രാവിലെ ഉണർന്നെണീറ്റയുടൻ ആവി പറക്കുന്ന ചൂട് ചായ കുടിക്കണമെന്നത് പലർക്കും നിർബന്ധമാണ്. അതും നല്ലവണ്ണം പാലും തേയിലയും പഞ്ചസാരയുമൊക്കെ ചേർത്ത്. ചിലപ്പോൾ ബെഡ്കോഫി കഴിഞ്ഞും ചിലർ രണ്ടോ മൂന്നോ ചായ കുടിക്കുന്നവരുണ്ട്. ഇത് ശരീരത്തിൽ എത്രമാത്രം പഞ്ചസാരയും കഫീനുമാണ് എത്തിക്കുന്നത്. ഗുണത്തെക്കാളേറെ അത് ദോഷമേ ചെയ്യൂ. പല പല രോഗങ്ങളിൽ നിന്നും ചെലവൊന്നുമില്ലാത്തെ മുക്തിയും നേടാം. പക്ഷേ ഈ ഹെൽത്തി ചായ കുറഞ്ഞത് 2-3 മാസമെങ്കിലും തുടർച്ചയായി കുടിക്കണമൊന്നുമാത്രം.

റിഫ്രഷിംഗ് മിന്‍റ് ടീ

രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് അതിൽ അരകപ്പ് ഫ്രഷ് പൊദീനയിലയിടുക. സ്റ്റൗ ഓഫാക്കിയ ശേഷം 3-4 മിനിറ്റു ചായ അടച്ച് വയ്ക്കുക. ശേഷം ഫിൽറ്റർ ചെയ്ത് മിന്‍റ് ടീ ആസ്വദിച്ച് കുടിക്കൂ.

പ്രയോജനങ്ങൾ

ഈ ചായ കുടിച്ചാൽ പനി കുറയും. ദഹനപ്രക്രിയ മെച്ചപ്പെടും. ഛർദ്ദി, പുളിച്ചു തികട്ടൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഫലപ്രദം. രോഗപ്രതിരോധശേഷി വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. വിശപ്പിനെ കുറച്ച് ശരീരഭാരം കുറയ്ക്കും. ബാഡ്ബ്രീത്ത് തടയും സ്ട്രസ്സ് ലെവലും കുറയ്ക്കും.

കാമോമൈൽ ടീ

ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ കാമോമൈൽ ഡ്രൈ ലീഫ് ഇട്ട് അടച്ച് വയ്ക്കുക. 5 മിനിറ്റിനു ശേഷം ആവശ്യാനുസരണം തേൻ ചേർത്ത് കുടിച്ചു നോക്കൂ.

പ്രയോജനങ്ങൾ

ഈ സ്പെഷ്യൽ ടീ നാഡിവ്യവസ്ഥയ്ക്ക് ആശ്വാസം പകരുന്നു. നല്ലയുറക്കം കിട്ടും. പ്രമേഹ രോഗികൾക്ക് ഇതേറെ പ്രയോജനപ്രദമായിരിക്കും. ശരീരത്തിലെവിടെയെങ്കിലും മുറിവോ ചതവോ ഉണ്ടെങ്കിൽ ഈ ടീ കുടിക്കുന്നതുവഴി വേഗം സുഖം പ്രാപിക്കും. കാമോമൈൽ ടീ കാൻസർ കോശങ്ങളെ നിയന്ത്രിക്കാനും നല്ലതാണ്. ചർമ്മത്തിന് ഗുണകരമാണ്. ഒപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

ഹിബിസ്ക്കസ് (ചെമ്പരത്തി ടീ)

4 കപ്പ് വെള്ളം തിളപ്പിച്ച് അതിൽ കാൽക്കപ്പ് ഉണങ്ങിയ ചെമ്പരത്തിപ്പൂവിതളുകളും അൽപം പൊദീനയിലയും ഇടുക. തീ കുറച്ച് വച്ച് രണ്ട് മിനിറ്റ് നേരം അടച്ച് വയ്ക്കുക. പിന്നീട് ഫിൽറ്റർ ചെയ്‌ത് തേൻ ചേർത്ത് ഈ ചായ കുടിച്ചു നോക്കൂ.

പ്രയോജനങ്ങൾ

ഈ ചായ കൊളസ്ട്രോൾ നിലയെ കുറയ്ക്കും. പ്രമേഹത്തിനും നല്ലതാണ്. ഉയർന്ന രക്ത സമ്മർദ്ദത്തെ ചെറുക്കാനും ഉത്തമമാണ്. ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായതിനാൽ കാൻസറിനെ പ്രതിരോധിക്കും. ഡിപ്രഷൻ കുറയ്ക്കാനും ഉത്തമം. വിറ്റാമിൻ ഇ,സി എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മുഖക്കുരു, സൺബേൺ, എക്സിമ തുടങ്ങിയ ചർമ്മ സംബന്ധമായ അലർജിക്കും ഉത്തമമാണ്.

ബേ ലീഫ് ടീ

ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ ഉണങ്ങിയ വയണയില ഒരു സ്പൂൺ പൊടിച്ച് ചേർക്കുക. വെള്ളം പകുതിയായി വറ്റുമ്പോൾ അതിൽ ആവശ്യാനുസരണം പഞ്ചസാര, പാൽ എന്നിവ ചേർത്ത് ഫിൽറ്റർ ചെയ്‌ത് ചൂടോടെ കുടിക്കുക.

പ്രയോജനങ്ങൾ

ഈ ചായ കുടിച്ച ശേഷം തുറന്ന അന്തരീക്ഷത്തിൽ പോകരുത്. പനി, ജലദോഷം ഉള്ളവർ ഈ ചായ കുടിക്കുന്നത് നല്ലതാണ്.

ക്യൂമിൻ സീഡ് (ജീരകം) ടീ

 ഒരു കപ്പ് വെള്ളത്തിൽ ഒരു ചെറിയ സ്പൂൺ ജീരകമിട്ട് തീ കുറച്ച് വച്ച് 10 സെക്കന്‍റ് നേരം തിളപ്പിക്കുക. ശേഷം 5 മിനിറ്റ് നേരം അടച്ച് വയ്‌ക്കുക. ഫിൽറ്റർ ചെയ്‌ത് ചൂടോടെ ഈ ജീരക ടീ കുടിച്ചു നോക്കൂ.

പ്രയോജനങ്ങൾ

രാവിലെ വെറും വയറ്റിൽ ഈ ചായ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. കൊളസ്ട്രോൾ ലെവൽ മെച്ചപ്പെടും. മെറ്റബോളിസം ഉയരും. ദഹനപ്രക്രിയ സുഗമവും കൃത്യവുമാകും.

ലെമൺ ജിഞ്ചർ ടീ

6 കപ്പ് വെള്ളം തിളപ്പിച്ച് അതിൽ 2 ഇഞ്ച് വലിപ്പമുള്ള ഇഞ്ചിയും നാരങ്ങ മുറിച്ച കഷണങ്ങളും ചേർക്കുക. തീ കുറച്ച് വച്ച് 10 മിനിറ്റ് നേരം തിളപ്പിക്കുക. പിന്നീട് ഫിൽറ്റർ ചെയ്ത് തേൻ ചേർത്ത് ഉടനടി കുടിക്കുക.

പ്രയോജനങ്ങൾ 

ഈ ചായ കുടിക്കുന്നതിലൂടെ പ്രമേഹം നിയന്ത്രണ വിധേയമാകും. ഫ്ളു, കോൾഡ് എന്നിവയെ തടയും. മുടിയ്ക്ക് നല്ല ഉറപ്പും ബലവും കിട്ടും. ചർമ്മത്തിന് നല്ല തിളക്കം പകരും. ദഹനക്കേടിന് നല്ലൊരു പരിഹാരവുമാകും. തലവേദന, നീരുവീക്കം എന്നിവയെ തടയും.

റോസ് പെറ്റൽ ടീ

ഒരു ഫ്രഷ് റോസാപ്പൂവിന്‍റെ ഇതളുകൾ 2 കപ്പ് വെള്ളം, തേൻ ഇവ മാത്രം മതി ഈ ടീ ഉണ്ടാക്കാന്‍. സോസ് പാനിൽ വെള്ളം തിളപ്പിക്കുക. അതിൽ റോസാപ്പൂവിതളുകൾ ഇട്ട് 5 മിനിറ്റ് നേരം തിളപ്പിക്കുക. ഫിൽറ്റർ ചെയ്‌ത് തേൻ ചേർത്ത് ഈ റോസ്പെറ്റൽ ടീ കുടിച്ചു നോക്കൂ.

പ്രയോജനങ്ങൾ

രോഗപ്രതിരോധ ശേഷി കൂട്ടാൻ ഈ ചായ കുടിക്കുന്നത് ഉത്തമമാണ്. ദഹനപ്രക്രിയ ശരിയായ നിലയിലാകും. ശരീരഭാരം നിയന്ത്രിച്ച് നിർത്തും. ചർമ്മം, മുടി എന്നിവയ്ക്ക് ഉത്തമം.

ഉലുവ ചായ

 ഒരു സ്പൂൺ വറുത്ത ഉലുവയിൽ 2 കപ്പ് വെള്ളമൊഴിച്ച് തീ കുറച്ച് വച്ച് തിളപ്പിക്കുക. വെള്ളം തിളച്ച് പകുതിയായി വറ്റുമ്പോൾ ഫിൽറ്റർ ചെയ്‌ത് പകുതി നാരങ്ങ പിഴിഞ്ഞൊഴിച്ച് ആവശ്യത്തിന് തേൻ ചേർത്ത് കുടിക്കുക.

പ്രയോജനങ്ങൾ

 തണുപ്പു കാലത്ത് സന്ധികളിലുണ്ടാവുന്ന വേദനയ്ക്ക് ഇത് ആശ്വാസപ്രദമാണ്. 1-2 മാസം പതിവായി കുടിക്കുകയാണെങ്കിൽ ജോയിന്‍റുകളിലുണ്ടാവുന്ന വേദന മാറിക്കിട്ടും. അരക്കെട്ട് വേദനയ്ക്കും ഇത് ഫലവത്താണ്.

और कहानियां पढ़ने के लिए क्लिक करें...