വളരെ നേർത്തതും മൃദുലവുമായ രോമങ്ങൾ വളരുന്നത് പെൺകുട്ടികളെ സംബന്ധിച്ച് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ വളരെ കട്ടി കൂടിയ രീതിയിലാണ് രോമങ്ങൾ വളരുന്നതെങ്കിൽ അത് ചില സങ്കീർണ്ണതകളുടെ സൂചനയായി കരുതാം. ഈ പ്രശ്നത്തെ ഹിർസുട്ടിസം എന്നാണ് വിശേഷിപ്പിക്കുന്നത്.
താടി, സ്തനങ്ങളുടെ മധ്യഭാഗം, തുട, വയറ്, മുതുക് എന്നിവിടങ്ങളിൽ അസാധാരണമാം വിധം രോമങ്ങൾ വളരുന്നതിനുള്ള കാരണം പുരുഷ ഹോർമോണായ ആൻഡ്രജന്‍റെ അത്യധികമായ ബാഹുല്യമാണ്. അഡ്രൗൽസ് അല്ലെങ്കിൽ അണ്ഡാശയ രോഗങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അണ്ഡോല്പാദനത്തിൽ തടസ്സം സൃഷ്ടിച്ച് പ്രത്യുല്പാദന ക്ഷമത കുറയ്ക്കുന്നതിന് ഈ സ്‌ഥിതിവിശേഷം കാരണമാകും. പോളിസിസ്റ്റിക്ക് ഓവറി സിൻഡ്രോം (പിസിഒഎസ്) അങ്ങനെയുള്ള ഒരു അവസഥയാണ്.
ശരീരത്തിൽ അനാവശ്യ രോമങ്ങൾ വളരുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ ഡയബറ്റീസ്, ഹൃദ്രോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയിലേക്കും ഇത് വിരൽ ചൂണ്ടുന്നു.
ജോർജിയ ഹെൽത്ത് സയൻസസ് യൂണിവേഴ്സിറ്റിയിൽ നടന്ന പഠനമനുസരിച്ച് പിസിഒഎസ് സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്‌ഥ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി കണ്ടെത്തുകയുണ്ടായി. അതുപോലെ ഇത് 10 ശതമാനം സ്ത്രീകളെ ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.
ഹിർസുട്ടിസം എന്ന സ്ഥിതി വിശേഷമുള്ള 90 ശതമാനം സ്ത്രീകളിലും പിസിഎസ് അല്ലെങ്കിൽ ഇഡിയോപതിക് ഹിർസുട്ടിസം കണ്ടെത്തുകയുണ്ടായി. ഭൂരിഭാഗം കേസുകളിലും ഈസ്ട്രജൻ ഹോർമോണിന്‍റെ ഉത്പാദനം കുറയുകയും ടെസ്റ്റിസ്റ്റിറോൺ ഹോർമോണിന്‍റെ ഉത്പാദനം കൂടുകയും ചെയ്യുന്നതിനാൽ കൗമാരപ്രായം പിന്നിടുന്നതോടെ ഈ പ്രശ്നം കൂടുതൽ ഗുരുതരമാവുന്നു.
ചുവടെ കൊടുത്തിരിക്കുന്ന കാരണങ്ങളാൽ ആൻഡ്രജൻ ഹോർമോൺ ഉത്പാദനം ഉയർന്ന അളവിലാക്കുകയും ഹിർസുട്ടിയത്തിന് കാരണമാവുകയും ചെയ്യുന്നു.
പാരമ്പര്യ കാരണം
കുടുംബത്തിലാർക്കെങ്കിലും പാരമ്പര്യമായി ഈ പ്രശ്നമുണ്ടെങ്കിൽ ഈ പ്രശ്നം അടുത്ത തലമുറയിലേക്കും വരാം. ചർമ്മത്തിന്‍റെ സംവേദന ക്ഷമതയും ഒരു പാരമ്പര്യ കാരണമാണ്. ടെസ്റ്റിസ്റ്റിറോൺ ഹോർമോണിന്‍റെ ഉൽപാദനം കുറഞ്ഞാലും കട്ടികൂടിയ രോമങ്ങൾ വളരാൻ അതിടയാക്കും.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള സ്ത്രീകളുടെ മുഖത്ത് രോമങ്ങൾ അമിതമായി വളരാറുണ്ട്. പിസിഒഎസ് പ്രത്യുല്പാദന ക്ഷമതയെ കുറയ്ക്കുന്നതിൽ ഒരു പ്രമുഖ കാരണമായി മാറുന്നുണ്ട്. പിസിഒഎസ് പിടിപ്പെടുന്നവരുടെ അണ്ഡാശയത്തിൽ ചെറിയ ചെറിയ മുഴകൾ രൂപപ്പെടും. പുരുഷ ഹോർമോണിന്‍റെ അത്യധിക ഉത്പാദനം മൂലം അണ്ഡോല്പാദനത്തിൽ ക്രമക്കേടുകൾ ഉണ്ടാവും. അതുപോലെ മാസമുറയുമായി ബന്ധപ്പെട്ട് സങ്കീർണ്ണതകളും അമിതവണ്ണവും ഇതിന്‍റെ ഫലമായുണ്ടാകുന്നു.
അണ്ഡാശയത്തിലെ ട്യൂമർ
ചില കേസുകളിൽ ആൻഡ്രജൻ മൂലമുണ്ടാകുന്ന അണ്ഡാശയ ട്യൂമർ ഹിർസുട്ടിസത്തിന് കാരണമാകാറുണ്ട്. ഇക്കാരണത്താൽ ട്യൂമർ അതിവേഗം വളരാൻ തുടങ്ങുന്നു. ഈയവസ്ഥ മൂലം സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ സമാനമായ ലക്ഷണങ്ങൾ ഉണ്ടാവുകയും ശബ്ദം കനത്തതാവുകയും ചെയ്യും. ഇതിന് പുറമെ യോനിയിൽ ക്ലിറ്റോറിസിന്‍റെ ആകാരത്തിന് വലിപ്പം കൂടുകയും ചെയ്യുന്നു.
അഡ്രിനൽ സംബന്ധമായ തകരാറുകൾ
കിഡ്നിയ്ക്ക് തൊട്ട് മുകളിലായുള്ള അഡ്രിനൽ ഗ്രന്ഥികൾ ആണ് ആൻഡ്രിജൻ ഉൽപാദിപ്പിക്കുന്നത്. ഈ ഗ്രന്ഥികൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുന്നതിനാൽ ഹിർസുട്ടിസം എന്ന അവസ്‌ഥയുണ്ടാകും.
സ്ത്രീകളുടെ മുഖത്തുണ്ടാവുന്ന രോമവളർച്ച പിസിഒഎസ്, കൻജൂനിറ്റൽ അഡ്രീനൽ ഹൈപ്പോതലാമസ് (സിഎഎച്ച്) തുടങ്ങിയ പ്രത്യുല്പാദന ക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പാരമ്പര്യത്തിന്‍റെ സ്വാധീനം
ഏത് പ്രായത്തിലാണ് പെൺകുട്ടി പ്രായപൂർത്തിയായത്, രോമങ്ങളുടെ വളർച്ച നിരക്ക് എങ്ങനെ (പെട്ടെന്നാണോ അതോ മന്ദഗതിയിലാണോ), ക്രമം തെറ്റിയുള്ള മാസമുറ, സ്തനാരോഗ്യം, സെക്സിനോടുള്ള താൽപര്യം, ശരീരഭാരം വർദ്ധിക്കൽ, കുടുംബത്തിലാർക്കെങ്കിലും ഡയബറ്റീസുണ്ടോ തുടങ്ങി ഉദരത്തിൽ എന്തെങ്കിലും വളർച്ചയുണ്ടോ ഇല്ലയോ എന്നു വരെ ഡോക്ടർ പരിശോധന വിധേയമാക്കാം. ഇതിന് പലതരം സിറം മാർക്കർ പരിശോധനകളുമുണ്ട്.
ടെസ്റ്റിസ്റ്റിറോൺ
സാധാരണയിലും അൽപം കൂടിയ നിലയിലാണ് ഇതെങ്കിൽ പിസിഒഎസ് അല്ലെങ്കിൽ സിഎഎച്ച് ഉണ്ട് എന്ന് അനുമാനിക്കാം. അഥവാ ഇതിന്‍റെ നിലയിലുള്ള മാറ്റം സാധാരണയിലും വളരെ അധികമാണെങ്കിൽ ഒവേറിയൻ ട്യൂമറാണെന്ന് സംശയിക്കാം.
പ്രൊജസ്ട്രോൺ
മാസമുറയുടെ പ്രഥമ ഘട്ടത്തിൽ ചെയ്യുന്ന പരിശോധനയാണിത്. സിഎഎച്ച് നിർണയിക്കാനാണിത്. ഹോർമോണുകളുടെ ഉയർന്ന അളവ് പിസിഒഎസ് സൂചന നൽകുന്നു. പ്രൊലാക്റ്റിൻ ഹോർമോൺ നില വർദ്ധിച്ചിരിക്കുകയാണെങ്കിൽ രോഗി ഹൈപ്പർ പ്രൊലാക്റ്റീമിയ എന്ന അവസ്‌ഥയിലാണെന്ന് അനുമാനിക്കാം.
സിറം ടിഎസ്എച്ച്
തൈറോയിഡിനെ സ്റ്റിമുലേറ്റ് ചെയ്യുന്ന ഹോർമോൺ നില കുറഞ്ഞാൽ ഹൈപ്പോ തൈറോയിഡിസമാണെന്ന് പറയാം. ഈയവസ്ഥ സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകാം.
പെൽവിക് അൾട്രാസൗണ്ട്
ഒവേറിയൻ നിയോ പ്ലാസ്മ അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറീസ് ഉണ്ടോയെന്നറിയാനുള്ള പരിശോധനയാണിത്.
ചികിത്സ
സാധാരണ രീതിയിലുള്ള ഹിർസുട്ടിസത്തിന്‍റെ ഭൂരിഭാഗം കേസുകളിലും യാതൊരു ലക്ഷണവും കാട്ടണമെന്നില്ല. അതുകൊണ്ട് ചികിത്സയാവശ്യമായി വരാറില്ല. ഹിർസുട്ടിസത്തിനുള്ള ചികിത്സ വന്ധ്യതയുമായി ബന്ധപ്പെട്ടുള്ളതാണ് പ്രത്യുല്പാദന ശേഷിക്കുള്ള ചികിത്സയാണ് ഇതിൽ പ്രധാനം. അതുകൊണ്ട് ഇതിന്‍റെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.
ഏതെങ്കിലും സ്ത്രീ ഗർഭധാരണം ചെയ്യാൻ തയ്യാറെടുക്കുകയാണെങ്കിൽ ആൻഡ്രജൻ നില സാധാരണ നിലയിലാക്കാനുള്ള മരുന്നുകൾ നൽകുകയാണ് ചെയ്യുക. അത് ദിവസവും കഴിക്കേണ്ടതുണ്ട്. പ്രൊജസ്ട്രോൺ കുറയ്ക്കാനും പ്രത്യുല്പാദന ക്ഷമത വീണ്ടെടുക്കാനും ചികിത്സ സഹായിക്കും.
– ഡോ.സാഗരിക അഗ്രവാൾ
ഗൈനക്കോളജിസ്റ്റ്, ഇന്ദിര ഐവിഎഫ് ഹോസ്പിറ്റൽ, ന്യൂഡൽഹി