നവജാത ശിശുവിന് പ്രത്യേക പരിചരണം ആവശ്യമാണ്. അപ്പോൾ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പരിചരണം എത്രമാത്രം ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട് എന്ന് വ്യക്‌തമാണല്ലോ. ഗർഭാവസ്‌ഥയിൽ ഉണ്ടാകുന്ന ചില അനിശ്ചിതാവസ്‌ഥകളോ, കുഴപ്പങ്ങളോ നിമിത്തം പ്രീമച്വർ ഡെലിവറി സംഭവിക്കാറുണ്ട്. 36 ആഴ്ച പൂർത്തിയാക്കാതെയാണ് ആ സന്ദർഭത്തിൽ ശിശുക്കൾ ജനിക്കുന്നത്.

ഇങ്ങനെ ജനിക്കുന്ന ശിശുക്കളെ പരിചരിക്കാൻ മാതാപിതാക്കൾ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശിശുരോഗ വിദഗ്ധന്‍റെ സഹായം നിരന്തരം ആവശ്യമായി വരുന്നതിനാൽ അങ്ങനെയൊരു വ്യക്‌തിയെ നേരത്തെ കണ്ടെത്തി വയ്ക്കുക, ഒപ്പം തന്നെ പ്രീമച്വർ ബേബിയെ പരിചരിക്കാൻ ആവശ്യമായ എല്ലാ സാമഗ്രികളും സജ്ജീകരണങ്ങളും വീട്ടിൽ തന്നെ ഒരുക്കേണ്ടതായും വരും. പ്രീമച്വർ നവജാതശിശു സംരക്ഷണത്തിന്‍റെ ഏതാനും ടിപ്സ് ഇതാ.

മുലയൂട്ടൽ

നവജാതശിശുവിന് അണുബാധ പിടിപെടാൻ സാധ്യതയേറെയാണ്. അതിനാൽ മുലപ്പാൽ തന്നെ വേണം കുഞ്ഞിന് നൽകാൻ. പ്രോട്ടീനും പോഷകങ്ങളും അടങ്ങിയ മുലപ്പാൽ കുഞ്ഞിന് വളർച്ചയ്ക്കും ഇതാവശ്യമാണ്. പ്രതിദിനം ആറു മുതൽ 8 തവണ മുലയൂട്ടൽ നടന്നിട്ടുണ്ടാവണം. 6 മാസം വരെ മറ്റൊരു ആഹാരവുംനൽകാതിരിക്കേണ്ടതും അനിവാര്യമാണ്.

ഊഷ്മാവിലെ വ്യതിയാനം

കുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രയാസം ഉണ്ടാക്കുന്ന മറ്റൊരു കാര്യമാണ് താപനിലയിൽ കാണുന്ന വ്യതിയാനം. ഗർഭാവസ്‌ഥയിലെ അന്തരീക്ഷ താപനില കൂടുതലായിരിക്കും. പ്രസവശേഷം കുഞ്ഞിന്, പുറത്തെ സാധാരണ ഊഷ്മാവ് പോലും അതി കഠിനമായ തണുപ്പായി അനുഭവപ്പെടാം. ഇമ്യൂൺ സിസ്റ്റം പൂർണ്ണമായും വികസിക്കാത്ത സാഹചര്യത്തിൽ ഊഷ്മാവിലെ വ്യതിയാനങ്ങൾ സഹിക്കാനുള്ള ശേഷി നവജാതശിശുക്കൾക്ക്, പ്രത്യേകിച്ചും മാസം തികയാതെ പിറന്ന കുഞ്ഞുങ്ങൾക്ക് കുറവായിരിക്കും. പ്രീമച്വർ ബേബികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം അമ്മയുടെ നെഞ്ച് തന്നെയാണ്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കിടത്തുക.

നിശ്ചിത പരിശോധനകൾ

ഗർഭധാരണ കാലം മുതൽ കുഞ്ഞിന്‍റെ ആരോഗ്യവും അവസ്‌ഥയും പരിശോധിച്ചു കൊണ്ടേയിരിക്കുക. അൾട്രാ സൗണ്ട് വഴി ഇത് ചെയ്യാനാകും. പ്രീമച്വർ ബേബിയ്ക്ക് പ്രസവശേഷവും ഈ പരിശോധന തുടരേണ്ടി വരും. ശ്വാസകോശം, കണ്ണ് തുടങ്ങിയവയുടെ വികാസക്കുറവോ, അപാകതകളോ മനസിലാക്കുന്നത് തുടർച്ചയായ പരിശോധനയിലൂടെയാണ്.

വലിയ ശബ്ദം വേണ്ട

നവജാത ശിശുവിന് വലിയ ശബ്ദങ്ങളും ആളുകളുടെ ബഹളവും സാന്നിധ്യവുമൊക്കെ അസ്വസ്ഥത ജനിപ്പിക്കും. കുട്ടിയുടെ സമീപം പല വ്യക്‌തികൾ ചെല്ലുന്നത് നല്ലതല്ല. കുഞ്ഞിന് അത് അസഹ്യവുമായിരിക്കും. അച്‌ഛനമ്മമാർ ഇക്കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കിടത്തേണ്ട രീതി

നവജാത ശിശുവിന്‍റെ മാംസ പേശികളും എല്ലുകളും വികാസം പ്രാപിക്കുന്നതേയുള്ളൂ. അസ്‌ഥി ബലത്തിന് കുഞ്ഞിനെ കമിഴ്ത്തിക്കിടത്തുന്നത് നല്ലതാണെങ്കിലും ഉറങ്ങുന്ന വേളയിൽ കുഞ്ഞിനെ നിവർത്തി മാത്രം കിടത്തുക.സഡൻ ഇൻഫന്‍റ് ഡത്ത് സിൻഡ്രോം എന്ന അപകടാവസ്‌ഥ ഇല്ലാതിരിക്കാൻ ഈ മുൻകരുതൽ സഹായിക്കും. കമിഴ്ന്നു കിടക്കുമ്പോൾ ശ്വാസം കഴിക്കാൻ പ്രയാസം ഉണ്ടാകാനിടയുണ്ട്.

മടിയിൽ കിടത്തുമ്പോൾ

പ്രീമച്വർ ബേബി, ശാരീരികമായി വളരെ ദുർബലരാണ്. അവരുടെ അവികസിതമായ എല്ലുകളും, സന്ധികളും പെട്ടെന്ന് ക്ഷതം ഏൽക്കുന്നത്ര ദുർബലമായിരിക്കും. മടിയിൽ കിടത്തുമ്പോഴും തോളിൽ ഇടുമ്പോഴുമൊക്കെ അവരുടെ സന്ധികൾക്കും അസ്‌ഥികൾക്കും പരിക്കു പറ്റാതെ ശ്രദ്ധയോടെ വേണം എടുക്കാൻ.

ഈർപ്പം നിലനിർത്തുക

സമയത്തിനു മുന്നേ പിറന്ന കുഞ്ഞുങ്ങൾക്ക് ചർമ്മം ഉണങ്ങി വരണ്ടു പോകുന്ന അവസ്‌ഥ കാണാറുണ്ട്. ഈ അവസഥയിൽ അവർക്ക് സ്പർശം പോലും വേദനാജനകമാകാം. അതിനാൽ ശരീരത്തിലെ മോയിസ്ചുറൈസിംഗ് നിലനിർത്താൻ ഓയിൽ മസാജ് ആവശ്യമാണ്. ചർമ്മത്തിന് ഈർപ്പം ലഭിക്കുമെന്നു മാത്രമല്ല മസാജിലൂടെ ശരീരത്തിന് ചൂട് ലഭിക്കും. ഒപ്പം അസ്‌ഥിയ്ക്ക് ബലവും വർദ്ധിക്കും.

വൃത്തിയുള്ള അന്തരീക്ഷം

മലിനീകരണമില്ലാത്ത, ദുർഗന്ധമില്ലാത്ത വായുവും, പരിസരവും കുഞ്ഞിന്‍റെ ആരോഗ്യകരമായ വളർച്ചയ്ക്ക് അടിയന്തിരമായ ആവശ്യമാണ്. മുതിർന്നവർക്കു മാത്രമല്ല ഈ കാര്യങ്ങൾ ആവശ്യമുള്ളത് എന്ന ധാരണ ഉണ്ടാകണം.

പല രീതിയിൽ കിടത്തുക

ശരീരത്തിനു ബലം കുറവായതിനാൽ കിടത്തുന്ന രീതിയ്ക്ക് പ്രാധാന്യമുണ്ടെന്ന് ആദ്യമേ പറഞ്ഞുവല്ലോ. ഒരേ പൊസിഷനിൽ മണിക്കൂറുകളോളം കിടത്താൻ പാടില്ല. ഉറങ്ങുമ്പോഴും ഇടയ്ക്കിടയ്ക്ക് കുഞ്ഞിനെ വശം മാറ്റി ക്കിടത്തണം. കിടത്തുമ്പോൾ കഴുത്ത്, തോൾ, പിൻഭാഗം ഇവിടത്തെ മാംസപേശികൾക്ക് ബലം ലഭിക്കുന്നു. ഒരേ രീതിയിൽ കുഞ്ഞിനെ കിടത്തിയാൽ ഫ്ളാറ്റ് ഹെഡ് സിൻഡ്രോം ഉണ്ടാകാം.

– ഡോ. കൃഷ്ണ യാദവ്, നവജാത ശിശു വിദഗ്ധ

और कहानियां पढ़ने के लिए क्लिक करें...