ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി ഹിറ്റ് ഗാനങ്ങൾ പാടി മലയാളത്തിന്‍റെ ഇഷ്ടഗായികയായി മാറിയ ആൻ ആമീ… യാഹുവിലെ ഉദ്യോഗം രാജിവച്ച് സംഗീതത്തെ ഹൃദയത്തോട് ചേർത്തു നിർത്തിയ ആൻ ആമീ പാടിയ പാട്ടുകളത്രയും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ആൻ ആമീ സംഗീതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

ഏത് മേഘമാരി?

ഷാനിക്ക (ഷാൻ റഹ്മാൻ) ആണ് ഏത് മേഘമാരി എന്ന ആദ്യഗാനം പാടാൻ അവസരം തന്നത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ എന്ന സിനിമയിലെ ഗാനം. അതിന് മുമ്പായി കോക്ക് സ്റ്റുഡിയോ പാകിസ്ഥാനിൽ വന്ന ഒരു ഹിന്ദി ഗാനം ഞാൻ പാടിയിരുന്നു. ആ ഗാനം എന്‍റെ സുഹൃത്തും മ്യൂസിക് കമ്പോസറുമായ ഹിഷാം അബ്ദുൾ വഹാബ് ഷാനിക്കയ്ക്ക് അയച്ചു കൊടുത്തിരുന്നു. അത് കേട്ടിട്ടാണ് ഷാനിക്ക എനിക്ക് ഈ പാട്ട് സമ്മാനിച്ചത്.

ഞാനിപ്പോഴും ഓർക്കുന്നു ആ ദിവസം. ഭയങ്കര ടെൻഷനോടെയാണ് മേഘമാരി പാടാൻ ചെന്നത്. അദ്ദേഹം പ്രശസ്തനായ മ്യൂസിക് കമ്പോസർ. അങ്ങനെയുള്ള ഒരാൾക്കു വേണ്ടി പാടുകയന്നെത് നല്ല ടെൻഷനുള്ള കാര്യമാണല്ലോ. അന്ന് ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു. ഷാനിക്ക വളരെ കംഫർട്ടിബിളാക്കിയിട്ടാണ് എന്നെ ആ പാട്ട് പാടിച്ചത്.

കരിയറിൽ ടേണിംഗ് പോയിന്‍റായ ആ ഗാനം?

പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിലെ കിളിവാതിലിൻ എന്ന ഗാനം എന്‍റെ കരിയറിൽ ടേണിംഗ് പോയിന്‍റായി. എന്‍റെ ഫാമിലി ഫ്രണ്ടായ നടൻ വിജയ്ബാബു പറഞ്ഞിട്ടാണ് എം.ജയചന്ദ്രൻ സാറിന് ഞാൻ പാടിയ ഹിന്ദി ഡെമോ സോംഗും മേഘമാരിയും അയച്ചു കൊടുത്തത്. കുറച്ചു കഴിഞ്ഞ് സാർ തിരിച്ചു വിളിച്ചിട്ട് ഒരു പാട്ട് കമ്പോസ് ചെയ്തിട്ടുള്ള കാര്യം പറഞ്ഞു. അതൊന്ന് പാടി നോക്കൂ എന്ന് സാറ് ആവശ്യപ്പെട്ടു. കിളിവാതിലിൻ എന്ന പാട്ടായിരുന്നുവത്. ആ സമയത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ഓഫീസിലെ മീറ്റിംഗ് റൂമിൽ കയറി പാടി നോക്കി. കുഴപ്പമില്ലായെന്ന് തോന്നിയ ശേഷം സാറിനെ വിളിച്ച് പറഞ്ഞു. സാറിന് സോംഗ് പാടി അയച്ചു കൊടുക്കുകയും ചെയ്തു. അതൊരു വെള്ളിയാഴ്ച ആയിരുന്നു. ആ വീക്കെന്‍റ് മുഴുവൻ പാട്ട് പരിശീലനം. ഓരോ തവണ പാട്ട് അയച്ചു കൊടുക്കുമ്പോൾ സാറ് ഫീഡ് ബാക്ക് തന്നുകൊണ്ടിരുന്നു. അങ്ങനെ തിരുത്തി ശരിയാക്കി. ഞായറാഴ്ച വൈകുന്നേരമായപ്പോൾ നമുക്കിത് റെക്കോഡ് ചെയ്യാമെന്ന് പറഞ്ഞ് സാറിന്‍റെ മറുപടിയെത്തി. ഡേറ്റ് ഫിക്സ് ചെയ്തു. ഭാഗ്യമോ നിർഭാഗ്യമോ എന്ന് പറയാം. എനിക്ക് തൊണ്ടയ്ക്ക് പ്രശ്നം വന്നു.

ചെന്നൈയിലായിരുന്നു റെക്കോഡിംഗ്. ഞാൻ സ്റ്റുഡിയോയിൽ പോയി പാടിയപ്പോൾ എന്തോ പ്രശ്നമുണ്ടല്ലോയെന്ന് സാറും പറഞ്ഞു. വിചാരിച്ചതുപോലെ പാടാൻ പറ്റുന്നില്ല. ഇന്ന് വോക്കൽ റെസ്റ്റ് എടുത്തിട്ട് നാളെ നോക്കാമെന്ന് സാർ പറഞ്ഞു. പിറ്റേന്നും അങ്ങനെയത്ര ശരിയായില്ല. പക്ഷേ സാർ നല്ല ഫ്രീഡം തന്നു. റൂമിൽ പൊയ്ക്കോ വൈകിട്ട് വന്നാൽ മതിയെന്ന് പറഞ്ഞു. വൈകിട്ട് വന്ന് എങ്ങനെയോ ഫുൾ സോംഗ് പാടി. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. ഈയൊരൊറ്റ കാരണം കൊണ്ട് പാടാൻ പറ്റാതെ വന്നാലോയെന്ന ചിന്തയായിരുന്നു.

എം.എർ ജയഗീതയുടെ വരികളും ജയചന്ദ്രൻ സാറിന്‍റെ മ്യൂസിക്കും ചേർന്ന ആ പാട്ട് എനിക്ക് ധാരാളം റെക്കഗ്നിഷൻ നേടി തന്നു. പക്ഷേ സാറിന്‍റെ പ്രോത്സാഹനവും പിന്തുണയും ആണ് ആ പാട്ട് പാടാൻ കഴിഞ്ഞതിനു പിന്നിൽ. എനിക്ക് അവാർഡുകൾ നേടിത്തന്ന പാട്ടാണ്.

ആ പാട്ട് കേട്ടപ്പോൾ…

സത്യത്തിൽ അദ്ഭുതമായിരുന്നു. ഞാൻ തന്നെയാണോ ഇത് പാടിയിരിക്കുന്നതെന്ന് തോന്നി. സാറിനൊപ്പമുള്ള റെക്കോഡിംഗ് സെഷൻ എന്ന് പറയുന്നത് ഒരു ലേണിംഗ് സെഷൻ തന്നെയാണെന്ന് പറയാം. നമ്മുടെ ഉള്ളിലുള്ള നമ്മൾ ഇതുവരെ കണ്ടെത്താത്ത ഭാഗമുണ്ടാകുമല്ലോ അതൊക്കെ തിരിച്ചറിയാൻ പറ്റിയ അവസരമായിരുന്നുവത്. ഒടുവിൽ പാട്ട് ഇറങ്ങിയപ്പോൾ ഞാൻ ചെറുതായി കിടുങ്ങിപ്പോയി. എന്‍റെ വോയിസ് സാറ് അങ്ങനെയാ ട്രീറ്റ് ചെയ്തിരിക്കുന്നത്.

പാട്ടിന്‍റെ മേക്കിംഗ് വീഡിയോ ആണ് ആദ്യം പറത്തു വന്നത്. ആ വീഡിയോ മമ്മുക്ക എഫ്ബിയിൽ പങ്ക് വച്ചിരുന്നു. സ്വപ്നതുല്യമായ നിമിഷമാണ് ആ പാട്ട് എനിക്ക് സമ്മാനിച്ചത്.

അന്യഭാഷാ ചിത്രങ്ങളിലും പാടിയിട്ടുണ്ടോ?

തെലുങ്കിൽ പാടിയിട്ടുണ്ട്. ഷാനിക്കയുടെ കമ്പോസിഷനായിരുന്നു. പ്രേമത്തു മീ കാർത്തിക് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നുവത്. ഭാഷയറിയില്ല. അത് മറ്റൊരു എക്സ്പീരിയൻസായിരുന്നു. സച്ചിൻ വാര്യർക്കൊപ്പമുള്ള ഡ്യൂയറ്റ് സോംഗായിരുന്നു.

പാട്ടിനോടുള്ള ഇഷ്ടം

ഏഴ് വയസ്സ് മുതൽ പാട്ട് പഠിക്കുന്നുണ്ട്. ദുബായിലാണ് പഠിച്ചത്. എപ്പോഴോ എന്തോ മൂളി നടക്കുന്നത് കണ്ട് എനിക്ക് പാട്ടിൽ വാസനയുണ്ടെന്ന് പപ്പയ്ക്കും അമ്മയ്ക്കും തോന്നി. അങ്ങനെ അവർ എന്നെ പാട്ട് ക്ലാസിൽ ചേർത്തു. സത്യം പറഞ്ഞാൻ ആദ്യം ഭരതനാട്യത്തിനാണ് ചേർത്തത്. എനിക്ക് ഭയങ്കര മടിയായിരുന്നു. ക്ലാസിൽ പോകാൻ വലിയ താൽപര്യമുണ്ടായിരുന്നില്ല. പാട്ടിനോടായിരുന്നു താൽപര്യം. ഒരു ഓർത്തഡോക്സ് പള്ളിയിലാണ് ഞാൻ ആദ്യം പാടുന്നത്. പിന്നെ അത് കഴിഞ്ഞ 2 വർഷം നാട്ടിൽ പഠിച്ചിരുന്നു. തൃശൂർ ഭാരതീയ വിദ്യാഭവനിൽ. തേർഡ്, ഫോർത്ത് സ്റ്റാന്‍റേർഡ് അവിടെയായിരുന്നു. ആ സമയത്ത് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു. ലൈറ്റ് മ്യൂസിക്കിന് സബ്ജൂനിയർ ലെവലിൽ ഫസ്റ്റ് കിട്ടിയിരുന്നു. പിന്നീട് ദുബായിൽ മടങ്ങിവന്നു. അവിടെയും നിറയെ മത്സരങ്ങളിലും ഷോസിലും പങ്കെടുക്കുമായിരുന്നു.

കോളേജ് കാലത്ത് മ്യൂസിക്

ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലാണ് ബിബിഎ ചെയ്തത്. എന്‍റെ ബെസ്റ്റ് സ്റ്റൈൽ സിംഗിങ്ങ് എന്താണെന്ന് തിരിച്ചറിഞ്ഞത് ക്രൈസ്റ്റ് കോളേജിൽ വച്ചാണ്. അവിടെ കിട്ടിയ എക്സ്പോഷർ ഒക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കോളേജിൽ ഒരു മ്യൂസിക് ബാൻഡ് ഉണ്ടായിരുന്നു. മൂന്ന് വർഷവും ആ ബാൻഡിലെ ഫീമെയിൽ സിംഗറായിരുന്നു ഞാൻ. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായിരുന്നു കോളേജ് പഠനം.

ബിബിഎ ഫൈനൽ ഇയറിൽ ഞാൻ കൾച്ചറൽ സെക്രട്ടറിയായിരുന്നു. അവിടെയുള്ള ഫ്രണ്ട്സ് അവർ മ്യൂസിക്കിനെപ്പറ്റി പറയുന്ന കമന്‍റുകളും അഭിപ്രായങ്ങളുമൊക്കെ എന്നെയൊരുപാട് സഹായിച്ചിട്ടുണ്ട്. അക്കാലം മറക്കാനാവില്ല. അതിനുശേഷം കാമ്പസ് ഇന്‍റർവ്യൂ വഴി ഒരു ഇന്‍റർനാഷണൽ ബാങ്കിൽ ജോലി കിട്ടി. അതു കഴിഞ്ഞ് ദുബായിൽ ഇന്‍റർനാഷണൽ ബിസിനസ്സിൽ പിജി ചെയ്തു. മാസ്റ്റേഴ്സ് കഴിഞ്ഞ ശേഷം നേരെ ബാംഗ്ലൂരിൽ യാഹുവിൽ ജോയിൻ ചെയ്തു.

അവിടെ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് പൈപ്പിൻ ചോട്ടിലെ കായലിറമ്പിലെയും കിളിവാതിലിൻ തുടങ്ങിയ പാട്ടുകൾ പാടുന്നത്.

പാട്ടാണ് വഴി എന്ന് തിരിച്ചറിഞ്ഞത്?

നമ്മൾ എന്താണ് ചെയ്യുന്നത് അതിൽ മനസ്സ് ഉറപ്പിച്ചില്ലെങ്കിൽ വിചാരിച്ചപ്പോലെ റിസൾട്ട് കിട്ടില്ലെന്ന് മനസ്സിലായി. മാത്രവുമല്ല ജോലി ബാംഗ്ലൂരിലായതുകൊണ്ട് എല്ലാ വീക്കെന്‍റിലും വന്നു പോകുകയെന്നത് അത്രയെളുപ്പമായിരുന്നില്ല. ഇതെല്ലാം ചിന്തിച്ചപ്പോൾ മനസ്സു പറയുന്നത് കേൾക്കാനാണ് തയ്യാറായത്.

ഇതുവരെ പാടിയതിൽ

കായലിറമ്പിലെ എന്ന പാട്ട് ഞാൻ ബിജിബാൽ സാറിനൊപ്പം പാടിയതാണ്. ഇത് ഗംഭീരമാക്കണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ പാടിയത്. ആ പാട്ട് ഞാൻ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു. ഞാൻ നന്നായി പാടിയിട്ടുണ്ടെന്ന് സാർ പറഞ്ഞപ്പോൾ ശരിക്കും സന്തോഷം തോന്നി.

അതുപോലെ കൂടെയിലെ ആരാരോയും. ഏത് പ്രൊജക്ടാണ് എന്നൊന്നുമറിയാതെയാണ് ആരാരോ പാടാൻ പോയത്. മലയാളം പ്രൊജക്ടാണെന്ന് മാത്രമാണ് മനസ്സിലായത്. നസ്രിയയ്ക്കു വേണ്ടിയാണ് പാടുന്നതെന്നറിയില്ലായിരുന്നു. ആരാരോ യുടെ ഹാപ്പി വേർഷൻ പാടാനാണ് എന്നെ വിളിക്കുന്നത്. ആ സമയത്ത് ലിറിക്സ് എഴുതിയിരുന്നില്ല. ഡമ്മി ട്രാക്ക് ഉണ്ടാക്കി പാടി. കുറച്ച് ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് തുടങ്ങുന്നത്. ഈ പാട്ട് വച്ചാണ് ഷൂട്ട് തുടങ്ങുന്നത്.

റിയാലിറ്റി ഷോയിൽ സജീവമായിരുന്നല്ലോ

2007 ൽ ഐഡിയ സ്റ്റാർ സിംഗറിൽ പങ്കെടുത്തു. ഹിഷാമിനെ അന്ന് തൊട്ടേയറിയാം. പക്ഷേ പരിപാടിയിൽ ഒരുപാട് പങ്കെടുക്കാൻ പറ്റിയില്ല. ദുബായിൽ നിന്നും ഷൂട്ടിനായി ഇവിടെ വന്നു പോകുന്നത് അസൗകര്യമായപ്പോൾ അതിൽ നിന്നും പിന്മാറുകയായിരുന്നു. പക്ഷേ പരിപാടിയിൽ ഉള്ള സമയത്ത് ശരത് സാർ, എംജി ശ്രീകുമാർ സാർ, ഉഷാ ഉതുപ്പ് മാഡം എന്നിവരുടെ വിലപ്പെട്ട ഉപദേശവും നിർദ്ദേശങ്ങളുമൊക്കെ എനിക്ക് വിലമതിക്കാനാവാത്ത പാഠങ്ങളായിരുന്നു. പിന്നെ ഹിഷാമിനെപ്പോലെ ഒരു നല്ല സുഹൃത്തിനേയും കിട്ടി.

ഏത് തരം പാട്ടുകളാണ് കൂടുതലിഷ്ടം

എല്ലാത്തരം പാട്ടുകളും പാടാൻ ഇഷ്ടമാണെങ്കിലും ഓപ്പൺ ത്രോട്ട് സിംഗിങ്ങിനോടാണ് ഒരിത്തിരി ഇഷ്ടക്കൂടുതൽ. എല്ലാത്തരം പാട്ടുകൾ കേൾക്കാറുണ്ട് പാടാറുമുണ്ട്. എത്രത്തോളം വേഴ്സറ്റൈൽ ആകാമോ അത്രയും നല്ലത്. ഞാനധികവും ഇപ്പോൾ പാടിയിരിക്കുന്നത് മെലഡീസ് ആണ്. അതിൽ വ്യത്യസ്തമെന്ന് പറയാവുന്നത് കൂടെയിലെ ടൈറ്റിൽ സോംഗാണ്. ഷോസിലൊക്കെ കൂടുതൽ തുറന്ന പാട്ടുകൾ പാടാറുണ്ട്. അതുപോലെ മറ്റൊരിഷ്ടവും കൂടിയുണ്ട്. പാകിസ്ഥാൻ ടെലിവിഷൻ മ്യൂസിക് പ്രോഗ്രാമായ കോക്ക് സ്റ്റുഡിയോ കാണാറുണ്ട്. അതിൽ വരുന്ന ഗാനങ്ങളിൽ ചിലത് പഠിക്കാറുണ്ട്.

ഇഷ്ടപ്പെട്ട സംഗീതജ്‌ഞർ

അത് ഒരുപാട് പേരുണ്ട്. ജോൺസൺ മാഷ്, റഹ് മാൻ സാർ അങ്ങനെയുപാട് പേർ. അതുപോലെ ശങ്കർ മഹാദേവൻ സാറിന്‍റെ വലിയൊരു ഫാനാണ് ഞാൻ. ശങ്കർ സാറിനും സുനീധി ചൗഹാനും കെകെയ്ക്കുമൊപ്പം പെർഫോം ചെയ്യാനുള്ള ഭാഗ്യവും ഒരിക്കൽ എനിക്കുണ്ടായി. ദുബായിൽ വച്ച് ശങ്കർ മഹാദേവൻ ഒരു മ്യൂസിക് ഷോയിലേക്ക് മത്സരം സംഘടിപ്പിച്ചിരുന്നു. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നുവത്. സ്ക്കൂളിൽ നിന്ന് വന്നപ്പോൾ പപ്പ പറഞ്ഞു ഒരു മ്യൂസിക് പ്രോഗ്രാം നടക്കുന്നുണ്ട്. നിനക്കൊന്ന് ട്രൈ ചെയ്ത് കൂടെയെന്ന്. സുഖമില്ലാത്തതുകൊണ്ട് ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും പപ്പ എന്നെ നിർബന്ധിച്ച് പ്രോഗ്രാം നടക്കുന്ന സ്ഥലത്ത് കൂട്ടിക്കൊണ്ടു പോയി. അവിടെ എത്തിയപ്പോഴേക്കും മത്സരമൊക്കെ കഴിഞ്ഞിരുന്നു.

ഞാൻ പപ്പയെ നോക്കി. പപ്പ വെയ്റ്റ് എന്നു പറഞ്ഞു. ഞാനും പപ്പയും കൂടി ഒരു ചെറിയ ഹാളിലേക്ക് കയറി ചെന്നു. ശങ്കർജി അവിടെയിരിക്കുന്നു. അദ്ദേഹം ഞങ്ങളെ കണ്ടു. കോംപറ്റീഷന് വന്നതാണോയെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ പാടിക്കോ എന്ന് പറഞ്ഞു. അവർ മൂന്നുപേരും എന്നെ സപ്പോർട്ട് ചെയ്തു. ലതാജിയുടെ പാട്ടാണ് ഞാൻ പാടിയത്.

പാടിക്കഴിഞ്ഞപ്പോൾ സാറ് എന്നോട് സുഖമില്ലേ എന്ന് ചോദിച്ചു. ഞാൻ സുഖമില്ലായെന്ന് പറഞ്ഞപ്പോൾ സാറ് പറഞ്ഞ മറുപടി എന്നെ അദ്ഭുതപ്പെടുത്തി. സുഖമില്ലാതെ ഇത്രയും മനോഹരമായി പാടുന്നുണ്ടെങ്കിൽ അല്ലാത്തപ്പോൾ എത്ര നന്നായിട്ടാവും പാടുക. ആ വാക്കുകൾ എനിക്ക് ഒരിക്കലും മറക്കാനാവാത്ത വിലപ്പെട്ട കോംപ്ലിമെന്‍റായിരുന്നു. പപ്പ ഈ സമയം എന്നെ നോക്കിയൊരു ചിരി.

അങ്ങനെ പിറ്റേ ദിവസത്തെ മ്യൂസിക് ഷോയിൽ എനിക്ക് സാറിനൊപ്പം പാടാൻ പറ്റി. വേറെ രണ്ടുപേരെയും മത്സരത്തിൽ സെലക്ട് ചെയ്തിരുന്നു. ശങ്കർ സാർ നല്ലൊരു മ്യുസിഷ്യനും പെർഫോമറും കൂടിയാണ്. സുനീധി ചൗഹാൻ, മഹാലക്ഷ്മി അയ്യർ എന്നിവരും ആ ഷോയിൽ പാടാൻ എത്തിയിരുന്നു.

സംഗീതം കഴിഞ്ഞുള്ള ഇഷ്ടങ്ങൾ..

സംഗീതം തന്നെയാണ് ലൈഫ്. കുറേ പാട്ടുകൾ പാടുക, ഷോസ് ചെയ്യുക ഇതൊക്കെയാണ് ഏതൊരു സിംഗറിന്‍റെയും പോലെ എന്‍റെയും ഡ്രീം. അന്യഭാഷകളിലും സജീവമാകണം എന്നാഗ്രഹമുണ്ട്. സിനിമ കാണാൻ ഒരുപാടിഷ്ടമാണ്. വായനയുമുണ്ട്. കൂടുതലും ഇംഗ്ലീഷ് ഫിക്ഷനുകളാണ് വായിക്കുന്നത്.

അംഗീകാരങ്ങൾ

കൂടെയിലെ ആരാരോ എന്ന പാട്ടിന് 2019 ൽ വയലാർ രാമവർമ്മ അവാർഡ് ലഭിച്ചു. അതുപോലെ സൂരജ് സന്തോഷിനൊപ്പം ഉയിരിൽ തൊടും എന്ന ഗാനത്തിന് ബെസ്റ്റ് ഡ്യുയറ്റ് സോംഗിനുള്ള മഴവിൽ മ്യൂസിക് അവാർഡും. റെഡ് എഫ്എം മലയാളം മ്യൂസിക് അവാർഡും കിട്ടിയെന്നുള്ള സന്തോഷവുമുണ്ട്. മിർച്ചി മ്യൂസിക്കിന്‍റെ മലയാളത്തിലെ 2017 ലെ അപ് കമിംഗ് ഫീമെയിൽ വോക്കലിസ്റ്റ് ഓഫ് ദി ഇയർ അവാർഡും ഉണ്ടായിരുന്നു. ഏഷ്യാ വിഷൻ മൂവി അവാർഡ്സിന്‍റെ ന്യൂ സെൻസേഷൻ സിംങിങ് 2017 ൽ അവാർഡ് കിളിവാതിലിൻ ചാരെ എന്ന പാട്ടിന് എനിക്ക് കിട്ടിയ ആദ്യ അംഗീകാരമായിരുന്നു. അംഗീകാരങ്ങൾ ച്രചോദനങ്ങളാണെങ്കിലും ഇനിയും ഇനിയും കൂടുതൽ മെച്ചപ്പെടുത്തണമെന്ന ഉത്തരാദിത്തവും അത് സൃഷ്ടിക്കുന്നുണ്ട്.

और कहानियां पढ़ने के लिए क्लिक करें...