കുട്ടികളുടെ ഭാവിയെക്കുറിച്ച് ഓർത്ത് വേവലാതി പിടിക്കുന്ന രക്ഷിതാക്കൾ ആദ്യം ചെയ്യേണ്ടത് നിക്ഷേപമാണ്. ഇത് നേരത്തെ തന്നെ ആരംഭിക്കുന്നതാണ് നല്ലത്, സുരക്ഷിതവും.

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് ഇങ്ങനെ പല മേഖലകളിലായി നിക്ഷേപിക്കുന്നതാണ് ബുദ്ധി. ശരാശരി 10 മുതൽ 12 ശതമാനം വരെയാണ് ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്തെ പണപ്പെരുപ്പം. ഇന്ന് 5 ലക്ഷം വേണ്ടി വരുന്ന കോഴ്സിന് 10 വർഷം കഴിയുമ്പോൾ 10-12 ലക്ഷം വേണ്ടി വരാം. അപ്പോൾ ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കണ്ട് നിക്ഷേപിക്കണം.

സുകന്യ പദ്ധതി

പെൺകുട്ടിയുടെ രക്ഷിതാവിനോ മാതാപിതാക്കൾക്കോ നിക്ഷേപിക്കാം. പെൺകുട്ടികൾക്കായി കേന്ദ്ര സർക്കാരിന്‍റെ ലഘു സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധിയോജന. നിക്ഷേപത്തിനു 8.5 ശതമാനം വരെ പലിശ ലഭിക്കും. 10 വയസ് പൂർത്തിയാക്കുന്നതിനു മുമ്പ് പദ്ധതിയിൽ ചേരണം. കുറഞ്ഞ നിക്ഷേപം 250 രൂപയാണ്. പരമാവധി വാർഷിക നിക്ഷേപം 1.5 ലക്ഷമാണ്. 14 വർഷം വരെ നിക്ഷേപം നടത്താം. പെൺകുട്ടിയ്ക്ക് 21 വയസ്സാകുമ്പോൾ നിക്ഷേപം തിരിച്ചെടുക്കാം. 1.50 ലക്ഷം രൂപ വരെ ആദായ നികുതി ലഭിക്കും.

ചൈൽഡ് പ്ലാനുകൾ

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് പദ്ധതികളാണിവ. ഓഹരികളിലും കടപത്രങ്ങളിലും നിക്ഷേപിക്കുന്നവയാണ് ഈ പ്ലാനിലുള്ളത്. ദീർഘകാല നിക്ഷേപമായതിനാൽ ഓഹരിയാണ് നല്ലത്. ലോക് ഇൻ പിരീയഡ് സൗകര്യമുള്ള നിക്ഷേപങ്ങൾ കുട്ടിയ്ക്ക് 18 വയസ്സാകുമ്പോഴേ പിൻവലിക്കാൻ കഴിയൂ. ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നീ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന പദ്ധതിയാണിത്. കുട്ടികളുടെ പേരിൽ സ്വർണ്ണത്തിലുള്ള നിക്ഷേപത്തിനും സാധ്യതയുണ്ട്. സ്വർണ്ണം അടിസ്ഥാനമായുള്ള എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകളിൽ നിക്ഷേപിക്കാം.

പിപിഎഫ്

എല്ലാ നാഷണലൈസ്ഡ് ബാങ്കുകളിലും പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് അക്കൗണ്ട് തുടങ്ങാം. 15 വർഷമാണ് കാലാവധി. 5 വർഷം കഴിഞ്ഞാൽ ഇതിൽ നിന്ന് ലോൺ എടുക്കാം. ഒറ്റത്തവണയായോ പ്രതിമാസ തവണകളായോ നിക്ഷേപിക്കാം. ഒരു വർഷം 1.5 ലക്ഷം വരെ ഇങ്ങനെ നിക്ഷേപിക്കാം. ചുരുങ്ങിയത് 500 രൂപ ഒരു വർഷം അടച്ചിരിക്കണം.

കുട്ടികൾക്കുള്ള ഇൻഷൂറൻസ്

25 ലക്ഷമോ 50 ലക്ഷമോ രൂപയുടെ കവറേജുള്ള ഒരു ടേം ഇൻഷുറൻസ് പോളിസിയാണ് ഉത്തമം. എല്ലാവർഷവും നിശ്ചിത തുകയടച്ച് പോളിസി പുതുക്കിയാൽ മതി. മണിബാക്ക്, എൻഡോസ്മെന്‍റ് പോളിസികളും ചില കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്. കുട്ടി വലുതാവുമ്പോൾ ഉന്നത വിദ്യാഭ്യാസം പോലുള്ള ആവശ്യത്തിന് ഇതിൽ നിന്ന് പണം ലഭിക്കും. രക്ഷകർത്താവ് മരിക്കുകയോ സ്‌ഥിരമായ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ സം അഷ്വേർഡ് തുക ലഭ്യമാകും. കാലാവധി പൂർത്തിയാകുമ്പോൾ ഫണ്ട് വാല്യു കിട്ടും. അതുവരെ പ്രീമിയം ഇൻഷൂറൻസ് കമ്പനി തന്നെ അടച്ചു കൊള്ളും.

ബാങ്ക് റെക്കറിംഗ് ഡെപ്പോസിറ്റ്

ഇതിൽ പ്രതിമാസം ഒരു നിശ്ചിത തുക സ്‌ഥിരമായി നിക്ഷേപിക്കാം. കൃത്യമായ ഒരു കാലയളവ് വരെ തുടരണമെന്ന് മാത്രം. പരമാവധി കാലാവധി 10 വർഷം.

और कहानियां पढ़ने के लिए क्लिक करें...