സിൽക്കിനൊരു പ്രത്യേകതയുണ്ട്. ചെറിയ പ്രത്യേകതയൊന്നുമല്ല അത്. സിൽക്ക് അഥവാ പട്ട് ധരിച്ചാൽ, ധരിച്ചവരുടെ ഭംഗി അഥവാ ഗ്രേസ് ഇരട്ടിയാകും. അതുകൊണ്ടാണല്ലോ പ്രധാനപ്പെട്ട ചടങ്ങുകൾക്കും ആഘോഷങ്ങൾക്കുമെല്ലാം പട്ടുസാരി ആഢംബരമല്ല, ആവശ്യമായി പലരും കണക്കാക്കുന്നത്.
തലമുറകൾക്ക് മുന്നേ തന്നെ പട്ടിന്‍റെ വൈഭവം നാം മനസിലാക്കിയതാണ്. കണ്ടിട്ടില്ലേ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയുമൊക്കെ ചിത്രങ്ങൾ. അതിലവർ അത്രയും ശോഭയോടെ വിരാജിക്കുന്നതിൽ പട്ടിനുമുണ്ട് പലമടങ്ങ് പങ്ക്.
സിൽക്ക് എന്ന മെറ്റീരിയലിനെ മറ്റൊരു തരം മെറ്റീരിയലുമായും താരതമ്യം ചെയ്യാൻ പോലും നിർവാഹമില്ല. നൂറ്റാണ്ടു മുമ്പ് പട്ട് ധരിക്കുന്നത് പ്രത്യേക വംശത്തിൽ പെട്ടവർ മാത്രമായിരുന്നു. 1990 നു ശേഷം സാന്‍റ് വാഷ് സിൽക്ക് കടന്നു വന്നതോടെ ഇടത്തരക്കാരിലേക്കും പട്ടിന്‍റെ തിളക്കം പടർന്നു പിടിച്ചു. തുടർന്ന് സിൽക്ക് രംഗത്ത് വലിയ മാറ്റങ്ങളും പരീക്ഷണങ്ങളും ആരംഭിക്കുകയും ചെയ്‌തു. സിൽക്കും മറ്റ് ഫാബ്രിക്കും കൂടി മിക്‌സ് ചെയ്‌തു കൊണ്ടും കൃത്രിമ സിൽക്ക്സ് ഉണ്ടാക്കിയും മറ്റും സിൽക്ക് രംഗം വിപണിയിലേക്കും ജനഹൃദയങ്ങളിലേക്കും കുടിയേറി .
സിൽക്ക് ഉണ്ടാകുന്നത്
സിൽക്ക് ഉണ്ടാക്കുന്ന രീതി വളരെ സവിശേഷതയർഹിക്കുന്നു. പട്ടുനൂൽ പുഴുവിൽ നിന്നാണ് പട്ട് ഉണ്ടാക്കുന്നത്. ഇതിന് ഒന്നു മുതൽ മൂന്നു ദിവസം വരെയാണ് ജീവിത ചക്രം. മൾബറി ഇല മാത്രമാണ് ഇവ ഭക്ഷിക്കുന്നത്. അതിനായി മൾബറിത്തോട്ടം ഉണ്ടാക്കുന്നു. ഈ ഇല തിന്ന് പട്ടുനൂൽപ്പുഴുക്കൾ വളരുന്നു. ഇല തിന്നുന്ന സമയത്താണ് വായിൽ നിന്ന് സിൽക്ക് നൂൽ പുറപ്പെടുവിക്കുന്നത്. ആ നൂൽ കൊണ്ട് ഇവ സ്വയം ചുറ്റുന്നു. ഒരു നൂലിന് ഏതാണ്ട് 1000 മുതൽ 1300 മീറ്റർ വരെ നീളം ഉണ്ടാകും. ഈ പ്രക്രിയ നടക്കുമ്പോൾ പുഴു ഒരു നൂൽക്കെട്ടിനുള്ളിലാകുന്നു. ഇതിനെയാണ് കൊക്കൂൺ എന്നു പറയുന്നത്. ഇത് ചൂടു വെള്ളത്തിലിടുമ്പോഴാണ് പട്ടുനൂൽ ഇഴ തിരിഞ്ഞു ലഭിക്കുന്നത്. തുടർന്ന് നെയ്ത്തുയന്ത്രം ഉപയോഗിച്ച് ഇവ നെയ്യ്തെടുത്തു വയ്ക്കുന്നു. ഈ സിൽക്ക് നൂൽ ഉപയോഗിച്ചാണ് പട്ടു വസ്ത്രങ്ങൾ ഉണ്ടാക്കുന്നത്. പലതരം പട്ടു വസ്ത്ര ങ്ങൾ എങ്ങനെയാണ് ഫാഷനിൽ ഉപയോഗിക്കപ്പെടുന്നത് എന്ന് നോക്കാം.
സിൽക്ക് സിൽക്ക്
പട്ട്, സിൽക്ക് എന്നീ പേരുകളിൽ പൊതുവേ അറിയപ്പെടുന്ന സിൽക്ക് നാലു തരത്തിലുണ്ട്. മൾബറി സിൽക്ക്, എറി സിൽക്ക്, ടസർ സിൽക്ക്, മുംഗാ സിൽക്ക്.
മൾബറി സിൽക്ക് വളരെ കനം കുറഞ്ഞതും തിളക്കമുള്ളതും ആയിരിക്കും. മാർക്കറ്റിൽ കിട്ടുന്ന പ്രധാന സിൽക്ക് മൾബറി സിൽക്ക് വിഭാഗത്തിൽ പെടുന്നു. ടസർ, മുംഗാ, എറി എന്നിവ വനത്തിൽ നിന്ന് ലഭിക്കുന്ന സിൽക്കിന്‍റെ പട്ടികയിൽ പെടുന്നു. പട്ടുനൂൽ പുഴുവിൽ നിന്നല്ലാതെ ഉണ്ടാക്കുന്ന നിരവധി തരം സിൽക്കുകൾ വേറെയുമുണ്ട്.
ഫാഷനും സിൽക്കും
സിൽക്ക്, ഇന്ത്യൻ സ്ത്രീകളുടെ പ്രിയപ്പെട്ട ഇനമാണ്. ചടങ്ങുകളിലും ആഘോഷങ്ങളിലും സ്ത്രീകൾ സാരി ധരിക്കാനാണ് ഇഷ്ടപ്പെടുക. സാരി എന്നു പറഞ്ഞാൽ സിൽക്ക് സാരിയാണ് ഏവർക്കും കൂടുതൽ ഇഷ്ടം. ഫാഷൻ ഡിസൈനറായ രുക്സാർ പറയുന്നു. സിൽക്ക് സാരികൾ സിംപിൾ ഡിസൈനുള്ളതും ഹെവി ഡിസൈനുള്ളതുമുണ്ട്. പാർട്ടി ഫംഗ്ഷനുകൾക്ക് ഹെവി ഡിസൈനുകൾ ധരിക്കാൻ ഇഷ്ടമല്ലാത്ത സ്ത്രീകളുമുണ്ട്. അവർക്ക് സിംപിളായ കനം കുറഞ്ഞ സിൽക്കു സാരികൾ വളരെ നന്നായി പ്രയോജനപ്പെടും.
സിൽക്ക് സാരിക്കൊപ്പം ഏറ്റവും ഇണങ്ങുന്നത് സ്വർണ്ണാഭരണങ്ങളാണ്. സിംപിൾ സിൽക്ക് സാരിയാണ് ധരിക്കാനിഷ്ടമെങ്കിൽ അതിനൊപ്പം ഗോൾഡ് ധരിക്കുക തന്നെ വേണം. സിൽക്ക് സാരികൾക്ക് നാച്ചുറൽ ആയി ഒരു തിളക്കം ഉണ്ട്. അത് ധരിക്കുന്ന ആളിലും പ്രതിഫലിപ്പിക്കും.
പെൺകുട്ടികൾക്കും
പെൺകുട്ടികൾ ഏറ്റവും വ്യത്യസ്തമായി അണിഞ്ഞൊരുങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ഇവർക്കും സിൽക്ക് സാരികൾ ഇടയ്ക്കൊക്കെ നല്ല ഓപ്ഷനാണ്. ഫ്ളോറൽ പ്രിന്‍റുള്ള സിൽക്ക് സാരികൾ ചെറുപ്പക്കാരായവർക്ക് ഏറ്റവും ആകർഷകമായിരിക്കും. ടസർ സിൽക്കിലാണ് ഫ്ളവർ പ്രിന്‍റ് ലഭിക്കുക. സ്ലീവ്ലസ് ബ്ലൗസിനൊപ്പം ഇത്തരം സാരികൾ ധരിച്ചാൽ സ്റ്റൈലിഷ് ലുക്ക് ലഭിക്കും. ഇതിനൊപ്പം വലിപ്പമുള്ള ജിമ്മിക്കി കമ്മൽ നന്നായി ഇണങ്ങും.
നവവിവാഹിതർക്ക്
നവവിവാഹിതരായ പെൺകുട്ടികൾക്ക് സിൽക്ക് സാരി ഒഴിച്ചു കൂടാനാവാത്ത ഒരു കോസ്റ്റ്യൂം തന്നെയാണ്. കാഞ്ചിപുരം, ബനാറസ് സിൽക്ക്, ഭഗൽപൂരി സിൽക്ക് ഇതൊക്കെ ഇവർക്ക് നല്ല ഓപ്ഷനാണ്. വിവാഹവേളയിൽ ഏറ്റവും കൂടുതൽ വാങ്ങുന്നതും കാഞ്ചിപുരം, ബനാറസ് സാരികളാണ്. ചുവപ്പ്, പച്ച, നീല തുടങ്ങിയ ബ്രൈറ്റ് ഷേഡുകൾ കൂടാതെ ലൈറ്റ് ഷേഡുകളും സിൽക്ക് സാരികളിൽ ലഭ്യമാണ്.