ഈ ഫ്രീക്കൻ പയ്യനെ ഓർമ്മയില്ലേ… ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രിയിലെ… മനോഹരൻ. ബിജു മേനോന്‍റെ ചെറുപ്പ കാലം മനോഹരമാക്കിയ ജാതവേദ് രാജനിപ്പോൾ ഹാപ്പിയാണ്. ഹാസ്യവും ഗൗരവവുമൊക്കെ പുഷ്പം പോലെ അഭിനയിച്ച് തകർത്ത താരമിപ്പോൾ എല്ലാവരുടേയും കണ്ണിലുണ്ണിയായി മാറിയിരിക്കുന്നു. ജാതവേദ് സ്പീക്കിംഗ്.

ആദ്യരാത്രി ഫസ്റ്റ്മൂവി…

ഫസ്റ്റ് മൂവിയെന്ന് വച്ചാൽ ഡയലോഗുള്ള ലെംഗ്തിയായ ആദ്യ മൂവിയാണിത്. ഇതിന് മുമ്പ് ഒരു സിനിമ ചെയ്തിട്ടുണ്ട്. കൂട്ടികളുണ്ട് സൂക്ഷിക്കുക എന്ന സിനിമയിൽ ചെറുതായൊന്ന് തലകാട്ടി.

ആദ്യരാത്രിയിൽ…

ആദ്യരാത്രിയ്ക്കു മുമ്പ് മറ്റൊരു സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തിരുന്നു. ആ സിനിമയുടെ പ്രൊഡ്യൂസർ സതീഷ് നായർ ആണ് എന്നെ സംവിധായകൻ ജിബു ജേക്കബിനെ പരിചയപ്പെടുത്തിയത്. സർജാനു ചെയ്തിരുന്ന സത്യയെന്ന കഥാപാത്രത്തെയാണ് ഞാൻ ചെയ്തത്. സിനിമയിൽ ചെറിയൊരു മാറ്റം വന്നപ്പോഴാണ് ബിജുച്ചേട്ടന്‍റെ (ബിജു മേനോൻ) ചെറുപ്പകാലം ചെയ്യാനുള്ള ഗോൾഡൻ ചാൻസ് എനിക്ക് കിട്ടിയത്.

ടെൻഷനുണ്ടായിരുന്നോ?

ടെൻഷൻ തോന്നിയില്ല. പക്ഷേ ബിജുച്ചേട്ടനുമായി എത്രത്തോളം മാച്ച് ആയിരിക്കുമെന്നത് മാത്രമായിരുന്നു സംശയം. പക്ഷേ ജിബു സാറിനും സ്ക്രിപ്റ്റ് റൈറ്റേഴ്സിനും നല്ല വിശ്വാസ മുണ്ടായിരുന്നു. അവർ കുറേ നാളായി കാണുന്ന സ്വപ്നമാണത്. അതിലേക്ക് എത്തിച്ചേരാനുള്ള ശ്രമമായിരുന്നു.

ബിജുമേനോന്‍റെ പ്രതികരണം

ആദ്യം എന്‍റെ കുറച്ച് ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നത് കണ്ടിട്ട് ബിജുച്ചേട്ടൻ എന്നെ വിളിച്ചിരുന്നു. അപ്പോഴാ മറ്റൊരു വില്ലൻ ഷൂട്ടിംഗിനിടയിൽ എന്നെ പിടികൂടിയത്. ചിക്കൻ പോക്സ്!. അങ്ങനെ കുറച്ച് ദിവസം ബ്രേക്ക്. ആ സമയത്ത് ബിജുച്ചേട്ടന്‍റെ സീനുകളാണ് ഷൂട്ട് ചെയ്തത്. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. പടത്തീന്ന് എന്നെ മാറ്റുമോ എന്നൊക്കെ ഓർത്ത്. ബിജുച്ചേട്ടൻ വിളിച്ചതനുസരിച്ച് ഞാൻ ചെന്ന് കണ്ടു. നന്നായിട്ടുണ്ട്. കുഴപ്പമൊന്നുമില്ല… ഇനിയുള്ള ഭാഗം നന്നായി ചെയ്യണം എന്നു പറഞ്ഞു.

കഥാപാത്രത്തെ സ്ക്രീനിൽ കണ്ടപ്പോൾ… 

സ്ക്രീനിൽ എന്‍റെ കഥാപാത്രത്തെ കണ്ടപ്പോൾ സന്തോഷം തോന്നി. മനസ്സിൽ കുറേ നാളായി ആഗ്രഹിച്ചിട്ട് കിട്ടിയ അവസരമാണല്ലോ… വീട്ടുകാർക്കും കൂട്ടുകാർക്കും എനിക്കും പെരുത്ത് സന്തോഷം..

കൂട്ടുകാർ 

ഞാൻ സിനിമയിൽ വരണമെന്ന് എന്നേക്കാർ ആഗ്രഹിച്ചത് എന്‍റെ കൂട്ടുകാരാണ്. അവരുടെ സ്ട്രോംങ് സപ്പോർട്ട് ഉണ്ട്. എന്തിനും ഏതിനും അവർ ഒപ്പമുണ്ട്.

സ്പോർട്സ് മാൻ?

അത് ലെറ്റായിരുന്നു. മൂന്ന് വർഷം ഞാൻ തൃശൂർ സായിലായിരുന്നു. അത് കഴിഞ്ഞ് നേരെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഡ്രിഗ്രിക്ക് ചേർന്നു. സ്പോർട്സ് ക്വാട്ടയിൽ കിട്ടിയതാണ്. സ്പോർട്സ് ഇഷ്ടമായിരുന്നുവെങ്കിലും അതിലും ഇഷ്ടം സിനിമയാണ്. സ്പോർട്സിലും കുഴപ്പമില്ലാത്ത പ്രകടനങ്ങൾ കാഴ്ച വച്ചിരുന്നു. 2 നാഷണൽ ചെയ്തു. സ്റ്റേറ്റ് റെക്കോർഡും കിട്ടി.

സ്പോർട്സ് ടു സിനിമ

സ്പോർട്സ് ചെയ്തിരുന്ന സമയത്ത് തന്നെ സിനിമയും സ്വപ്നം കണ്ടിരുന്നു. യൂണിവേഴ്സിറ്റി തലത്തിൽ ഡെക്കാത്തലണിൽ മെഡൽ നേടിയിരുന്നു. ആ വർഷം തന്നെയാണ് ഡി സോണിൽ ബെസ്റ്റ് ആക്ടറായത്. എന്‍റെ അൾട്ടിമേറ്റ് ഡ്രീം സിനിമ തന്നെയാണ്.

ഫാൻസ് 

ഒരുപാട് ഫാൻസ് ഒന്നമില്ല. ചിലർ തിരിച്ചറിയുന്നുണ്ട്. എന്നിട്ട്..ഇതാണോ അയാൾ, എന്നെ സംശയത്തിൽ നോക്കും. സിനിമ കണ്ടവരുടെ മനസ്സിൽ എന്‍റെ കഥാപാത്രം ഉണ്ടെന്ന് തോന്നുന്നു. അവരിൽ ചിലർ എനിക്ക് മെസേജ് ചെയ്യാറുണ്ട്. ഫാൻസ് ഉണ്ടെന്ന് പറയാറായിട്ടില്ല.

ആദ്യരംഗം

 ഞാനും എന്‍റെ അനിയത്തിയുടെ ക്യാരക്ടർ ചെയ്ത കുട്ടിയും ദൂരെ നിന്ന് ഒരു കല്യാണ വീട്ടിലേക്ക് നടന്നു വരുന്ന രംഗമാണ് എടുത്തത്. പക്ഷേ, ഡയലോഗൊന്നും ഉണ്ടായിരുന്നില്ല.

ആർമിയിൽ ജോലി കിട്ടിയിരുന്നോ?

സായിയിൽ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ഞാൻ സ്റ്റേറ്റ് റെക്കോഡിടുന്നത്. ഡെക്കാത്തലൺ കമ്പൈൻഡ് ഇവന്‍റിനായിരുന്നു. ജൂനിയർ യൂത്ത് സ്റ്റേറ്റ് മീറ്റിൽ. അതു കഴിഞ്ഞിട്ട് എന്‍റെ കോച്ച് ബാംഗ്ലൂർ എംആർസിയിൽ ജോയിൻ ചെയ്യണം ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷേ ആ സമയത്ത് സിനിമ മാത്രമായിരുന്നു എന്‍റെ മനസ്സിലപ്പോൾ.

വീട് 

ചാലക്കുടിയിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറി മുരിങ്ങൂർ ആറ്റപ്പാടം എന്ന സ്ഥലത്താണ് വീട്. അച്ഛനും അമ്മയും അനിയത്തിയും പിന്നെ ഞാനും.

ജാതവേദ്… പേരിലുണ്ടല്ലോ ഒരു വെറൈറ്റി…

 അച്ഛനിഷ്ടപ്പെട്ട പേരാണ്. ഈ പേരിനുമുണ്ട് ഒരു രസം. എല്ലാവർക്കും പെട്ടെന്ന് പറയാൻ പറ്റിയില്ലെങ്കിലും… പഠിച്ച് കഴിഞ്ഞാൽ മറക്കുകയില്ല. വെറൈറ്റിയായതുകൊണ്ട് ശ്രദ്ധിക്കും. ചെറുപ്പത്തിൽ എന്‍റെ പേര് പറയാൻ പറ്റില്ലായിരുന്നു. അപ്പോഴൊക്കെ ഇതെന്ത് പേരാണെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഈ പേരില്ലായിരുന്നുവെങ്കിൽ ഒരു സാധാരണ ആളെപ്പോലെയായി പോയേനെ… എന്നൊക്കെ തോന്നാറുണ്ട്. ഈ പേരിൽ ഞാൻ ഹാപ്പിയാണ്.

और कहानियां पढ़ने के लिए क्लिक करें...