സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുമെന്ന സ്വാതന്ത്യ്രദിന പ്രസംഗത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ ചൂടുപിടിച്ച ചർച്ചയെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ സ്ത്രീ സമൂഹം നോക്കിക്കാണുന്നത്. നടപ്പിലായാൽ അതൊരു വിപ്ലവകരമായ തീരുമാനമായിരിക്കുമെന്നുറപ്പാണ്.

2006 ലെ ചൈൽഡ് മാരേജ് ആക്ട് പ്രകാരം പുരുഷന്മാർക്ക് 21 ഉം സ്ത്രീകൾക്ക് 18 മാണ് നിലവിലെ വിവാഹ പ്രായം. വിവിധ മതങ്ങളുടെ വ്യക്‌തി നിയമമനുസരിച്ചുള്ള മാനദണ്ഡങ്ങൾ പ്രകാരം ചില വ്യത്യാസങ്ങൾ ഈ നിയമത്തിലുണ്ട്. എങ്കിലും ഭൂരിപക്ഷം സ്ത്രീകളും സ്വാഗതം ചെയ്യുന്ന ആഗ്രഹിക്കുന്ന നിയമമായിരിക്കും സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുക എന്നത്.

ലോകത്തെ വിവിധ രാജ്യങ്ങളുടെ വിവാഹ പ്രായമെടുത്തു നോക്കിയാൽ ശരാശരി പ്രായം 21 ആണെന്ന് കാണാം. വിശാല വിഷയങ്ങൾ പരിഗണിച്ചു വ്യത്യസ്ത പ്രായ പരിധികൾ വിവിധ രാജ്യങ്ങളിലുണ്ട്.

പുരുഷ മേൽക്കോയ്മയുടെ ലോകത്ത് ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ പ്രായം കുറവ് വേണമെന്ന സാങ്കൽപിക നിയമം പിന്തുടരുന്നവരാണ് ഭൂരിഭാഗം പേരും. അത് കൊണ്ട് തന്നെ സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതോടെ പുരുഷന്മാരുടേത് 23 എങ്കിലും ആക്കണമെന്ന വാദവും ശക്‌തമാണ്.

ഭർത്താവിനേക്കാൾ പ്രായം കൂടിയ ഭാര്യ എന്ന രീതി അംഗീകരിക്കാനോ ഉൾക്കൊള്ളാനോ മടി കാണിക്കുന്നവരാണ് നമ്മൾ ഇന്ത്യക്കാർ. പങ്കാളികൾ തമ്മിൽ രണ്ടോ മൂന്നോ വയസ്സിന്‍റെ വ്യത്യാസം എന്നല്ലാതെ ഇതിനു പ്രത്യേകിച്ചൊരു പ്രാധാന്യം നൽകേണ്ടതുമില്ല. ഭാരതീയ സംസ്കാര ചട്ടക്കൂടിൽ വളർന്ന പഴയ തലമുറയിൽ നിന്നും വ്യത്യസ്ത ചിന്താശേഷിയുള്ളവരാണ് പുതുതലമുറ. പഴയ സമ്പ്രദായിക രീതി പിന്തുടരാൻ പുതിയ തലമുറയ്ക്ക് താൽപര്യക്കുറവുകളുമുണ്ട്.

തുടർ വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾ വളരെയധികം മുന്നേറുന്ന കാലമാണിത്. പ്ലസ്ടു വിദ്യാഭ്യാസം കഴിയുന്നത് വരെ കുട്ടികൾ എന്ന പരിഗണനയിൽ വളർന്ന് വരുന്ന ഈ തലമുറ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കാനും ജോലി നേടി സ്വന്തം കാലിൽ നിൽക്കാനും ആഗ്രഹിക്കുകയും ചെയ്യുന്നു. കേവലം സർട്ടിഫിക്കറ്റ് കരസ്ഥമാക്കി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിക്കഴിയാൻ ആഗ്രഹിക്കുന്നവരല്ല അവർ.

18-ാം വയസ്സിൽ വിവാഹം കഴിക്കുന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ കാര്യമായി ബാധിക്കുന്നു. കല്യാണശേഷവും പഠിക്കാമെന്ന വാഗ്ദാനങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും പലപ്പോഴും സാഹചര്യങ്ങൾ കാരണം പഠനം തുടരാൻ കഴിയാറില്ല പലർക്കും. വിദ്യാഭ്യാസപരമായി മുന്നേറാനും അത് വഴി സ്വയം ശാക്തീകരണം ആഗ്രഹിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സ്വാതന്ത്യ്രം തന്നെ ഇല്ലാതാക്കുന്നതാണ് പൂർത്തിയായി എന്ന കാരണം കൊണ്ട് ഇടയ്ക്ക് പഠനം മുടക്കി കല്യാണം കഴിപ്പിച്ചു വിടുന്ന പ്രവണതകൾ.

ഋതുമതിയാവുക എന്നതാണ് ചിലർ പ്രായപൂർത്തിയായി എന്നതിന് കണക്കാക്കുന്ന മാനദണ്ഡം. ചിലർ 18 വയസ്സ് പൂർത്തിയാകുക എന്നതാണ്. എന്നാൽ ശരീരം കൊണ്ടോ വയസ്സ് കൊണ്ടോ മാത്രമല്ല ഒരു പെൺകുട്ടി പ്രായപൂർത്തിയാകേണ്ടത്, ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാനും അത് പക്വതയോടെ കൈകാര്യം ചെയ്യാൻ പഠിക്കുമ്പോഴും മാത്രമാണ് യഥാർത്ഥത്തിൽ ഒരാൾ പ്രായപൂർത്തി ആവുന്നത് എന്ന കാഴ്ചപ്പാടിലേക്ക് നമ്മൾ എത്തേണ്ടിയിരിക്കുന്നു. എന്നാൽ എല്ലാവരിലും വ്യത്യസ്തമായ പ്രായമായിരിക്കും അത് എന്നതിനാൽ വിവാഹപ്രായം കണക്കാക്കാൻ ആ ആശയം പരിഗണിക്കാൻ സാധ്യമാവുകയില്ല. നിയമമാക്കുമ്പോൾ ഇത്തരം മാനദണ്ഡങ്ങൾ പ്രായോഗികവുമല്ല. എന്നാൽ നിയമം നൽകുന്ന പരിരക്ഷയുടെ ഉള്ളിൽ നിന്ന് കൊണ്ട് രക്ഷിതാക്കൾക്ക് പരിഗണിക്കാവുന്ന ഒരു വിഷയമാണിത്.

ഈ വിഷയത്തെപ്പറ്റി  ചിലരുടെ അഭിപ്രായങ്ങള്‍ നോക്കാം…

ശ്രീവിദ്യ മുല്ലച്ചേരി, സിനിമാതാരം

“സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ലേക്ക് ഉയർത്താനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു. അത് നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് കൂടുതൽ അവസരം നൽകും. കുടുംബിനിയാകാൻ 18 നേക്കാൾ എന്തു കൊണ്ടും ഉത്തമ പ്രായം 21 തന്നെയാണ്.”

…………………………………………………..

നജ്മ എൻ, വിദ്യാർത്ഥിനി, കേരള കേന്ദ്ര സർവകലാശാല

“18 വയസ്സിൽ വിദ്യാഭ്യാസം പോലും പൂർത്തിയാക്കുന്നതിന് മുമ്പ് കെട്ടേണ്ടി വരുന്ന പെൺകുട്ടിക്ക് താങ്ങേണ്ടി വരുന്നത് ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്. വിവാഹപ്രായം വർദ്ധിപ്പിക്കുന്നത് അവൾക്ക് വിദ്യാഭ്യാസം, ലോക പരിചയം, പക്വത എന്നിവ കൂടുതലായി കിട്ടാൻ ഇടയാക്കും. അത് ഗുണകരമായ തീരുമാനമാണ്.”

……………………………………………………….

18 വയസ്സ് പൂർത്തിയായ എല്ലാവർക്കും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനോ സ്വാതന്ത്യ്രമായ നിലപാടുകളെടുക്കാനോ സാധിക്കുകയില്ല. ഇന്ത്യൻ സംസ്കാരത്തിൽ വീട്ടുകാർ നല്ലതെന്ന് പറഞ്ഞാൽ അത് നല്ലതെന്നും വേണ്ടെന്നു പറഞ്ഞാൽ വേണ്ടെന്ന് വെക്കുന്നവരും ആയിരിക്കും ഈ പ്രായത്തിൽ അധികം പേരും.

കുടുംബ പരിപാലനത്തിനുള്ള പക്വതയോ തയ്യാറെടുപ്പോ ഈ പ്രായത്തിൽ കുറവായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആഗ്രഹിക്കാത്ത ഗർഭധാരണവും 18 വയസ്സിലെ അമിത ഭാരങ്ങളും ഉത്തരവാദിത്തങ്ങളും പെൺകുട്ടികളെ വിഷാദ രോഗത്തിലേക്ക് നയിക്കുന്നുവെന്നും പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പഠന റിപ്പോർട്ടുകളിലേക്ക് കടക്കും മുമ്പ് നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ തന്നെയും കാണാം ഉത്തരവാദിത്തങ്ങളുടെ അമിതഭരം കൊണ്ട് തലകുനിഞ്ഞു പോയ പെൺ ജീവിതങ്ങൾ.

18 വയസ്സ് പൂർത്തിയായ ആൺകുട്ടിയിൽ നിന്നും വ്യത്യസ്തമായിരിക്കും 18 വയസ്സ് പൂർത്തിയായ പെൺകുട്ടികൾ. പുറം ലോകവുമായി നിരന്തരം ബന്ധപ്പെടാൻ ആൺകുട്ടികൾക്ക് കിട്ടുന്ന അവസരങ്ങൾ പലപ്പോഴും പെൺകുട്ടികൾക്ക് കിട്ടാറില്ല. അവർ വീടുകൾക്കുള്ളിൽ കഴിയേണ്ടി വരുന്നു. ഇത് 18 വയസ്സായ പെൺകുട്ടികൾക്ക് ലോകപരിചയവും അനുഭവ സമ്പത്തും കുറക്കുന്നു.

വിദ്യാഭ്യാസത്തിലൂടെ, 21 വയസ്സ് ആകുമ്പോഴേക്കും അവ ആർജിച്ചെടുക്കാൻ പെൺകുട്ടികൾക്കാവുന്നു. പെൺകുട്ടിയുടെ വയസ്സ് 18 ആയാലും 21 ആയാലും കല്യാണം കഴിഞ്ഞെത്തുന്ന സ്ത്രീ ഭർത്താവിന്‍റെ വീട്ടിൽ ഒരു ഭാര്യയോ മരുമകളോ മാത്രമാണ്. അവരുടെ വയസ്സ് ആരും പരിഗണിക്കാറില്ല. അത് കൊണ്ട് തന്നെ 18 വയസ്സിനെക്കാൾ എന്ത് കൊണ്ടും 21 വയസ്സായ കുട്ടിക്ക് അവയുമായി വേഗത്തിൽ പൊരുത്തപ്പെട്ടു പോകാനാകും.

ഭർത്താവിനെ നോക്കുക, കുട്ടികളെ നോക്കുക, മറ്റു കുടുംബാംഗങ്ങളെ നോക്കുക, വീട് നോക്കുക എന്നീ ഉത്തരവാദിത്തങ്ങൾ സമൂഹം കുടുംബിനിയുടെ തലയിൽ ആണ് വച്ചു കൊടുത്തിട്ടുള്ളത്. ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ ഇതിന് അവർ പക്വത എത്തിയോ എന്നാരും നോക്കാറില്ല. 30 വയസ്സുള്ള സ്ത്രീകൾ വീട് നോക്കുന്ന പോലെ വന്നു കയറിയ പെണ്ണ് നോക്കിയില്ലെങ്കിൽ അവിടെ പ്രശ്നങ്ങൾ ഉണ്ടാവുന്നു. വിദ്യാഭ്യാസം കൊണ്ടും ലോക പരിചയം കൊണ്ടും മാത്രമേ ഒരു പെൺകുട്ടിക്ക് പക്വത വരികയുള്ളൂ. അതിന് പ്രായം ഒരു പ്രധാന ഘടകം തന്നെയാണ്.

18 വയസ്സിൽ താങ്ങേണ്ടി വരുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങൾ അവരുടെ ഭാവിയെ തകർത്തു കളയുകയും അവ മക്കളെ വളർത്തുന്നതിലും മക്കളുടെ സ്വഭാവ രൂപീകരണങ്ങളിലും പ്രകടമായി കണ്ടുവരികയും ചെയ്യുന്നു. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാത്ത രാജ്യ സമൂഹത്തിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 21 എങ്കിലും ആക്കുക എന്നത് ഒരു വിപ്ലവകരമായ തീരുമാനം തന്നെ. അതേസമയം ഇതിനു മറുവശവുമുണ്ട്.

വോട്ടവകാശം 18 വയസ്സിൽ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. വ്യക്‌തിസ്വാതന്ത്യ്രത്തിനും അവകാശമുള്ള നാട്ടിൽ ഒരു പെൺകുട്ടിയോ ആൺകുട്ടിയോ 18 വയസ്സിലോ 19 വയസ്സിലോ വിവാഹിതരാകണമെന്ന് ആഗ്രഹിച്ചാൽ അത് തെറ്റാണെന്നു പറയാൻ നിർവ്വാഹമില്ല. 18 നുശേഷം ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് കുറ്റകരവുമാകുന്നില്ല. പ്രായം ഒരു നമ്പർ മാത്രമാകുന്ന സാഹചര്യങ്ങളും ഉണ്ട്.

ഈ വിഷയത്തെപ്പറ്റി  ചിലരുടെ അഭിപ്രായങ്ങള്‍ നോക്കാം…

ധനലക്ഷ്മി പൊതുവാൾ, അധ്യാപിക

“ഒരു വിവാഹം എന്നത് ഒരു ദീർഘകാല ബന്ധമാണ്, അതിൽ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നു. 18 ആകുമ്പോഴേക്കും ഒരു പെൺകുട്ടി ശാരീരികമായി മാത്രമേ പക്വത പ്രാപിക്കുന്നുള്ളൂ. കൂടുതൽ സ്‌ഥിരതയുള്ള തീരുമാനങ്ങൾ എടുക്കാൻ അവൾക്ക് കൂടുതൽ സമയം ആവശ്യമാണ്. വിദ്യാഭ്യാസം മറ്റൊരു പാരാമീറ്ററാണ്. ഇക്കാലത്ത് മിക്ക മേഖലകളിലെയും അടിസ്‌ഥാന വിദ്യാഭ്യാസ യോഗ്യതയാണ് ബിരുദം. 18 വയസ്സിൽ അവൾക്ക് അത് നേടിയെടുക്കാൻ ആവില്ല.”

……………………………………………………….

കീർത്തി ജ്യോതി (അധ്യാപിക, ബ്ലോഗർ, വാർത്താവതാരക)

“ഒരർത്ഥത്തിൽ വിവാഹം പെൺകുട്ടികളുടെ ജീവിതത്തെ മറ്റൊരു ദിശയിലേക്ക് വഴി തിരിച്ചു വിടുന്ന ഒന്നാണ്. മാനസികമായി പക്വത കൈവരിക്കാത്ത പെൺകുട്ടികൾക്ക് മറ്റുള്ളവരുടെ തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടി വരിക വഴി പിന്നീട് ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം ജീവിത ലക്ഷ്യങ്ങൾ തന്നെ ഇല്ലാതായെന്നു വരാം. അവർ പഠിക്കട്ടെ, വളരട്ടെ, സ്വന്തം കഴിവുകളെ കണ്ടെത്തട്ടെ… പിന്നീടാകാം വിവാഹ ജീവിതം.”

 

और कहानियां पढ़ने के लिए क्लिक करें...