സുഖാസനത്തിൽ അഥവാ പത്മാസനത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണത്രേ ഏറ്റവും മികച്ച രീതി. നിലത്തു ചമ്രം പടിഞ്ഞിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെ?
തീൻമേശയും കസേരയും ഇല്ലാതെ നിലത്തിരുന്നു ഭക്ഷണം കഴിക്കാൻ പറഞ്ഞാൽ ഇന്നത്തെ തലമുറ നെറ്റി ചുളിക്കും. നിലത്തിരിക്കാനൊന്നും പറ്റില്ല, വേണേൽ ഞങ്ങൾ നിന്നു കഴിച്ചോളാം എന്ന ലൈൻ. ഫൈവ്സ്റ്റാർ ഹോട്ടലിലെ പാർട്ടികൾക്കും കല്യാണങ്ങൾക്കും മാത്രമല്ല തിരക്കു പിടിച്ച ജീവിതത്തിലും മിക്കവാറും ദിവസങ്ങളിലും നിന്നു തന്നെയാണ് പലരുടെയും തീറ്റ! പക്ഷേ, രണ്ടു തലമുറ മുമ്പ് നമ്മുടെ ഇന്ത്യൻ സംസ്കാരമായിരുന്നു നിലത്തു ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം. ഇങ്ങനെ സുഖാസനത്തിൽ അഥവാ പത്മാസനത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണത്രേ ഏറ്റവും മികച്ച രീതി. നിലത്തു ചമ്രം പടിഞ്ഞിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വെറും ഇരിപ്പല്ല, യോഗ!
പത്മാസനത്തിലിരിക്കുമ്പോൾ ശരീരവും മനസ്സും ഒരുപോലെ ശാന്തമാകുന്നു. ഇങ്ങനെ ഇരിക്കുമ്പോൾ നട്ടെല്ലിന്‍റെ അടിഭാഗത്ത് ലഭിക്കുന്ന സമ്മർദ്ദം ശരീരത്തിന് ആകെ ആശ്വാസം നൽകും.
ദഹനത്തെ സഹായിക്കുന്നു
തറയിലിരിക്കുമ്പോൾ മാത്രമല്ല അൽപം മുന്നോട്ടാഞ്ഞു ഭക്ഷണം കഴിക്കുമ്പോൾ വിഴുങ്ങാനുള്ള ശാരീരിക പോസ്റ്റർ കൃത്യമായി വരും. ഈ ചലനങ്ങൾ വയറ്റിൽ ദഹനരസം ഉണ്ടാക്കുകയും ദഹനപ്രക്രിയ എളുപ്പത്തിലാക്കുകയും ചെയ്യുന്നു.
മസിലുകൾ റിലാക്സാവുന്നു
പത്മാസനത്തിൽ ഇരിക്കുമ്പോൾ മനസ്സ് ശാന്തമാകുന്നതിനൊപ്പം ശരീരത്തിലെ മസിലുകളും റിലാക്സാവുന്നു. നടുവ്, വയറ്, പെൽവിസ് ഭാഗങ്ങളിലെ മസിലുകൾക്ക് വലിച്ചിൽ ഉണ്ടാകുന്നു. ഇങ്ങനെ ദിവസവും ചെയ്യുമ്പോൾ മസിലുകൾക്ക് ആരോഗ്യവും വർദ്ധിക്കും.
ഭാരം നിയന്ത്രിക്കുന്നു
വ്യായാമം ചെയ്യാൻ സമയമില്ലെന്ന് വിഷമിക്കുന്നവരാണെങ്കിൽ തീർച്ചയായും നിലത്തിരുന്ന് ഭക്ഷണം കഴിപ്പ് ആരംഭിക്കാവുന്നതാണ്. ദിവസവും മൂന്നുനേരവും ഇരിക്കാനും എഴുന്നേൽക്കാനും എടുക്കുന്ന ശാരീരിക ചലനങ്ങൾ തന്നെ നല്ലൊരു വ്യായാമമായി മാറും. ശാരീരഭാരം നിയന്ത്രിക്കപ്പെടുകയും ചെയ്യും.
കുടുംബ ബന്ധം
ഇന്ത്യയിൽ പൊതുവെ മിക്ക കുടുംബങ്ങളിലും ഒരുമിച്ച് ഒരുനേരമെങ്കിലും ഭക്ഷണം കഴിപ്പുണ്ട്. നിലത്ത് ഷീറ്റ് വിരിച്ച് അതിൽ നിരനിരയായി വട്ടത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ വലിയവനും ചെറിയവനും എന്ന ഭാവം പോലും ഒഴിഞ്ഞു പോകുന്നു.
ബോഡി പോസ്ച്ചർ
പത്മാസനത്തിൽ ഇരിക്കാൻ കഴിയുന്നതു തന്നെ നല്ല ആരോഗ്യലക്ഷണമാണ്. ബോഡിഫിറ്റ് ആയിരിക്കണമെന്നു മാത്രമല്ല, ശരീരത്തിന്‍റെ പോസ്ച്ചർ കൃത്യമായിരിക്കുകയും ചെയ്‌താൽ മാത്രമേ അനായാസം പത്മാസനത്തിലിരിക്കാൻ സാധിക്കൂ. നട്ടെല്ലിന് കൂടുതൽ വലിച്ചിൽ വരികയും തോളുകൾക്ക് ബലം ലഭിക്കുകയും ചെയ്യും.
രക്തസഞ്ചാരം വർദ്ധിപ്പിക്കും
കാലുകൾ ക്രോസ് ചെയ്‌ത് വച്ച് ഇരിക്കുമ്പോൾ രക്‌തസഞ്ചാരം വർദ്ധിക്കുന്നു. ദഹനത്തെ സഹായിക്കുന്നതിലെ പ്രധാന ഘടകമാണ് മികച്ച രക്‌തസംക്രമണം ദഹനവ്യവസ്ഥ ശരിയല്ലെങ്കിൽ ഹൃദയം ഓവർ വർക്ക് ചെയ്യേണ്ടി വരും. നിലത്തിരുന്നു കഴിക്കുമ്പോൾ ഹൃദയത്തെക്കൂടി നാം സംരക്ഷിക്കുകയാണ്.