ഫാഷൻ ഷോ കാണുമ്പോൾ അങ്ങനാ… എനിക്ക് നമ്മുടെ പൂർവ്വികരെ ഓർമ്മ വരും. അതൊരു രോഗമാണോ എന്തോ? ആദിമ മനുഷ്യൻ നടന്നു വരുന്ന പോലെയല്ലേ അർദ്ധനഗ്നരായ സുന്ദരികളുടെയും സുന്ദരന്മാരുടെയും വരവ്! കുറേ നേരം ആ പൂച്ച നടത്തം നോക്കിയിരുന്നപ്പോൾ ഇലകൾ കൊണ്ട് നാണം മറച്ച് നടന്നിട്ടുള്ള എന്‍റെ പൂർവ്വികരെ ഓർമ്മ വന്നു പോയി. സത്യം! ചരിത്രം ആവർത്തിക്കുകയാണോ എന്നൊരാശങ്ക. ആദിമ മനുഷ്യന്‍റെ അവസ്‌ഥ ആധുനിക മാനവും ഉണ്ടാകുമോ?

യൂറോപ്പിൽ സ്ത്രീ പുരുഷന്മാർ ബീച്ചിൽ സൂര്യസ്നാനം ചെയ്യുന്നതു കാണുമ്പോഴും ഇതേ ആശങ്ക എന്‍റെ മനസ്സിൽ ഉണരാറുണ്ട്. നഗ്നരായി ജീവിക്കാനുള്ള മനുഷ്യന്‍റെ ആഗ്രഹത്തിന് കാലപ്പഴക്കവും ദേശഭേദവുമില്ല.

ബോളിവുഡ് സിനിമയിലെ പാട്ടു സീനുകളിൽ ഏറ്റവും അനിവാര്യമായ ഒരു കാര്യമാണല്ലോ ഐറ്റം ഡാൻസ്! അതിൽ നായികയാവട്ടെ, എക്സ്ട്രാ ആവട്ടെ നൃത്തം ചെയ്യുന്നത് ഒട്ടുമുക്കാലും നഗ്നമേനിയോടെയായിരിക്കും. പഴയ ജനറേഷനോട് സിൽക്ക് സ്മിതയുടെ ഗാനരംഗങ്ങൾ ഓർമ്മയുണ്ടോ ചോദിച്ചു നോക്കൂ. അവർ പാടിത്തരും!

ദേശീയ, അന്തർ ദേശീയ ചലച്ചിത്രോത്സവങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? അതിൽ പങ്കെടുക്കാനെത്തുന്ന നടിമാരുടെ വസ്‌ത്രധാരണം ബഹുവിചിത്രമാണ്. കാണേണ്ടതെല്ലാം മറച്ചും, കാണേണ്ടാത്തതെല്ലാം കാണിച്ചും അവർ നടന്നു വരുന്ന കാഴ്ച! അമ്പോ ഓർമ്മിക്കാനേ വയ്യ.

കൈകൾ, പുറം, മാറിടം, തുടകൾ ഇതൊക്കെ അനാവൃതമാക്കിയുള്ള ഫാഷൻ ഡ്രസുകൾ. ഇതിനെ ഡ്രസ് എന്നു വിളിക്കാമോ എന്തോ. ബാക്കി ഭാഗങ്ങളൊക്കെ സുതാര്യമായ എന്തോ ഒരു തുണി കൊണ്ട് മറച്ചപോലെ ഉണ്ടാകും. ചിലതു കണ്ടാൽ തോന്നും, ഇപ്പോൾ താഴെ വീഴും എന്ന്. ദേ വന്നു ദാ പോയി എന്ന് പറയേണ്ടി വരുന്ന അവസ്‌ഥ. സിനിമ ഭാഷയിൽ ഇതിനെ ഗ്ലാമർ ഷോ എന്നൊക്കെ പറയും. പക്ഷേ ഗ്ലാമർ ഷോ പെണ്ണുങ്ങളുടെ കുത്തകയാണോ?

ടിവി ചാനലുകളിൽ വരുന്ന പരസ്യങ്ങൾ കണ്ടിട്ടില്ലേ. സ്ത്രീ ശരീരമാണ് ഫാഷൻ പരേഡ് നടത്താനുള്ള ഏറ്റവും നല്ല സാമഗ്രി. മിഠായി മുതൽ കോഫി വരെ, ഷൂ പോളിഷ് മുതൽ മദ്യം വരെ. എല്ലാത്തിനും പെണ്ണുങ്ങൾ മതിയല്ലോ. ആണുങ്ങളുടെ ഷേവിംഗ് ക്രീമിനു പോലും പെണ്ണിനെ മോഡലാക്കുന്നതിന്‍റെ തന്ത്രം എന്താ? താടി വടിക്കുന്നത് പുരുഷൻ… മോഡലിംഗ് ചെയ്യാൻ സ്ത്രീ!

ഇനി ഇതൊക്കെ കേട്ടിട്ട് എല്ലാം കാലത്തിന്‍റെ കുഴപ്പം എന്നു പറയാമോ? അതു പറ്റില്ല. പണ്ടും ഉണ്ടായിരുന്നുവല്ലോ സ്ത്രീ സൗന്ദര്യം വച്ചുള്ള കളികൾ. ഇന്ദ്രസദസ്സിൽ നിന്നു തുടങ്ങിയതല്ലേ ഈ വേലത്തരങ്ങൾ. വിശ്വമിത്രനെ പോലൊരു മഹാമുനിയെ വെട്ടിലാക്കാൻ മേനകയുടെ അപ്സര സൗന്ദര്യമാണ് ഇന്ദ്രൻ വിനിയോഗിച്ചത്.

സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ 72 ഹൂറികളെ കിട്ടാൻ വേണ്ടി തീവ്രവാദികൾ ഇപ്പോൾ എത്ര പേരെയാണ് ഇല്ലായ്മ ചെയ്യുന്നത്. സ്ത്രീകൾക്ക് 72 സുന്ദരന്മാരെ കിട്ടും എന്ന വ്യവസ്‌ഥ കൂടി ഉണ്ടായിരുന്നെങ്കിലോ? ഓർക്കാനേ വയ്യ!

സ്വർഗ്ഗത്തിൽ പോലുമുണ്ട് സ്ത്രീകളോട് അനീതി. തനിക്കായി 72 ഹൂറികളെ തെരയുന്ന സഹോദരൻ, സ്വന്തം സഹോദരിക്കായും 72 സുന്ദരന്മാരെ കണ്ടെത്തേണ്ടി വന്നേനെ!

ത്രേതായുഗത്തിൽ രാവണന്‍റെ ദർബാർ ലങ്കയിലായിരുന്നു. കലിയുഗത്തിലാകട്ടെ എല്ലാ ഗ്രാമങ്ങളിലും ലങ്കകളുണ്ട്. അധിപൻ ആവശ്യപ്പെടുന്ന മുറയ്‌ക്ക് ലഹങ്ക ചുറ്റി നൃത്തമിടാൻ സുന്ദരികൾ. രാം ലീലയാടാൻ വന്നവർ രാസലീല ആടുന്ന തരത്തിലുള്ള നൃത്തപ്രകടനങ്ങൾ. ഇതൊക്കെ കണ്ടാൽ ലജ്‌ജ തോന്നുന്നവരോ ചുരുക്കവും, സഭ്യതയുടേയും അസഭ്യതയുടേയും അതിർവരമ്പുകൾ ഓരോരുത്തർക്ക് ഓരോ രീതിയിലാണല്ലോ.

മഹാത്മാവായ ബുദ്ധൻ, ബുദ്ധ വിഹാരങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാൻ ഭയപ്പെട്ടു. സ്ത്രീകൾ വിഹാരങ്ങളിലേക്ക് കടന്നു വന്നാൽ ബൗദ്ധ ധർമ്മം ഇല്ലാതാകുമെന്നായിരിക്കാം അദ്ദേഹം ഭയന്നത്.

ശബരിമലയിലും നാരി പ്രവേശം ചൂടുപിടിച്ച ചർച്ചാ വിഷയമാണല്ലോ. ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കുമ്പോഴാണ് മറുവശത്ത് സ്ത്രീകളെ വിനോദോപാധി ആക്കി മാറ്റുന്നത്. അതല്ലെങ്കിൽ ഇങ്ങനെ വിനോദത്തിനുള്ള സാമഗ്രിയായി സ്ത്രീകളെ കാണുന്നതുകൊണ്ടാണ് മേൽപ്പറഞ്ഞ ആധ്യാത്മിക കേന്ദ്രങ്ങളിൽ വിലക്കു വരുന്നത്. രണ്ടായാലും കാരണം ഒന്നാണല്ലോ.

സ്ത്രീകളെ വിനോദ വസ്‌തുവാക്കുന്നത് ആധുനിക കാലത്തിന്‍റെ കെടുതി എന്നൊക്കെ പറയാൻ വരട്ടെ. ആമ്രപാലിയെ ഓർമ്മയില്ലേ. പാടലിപുത്രത്തിലെ നഗരവധു ആയിരുന്ന ആമ്രപാലിയെ ചരിത്രത്തിന് അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ?

സുന്ദരികളായ കന്യകമാരെ നഗരവധു എന്ന പദവി നൽകി രാജാക്കന്മാർ കാമ ക്രീഢയ്ക്ക് ഉപയോഗിച്ചിരുന്നത് വിനോദത്തിനു വേണ്ടി മാത്രമായിരുന്നു. ക്ഷേത്രങ്ങളിൽ ദേവദാസികളെ വച്ചിരുന്നതും ഇതിനു മാത്രമാണ്.

മധ്യകാലമായപ്പോഴേക്കും സ്ത്രീകളെ മോഷ്ടിച്ചു കൊണ്ടു പോകുന്ന പ്രവണത വർദ്ധിച്ചു. മഹാനായ അക്ബറിന്‍റെ കൊട്ടാരത്തിൽ പോലും മോഷ്ടിച്ചു കൊണ്ടുവരപ്പെട്ട 5000 സ്ത്രീകൾ ഉണ്ടായിരുന്നത്രേ. ഇവരെ എന്തിനാണ് മോഷ്ടിച്ച് അവിടെ പാർപ്പിച്ചതെന്ന് ആർക്കും പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ. ഇവർക്കുണ്ടായ സന്താനങ്ങൾക്കും ഒരു പേരുണ്ടായി. ഹറാം പിറന്നവർ.

അക്ബർ പിന്നീട് നാഗൂറിൽ ദർബാർ പണിതപ്പോൾ രാജസ്‌ഥാനിലെ 300 ലേറെ പുത്രിമാരെയും സഹോദരിമാരേയും സമ്മാനമായി നൽകിയത്രേ. അതും അധികാരം കൊതിച്ചു തന്നെയാണല്ലോ. ഹൊ! അക്ബർ ദി ഗ്രേറ്റ്.

രാജാവ് ഇങ്ങനെ ആണെങ്കിൽ മന്ത്രിമാരും അവരുടെ പരമ്പരയും എങ്ങനെയായിരിക്കും എന്ന് ഊഹിക്കാം.

ആധുനിക കാലത്ത് ഹോട്ടലുകളിൽ മഴ നൃത്തവും, നിശാനൃത്തവും ഒക്കെയാണ് ട്രെന്‍റ്. ബാറുകളിൽ ചെറിയ പെൺകുട്ടികളെ കൊണ്ട് കാബറെ ആടിപ്പിക്കുന്നതും പ്രണയം നടിച്ച് പെണ്ണിനെ ഉപയോഗിക്കുന്നതും എല്ലാം ആധുനിക കാലത്തെ രീതികൾ.

താലിബാൻ, ഐഎസ് തുടങ്ങിയ തീവ്രവാദി സംഘടനകൾക്കും വേണം പെണ്ണ്. സംഘടനയിലേക്ക് ആളെ ആകർഷിക്കാൻ അവർക്കും പെണ്ണ് തന്നെ ശരണം. തീവ്രവാദികൾക്ക് ആകെ ഉള്ള വിനോദം ഈ പെണ്ണു കാര്യം മാത്രമാണ്.

ഇറാക്കിൽ നിന്നും സിറിയയിൽ നിന്നും ഉള്ള തീവ്രവാദം സംബന്ധിച്ച റിപ്പോർട്ടുകൾ ഇതൊക്കെ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. ഇതാണോ സ്ത്രീകൾക്ക് ഇവർ നൽകുന്ന ആദരവ്?

പെണ്ണുങ്ങൾ അൽപം തുറന്നു കാണിക്കുന്ന വസ്‌ത്രമണിഞ്ഞാൽ, ബുർഖ ധരിച്ചില്ലെങ്കിലൊക്കെ കല്ലെറിയുന്നവർക്ക് സ്വന്തം വിനോദത്തിന് സ്ത്രീകളെ ഉപയോഗിക്കാം. എന്തൊരു ആദർശം.

ചിയേഴ്സ് ലീഡർമാർ എന്ന പേരിൽ അൽപ വസ്‌ത്രധാരിണികളായ സുന്ദരികളെ കളിക്കളിത്തിലിറക്കിയത് കാശുണ്ടാക്കാൻ കൂടിയാണ്. സത്യത്തിൽ ഈ പുരുഷന്മാരൊക്കെ എന്താ ചെയ്യുന്നത്. സ്ത്രീ ശരീരം അവർക്ക് പണമുണ്ടാക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണോ?

സ്ത്രീയ്‌ക്ക് മാത്രമാണോ പുരുഷനെ ഏറ്റവും അധികം സന്തോഷിപ്പിക്കാൻ കഴിയുന്നത്.

പ്രശസ്ത എഴുത്തുകാരൻ അലക്‌സാണ്ടർ പോപ്പ്, തന്‍റെ റേപ്പ് ഓഫ് ദി ലോക് എന്ന പേരിൽ എഴുതിയ കവിതയിൽ പറയുന്നതു പോലെ, അവളുടെ പുഞ്ചിരിയിൽ ലോകം മുഴുവൻ പ്രസന്നമാകുന്നു. പറഞ്ഞു തുടങ്ങിയത് ഫാഷൻ പരേഡിനെ കുറിച്ചായിരുന്നു.

എല്ലാ യുഗത്തിലും ഉണ്ടായിരുന്നു ഇത്തരം സ്ത്രീ ശരീര പ്രദർശനങ്ങൾ. ഇതിനൊന്നും അന്നും ഇന്നും വ്യത്യാസമില്ല. ഓരോ കാലത്തും ഓരോ പേരാണെന്ന് മാത്രം. ആദിമ മനുഷ്യന്‍റേതു പോലെ പൂർണ്ണ നഗ്നരായി ജീവിക്കുന്ന കാലം മതിയായിരുന്നു…!

और कहानियां पढ़ने के लिए क्लिक करें...