കോൺക്രീറ്റ് കാടുകളിൽ വസിക്കാൻ വിധിക്കപ്പെട്ട നഗരവാസികൾക്ക് പച്ചപ്പ് ഒരു വിദൂര സ്വപ്നമായിരിക്കും. സ്‌ഥലപരിമിതി മൂലവും, അസൗകര്യം മൂലവും ആഗ്രഹിച്ചാലും പലർക്കും ഒന്നും തന്നെ നട്ടുനനയ്ക്കാനാവില്ല. പക്ഷേ നിങ്ങളുടെ ടെറസ്സും ബാൽക്കണിയും പൂന്തോട്ടമായി രൂപാന്തരപ്പെടുത്താനാവും. നട്ടു നനച്ച ചെടിയിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് എത്രമാത്രം സന്തോഷം തരുന്ന കാര്യമാണ് അല്ലേ!

ഭാര്യയ്ക്കും ഭർത്താവിനും ടെറസ്സ് ഗാർഡനിൽ ഇരുന്ന് റോമാൻസും ആവാം. ഹെ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് നെടുവീർപ്പിടണ്ട. നിങ്ങളുടെ ജോലി തിരക്കിനിടയിലും ടെറസ്സിൽ നല്ലൊരു പൂന്തോട്ടം ഒരുക്കാൻ എളുപ്പ വഴികൾ ഉണ്ട്. അതിനായി ഒരുപാട് കാശ് ചെലവാകില്ല. പക്ഷേ പലരും വിചാരിക്കുന്നത് ടെറസ്സിൽ ഈർപ്പം വന്നു നിറയും എന്നാണ്. ആ ധാരണ തെറ്റാണ് സന്തോഷവും വരുമാനവും തരുന്ന ടെറസ്സ് ഗാർഡൻ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

നല്ല മെറ്റീരിയൽ കൊണ്ട് നിർമ്മിക്കാം

ടെറസ്സ് ഗാർഡൻ എന്ന സങ്കൽപ്പം ഉടലെടുത്തിട്ട് വർഷങ്ങളായി. ഉപയോഗശൂന്യമായ മേൽക്കൂര ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള വഴിയായാണ് ടെറസ്സ് ഗാർഡനിംഗ് പ്രചാരത്തിലായത്. വീട്ടുകളിലെ ഉപയോഗശൂന്യമായ സാധനങ്ങൾ ഗാർഡനിംഗിനായി ഉപയോഗപ്പെടുത്തി മനോഹരമായ ടെറസ്സ് ഗാർഡൻ നിർമ്മിക്കാൻ കഴിയും. ടെറസ്സിൽ മിക്കവരും പഴയ സാധനങ്ങൾ വച്ചിട്ടുണ്ടാവും. അതെല്ലാം ഗാർഡൻ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്താം. സ്‌ഥലം ക്ലീനാവുകയും ചെയ്യും.

വീട്ടിൽ പ്ലാസ്റ്റിക്കിന്‍റെയും സ്റ്റീലിന്‍റെയും ഒക്കെ പഴയ പാട്ടകൾ, കണ്ടെയ്നറുകൾ ധാരാളം കാണുമല്ലോ. അത് ചെടികൾ നടാനായി ഉപയോഗപ്പെടുത്താം. ബിയറിന്‍റെയും മറ്റും കുപ്പികളും ടെറസ്സ് ഗാർഡനിലെ ഫീച്ചർവാൾ നിർമ്മാണത്തിനായും ലൈറ്റുകൾ ഘടിപ്പിക്കാനും ഉപയോഗിക്കാം. അതുപ്പോലെ ആവശ്യം കഴിഞ്ഞ വിറക്, മരകഷണം. ഉദാ: പൈൻ വുഡ് ഇത് വാട്ടർ പ്രൂഫ് ആണ്, ഇവ ഉപയോഗിച്ച് ബോക്സ് പോലെ അടിച്ച് തടം നിർമ്മിക്കാം. പൈൻ വുഡ് ചിതലു പിടിക്കുകയും ഇല്ല. അതുപ്പോലെ ആർട്ടിഫിഷ്യൽ പ്ലൈവുഡും തോട്ടം നിർമ്മിക്കാനായി ഉപയോഗപ്പെടുത്താം. കാരണം ടെറസിൽ പലതരത്തിലുള്ള സ്വീവേജ്സ് ഉണ്ടായിരിക്കുമല്ലോ. ഉദാ: ടാങ്ക്, പൈപ്പ് ഇതെങ്ങനെ മറയ്ക്കാം എന്നതും എങ്ങനെ സെറ്റ് ചെയ്യണമെന്നൊക്കെ സ്‌ഥലത്തിനും ടെറസിന്‍റെ നീളത്തിനും വീതിയ്‌ക്കും ഒക്കെ അടിസ്‌ഥാനപ്പെടുത്തിയാവാം. ഏറ്റവും കുറഞ്ഞ ചെലവിൽ ടെറസ്സ് ഗാർഡൻ നിർമ്മിക്കണം. വരാന്തയിലും ബാൽക്കണിയിലും ഇൻഡോർ പ്ലാന്‍റുകൾ സജ്ജികരിക്കാം.

ചെടികളുടെ പരിചരണം

വെള്ളം വളരെ കുറച്ചു മാത്രം ആവശ്യമുള്ള ചെടികളാണ് ടെറസ്സ് ഗാർഡനിൽ നടേണ്ടത്. പലരും പരിചരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ടെറസ്സ് ഗാർഡൻ നിർമ്മിക്കാൻ മടിക്കുന്നത്. എന്നാൽ കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള തരം ചെടികൾ തെരഞ്ഞെടുത്താൽ ഈ പ്രശ്നം പരിഹരിക്കാനാവും. തുടക്കത്തിൽ ടെറസ്സിൽ ബോഗൻ വില്ല നടാം. എല്ലാ കാലാവസ്‌ഥയിലും പൂക്കുന്ന ഒരു ചെടിയാണിത്. അധികം വെള്ളവും വളവും ആവശ്യവുമില്ല. മണിപ്ലാന്‍റ്, പാഷൻ ഫ്രൂട്ട് എന്നിവയും പടർത്താം. മഴക്കാലത്ത് തഴച്ച് വളരുകയും ചെയ്യും. ആഴ്ചയിൽ 2-3 ദിവസം മാത്രം നനച്ചാലും മതി.

ടെറസിൽ പച്ചക്കറികളും നടാം. തക്കാളി, വെണ്ട, ചീര എന്നിവ ഉചിതമാണ്. ഭംഗിയും കൂട്ടാം, നല്ല പച്ചക്കറിയും തിന്നാം. അതാണ് പച്ചക്കറി തോട്ടങ്ങളുടെ മറ്റൊരു ഗുണം. ഓർഗാനിക് ഗാർഡനിംഗ് ആണ് നല്ലത്. രാസവളങ്ങൾ ഉപയോഗിക്കാതിരിക്കാം. പച്ചക്കറികൾ മാത്രമല്ല പൂക്കൾ ഉണ്ടാവുന്ന ചെടികൾക്കും, അലങ്കാര മുളകൾ, ഹോട്ടികൾച്ചർ ശാഖകളിൽ കിട്ടും. വിത്തായും, തൈയായും അത് വാങ്ങി നടാം. പുതിനയുടെ വിത്ത് മുളപ്പിച്ചെടുക്കാം. ടെറസ്സ് ഗാർഡന് എപ്പോഴും പച്ചപ്പും ഭംഗിയും നിലനിർത്താൻ പൊതിന നടുന്നത് സഹായകമാണ്.

ഏതു കാലാവസ്‌ഥയിലും സുരക്ഷിതം

മഴ നിയന്ത്രിക്കാൻ എന്തായാലും പറ്റില്ല. പ്രത്യേകിച്ചും ഓപ്പൺ ടെറസ്സിൽ. മേൽക്കൂര പണിയണമെങ്കിൽ കാശുരുപാട് ചിലവഴിക്കേണ്ടിയും വരുമല്ലോ. കാലാവസ്‌ഥ വ്യതിയാനം വരുമ്പോൾ കേടാവാത്ത തരം മെറ്റീരിയലുകൾ ഗാർഡനിംഗിനായി ഉപയോഗപ്പെടുത്തിയാൽ മഴക്കാലത്ത് ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം. ചെടികൾക്ക് അധികവും ഹാനികരമാവുന്നത് വേനൽക്കാലമാണ്. വേനലിൽ, പന്തൽ കെട്ടാം. അതിനായി ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ് എന്നീ കളികൾക്ക് ഉപയോഗിക്കുന്ന നെറ്റ് ഉപയോഗപ്പെടുത്താം. അല്ലെങ്കിൽ ഗാർഡൻ നെറ്റ് വാങ്ങാം. കമ്പുകൾ നാട്ടി അതിൽ ചരട് വലിച്ചു കെട്ടി. പന്തൽ ഒരുക്കാം. ഗ്രീൻഹൗസ് എന്നാണീ പന്തലിനെ പറയുന്നത്. വെയിൽ നേരിട്ട് പതിക്കുന്നത് തടയുന്നു. ടെറസ്സ് ഗാർഡനിത് നാച്ചുറൽ ലുക്ക് നൽകുകയും ചെയ്യും. ഒരു പരിധി വരെ മഴയെയും ഇത് പ്രതിരോധിക്കുന്നു. ടെറസ്സിൽ വെള്ളം കെട്ടി കിടക്കാതെ നോക്കണമെന്ന് മാത്രം.

ചെറിയ ചെലവിൽ മനോഹരമായ പൂന്തോട്ടം

പണം ഒരുപാട് ചെലവഴിക്കേണ്ടി വരുമെന്ന് കരുതിയാണ് പലരും ടെറസ്സ് ഗാർഡനിംഗ് ചെയ്യാൻ മിനകെടാത്തത്. ടയർ, ഉപയോഗിക്കാത്ത പാത്രങ്ങൾ, പഴയ ഷൂസ്, ചാക്കുകൾ എന്നിവയിൽ മണ്ണ്, പോട്ടിംഗ് മിശ്രിതം നിറച്ച് ചെടി നടാം. ടെറസ്സിൽ ലാന്‍റ്സ്കേപ്പിംഗും ചെയ്യാം. അധികം കാശാവില്ല. നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ശേഷം (വിപണിയിൽ മീറ്റർ കണക്കിന് വാങ്ങാൻ കിട്ടും) അതിനു മുകളിൽ മണ്ണ് വിരിച്ച് പുല്ല് നടാം. ടെറസ്സിന്‍റെ ചെറിയ ഭാഗത്ത് പോലും ഇങ്ങനെ ലാന്‍റ്സ്കേപ്പിംഗ് ചെയ്യാനാവും. പരിചരണവും കുറച്ച് മതി. രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കണം. അതിനു സമയം കിട്ടാത്തവർ ഡ്രോപ് ഇറിഗേഷൻ ചെയ്യാം. പൈപ്പിട്ടോ, ചെറിയ ദ്വാരമിട്ട പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറച്ച് ചെടികളുടെ കീഴിലും അടുത്തുമൊക്കെ വച്ചാലും മതി. വീട് പൂട്ടി പുറത്ത് പോകുന്ന ദിവസങ്ങളിൽ ഈ രീതി വലിയ ഗുണം ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൗശലത്തോടെ തോട്ടം നിർമ്മിക്കുകയാണെങ്കിൽ ചെലവ് ചുരുക്കാനും അതേ സമയം മനോഹരമാക്കാനും സാധിക്കും. ഐസ് ക്രീമിന്‍റെ ഫാമിലി പാക്കിന്‍റെ ബൗൾ, ബോക്‌സ് പാരപറ്റിൽ മണ്ണ് നിറച്ച് വയ്‌ക്കാം. അതിൽ പെട്ടെന്ന് വളരുന്ന തൂങ്ങിയാടുന്ന ഇനം ചെടികൾ നടാം. ടേബിൾ റോസ് പോലുള്ള ചെടികളും ഇങ്ങനെ നടാൻ നല്ലതാണ്. അതുപ്പോലെ ഗാർഡനിൽ സെപ്പറേഷൻ വേണമെന്നുണ്ടെങ്കിൽ ഷൂസ് തൂക്കിയാം. അതിൽ ചെടി നടാം. കൂടാതെ പ്ലാസ്റ്റിക്ക് ബോട്ടിൽ അടിഭാഗം മുറിച്ചെടുത്ത് മണ്ണ് നിറച്ച് കമ്പിയിലോ മരകമ്പിയിലോ കുത്തി വച്ച് അതിൽ ചെടി നടാം. ഒരു വലിയ പൈപ്പിലോ, കമ്പിയിലോ ഇങ്ങനെ നാലോ അഞ്ചോ കുപ്പികൾ ഘടിപ്പിക്കാം. നല്ല ഭംഗിയും ഉണ്ടാവും. കുപ്പിക്ക് ഇഷ്‌ടമുള്ള നിറം നൽകാം.

പ്ലാസ്റ്റിക് കുപ്പിക്ക് ബലം കൂട്ടണമെങ്കിൽ ഒരു ബോട്ടിൽ മറ്റൊരു ബോട്ടിലിൽ ഇറക്കിയും വയ്‌ക്കാം. കുപ്പിയുടെ അടപ്പ് കമ്പിയുമായി കൂട്ടി കെട്ടണം. ദീർഘകാലം നിലനിൽക്കുന്ന സാമഗ്രികളാണ് ടെറസ്സ് ഗാർഡനായി ഉപയോഗപ്പെടുത്തേണ്ടത്. അതുപ്പോലെ കള്ളിമുൾ ചെടികൾ നടാം. വിവിധയിനം വാങ്ങാൻ കിട്ടും. ടെറസ്സിൽ അരമതിൽ ഉണ്ടെങ്കിൽ അവ നിറം പൂശാം. കല്ലുകളും പതിപ്പിക്കാം. ചെറിയ ടെറസ്സ് ഗാർഡൻ നിർമ്മിക്കാൻ നിങ്ങളുടെ കഴിവും പരമാവധി ഉപയോഗപ്പെടുത്തണം.

और कहानियां पढ़ने के लिए क्लिक करें...