സിനിമാ രംഗത്തു മാത്രമല്ല ഏതു രംഗത്തുള്ളവർക്കും സൗന്ദര്യവും സ്വന്തം ലുക്കും എല്ലാം വളരെ പ്രധാനപ്പെട്ട സംഗതി തന്നെയാണ്. എന്നാൽ ഇപ്രാവശ്യത്തെ ലോക്ക്ഡൗൺ കാലയളവിൽ വളരെയധികം പേർ, റിയൽ ലുക്കിലേക്ക് മാറാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. ബ്യൂട്ടിപാർലറുകളും സർവീസുകളും എല്ലാം താൽക്കാലികമായി നിർത്തി വച്ചതോടെയാണ് സ്വന്തം ലുക്കിൽ റിയലായി പ്രത്യക്ഷപ്പെടാൻ പലരും തയ്യാറായതെന്ന് മാത്രം.

മേക്കപ്പ് ആർട്ടിസ്റ്റിനെ കൊണ്ട് മേക്കപ്പ് ചെയ്താലും സ്വയം ഗ്രൂം ചെയ്താലും, റിയൽ ലുക്ക് വേണം എന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ അതു ചെയ്യാം. ഇന്നത്തെ തലമുറ മാത്രമല്ല, ഭൂരിഭാഗം പേരും തന്നെ റിയൽ ലുക്ക് അല്ലെങ്കിൽ നോ മേക്കപ്പ് ലുക്കിന്‍റെ ഫാൻസ് ആയിക്കഴിഞ്ഞു.

എന്തുകൊണ്ട് പെട്ടെന്നൊരു മാറ്റം

വാഷിംഗ്ടൺ പോസ്റ്റ് റിയൽ ലുക്കിനെക്കുറിച്ച് ഒരു സ്റ്റോറി തന്നെ ചെയ്യുകയുണ്ടായി. പ്രമുഖ സാമ്പത്തിക വിദഗ്ധൻ ജെഫ്രി ടാക് ടിവി ഷോയ്ക്കിടെ ഡൊണാൾഡ് ട്രംപിനെ ഇഡിയറ്റ് പ്രസിഡന്‍റ് എന്ന് വിളിക്കുകയുണ്ടായി. ആ ഷോയിൽ അദ്ദേഹം ഷേവ് ചെയ്യാതെയാണ് പ്രത്യക്ഷപ്പെട്ടത്. ഈ കമന്‍റിനെ പ്രതി, ഷോ വലിയ കോലാഹലങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ലോക്ക്ഡൗണിനു മുമ്പാണ് ഈ ഷോ വന്നതെങ്കിൽ ജെഫ്രിയുടെ ഷേവു ചെയ്യാത്ത മുഖവും റോ ലുക്കും കൂടി വിമർശിക്കപ്പെടുമായിരുന്നു. എന്തായാലും അതിനു ശേഷം അമേരിക്കയിലെ നിരവധി മേഖലകളിലെ പ്രമുഖർ ന്യൂസ് ആങ്കർമാർ അടക്കം റിയൽ ലുക്കിൽ മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. പ്രത്യേകിച്ചും സ്ത്രീകൾ. നരച്ച മുടിയും ഷേപ്പ് ചെയ്യാത്ത പുരികവും ട്രീം ചെയ്യാത്ത മുടിയുമായി പൊതുജനത്തെ അഭിമുഖീകരിക്കാൻ തയ്യാറാവുന്നു എന്നത് നല്ല മാറ്റം ആണ്.

നോ മേക്കപ്പ് ലുക്ക് ആണ് ഇനി ട്രെന്‍റ്

മേക്കപ്പില്ലാതെ ആരാധകരെ അഭിമുഖീകരിക്കാറുള്ള നടന്മാരിൽ ഏറ്റവും ശ്രദ്ധേയൻ ഒരുപക്ഷേ രജനികാന്ത് ആയിരിക്കും. മേക്കപ്പില്ലാതെ നടിമാർ പുറത്തിറങ്ങിയാൽ ആരാധകരുടെ പൊങ്കാല ആയിരിക്കും ഫലം എന്ന് പലരും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കൊറോണ വൈറസിന്‍റെ വരവോടെ ലോക്ക്ഡൗണും സോഷ്യൽ ഡിസ്റ്റൻസിംഗും പാലിക്കേണ്ടി വന്നു. ബ്യൂട്ടിപാർലറുകളും കോസ്മെറ്റിക് ഷോപ്പുകളും തുറക്കുന്നുമില്ല. (ഓൺലൈൻ പർച്ചേസ് ആകാം കേട്ടോ) എന്തായാലും രോഗ പകർച്ച ഭയന്ന് ബ്യൂട്ടിപാർലറുകളിൽ അധികമാരും കടന്നുചെല്ലാറില്ല എന്നതാണ് വാസ്തവം.

അങ്ങനെ ഒരു കാലം

ഭാരതത്തിലെ ആദ്യകാല ന്യൂസ് ആങ്കർമാരെ കുറിച്ചോർക്കുമ്പോൾ മനസിൽ വരുന്നത് മിടുക്കിയായ സൽമാ സുൽത്താൻ ആണ്. സുന്ദരമായി സാരി ധരിച്ച് ചെവിക്കു പിന്നിൽ ഒരു റോസാപ്പൂവും വച്ചാണ് അവർ വാർത്താ അവതരിപ്പിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ ചാനലുകൾക്കൊക്കെ സ്റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമെല്ലാം സ്വന്തമായുണ്ട്. വർഷങ്ങൾക്ക് മുമ്പ് അതല്ല അവസ്‌ഥ. ദൂരദർശന് അത്തരം ബജറ്റുകൾ പോലും ഉണ്ടായിരുന്നില്ല. അതിനാൽ വാർത്താവായനക്കാർ സ്വയം മേക്കപ്പിട്ടു വരും. ഫൗണ്ടേഷൻ, ലിപ്സ്റ്റിക്, കണ്മഷി ഇതിലപ്പുറം ഒന്നുമില്ല.

സൽമാ സുൽത്താൻ തന്‍റെ അനുഭവം ഇങ്ങനെ വിവരിക്കുന്നു “സ്റ്റൈലിംഗ് ഞങ്ങൾ സ്വയം ചെയ്യുമായിരുന്നു. എന്‍റെ വീട്ടിലെ പൂന്തോട്ടത്തിൽ ധാരാളം റോസാപ്പൂക്കൾ ഉള്ള സമയം. ഒരു ദിവസം പൂന്തോട്ടത്തിലിരിക്കുമ്പോൾ ആ തോന്നലുണ്ടായി. വാർത്ത വായിക്കുമ്പോൾ ഒരു റോസാപ്പൂ വച്ചാലോ? പിറ്റേന്ന് ഞാൻ ഒരു പൂവ് ചെവിയുടെ പിന്നിൽ വച്ചു. രണ്ടു ദിവസം അങ്ങനെ ചെയ്‌തു. മൂന്നാമത്തെ ദിവസം പൂ വയ്ക്കൽ വിട്ടു കളഞ്ഞു. അതിനു ശേഷം പത്രങ്ങളിലും മറ്റും ചെറിയ ഗോസിപ്പ് കോളങ്ങൾ വന്നു. പിന്നെ ഫോണിലും മറ്റും ആളുകൾ അന്വേഷിക്കാൻ തുടങ്ങി. തുടർന്ന് ഞാൻ പൂവ് വയ്ക്കാനും തുടങ്ങി.”

“ഇത്തരം അനുഭവങ്ങൾ ഇന്നത്തെ ആളുകൾക്ക് ഒട്ടും കുറവായിരിക്കില്ല. അത്രയേറെ ഗ്ലാമറസ് ആക്കപ്പെട്ട രംഗമാണ് ടിവി ആങ്കറിംഗ്.” സൽമാ സുൽത്താൻ പറയുന്നു. “ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മേക്കപ്പ് ഉപയോഗിക്കേണ്ടി വരും. അതു പാടില്ല എന്നൊന്നും നിബന്ധനയ്ക്ക് നിർവാഹമില്ല. പക്ഷേ മേക്കപ്പിന്‍റെ മറയ്ക്കുള്ളിൽ സ്വന്തം വ്യക്‌തിത്വവും സ്വതസിദ്ധമായ സൗന്ദര്യവും ഒളിപ്പിക്കാതിരിക്കുക. മേക്കപ്പും ഒരു കലയാണ്. അതിൽ ഒരുപാട് ഇറങ്ങിച്ചെന്ന് പലവിധ ജാലങ്ങൾ കാട്ടാൻ മേക്കപ്പ് ആർട്ടിസ്റ്റിനു കഴിയും. ആ ജാലത്തിനു മുന്നിൽ നമ്മൾ നഷ്ടമാവണോ വേണ്ടയോ എന്നതാണ് ചോദ്യം.”

മേക്കപ്പിന്‍റെ മുഖം മൂടിയ്ക്കുള്ളിൽ തടങ്കലിൽ കഴിഞ്ഞിരുന്ന പലരും ഇപ്പോൾ അതെല്ലാം വിട്ട് പുറത്തു വരാൻ തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, അല്ലെങ്കിൽ ഇതിനിടയിൽ സംഭവിച്ച പോസിറ്റീവായ ചലഞ്ച് ആണ് നോ മേക്കപ്പ് ചലഞ്ച്! മേക്കപ്പില്ലാത്ത ചിത്രങ്ങൾ, വീഡിയോകളൊക്കെ ഷെയർ ചെയ്യാൻ പലരും തയ്യാറായി എന്നതു തന്നെ വലിയ കാര്യം. നോ മേക്കപ്പ് ലുക്ക് എന്ന പേരിലായിരുന്നു ഈ ചലഞ്ച്.

ബോളിവുഡും പിന്നിലല്ല

ബോളിവുഡിലെ കലാകാരന്മാരും നോ മേക്കപ്പ് ലുക്ക് ചലഞ്ച് വളരെ ആസ്വദിച്ചു വരികയാണിപ്പോൾ. തങ്ങളുടെ ഒറിജനൽ ചിത്രങ്ങൾ പങ്കുവയ്ക്കാൻ അവർക്ക് കൂടുതൽ താൽപര്യം വന്നിരിക്കുന്നു. ലോക്ക്ഡൗൺ വേളയിൽ സെലിബ്രിറ്റികൾ എല്ലാവരും തന്നെ സ്വന്തം ഭവനങ്ങളിൽ തന്നെ കഴിഞ്ഞു കൂടേണ്ടി വന്നവരാണ്. അവിടെ ഗ്രൂമിംഗിനോ മേക്കപ്പിനോ അവസരമില്ല. സ്ക്രീനിൽ കാണുന്ന താരവും ഒറിജിനൽ താരവും തമ്മിലുള്ള അന്തരം പ്രകടമാക്കാൻ അവരും തയ്യാറായി എന്നർത്ഥം.

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരമാണ് കരീന കപൂർ. ഇടയ്ക്കിടെ തന്‍റെ വീഡിയോകളും ചിത്രങ്ങളും അവർ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ അവർ പങ്കുവച്ച മേക്കപ്പ് ഫ്രീ ചിത്രങ്ങൾ ഒരു പാട് പ്രശംസ നേടിക്കൊടുക്കുകയാണ് ചെയ്‌തത്. മേക്കപ്പില്ലാത്ത ലുക്കിനെ കളിയാക്കിയവരും ഇല്ല എന്നല്ല.

തെന്നിന്ത്യൻ താരമായ സമീര റെഡ്ഡി ഫേസ്ബുക്ക് ലൈവിലൂടെ തന്‍റെ ഇപ്പോഴത്തെ രൂപം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ധൈര്യം കാണിച്ചു. മുഖത്തെ പാടുകൾ, കണ്ണിനു താഴെ കറുപ്പ്, നരച്ച മുടി, പാഡുകൾ വച്ച് പൊലിപ്പിക്കാത്ത യഥാർത്ഥ ശരീരം. ഇതാ ഞാൻ” എന്നു പറഞ്ഞാണ് അവർ ഫേസ്ബുക്കിൽ ലൈവ് വന്നത്.

ചർമ്മ സംരക്ഷണമാവട്ടെ മുഖ്യം

വീട്ടിലിരിക്കാൻ പറ്റിയ ഈ വേളയിൽ ചർമ്മ സംരക്ഷണത്തിന് പ്രാധാന്യം നൽകാൻ ശ്രമിച്ചു എന്നതാണ് ടിവി സെലിബ്രിറ്റികളടക്കം പലരുടെയും സന്തോഷകരമായ അനുഭവം. മേക്കപ്പിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന സമയമായതിനാൽ നല്ലൊരു സെൽഫ് കെയർ റൂട്ടീൻ ആർക്കും സാധ്യമാണ്. അലാവുദ്ദീൻ സീരിയൽ ഫേയിം അവനീത് കൗർ തന്‍റെ ബ്യൂട്ടി ടിപ്സ് ഷെയർ ചെയ്തത് ശ്രദ്ധിക്കൂ.

“ഞാൻ ഫേസ്മാസ്ക് ഇടാറുണ്ട്. മഞ്ഞൾ, നാരങ്ങ, തൈര് ഇവ ചേർത്താണ് ഉണ്ടാക്കാറ്, നമ്മുടെ കിച്ചനിൽ സുലഭമായ സംഗതികൾ. കാമറയ്ക്ക് മുന്നിലേക്ക് ഇനിയും വരാനുള്ളതാണ്. അതിനാൽ പരമാവധി സ്കിൻ പെർഫെക്ടാക്കാമല്ലോ.”

സെലിബ്രിറ്റീസിനു ഷൂട്ടിംഗ് വേളയിൽ സ്വന്തം ആരോഗ്യ സംരക്ഷണത്തിനൊന്നും വേണ്ടത്ര സമയം ലഭിക്കാറില്ല എന്നതാണ് വാസ്തവം. കരീന കപൂർ ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചു. ഫേസ്മാസ്ക് ഇട്ട് ഇരുന്നു മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്ന ടിപ്സ് പറയുന്ന ചിത്രം. കരീനയുടെ ഫേസ്മാസ്ക് ഇപ്രകാരമാണ്. ഒരു പാത്രത്തിൽ രണ്ട് സ്പൂൺ ചന്ദനപ്പൊടി, രണ്ട് തുള്ളി വിറ്റാമിൻ ഇ, ഒരു നുള്ള് മഞ്ഞൾപ്പൊടി അൽപം പാൽ ഇവ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകുക.

ഡു ഇറ്റ് യുവേഴ്സ് സെൽഫ്

വരാൻ പോകുന്ന കാലത്തിൽ ഹെയർ, ബ്യൂട്ടി, മേക്കപ്പ് ഇൻഡസ്ട്രി വളരെയധികം മാറും. ജാവേദ് ഹബീബ് എന്ന മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നത് അതാണ്. പ്രൊഫഷണലുകൾക്ക് പുറമേ, ഡു ഇറ്റ് യുവേഴ്സ് സെൽഫ് എന്ന ട്രെന്‍റാണ് ഇനി വരാൻ പോകുന്നത്. അതിനർത്ഥം ആളുകൾ സലൂണിൽ പോകുന്നത് നിർത്തുമെന്നല്ല. ചർമ്മ സംരക്ഷണം സ്വയം ചെയ്യുമെന്നർത്ഥം. ഫേഷ്യൽ മസാജ് ചെയ്യുന്ന രീതി വർദ്ധിക്കും, പക്ഷേ മേക്കപ്പ് ഫോക്കസ് ചെയ്യുന്നത് കുറയും. ബ്രാന്‍റിലുള്ള ക്വാളിറ്റിയിലും കൂടുതൽ ശ്രദ്ധിക്കും.

और कहानियां पढ़ने के लिए क्लिक करें...