തേവരയിൽ കായലോരത്തോടു ചേർന്ന മനോഹരമായ ഫ്ളാറ്റിൽ കാത്തിരിക്കുകയായിരുന്നു മല്ലിക സുകുമാരൻ എന്ന പ്രേക്ഷകരുടെ സ്വന്തം മല്ലികേച്ചി. എപ്പോഴും തണുത്തുനനുത്ത കാറ്റു ചുറ്റിത്തിരിയുന്ന സ്വീകരണമുറി. ഒപ്പം പോസിറ്റീവ് ഊർജ്ജം നിറഞ്ഞ പുഞ്ചിരിയോടെ മല്ലിക സുകുമാരനും. സർക്കാർ ഉദ്യോഗസ്‌ഥയും എഴുത്തുകാരിയുമായ നിസരി മേനോൻ തന്‍റെ അച്‌ഛന്‍റെ വലിയൊരു സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ഒരു മോഹവുമായിട്ടാണ് മല്ലിക സുകുമാരനെ കാണാനെത്തിയത്.

ഏറ്റവും ഇന്‍റലക്ച്വലായ ഒരു സിനിമാ കുടുംബം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുടുംബത്തിന്‍റെ നാഥ കൂടിയാണ് മല്ലിക സുകുമാരൻ. സിനിമയിൽ വരും മുമ്പ് ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സുകുമാരൻ. ഹാർഡ്കോർ വായനാ പ്രേമി. ഇവരുടെ മക്കളും അതേ പാതയിലാണ്.

സിനിമാക്കാരനും എഴുത്തുകാരനും പത്രപ്രവർത്തകനുമായ എം.ടി വേണുവിന്‍റെ മകൾ, കുറ്റിപ്പുറത്തെ എടപ്പാളിൽ നിന്ന് മല്ലികയെ തേടി വന്നത് അച്‌ഛൻ ഭൂമിയിൽ ഉപേക്ഷിച്ചു പോയ ഒരു സ്വപ്നവും കൊണ്ടായിരുന്നു.

നടൻ സുകുമാരന്‍റെ അസിസ്റ്റായിരുന്നു എ.ടി വേണു. സുകുമാരനു വേണ്ടി തിരക്കഥ എഴുതിയെങ്കിലും അത് സിനിമയാക്കി പൂർത്തീകരിക്കാനുള്ള ഭാഗ്യം രണ്ടുപേർക്കും ഉണ്ടായില്ല. 40 വർഷങ്ങൾക്കു മുമ്പ് എഴുതി വച്ച തിരക്കഥ, കാല ഘട്ടത്തിന്‍റെ മാറ്റത്തിനനുസരിച്ച് നവീകരിച്ചെഴുതി അതിന്‍റെ വൺലൈൻ പറയാനാണ് മല്ലികയുടെ അടുത്തുവന്നത്.

നിസരിയുടെ വൺലൈൻ സ്റ്റോറി കേൾക്കുന്നതിനിടയിൽ നടൻ സുകുമാരനെ കുറിച്ചും തന്‍റെ കുടുംബത്തെ കുറിച്ചും മല്ലിക സുകുമാരൻ പങ്കിട്ട ചില ഓർമ്മകൾ…

സിനിമയോട് പ്രൊഫഷണൽ അപ്രോച്ച്

യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഗോൾഡ് മെഡലോടെയാണ് സുകുവേട്ടൻ ഇംഗ്ലീഷ് സാഹിത്യമെടുത്തത്. കാസർകോട് ഗവൺമെന്‍റ് കോളേജ്, നാഗർ കോവിൽ സ്കോർട്ട് ക്രിസ്ത്യൻ കോളേജിലും ലക്ചറർ ആയിരുന്നു. അതിനിടയിലാണ് നിർമാല്യത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. സിനിമാരംഗത്തെ നന്നായി മനസിലാക്കിയ വ്യക്‌തിയാണ് അദ്ദേഹം. സിനിമയോട് അക്കാലത്തും പ്രൊഫഷണൽ അപ്രോച്ച് ഉണ്ടായിരുന്നു. അതിന്‍റെ ഒരു മിനിയേച്ചർ ആണ് രാജുവും. ഒരുപാട് വായിക്കുന്ന ആളായിരുന്നു അദ്ദേഹം. വീട്ടിൽ വലിയ ലൈബ്രറി ഉണ്ടായിരുന്നു. ലോ ബുക്സും എല്ലാം ഉണ്ട് അതിൽ. ഇതിൽ കുറച്ചു പുസ്തകം മാത്രം എടുത്ത് ബാക്കി ശാന്തിവിള ദിനേശൻ സ്മാരക വായനശാലയ്ക്ക് സംഭാവന ചെയ്തു.

വായിച്ചു വളരാൻ

സുകുവേട്ടന്‍റെ വായനാപ്രേമം രണ്ടുപേർക്കും ഉണ്ട്. പ്രത്യേകിച്ച് രാജുവിന്. എങ്ങോട്ടു പോവുമ്പോഴും പുസ്തകം കരുതും. എയർപോർട്ടിലൊക്കെ ചെന്നാൽ അവിടെ നിന്ന് പുസ്തകം വാങ്ങും. അടുത്ത സ്‌ഥലം എത്തും വരെ അതാണു വായന. ഇംഗ്ലീഷ് ഭാഷയും നല്ല സംസാരവുമെല്ലാം അങ്ങനെ കിട്ടിയതാണ്. മക്കൾ നന്നായി പഠിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു സുകുവേട്ടന്. നാലുപേരുടെ മുന്നിൽ നന്നായി സംസാരിക്കാൻ ശീലിക്കണം. അതിന് നല്ല വായനയും പഠിപ്പും ആവശ്യമാണെന്ന് അദ്ദേഹം പറയുമായിരുന്നു.

കോളേജിൽ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഒരുപാട് പേർക്ക് സുകുവേട്ടന്‍റെ ഇംഗ്ലീഷ് സ്പീച്ചിനോട് വലിയ താൽപര്യമുണ്ടായിരുന്നു. അന്നത്തെ കൂട്ടുകാർ പറയും, ഞങ്ങളൊക്കെ സ്റ്റൈൽ കാണിച്ച് പെൺകുട്ടികളെ വളച്ചു കൊണ്ടു വന്നാലും സുകുമാരനെ കണ്ടാൽ എല്ലാം കൂടി അങ്ങോട്ടു പോകും എന്ന്. സുകുവേട്ടൻ കേരളവർമ്മ കോളേജിലും മറ്റും പഠിച്ചപ്പോഴുള്ള സംഭവങ്ങളൊക്കെ കളക്ട് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തും, പാലയിലുമൊക്കെ പഠിച്ചപ്പോഴുള്ള കാര്യങ്ങൾ കുറച്ചൊക്കെ അറിയാം. ഡോക്യുമെന്‍റഷന്‍റെ ഭാഗമായിട്ടാണ് ഇത് ചെയ്യുന്നത്. എന്തായാലും പ്രീഡിഗ്രി ക്ലാസുകളിൽ കുസൃതികളും കഥകളുമൊക്കെ ധാരാളം കാണുമല്ലോ.

എല്ലാം സുകുവേട്ടനോടുള്ള സ്നേഹം

എടപ്പാളിലാണല്ലോ അദ്ദേഹത്തിന്‍റെ ജന്മനാട്. ജീവിച്ചിരുന്ന കാലത്ത് കേരള ഗവൺമെന്‍റിന്‍റെ അവാർഡ് രണ്ടുവട്ടം നേടിയ നടനാണ്. പക്ഷേ അതിന്‍റെ റെസ്പെക്ട് ജന്മനാട്ടിൽ നിന്ന് കിട്ടിയതായി തോന്നിയിട്ടില്ല. ഇപ്പോൾ മക്കൾ വലുതായ ശേഷം അവിടെ നിന്ന് ആളുകൾ അങ്ങോട്ട് ക്ഷണിക്കാറുണ്ട്. പക്ഷേ അദ്ദേഹം ഇല്ലാത്ത നാട്ടിലേക്ക് പോകാൻ അത്ര വലിയ താൽപര്യമൊന്നും തോന്നിയിട്ടില്ല. സഹായം ചോദിച്ചു വരുന്ന ഒരാളോടും ഇല്ല എന്നു പറയില്ല സുകുവേട്ടൻ. കോസ്റ്റ്യും ഡിസൈനർമാർ, മേക്കപ്പ്മാന്മാർ ഇങ്ങനെ എത്രയോ പേർക്ക് വീട് വയ്ക്കാനും മറ്റും സഹായിച്ചിരിക്കുന്നു. അവരുടെ കുട്ടികൾക്ക് പഠിക്കാൻ സഹായവും നൽകുമായിരുന്നു. ഇന്നും എല്ലാവർക്കും എന്നോടും മക്കളോടും ഉള്ള സ്നേഹം അതു തന്നെയാണ്. സുകുവേട്ടൻ മരിച്ചതിനു ശേഷവും അതേ ബന്ധം ഞങ്ങളുമായി സൂക്ഷിക്കുന്നവർ ഉണ്ട്.

ഇന്‍റലക്ച്വൽ വേവ് ലെംഗ്തിൽ അടുത്തവരാണ് സുകുവേട്ടനും സുരാസുവും. ഞങ്ങളുടെ വീട്ടിൽ കുറച്ചുനാൾ അദ്ദേഹം താമസിച്ചിരുന്നു. ടെറസിന്‍റെ മുകളിൽ ഒരു പർണ ശാല പോലെയായിരുന്നു സെറ്റപ്പ്. കാവി മുണ്ടും കാവി ജുബ്ബയും ആണ് വേഷം. മൺചട്ടിയിലേ ചോറു വയ്ക്കൂ. അതൊക്കെ സുകുവേട്ടനോട് പറഞ്ഞു വാങ്ങിപ്പിക്കും. ഇടയ്ക്ക് മിണ്ടാതെ വീട്ടിൽ നിന്നൊരു പോക്കുണ്ട്. മദ്യപിച്ച് തിരിച്ചു വന്നു, പാതിരാത്രി ഗേറ്റിനു മുന്നിൽ ഭിക്ഷക്കാരനെ പോലെ കിടപ്പ് പതിവാക്കിയതോടെ ആളെ വസ്ത്രവും പണവും കൊടുത്ത് മാറ്റേണ്ടിവന്നു.

കഥ ഹൃദയത്തിൽ കേറണം

സിനിമ ഇന്ന് പൂർണ്ണമായും കൊമേഴ്ഷ്യൽ ആണ്. ഓരോന്ന് ചെയ്യുമ്പോഴും അതിന്‍റെ ഭാവിയെ കുറിച്ച് കാര്യമായി ആലോചിക്കും. ആര് ചെയ്യും എങ്ങനെ ചെയ്യും എങ്ങനെ ചെയ്താൽ വിജയിക്കും ഇതൊക്കെ കൃത്യമായി ചിന്തിക്കുന്നവരാണ് ഇന്നത്തെ സിനിമാക്കാർ. പക്ഷേ, ഇത് കേരളമാണ്. എന്തു കഥ ചെയ്യുമ്പോഴും വിജയിക്കണമെങ്കിൽ ഒരു കാര്യം ഉറപ്പാണ്, ജനത്തിന്‍റെ ഹൃദയത്തിൽ കഥ കയറണം.

സുകുവേട്ടനാണ് കെ ജി ജോർജ് സംവിധാനം ചെയ്‌ത ഇരകൾ നിർമ്മിച്ചത്. പണമായിരുന്നില്ല അന്ന് ലക്ഷ്യം. ഒരു നല്ല ചിത്രം സ്വന്തം പേരിൽ സമൂഹത്തിന് നൽകണം എന്ന ആഗ്രഹമായിരുന്നു.

ഇന്‍റലക്ച്വൽ കുടുംബം

എന്‍റെ അച്‌ഛൻ കൈനികര മാധവൻ പിള്ളയും സഹോദരങ്ങൾ കൈനികര പത്മനാഭ പിള്ളയും കുമാര പിളളയും കടുത്ത ഭാഷാപ്രേമികളായിരുന്നു. ഞങ്ങൾ നാല് മക്കളാണ്. മൂന്നുപെണ്ണും ഒരാണും. എന്‍റെ അച്‌ഛൻ എന്നെ മല്ലൻ എന്നാണ് വിളിക്കാറ്. ചേട്ടനെ (ഡോ. വേലായുധൻ പിള്ള) മണി എന്നും. ഡോ. എം.വി പിള്ള യുഎസിൽ ഓങ്കോളജിസ്റ്റാണ്. കേരളത്തിലെ നിരവധി ആരോഗ്യപരമായ കാര്യങ്ങൾക്ക് നിശബ്ദ സേവനം നടത്തുന്നുണ്ട് ചേട്ടൻ. ഭാഷയുടെ കാര്യത്തിൽ ചേട്ടനും ഭയങ്ക സ്ട്രിക്റ്റാണ്. നാട്ടിൽ വന്നാൽ ചേട്ടന്‍റെ പ്രസംഗം കേൾക്കണം. 32 വർഷമായി യുഎസിൽ കഴിയുന്ന ആളാണെന്ന് തോന്നില്ല. പ്രസംഗത്തിൽ ഒരു ഇംഗ്ലീഷ് വാക്കു പോലും ഉപയോഗിക്കില്ല. നല്ല ശുദ്ധമായ മലയാളം. ഇവിടത്തെ നിരവധി രാഷ്ട്രീയ നേതാക്കളെയും മറ്റും ചികിത്സിച്ചിട്ടുണ്ട്. സർക്കാരിന്‍റെ ആരോഗ്യപരമായ പല കാര്യങ്ങളിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അടക്കം, ചേട്ടന്‍റെ അഭിപ്രായമാരായാറുണ്ട്. അഭിമാനകരമാണത്. പക്ഷേ ചേട്ടന് അങ്ങനെ ഒരു കാര്യം നടക്കുന്ന മട്ടു പോലുമില്ല. കുട്ടിക്കാലത്തായാലും മുതിർന്നിട്ടായാലും ഞാനും ചേട്ടനും തമ്മിലുള്ള കൂട്ട് വളരെ സ്ട്രോംഗാണ്.

और कहानियां पढ़ने के लिए क्लिक करें...