ചർമ്മ സംരക്ഷണത്തിന് ഫേസ് മാസ്ക് അനിവാര്യമായ ഒന്നാണ്. ചർമ്മത്തെ വൃത്തിയാക്കുന്നതിന് പുറമെ അത് മൃതകോശങ്ങളെ പുറന്തള്ളും. ചർമ്മം വൃത്തിയും വെടിപ്പുമുള്ളതാവുന്നതിനൊപ്പം കോമളവും മൃദുലവുമാകുന്നു. ഒപ്പം രക്‌തയോട്ടം വർദ്ധിക്കുകയും ചെയ്യും.

പലതരം മാസ്‌കുകളുണ്ട്. ചർമ്മത്തിന്‍റെ സ്വഭാവവും കാലാവസ്‌ഥയും അടിസ്‌ഥാനപ്പെടുത്തിയാണ് ഏത് മാസ്‌ക് വേണമെന്ന് തീരുമാനിക്കുന്നത്. പഴങ്ങളും ചിലയിനം പച്ചക്കറികളുമാണ് ഇന്ന് ഏറ്റവുമധികം മാസ്‌ക്കായി ഉപയോഗിക്കുന്നത്. ഇവ വീട്ടിൽ സൗകര്യപ്രദമായി അനായാസം തയ്യാറാക്കാനാവും.

ധാരാളം പോഷകങ്ങളാലും ധാതുക്കളാലും സമ്പുഷ്‌ടമായതിനാൽ ഇവ ചർമ്മത്തിന് ആവശ്യമായ പോഷണം നൽകും. എന്നാൽ ചിലപ്പോൾ ചർമ്മം കൂടുതൽ സംവേദനക്ഷമമാകാറുണ്ട്. അത്തരം ചർമ്മത്തിൽ യാതൊരു തരത്തിലുള്ള മാസ്‌കും അനുയോജ്യമാകാറില്ല. ഈ സാഹചര്യത്തിൽ ഏതെങ്കിലും എക്‌സ്‌പെർട്ടിനെ കണ്ട് ചർമ്മത്തിനിണങ്ങുന്ന മാസ്‌ക് ഏതാണെന്ന് കണ്ടെത്തുകയാണ് വേണ്ടത്.

ഇതേക്കുറിച്ച് ദി കോസ്‌മെറ്റിക് സർജറി ആന്‍റ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ സ്‌കിൻ എക്‌സ്പെർട്ട് ഡോ. സോമാ സർക്കാർ പറയുന്നതിങ്ങനെ, “ഫേസ് മാസ്‌ക് ഇടുകയെന്നത് മുഖത്തിനെപ്പോഴും നല്ലതാണ്. എന്നാൽ മുഖത്തിന് യോജിച്ച ഫേസ്‌ മാസ്‌ക് മാത്രമേ പുരട്ടാവൂ. ഇല്ലെങ്കിൽ മുഖത്ത് കുരുക്കളും തിണർപ്പുകളും തടിപ്പുകളും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.”

ചില സ്‌പെഷ്യൽ മാസ്‌ക്കുകൾ

പലതരത്തിലുള്ള മാസ്‌കുകൾ ഉണ്ട്. പല പ്രായത്തിലുള്ളവർക്കും വിവിധ ഉദ്ദേശ്യങ്ങൾക്കുമുള്ളതാണ് അവ. നിങ്ങൾക്ക് യോജിച്ചത് തെരഞ്ഞെടുക്കാം.

വൈറ്റനിംഗ് മാസ്‌ക്

ഇൻസ്‌റ്റന്‍റ് ഗ്ലോ നൽകുന്ന ഒരു മാസ്‌ക്കാണിത്. എന്നാൽ ഇത് ഉത്സവം, വിവാഹം, പാർട്ടി തുടങ്ങിയ വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്നതാണ് ഉചിതം. എവിടെയെങ്കിലും പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പായി ഏതെങ്കിലും ബ്യൂട്ടി പാർലറിൽ ചെയ്യുന്നതാണ് നല്ലത്.

മോയിസ്‌ചുറൈസിംഗ് മാസ്‌ക്

നാൽപത് വയസ്സ് പിന്നിട്ടവർക്ക് പതിനഞ്ച് ദിവസത്തിലൊരിക്കൽ ഈ മാസ്‌കിടാം. ചർമ്മം വരണ്ടിരിക്കുന്നത് തടയുന്നതിനൊപ്പം ചർമ്മം തിളക്കമുള്ളതായി തീരും.

റിജുവനേഷൻ മാസ്‌ക്

ആർത്തവ വിരാമത്തിന് ശേഷം ഉപയോഗിക്കാവുന്ന മാസ്‌കാണിത്. ചർമ്മം വൃത്തിയാക്കുന്നതിനൊപ്പം പിഗ്‌മെന്‍റേഷൻ, ചുളിവുകൾ എന്നിവയെല്ലാം നീങ്ങി കിട്ടും.

അകിൻ മാസ്‌ക്

മുഖക്കുരു, മറ്റ് കുരുക്കളുമുള്ളവർക്ക് ഏറ്റവും ഫലവത്തായ മാസ്‌കാണിത്. സമുദ്ര ധാതുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന ഈ മാസ്‌ക് ചർമ്മത്തിന്‍റെ എണ്ണമയം കുറയ്‌ക്കുകയാണ് ചെയ്യുക. ആറ് തവണ ഫേസ് മാസ്‌ക് ഉപയോഗിക്കുക വഴി മുഖക്കുരു അപ്രത്യക്ഷമാകും.

അണ്ടർ ഐ മാസ്‌ക്

കണ്ണിനടിയിലെ കറുപ്പ് വളയത്തെ കുറയ്‌ക്കാനാണ് ഈ മാസ്‌ക്കിടുന്നത്. ഈ മാസ്‌ക് പ്രയോഗിക്കുക വഴി കണ്ണിന് ചുറ്റുമുള്ള ചുളിവുകളും വരകളും അപ്രത്യക്ഷമാകും.

കൊളാജൻ മാസ്‌ക്

നാൽപത് വയസ്സിനു ശേഷം ഉപയോഗിക്കാവുന്ന മാസ്‌ക്കാണിത്. കാരണം നാൽപതു വയസ്സാകുന്നതോടെ വ്യക്‌തിയുടെ ശരീരത്തിലെ കൊളാജൻ ഉൽപാദനം പതിനഞ്ച് ശതമാനം ആയി കുറയും.

അതോടെ ചർമ്മം വളരെയെളുപ്പം സങ്കോചിക്കുന്നു. ഈ മാസ്‌ക് ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്നു. അതുവഴി ചർമ്മത്തിന്‍റെ നഷ്‌ടപ്പെട്ടു പോയ തിളക്കം തിരികെ കൊണ്ടു വരാൻ സാധിക്കുന്നു.

സ്വന്തം സൗന്ദര്യത്തെ സംബന്ധിച്ച് ഏറെ ജാഗരൂകരാണ് സ്‌ത്രീകൾ. അതുകൊണ്ട് 30 വയസ്സ് കഴിയുമ്പോൾ അവർ ബ്യൂട്ടി പാർലർ സന്ദർശിക്കുന്നത് പതിവാക്കുന്നു. ഫേഷ്യൽ കഴിഞ്ഞയുടൻ മാസ്‌ക്കിടുന്നത് ഫലവത്താണ്. മഴക്കാലത്ത് ഹെർബൽ മാസ്‌ക്ക് അല്ലെങ്കിൽ ഗോൾഡ് മാസ്‌ക്ക് ഇടുന്നതാവും ഏറെ നല്ലത്. നിങ്ങൾക്ക് വീട്ടിലും ഈ മാസ്‌ക് തയ്യാറാക്കാം.

എഗ്ഗ് മാസ്‌ക്

മുട്ട വെള്ളയിൽ അൽപം തേനും 2-3 തുള്ളി നാരങ്ങാനീരും ചേർത്ത് മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിറ്റിനു ശേഷം മാസ്‌ക് ഉണങ്ങിക്കഴിയുമ്പോൾ ചൂട് വെള്ളമുപയോഗിച്ച് മുഖം കഴുകാം.

ബേസൻ മാസ്‌ക്

കടലമാവിൽ അൽപം പാൽ, ഒരു നുള്ള് മഞ്ഞൾ, 10 തുള്ളി റോസ് വാട്ടർ, അൽപം തൈര് എന്നിവ ചേർത്ത് മിക്‌സ് ചെയ്‌ത് മുഖത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയാം.

മാസ്‌ക് പുരട്ടേണ്ട രീതി

  • മുടി പിന്നിയിട്ട് വലിച്ച് കെട്ടണം.
  • മുഖം നന്നായി വൃത്തിയാക്കണം.
  • മാസ്‌ക് പുരട്ടുന്നതിനായി നല്ല വീതിയുള്ള ബ്രഷ് തെരഞ്ഞെടുക്കാം.
  • സംവേദന ക്ഷമതയേറിയ ഇടങ്ങളിൽ മാസ്‌ക് പുരട്ടരുത്. ഉദാ: കണ്ണുകൾക്ക് സമീപത്തുള്ള ചർമ്മത്തിലും ചുണ്ടുകളിലും.
  • മാസ്‌ക് ഉണങ്ങി പിടിക്കുന്നതു വരെ പുരട്ടിയിരിക്കണം. ഏകദേശം 15-20 മിനിറ്റ് നേരം.
  • മുഖം തണുത്ത വെള്ളമുപയോഗിച്ച് കഴുകുക.
  • മുഖക്കുരു പ്രശ്നമുണ്ടെങ്കിൽ മാസ്‌ക്കിടും മുമ്പ് ഒരു എക്‌സ്പെർട്ടിന്‍റെ വിദഗ്‌ദ്ധോപദേശം തേടാം.
और कहानियां पढ़ने के लिए क्लिक करें...