ഏതാണ്ട് ഒരു വർഷം മുമ്പാണ് സമൂഹ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ആ സംഭവം പുറത്തറിയുന്നത്. കേരളത്തിലും പെൺ ചേലാകർമം നടക്കുന്നുവെന്ന യാഥാർത്ഥ്യം. അഞ്ച് വയസ്സിന് താഴെയുള്ള പെൺകുഞ്ഞുങ്ങളുടെ ജനനേന്ദ്രീയം അംഗ വിച്ഛേദം ചെയ്ത് ചേലാകർമം എന്ന പ്രാകൃതമായ ആചാരം ഇവിടെയും നടക്കുന്നുവെന്ന ക്രൂരമായ വസ്തുത പുറം ലോകം ഭീതിയോടയൊണ് കേട്ടത്.

ആഫ്രിക്കയിലെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നിലനിൽക്കുന്ന വളരെ പ്രാകൃതമായ ആചാരം ഇങ്ങ് കേരളത്തിൽ പലയിടങ്ങളിലും നടക്കുന്നുണ്ടെന്നത് ഞെട്ടലുളവാക്കുന്നു.

പെൺകുഞ്ഞുങ്ങൾ തുടങ്ങി മുതിർന്ന സ്ത്രീകൾ വരെ ചേലാകർമത്തിന് വിധേയരാകുന്നുണ്ടത്രേ. വളരെ രഹസ്യമായി നടത്തപ്പെടുന്ന ഈ ആചാരം സമുദായത്തിന്‍റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ചെയ്യുന്നത്. തികച്ചും അന്ധവിശ്വാസങ്ങളുടെയും മറ്റും പേര് പറഞ്ഞാണ് ചേലാകർമം നടത്തുന്നത്.

ചേലാകർമം നടത്തുന്നത് ആരുടെയും ശ്രദ്ധ കടന്നു ചെല്ലാത്ത ചില കെട്ടിടങ്ങളിൽ വച്ചാണത്രേ. കോഴിക്കോട്ട് നിന്നും റിപ്പോർട്ട് ചെയ്‌ത സംഭവത്തിൽ പറയുന്നത് ഇത്തരമൊരു ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത് ബീച്ചിനോട് ചേർന്ന ഒരു പഴയ വീട്ടിൽ ആണെന്നാണ്. അവിടെ അങ്ങനെയൊരു സംഭവം നടക്കുന്നതായി പരിസരവാസികശക്കു പോലും അറിയില്ലായിരുന്നു.

ഫോൺ വഴിയായിരുന്നു അപ്പോയ്മെന്‍റ്. ഒരു ക്ലിനിക്കിനു വേണ്ട ശുചിത്വമോ സൗകര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. അതായത് ചേലാകർമത്തിനിടയിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അതിനു തക്ക പരിഹാരമാർഗ്ഗങ്ങൾ ഇല്ലെന്നർത്ഥം. ഇത്തരത്തിൽ കേരളത്തിൽ പലയിടങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായ റിപ്പോർട്ടുകളുണ്ട്.

ജനിച്ച് അധികമാവാത്ത കുഞ്ഞുങ്ങൾ തുടങ്ങി വിവാഹിതരും വിവാഹിതരാകാത്തവരുമായ സ്ത്രീകൾ ഇത്തരം കേന്ദ്രങ്ങളിലെത്തി ചേലാകർമത്തിന് വിധേയരാകുന്നുണ്ടത്രേ.ചേലാകർമം ചെയ്‌താൽ സന്തുഷ്ടിയും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കാമെന്ന്, ഇവിടുത്തെ ചികിത്സകരുടെ ഉപദേശവും ഉണ്ടാകും.

കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്ത് ഡൽഹി, മുംബൈ, ചെന്നൈ, കോയമ്പത്തൂർ, ബംഗ്ളൂരു തുടങ്ങിയ സ്ഥലങ്ങളിലും ചേലാകർമം നിർബാധം നടക്കുന്നുണ്ടെന്നത് മുമ്പ് വാർത്തയായിട്ടുണ്ട്. ഇതിനായി നല്ല ഫീസും ക്ലിനിക്കുകൾ ഈടാക്കാറണ്ടത്രേ!

ഈജിപ്ത്, ആഫ്രിക്ക, യെമൻ തുടങ്ങിയ ഇടങ്ങളിലെ ഗോത്രവർഗ്ഗക്കാരുടെയിടയിൽ ഈ ആചാരം നിലനിൽക്കുന്നു. ഇത് സംബന്ധിച്ച് പല ആരോഗ്യപ്രശ്നങ്ങളും പെൺകുട്ടികളിലും സ്ത്രീകളിലും ഉണ്ടാകാറുണ്ട്. രക്തസ്രാവം, അണുബാധ പ്രസവസമയത്തുണ്ടാകുന്ന സങ്കീർണ്ണതകളും മറ്റും ഇതിലുൾപ്പെടുന്നു.

വളരെ അശാസ്ത്രീയവും പ്രാകൃതവുമായ രീതിയിൽ നടത്തപ്പെടുന്നതിനാൽ മരണവും സംഭവിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏകദേശം 20 കോടി പെൺകുട്ടികളും സ്ത്രീകളും ചേലാകർമത്തിന് ഇരയായിട്ടുണ്ടെന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. പ്രാകൃതമായ ഈ ആചാരം ഇന്ത്യയിൽ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സുനിത തിവാരി സുപ്രീം കോടതിയിൽ ഹർജി നൽകുകയുണ്ടായി.

ഇന്ത്യയിൽ ബോഹ്റാ മുസ്ലീം വിഭാഗങ്ങൾക്കിടയിൽ ഈ ആചാരം വ്യാപകമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ 97 ശതമാനം പേരും കുട്ടിക്കാലത്ത് ഈ ദുരാചാരത്തിന് വിധേയരായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി. മാത്രവുമല്ല വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്നതോടെ ലൈംഗിക ജീവിതത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സർവേയിൽ പറയുന്നു. മൂത്ര സംബന്ധമായ അണുബാധയും അമിത രക്‌തസ്രാവവും തുടങ്ങിയുള്ള അനുബന്ധ പ്രശ്നങ്ങളും ഉണ്ടായതായും പെൺചേലാകർമത്തിന് ഇരയായവർക്കിടയിൽ നടത്തിയ പഠനങ്ങളിൽ പറയുന്നുണ്ട്.

ഭർത്താവിനും വിവാഹത്തിനും വേണ്ടി മാത്രമുള്ളതല്ല സ്ത്രീയുടെ ജീവിതം എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഈ ദുരാചാരത്തെ വിമർശിച്ചത്. ദാവൂദി ബോഹ്റ മുസ്ലിം സമുദായത്തിലെ പെൺകുട്ടികളിൽ നടത്തുന്ന ചേലാകർമവുമായി ബന്ധപ്പെട്ട് ഹർജി കൈകാര്യം ചെയ്യുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ കക്ഷി ചേർന്ന കേന്ദ്ര സർക്കാർ സ്ത്രീ ശരീരത്തിന്‍റെ സമ്പൂർണ്ണതയെ തകർക്കുന്ന മതപരമായ ഏത് ആചാരത്തെയും എതിർക്കുമെന്ന് വ്യക്‌തമാക്കി. അതിനാൽ പെൺകുഞ്ഞുങ്ങൾക്ക് നിതാന്തമായ ദോഷമുണ്ടാക്കുന്ന ഈ ആചാരത്തെ നിരോധിക്കണമെന്നും കേന്ദ്രസർക്കാരും നിലപാട് വ്യക്‌തമാക്കി.

അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾക്ക് പുറമെ 27 ആഫ്രിക്കൻ രാജ്യങ്ങൾ ഈ ആചാരം നിരോധിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾ ഭർത്താവിന് കീഴടങ്ങണമെന്നത് ഭരണഘടനപരമായി അംഗീകരിക്കാനാവില്ലെന്നും ഇത്തരത്തിലുള്ള ആചാരം സ്ത്രീയുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നു കോടതി വിലയിരുത്തി. പെൺകുട്ടികളുടെ ലൈംഗിക താൽപര്യത്തെ അടിച്ചമർത്തുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരം ആചാരത്തിന് പിന്നിലെന്നത് വ്യക്‌തമാണ്.

യോനീഛേദം നടത്തുന്നതിലൂടെ സ്ത്രീയുടെ ലൈംഗിക താൽപര്യം കുറയുകയും വിവാഹേതര ബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യും. പുരുഷന് കീഴ്പ്പെട്ടവളായി ജീവിക്കാൻ സ്ത്രീയെ പ്രേരിപ്പിക്കാൻ വേണ്ടിയുള്ള ഇത്തരം നടപടികൾ തീർത്തും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.

വളരെ പ്രാകൃതമായ നടപടിയായി മാത്രമേ ഇത്തരം കാര്യങ്ങളെ കാണാനാവൂ. സ്ത്രീയുടെ ശരീരവും സ്വത്വവും പുരുഷന്‍റേതു മാത്രമായി ചുരുക്കുകയെന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിന് പിന്നിൽ ഉള്ളത്. മതത്തിന്‍റെ പേരിൽ അന്ധവിശ്വാസം കുത്തി വച്ച് സ്ത്രീകളെ തളച്ചിടുന്ന പരിപാടിയാണിത്. അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം ഹീനകൃത്യങ്ങൾ ഈ ആധുനിക യുഗത്തിലും തെളിഞ്ഞും ഒളിഞ്ഞും നടക്കുന്നുവെന്നത് സമൂഹ മന:സാക്ഷിയ്ക്ക് കാണാൻ കഴിയുമോ?

സ്ത്രീ വിവാഹം ചെയ്യണമെന്നതു കൊണ്ട് മാത്രം ഈ ആചാരം നടത്താനാവില്ലെന്നും സ്ത്രീകൾക്ക് മറ്റ് പല കടമകളും നിർവ്വഹിക്കാനുണ്ടാകുമെന്നായിരുന്നു സുപ്രീം കോടതി ബെഞ്ചിലെ അഭിഭാഷകർ അഭിപ്രായപ്പെട്ടത്.

ഭരണഘടന ബെഞ്ച് ഹർജി പരിശോധിക്കണമെന്നും നേരത്തെ കേസിന്‍റെ വിസ്താരത്തിനിടെ മുസ്ലിം സംഘടനയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിങ് വി അഭിപ്രായപ്പെട്ടു. പെൺ ചേലാകർമം ഒരു ആചാരവുമായി ബന്ധപ്പെട്ടതായതിനാൽ കോടതി ഇടപെടരുതെന്ന് സിങ് വി നിലപാട് വ്യക്‌തമാക്കുകയായിരുന്നു.

ഒരു വ്യക്‌തിയുടെ ശരീരത്തിന്‍റെ സമ്പൂർണ്ണത എങ്ങനെയാണ് ഒരു മതാചാരത്തിന്‍റെ ഭാഗമാകുക? ഒരു വ്യക്‌തിയുടെ ജനനേന്ദ്രീയങ്ങൾക്കു മേൽ എങ്ങനെയാണ് മറ്റൊരു വ്യക്‌തിയ്ക്ക് അധികാരമുറപ്പിക്കാനാവുക?

ഇസ്ലാം മതവിശ്വാസികളായ പുരുഷന്മാർ സുന്നത്ത് നടത്തുന്നു. അത് ലോകമെമ്പാടും അനുവദിച്ചിട്ടുള്ള മതപരമായ നടപടിയാണെന്നായിരുന്നു അഭിഭാഷകനായ സിങ് വി ചൂണ്ടിക്കാട്ടിയത്.

വളരെ നിർണായകവും പ്രാധാന്യവുമർഹിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ അഭിഭാഷകയായ സുനിത തിവാരി നേരത്തെ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് കോടതി തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് കോടതി മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. ഇന്ത്യയിലുടനീളം ചേലാകർമം പൂർണ്ണമായും നിരോധിക്കണമെന്ന് സുനിത തിവാരി കോടതിയോട് അഭ്യർത്ഥിക്കുകയുണ്ടായി.

ഇതിനെതിരെ ശക്‌തമായ എതിർപ്പുകൾ പലഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ടെങ്കിലും വളരെ സംവേദനക്ഷമമായ ഈ വിഷയത്തെ സംബന്ധിച്ച് കൂടുതൽ വ്യക്‌തത വരാനിരിക്കുന്നതേയുള്ളൂ. യഥാർത്ഥത്തിൽ ഇത്തരം ആചാരങ്ങളിലൂടെ ഇരയുടെ അടിസ്‌ഥാനപരമായ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇവിടെ ഇര മൈനർ ആണെന്നത് പ്രശ്നത്തിന്‍റെ ഗൗരവത്തെ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ ഭാഗഭാക്കായിട്ടുള്ള ശിശുക്കളുടെ അവകാശങ്ങളെ സംബ ന്ധിച്ചുള്ള യുഎൻ കൺവെൻഷനിനും എതിരായ നടപടിയാണിത്. പെൺകുഞ്ഞിന്‍റെ ശരീരത്തെ എന്നന്നേക്കുമായി വികലമാക്കുകയാണ് ഈ നടപടിയിലൂടെ സംഭവിക്കുന്നത്. ഇതെത്രമാത്രം ഹീനമായ കാര്യമാണെന്ന് പരിഷ്കൃത സമൂഹത്തിന് തിരിച്ചറിയാൻ വളരെയധികം സമയമൊന്നും വേണ്ടതാനും.

മറ്റൊരു പ്രധാന കാര്യം പെൺചേലാ കർമ്മത്തിലൂടെ ലിംഗപരമായ വിവേചന ബുദ്ധി കൂടി നടപ്പിലാക്കുന്നുവെന്നതാണ്. ഇത് തീർത്തും സ്ത്രീ വിരുദ്ധമായ കാര്യമാണ്. മൈനറായിരിക്കെ ഒരു കുഞ്ഞിന് ഭരണഘടന ഉറപ്പു നൽക്കുന്ന സുരക്ഷിതത്വവും സ്വകാര്യതയും ശാരീരിക സമ്പൂർണ്ണതയും സ്വാതന്ത്യ്രവും ക്രൂരവും നിന്ദ്യവുമായ പ്രവൃത്തിയിലൂടെ നിഷേധിക്കപ്പെടുന്നു. ഇതെല്ലാം തന്നെ സുനിത തിവാരി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

പെൺചേലാകർമത്തിൽ, കോടതിയുടെ അന്തിമ വിധി എന്തായിരിക്കുമെന്നതാണ് ഏറ്റവും നിർണായകമായ കാര്യം. കാരണം ആചാരവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സമുദായത്തിൽ നടക്കുന്ന ഒരു വിഷയമായതിനാൽ ഇതിൽ അന്തിമമായ തീരുമാനം കൈക്കൊള്ളുക ഏറെ സങ്കീർണ്ണമായിരിക്കും. കാര്യം എന്തായാലും ഇത്തരം ആചാരങ്ങളുടെ പേരിൽ പെൺകുഞ്ഞിനെ, സ്ത്രീയെ നിത്യമായ വേദനയിലേക്ക് തള്ളി വിടുകയെന്നത് മന:സാക്ഷിയുള്ള ആർക്കും സഹിക്കാനാവില്ല. അതിന് ശാശ്വതമായ പരിഹാരം ഉണ്ടായേ തീരൂ.

और कहानियां पढ़ने के लिए क्लिक करें...