ഇന്നു മഴ പെയ്യുമോ? കുട എടുക്കും മുമ്പ് ഈ ചോദ്യം കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തോട് ചോദിക്കേണ്ട കുടയോട് ചോദിച്ചാൽ മതി! കാലാവസ്‌ഥ പ്രവചനം നടത്തുന്ന ഹൈടെക്ക് കുട വരെ എത്തി നിൽക്കുകയാണ് കേരളത്തിലെ കുട വിപണി.

നനഞ്ഞു കുതിർന്ന മഴക്കാലത്തും ചുട്ടുപൊള്ളുന്ന വേനൽക്കാലത്തും മലയാളിക്ക് കുട ഇല്ലാതെ പറ്റില്ല. മൊബൈൽ ഫോൺ ചങ്ങാതിയാവും മുമ്പേ വന്ന ചങ്ങാതിയാണ് കുട.

പരമ്പരാഗതമായ കറുത്ത നിറമുള്ള കാലൻ കുടയും, ടൂഫോൾഡ് കുടയും കടന്ന്, ബ്ലുടൂത്ത്, വൈഫൈ, സെൽഫിസ്റ്റിക്ക് കുടകളിലേക്ക് കേരളത്തിന്‍റെ കുടക്കമ്പോളം വളർന്നു. മൺസൂൺ കാലത്ത് മാറ്റങ്ങളുടെ പെരുമഴയുമായിട്ടാണ് പല കുടക്കമ്പനികളും എത്തുന്നത്. കയ്യിൽ മൊബൈൽ ഫോൺ അനിവാര്യമായതിനാൽ, മഴക്കാലത്ത് അത് നനയുമെന്ന പേടിയും വേണ്ട. ഫോണുമായി കണക്ട് ആവുന്ന കുട കയ്യിലുണ്ടെങ്കിൽ കുട ചൂടി നടന്ന് ഏതു മഴയേയും വെല്ലുവിളിച്ച് ഇഷ്‌ടം പോലെ ഫോണിൽ സംസാരിക്കാം.

ബ്ലുടൂത്ത്, വൈഫൈ സംവിധാനം ഉള്ള ഫോണുകളാണെങ്കിൽ അത് പോക്കറ്റിലോ ബാഗിലോ കിടക്കട്ടെ കുട നിവർത്തി പാട്ടും കേൾക്കാം, കോൾ അറ്റന്‍റ് ചെയ്യുകയുമാവാം. മൺസൂൺ സീസണിൽ ഇത്തരം കുടയ്ക്കു വേണ്ടി ധാരാളം പേർ വരുന്നുണ്ടെന്നാണ് കുട പുറത്തിറക്കിയ കമ്പനിക്കാർ പറയുന്നത്. രണ്ടു വർഷത്തെ റിസർച്ചിനു ശേഷമാണ് ഇങ്ങനെയൊരു കുട മാർക്കറ്റിൽ കുടക്കമ്പനി അവതരിപ്പിച്ചത്. കൈ നനയാതെ മീൻ പിടിക്കാം എന്നു പറയുമ്പോലെ മഴയാണല്ലോ ഫോൺ നനയുമല്ലോ എന്നൊന്നും ചിന്തിക്കേണ്ട കുടയുണ്ടല്ലോ കൂടെ!

മൂന്ന് യുവതികൾ സെൽഫി എടുക്കാൻ ശ്രമിക്കുകയാണ്. പക്ഷേ അവർക്ക് കൃത്യമായ പൊസിഷൻ കിട്ടുന്നില്ല. അടുത്തു കണ്ട യുവാവിനോട് സെൽഫി സ്റ്റിക്ക് ചോദിക്കുമ്പോൾ അയാൾ ഓഫർ ചെയ്തത് ഒരു കുട! കാണുന്നവർക്ക് തോന്നാം, അയാൾക്ക് വട്ടാണെന്ന്. പക്ഷേ ആ കുട കൊണ്ട് പടവും പിടിക്കാം! സാങ്കേതികതയുടെ കാര്യത്തിൽ ഇതു മാത്രമല്ല ഇനിയുമുണ്ട് പലതും കുട വിപണിയിൽ.

അൾട്രാവയലറ്റ് – സിൽവർ കോട്ടിംഗ് ഉള്ള കുടകളാണ് അതിലൊന്ന്. ഇതു ചൂടി ധൈര്യമായി പുറത്തു പോകാം. സൺപ്രൊട്ടക്ഷൻ ക്രീം ഒന്നും വേണ്ട! വാട്ടർ പ്രൂഫ് റിപ്പല്ലന്‍റ്, വിന്‍റ് പ്രൂഫ്, യൂണികോം ഗോൾഡ് പ്ലേറ്റിംഗ്, ഹൈ കാർബൺ സ്റ്റീൽ ഇങ്ങനെ സാങ്കേതികതയുടെ ഏതു പേര് ചൊല്ലി വിളിച്ചാലും കുട ഹാജർ!

കടുത്ത കാറ്റിൽ നടന്നു പോകുമ്പോൾ കുട പണിതരാത്ത വരുണ്ടാകുമോ. അതിങ്ങനെ മേലോട്ട് പൊങ്ങി വളഞ്ഞ് ഒരു ചേമ്പില ചൂടിയ മട്ട്, തിരക്കിനിടയിൽ മനുഷ്യനെ നാണം കെടുത്തിക്കളയും. പക്ഷേ എയ്റോഡൈനാമിക് ടെക്നോളജി കൊണ്ടുണ്ടാക്കിയ കുട ചൂടിയാൽ കൊടുങ്കാറ്റിലും ധൈര്യമായി പോകാം. കാറ്റിൽ പൊങ്ങി പോയാൽ ആളെയും കൂടി ചേർത്ത് ഉയർന്ന് പറന്നാലും കുട മടങ്ങി നനയ്ക്കില്ല.

പണ്ടൊക്കെ മഴക്കാലം എത്തീന്ന് നാട്ടിമ്പുറങ്ങളെ അറിയിച്ചിരുന്നത് തവളകളടെ പേക്രോം ശബ്ദമായിരുന്നു. ഇപ്പോൾ മൺസൂൺ തുടങ്ങും മുമ്പേ ടിവിയിൽ വന്നു തുടങ്ങുന്ന കുടകളുടെ കിടിലൻ പരസ്യങ്ങൾ തന്നെയാണ് മഴക്കാലം ഇങ്ങെത്തി എന്ന് എല്ലാരെയും അറിയിക്കുന്നത്. മഴ എത്തിക്കഴിഞ്ഞാൽ പിന്നെ നാലാൾ കൂടുന്ന ഇടങ്ങളിലെല്ലാം നിറങ്ങളുടെ കൂടിക്കാഴ്ചകൾ നിറഞ്ഞു നിൽക്കും. ഒരു സ്ക്കൂൾ പരിസരത്തേക്കു ചെന്നാൽ ആ കാഴ്ചയ്ക്ക് പൂർണ്ണത കിട്ടും. ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ ഇറങ്ങുന്നത് കുട്ടികളെ ലക്ഷ്യം വച്ചുള്ള കുടകളിലാണ്. അവരെ ലക്ഷ്യം വച്ചാണ് പരസ്യങ്ങളും ഇറങ്ങുന്നത്. ഇവിടെ സ്ക്കൂൾ തുറക്കുന്നത് മഴയിലേക്കാണെന്നതും പ്രത്യേകതയാണ്. അതിനാൽ സ്ക്കൂൾ തുറക്കുമ്പോൾ ഒരു വീട്ടിൽ രണ്ടു കുടയെങ്കിലും വാങ്ങുമെന്നുറപ്പാണ്. ഇങ്ങനെ ചെല്ലുമ്പോൾ വെറുതെ ഒരു കുട ചെന്നു ചോദിച്ചു വാങ്ങുന്ന ശീലമൊക്കെ എന്നേ പോയി. ഇപ്പോൾ ബ്രാന്‍റുകളുടെ പേരു പറഞ്ഞു തന്നെയാണ് ഓരോരുത്തരും വാങ്ങുന്നത്. പത്തോളം പ്രിയ ബ്രാന്‍റുകൾ കേരള മാർക്കറ്റിലുണ്ട്. ഒന്നര കോടിയിലേറെ കുടകളാണ് ഒരു വർഷം കേരളത്തിൽ വിറ്റു പോകുന്ന കുടകളുടെ എണ്ണം.

കുടകൾ ഫാഷൻ സ്റ്റേറ്റ്മെന്‍റായും ഹൈടെക് ഗാഡ്ജെറ്റ് ആയും, വാക്കിംഗ് സ്റ്റിക്കായും കളിപ്പാട്ടമായുമൊക്കെ രൂപാന്തരം സംഭവിച്ചിരിക്കുന്നു. ബാഗും ചെരിപ്പും, വളയുമൊക്കെ വാങ്ങുന്ന അതേ സ്റ്റൈൽ സെൻസാണ് കുടയുടെ നേരെയും ഉള്ളത്. ജനറേഷൻ അനുസരിച്ച് ട്രെന്‍റ് മാറും എന്നു മാത്രമേ വ്യത്യാസമുള്ളൂ. തിരക്കുള്ള ബസിലൊക്കെ മഴയിൽ കയറാനും ഇറങ്ങാനും നിൽക്കുമ്പോൾ പെട്ടെന്ന് നിവരുകയും ചുരുങ്ങുകയും ചെയ്യുന്ന കുട തന്നെ വേണം. പ്രശ്നം പരിഗണിച്ചപ്പോൾ ഉടലെടുത്തതാണ് ഒരു ബട്ടൻ അമർത്തിയാൽ നിവരുകയും ചുരുങ്ങുകയും ചെയ്യുന്ന കുട. നിവരുകയും ചുരുങ്ങുകയും ചെയ്യുന്ന കുട അതിനപ്പുറത്തേക്ക് ഒരുപാട് മാറ്റം കുടകൾ കൊണ്ടു വന്നു. കുട്ടികൾക്ക് കളിപ്പാട്ടം പോലെ ഉപയോഗിക്കാൻ കഴിയുന്ന കുടകൾക്ക് വലിയ വിപണിയുണ്ട്. ഇപ്പോൾ ബ്ലുടൂത്തും വൈഫൈയും സെൽഫി സ്റ്റിക്കും ഒക്കെ ആയതോടെ കുട്ടികൾ സ്ക്കൂളിൽ വരുമ്പോൾ കുട പിടിച്ചു വയ്ക്കേണ്ടി വരുമോ എന്ന പേടി അദ്ധ്യാപകർക്കുണ്ട്.

और कहानियां पढ़ने के लिए क्लिक करें...