” ഓഫീസിലെ കാര്യങ്ങൾ പറഞ്ഞപ്പോൾ ശില്പയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

പക്ഷേ മനീഷ് അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. “ടേക്ക് ഇറ്റ് ഈസി. ശില്പ അതൊക്കെ നിന്‍റെ തോന്നലുകളാ… പക്ഷേ ജോബ് ചെയ്യേണ്ടത് അത്യാവശ്യമാണല്ലോ.”

“പക്ഷേ എനിക്കൊട്ടും മനസ്സു തോന്നുന്നില്ല.”

“പക്ഷേ പോകേണ്ടത് ആവശ്യമല്ലേ.” അമ്മായിയമ്മയും മകനെ പിന്താങ്ങി.”

തന്‍റെ മാനസികാവസ്‌ഥ ആർക്കും മനസ്സിലാകുന്നില്ലെന്ന് അറിഞ്ഞതോടെ ശില്പ നിശബ്ദയായി. തനിക്ക് കിട്ടുന്ന കനത്ത ശമ്പളം കൊണ്ട് വീട്ടിലെ ഒട്ടു മുക്കാൽ കാര്യങ്ങളും ഭംഗിയായി നടന്നുപോകുന്നുണ്ടെന്ന കാര്യം അവർക്ക് നന്നായിയറിയാമായിരുന്നു. ആ നിലയ്ക്ക് ഈ ജോലി നഷ്‌ടപ്പെട്ടാൽ എല്ലാവരിലും അത് അസംതൃപ്തി സൃഷ്ടിക്കുമെന്ന കാര്യത്തിൽ അവൾക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. പക്ഷേ അതൊക്കെ ഓർത്ത് ഇപ്പോഴത്തെ അവസ്‌ഥയിൽ ഈ ഓഫീസിൽ തുടരുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്.

അഭിമാനം അടിയറവ് വയ്ക്കുന്നതിന് സമാനമാണ്. കുറച്ച് ദിവസം അവധിയെടുത്ത് വീട്ടിലിരിക്കാൻ അവൾ മനസ്സു കൊണ്ട് ആഗ്രഹിച്ചു. പക്ഷേ താൻ ലീവ് എടുത്ത ശേഷമാണ് എല്ലാം മാറി മറിഞ്ഞത്.

മനീഷും അച്ഛനും അമ്മയുമൊക്കെ ചേർന്ന് അവളെ പറഞ്ഞ് മനസ്സിലാക്കാൻ ആവുന്നതും ശ്രമിച്ചു കൊണ്ടിരുന്നു. ചിലതൊക്കെ അവൾ മനസ്സില്ലാ മനസ്സോടെ മൂളികേട്ടു. അവളുടെ മനസ്സപ്പോൾ പുതിയൊരു തീരുമാനം കൈകൊള്ളാനുള്ള തയ്യാറെടുപ്പിലായിരുന്നു.

കുറച്ച് മാസങ്ങൾ കടന്നു പോയി. സിയയ്ക്ക് 9 മാസം പ്രായമായിരിക്കുന്നു. ഒരു കുഞ്ഞ് പാവക്കുട്ടിയായിരുന്നു അവൾ. വാശിയും കരച്ചിലുമൊന്നുമില്ലാത്ത പാവം കുഞ്ഞ്. വൈകുന്നേരം ശില്പ ഓഫീസിൽ നിന്നെത്തിയാലുടൻ സിയമോൾ അമ്മയുടെ നെഞ്ചോട് പറ്റി ചേർന്നങ്ങനെ കിടക്കും.

ഓഫീസിൽ ഉത്തരവാദപ്പെട്ട ജോലികളൊന്നും ശില്പയുടെ പദവിക്കനുസരിച്ച് കൊടുത്തിരുന്നില്ല. കഴിഞ്ഞ 6 മാസക്കാലം കൊണ്ട് ശില്പയ്ക്ക് ഓഫീസ് ഒരു അപരിചിതമായ ഒരിടമായി മാറികഴിഞ്ഞിരുന്നു.

രാവിലെ ഉറക്കമുണർന്ന് എഴുന്നേൽക്കുമ്പോൾ ഓഫീസിലേക്ക് പോകുന്ന കാര്യമോർത്ത് അവൾ സങ്കടപ്പെട്ടു. ഇങ്ങനെയൊക്കെ സംഭവിക്കാൻ മാത്രം തന്‍റെ ഭാഗത്ത് നിന്നും എന്ത് തെറ്റാണ് ഉണ്ടായതെന്ന് അവൾ പലയാവർത്തി ആലോചിച്ചു നോക്കി.

മാതൃത്വമെന്ന അവകാശം സ്വന്തമാക്കിയത് വലിയൊരു അപരാധമാണോ? തന്‍റെ ഏറ്റവുമടുത്ത സുഹൃത്തായ കപിലിന്‍റെ വിചിത്രമായ അകൽച്ചയും അവഗണിക്കലുമായിരുന്നു ശില്പയെ ഏറെ വേദനിപ്പിച്ചത്. ഒരു കുഞ്ഞിന്‍റെ അമ്മയായതോടെ കപിലിന്‍റെ സ്വഭാവത്തിലുണ്ടായ മാറ്റം അവളെ വളരെയധികമാണ് അലട്ടിയത്.

ജോലി സംബന്ധമായി അവനോട് എന്തെങ്കിലും സംസാരിക്കേണ്ടി വന്നാലും തികച്ചും ഔപചാരികതയിൽ മാത്രമായി അത് ഒതുങ്ങി. മനുഷ്യരെല്ലാം യന്ത്രങ്ങളായതു പോലെ…

ഓഫീസിൽ എത്തിയാലുടൻ സകല സമയവും തമാശയും കളിയുമായി നടന്ന ഒരു വ്യക്‌തിയ്ക്ക് ഇത്രയ്ക്കങ്ങ് മാറാൻ പറ്റുമോ? ഓഫീസിലെ ഓരോ ദിനവും അവളെ സംബന്ധിച്ച് മരിച്ച ദിനങ്ങളായിരുന്നു. ആ ദിനങ്ങളെയൊന്നും തന്നെ തന്‍റെ ജീവിതത്തോട് ചേർത്ത് നിർത്താൻ അവൾ ആഗ്രഹിച്ചതുമില്ല.

സ്വന്തം കഴിവിനും യോഗ്യതകൾക്കുമനുസരിച്ചുള്ള തൊഴിൽ അവസരങ്ങൾ കിട്ടാത്തതിൽ അവൾ മാനസിക പിരിമുറുക്കവും അനുഭവിച്ചിരുന്നു. ഉള്ളിൽ പുകയുന്ന വേദനയുടെ ആഴം കൂടി കൊണ്ടിരുന്നു. തന്‍റെ മാനസികാവസ്‌ഥയെപ്പറ്റി വീട്ടിൽ എല്ലാവരോടുമായി പലപ്പോഴും അവൾ സംസാരിച്ചിരുന്നുവെങ്കിലും അവരതിനെയൊക്കെ നിസ്സാരമായി കണ്ട് അവഗണിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം പുതിയൊരു തീരുമാനവുമായാണ് അവൾ ഓഫീസിൽ നിന്നും എത്തിയത്. ഇനി ഇവിടെ നിൽക്കുന്നത് സ്വന്തം അസ്തിത്വത്തെ തച്ചുടയ്ക്കുന്നതിന് സമാനമായിരിക്കും. പാടില്ല അവളോർത്തു. വൈകുന്നേരം ഓഫീസിന് പുറത്തിറങ്ങിയപ്പോൾ അവൾ ആഹ്ലാദത്തോടെ ദീർഘമായി നിശ്വസിച്ചു.

ശരീരത്തിൽ ഇളം കാറ്റേറ്റെന്ന പോലെ അവളുടെ മനസ്സും ശരീരവും കുളിരണിഞ്ഞു. തന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന തോന്നൽ സന്തോഷത്തിലൂടെ തിരിച്ചറിയുകയായിരുന്നു അവൾ അപ്പോൾ. കറുത്ത ദിനങ്ങളെ വിട…

ഇനി കുറച്ച് ദിവസങ്ങൾക്കു ശേഷം പുതിയ ജോലിക്കായുള്ള ശ്രമങ്ങൾ തുടങ്ങണം. തനിക്കും കുഴപ്പമില്ലാത്ത കോൺടാക്റ്റുകൾ ഉണ്ടല്ലോ…

എവിടെയെങ്കിലും ജോലി കിട്ടാതിരിക്കില്ല. തൽക്കാലം പൊന്നുമോൾക്കൊപ്പം സന്തോഷത്തോടെ കുറച്ച് ദിനങ്ങൾ വേണം. അവൾ ഓരോന്നോർത്തു ഉത്സാഹത്തോടെ വീട്ടിലേക്ക് മടങ്ങി. അവളുടെ ഓരോ ചലനങ്ങളിലും അന്നുവരെ കാണാത്ത ആത്മവിശ്വാസത്തിന്‍റെ തിളക്കമുണ്ടായിരുന്നു.

കുറേ നാളിനു ശേഷം മനസ്സിന്‍റെ ഭാരം കുറഞ്ഞതു പോലെ അവൾക്ക് തോന്നി. കുറച്ച് കളിപ്പാട്ടങ്ങളും വാങ്ങിയാണ് ശില്പ വീട്ടിലെത്തിയത്. ശില്പയുടെ വിളി കേട്ടയുടനെ കുഞ്ഞ് സിയ കിലുകിലെ ചിരിച്ചു കൊണ്ട് നോക്കി. ശില്പ ഓടിച്ചെന്ന് സിയയെ എടുത്ത് മടിയിലിരുത്തി കൊഞ്ചിച്ചു. അവളുടെ മനസ്സ് സന്തോഷം കൊണ്ട് നൃത്തം ചെയ്‌തു.

രാത്രി അത്താഴം കഴിച്ചു കൊണ്ടിരിക്കെ ശില്പ താൻ ജാലി രാജിവച്ച വിവരം എല്ലാവരേയും അറിയിച്ചു. എല്ലാവരും ഒരു നിമിഷം സ്തബ്ധരായി ഇരുന്നു.

“എന്തിന്?” എല്ലാവരുടേയും മനസ്സു പോലെ ചോദ്യവും ഒന്നായി മാറി.

“എനിക്ക് ഇത്രയും ടെൻഷൻ അനുഭവിക്കാൻ കഴിയില്ല. കുറച്ച് ദിവസം കഴിഞ്ഞ് മറ്റൊരു ജോബ് കണ്ടുപിടിക്കണം. ഇനിയെനിക്ക് ആ ഓഫീസിൽ തുടരാനാവില്ല.”

“ഞാൻ ജോലി ചെയ്യാൻ തന്നെയാണ് പോയത്. പക്ഷേ എനിക്ക് മാത്രം അസൈൻമെന്‍റ്സ് ഒന്നും ഇല്ല. മന:പൂർവ്വമായ ഒഴിവാക്കലുകൾ എനിക്ക് യോഗ്യതയില്ലാഞ്ഞിട്ടാണോ. അവിടെ ഓരോ നിമിഷവും ഞാൻ അപമാനിക്കപ്പെടുകയായിരുന്നു.”

“പക്ഷേ മറ്റൊരു ജോബ് കിട്ടിയ ശേഷം റിസൈൻ ചെയ്‌താൽ മതിയായിരുന്നു?” മനീഷ് പറഞ്ഞു.

“എനിക്ക് പുതിയ ജോലി കിട്ടും. പക്ഷേ കുറച്ച് സമയമെടുക്കും.” ശില്പയുടെ വാക്കുകളിൽ ആത്മവിശ്വാസം തുളുമ്പി നിന്നു.

പക്ഷേ അമ്മായിയമ്മയുടെ മുഖം കൂടുതൽ അസ്വസ്ഥമായി. “പുതിയ ഓഫീസ് നിനക്ക് ഇഷ്‌ടമാകുമെന്നതിന് എന്ത് ഗ്യാരന്‍റിയാ ഉള്ളത്? ഇഷ്‌ടമില്ലാന്നു കരുതി ജോലിയുപേക്ഷിക്കുകയാണോ വേണ്ടത്? ഇനി ഒരാളുടെ വരുമാനം കൊണ്ട് എങ്ങനെ വീട്ടുചെലവ് നടത്തും?” അമ്മായിയച്ഛനും അതേ ആശങ്ക പങ്കുവച്ചു.

ശില്പ സിയയെ മടിയിലിരുത്തി അവരുടെ മുഖത്തേക്ക് ഉറ്റുനോക്കി. ഒരു വരുമാന മാർഗ്ഗം അടഞ്ഞു പോയതിലുള്ള ആശങ്കയും സങ്കടവും മാത്രമായിരുന്നു അവർക്ക്. ഇനിയുള്ളത് തന്‍റെ സമയമാണ്. അവൾ മനസ്സിൽ പുതിയ ചില തീരുമാനങ്ങളെടുത്തു.

“ഇനിയുള്ളത് എന്‍റെ സമയമാണ്. എന്‍റെ തീരുമാനങ്ങൾ…” അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.

और कहानियां पढ़ने के लिए क्लिक करें...