പാവാടയുടെ പുതിയ നീളൻ ട്രെൻഡ്

ആഷിക്കി 2 വിലും സോൾട്ട് ആന്‍റ് പൈപ്പറിലും നായികമാർ ധരിച്ച നീളൻ പാവാടയ്‌ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ആഷിക്കി 2 പ്രേക്ഷകർ ഇഷ്‌ടപ്പെടാൻ നിരവധി കാരണങ്ങളുണ്ടായിരുന്നുവെങ്കിലും അതിൽ ശ്രദ്ധാ കപൂർ ധരിച്ച ലോംഗ് സ്കർട്ട് കോളേജു കുമാരിമാർക്കിടയിൽ തരംഗമായി. സോൾട്ട് ആന്‍റ് പെപ്പറിൽ മൈഥിലി ധരിച്ചതുപോലുള്ള പാവാടയും ഇപ്പോഴും മാർക്കറ്റിൽ ചോദിച്ചു വാങ്ങുന്നവരുണ്ട്. ലോംഗ് സ്കർട്ട് ധരിക്കുന്നത് ഫാഷനബിൾ ആണെന്നു മാത്രമല്ല, ഏതു ചടങ്ങുകൾക്കും ഏതവസരങ്ങളിലും അംഗീകരിക്കപ്പെടുന്നതുമാണ്.

ലോംഗ് സ്കർട്ട് പണ്ടും ഉണ്ടായിരുന്നു, പക്ഷേ അന്നത് പിക്നിക് സ്കർട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്! പഴയ സിനിമകളിലും ഇത്തരം നീളൻ പാവാട നായികമാർക്ക് സൗന്ദര്യം വർദ്ധിപ്പിച്ചിരുന്നു. അന്ന് ഞൊറിവുകൾ ഉപയോഗിച്ച് ഇറങ്ങിയ പാവാടയ്ക്കു പകരം ഇന്ന് അംബ്രലാ കട്ട് ചെയ്‌ത പാവാടകളായി രൂപാന്തരം സംഭവിച്ചു എന്നു മാത്രം. അന്ന് നാടകളിൽ ബന്ധിച്ചു നിർത്തിയ പാവാടകൾ ഇന്ന് ഇലാസ്‌റ്റിക് നാടകൾക്കു വഴി മാറി. അതുകൊണ്ട് ആർക്കും എളുപ്പം ഉപയോഗിക്കാനും കഴിയുന്നു.

ഷിഫോൺ, ജോർജ്‌ജറ്റ്, കോട്ടൺ, ക്രേപ്പ് തുടങ്ങിയ തരം തുണിത്തരങ്ങളാണ് ലോംഗ് സ്കർട്ടിന് അനുയോജ്യം. ഡിസൈനിംഗിലാണ് ലോംഗ് സ്കർട്ടിന്‍റെ ലുക്ക് ലഭിക്കുന്നത്. ലോംഗ് സ്കർട്ടിന് സവിശേഷതയുണ്ട്. ഏത് അവസരത്തിലും ധരിക്കാമെന്നു മാത്രമല്ല, അതിന് ഇന്ത്യൻ ലുക്ക് ഉണ്ട്. അതോടൊപ്പം വെസ്റ്റേൺ സ്റ്റൈലും. കൂടുതൽ ഫാഷനബിൾ ആകാൻ ആഗ്രഹിക്കുന്നവർക്ക് വെസ്റ്റേൺ ലുക്കിലുള്ള ലോംഗ് സ്കർട്ടുകൾ ആ ലുക്ക് നൽകും. ഏതു കാലാവസ്‌ഥയിലും ഈ ഡ്രസ് ഉപയോഗിക്കുകയുമാവാം.

മൾട്ടിപർപ്പസ് ലോംഗ് സ്കർട്ട്

ഒരു പാർട്ടിക്കു പോകണം. പുതിയ ഡ്രസ് വാങ്ങാൻ സമയമില്ല. ഒരു ലോംഗ് സ്കർട്ട് കയ്യിലുണ്ടെങ്കിൽ പിന്നെ എന്താണ് പ്രശ്നം. അതു ധരിക്കാം. ടോപ്പിനു മുകളിൽ ഒരു ജാക്കറ്റോ ഷ്രഗ്ഗോ അണിയുക. സ്മാർട്ട് ലുക്ക് ലഭിക്കാൻ ഇതിലും നല്ല മാർഗമില്ല. അൽപം കൂടി ഹോട്ട് ലുക്ക് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കഴുത്തിൽ ഒരു സ്റ്റോൾ സ്റ്റൈലായി ചുറ്റിയിടാം. ഒപ്പം മാച്ചിംഗ് ഇയറിംഗ്സും ബ്രേസ്‍ലെറ്റും ധരിക്കാൻ മറക്കരുത്. ഈസി ഫീൽ തോന്നുകയും ചെയ്യും. ഫാഷനബിൾ ആകാനും എളുപ്പമാവും.

ഇനി ഫാമിലിയിൽ ഒരു ഫംഗ്ഷൻ നടക്കുന്നു. അൽപം ട്രഡീഷണൽ ലുക്ക് ആണ് വേണ്ടത് എങ്കിലും ലോംഗ് സ്കർട്ടിനെ തന്നെ കൂട്ടുപിടിക്കാം. സിൽക്കിന്‍റേയോ ജോർജെറ്റിന്‍റേയോ സ്കർട്ടുകൾ ഇത്തരം ലുക്കിന് അനുയോജ്യമാണ്. ടോപ്പിനു പകരമായി രാജസ്‌ഥാനി കുർത്തയോ ഗുജറാത്തി ചോളിയോ ധരിക്കാം. വ്യത്യസ്‌തമായ ലുക്ക് നൽകാൻ ഈ കോമ്പിനേഷനു കഴിയും.

ഉത്സവ സീസണാണെങ്കിൽ ലോംഗ് സ്കർട്ട് ധരിക്കുന്നത് ഒരു ട്രെന്‍റ് ആണ്. ഇവിടെയും നിങ്ങൾക്ക് ഡിഫറന്‍റ് ആകാം. കടും നിറത്തിൽ പ്ലെയ്ൻ സ്കർട്ട് വാങ്ങുക. ചെറിയ സീക്വൻസ് പിടിപ്പിച്ച കുർത്ത അതിനോടൊപ്പം ധരിക്കാം.

ഏതു സീസണിലും ലോംഗ് സ്കർട്ട് ധരിക്കാം, വെയിലത്തും മഴയത്തും. വെയിലിൽ നല്ല ഇറക്കമുള്ള സ്കർട്ടുകൾ ധരിക്കുന്നത് കാലുകൾക്ക് സംരക്ഷണം നൽകും. മഴക്കാലത്ത് നിലത്ത് മുട്ടുന്ന അത്രയും ഇറക്കം അസൗകര്യമായേക്കാം. കാൽവണ്ണവരെ നിൽക്കുന്ന കനം കുറഞ്ഞ സ്കർട്ടുകൾ ധരിക്കാം. നനഞ്ഞാലും കാലിൽ ഒട്ടിപ്പിടിക്കാതെ വേഗം ഉണങ്ങും. ചർമ്മത്തിൽ ഇൻഫെക്ഷൻ ഉണ്ടാവുകയുമില്ല.

ഫ്‌ളവർപ്രിന്‍റ്, ഫ്രിൽ സ്റ്റൈൽ സ്കർട്ടുകൾക്കാണ് ഇപ്പോൾ കൂടുതൽ ഡിമാന്‍റ്. ഫ്ളവർപ്രിന്‍റ് സ്കർട്ട് ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

  • ഉയരം കുറഞ്ഞ് അൽപം തടിച്ച പ്രകൃതമാണെങ്കിൽ വലിയ ഫ്ളവർ പ്രിന്‍റുള്ള സ്കർട്ട് ഉപയോഗിക്കാതെ ചെറിയ പ്രിന്‍റുള്ളവ തെരഞ്ഞെടുക്കാം.
  • ഉയരമുള്ള ആളാണെങ്കിൽ വലിയ പ്രിന്‍റ് ഇണങ്ങും.
  • ലോംഗ് സ്കർട്ടിനൊപ്പം ജയ്പൂരി ചെരിപ്പും വളകളും ആണ് കൂടുതൽ ഇണങ്ങുക. കമ്മൽ ഒഴിവാക്കരുത്.
  • സ്കർട്ട് ധരിക്കുമ്പോൾ കാഷ്വൽ ലുക്ക് വേണമെന്നുണ്ടെങ്കിൽ സാൻഡൽ ധരിക്കുകയും മുടി അഴിച്ചിടുകയും ചെയ്യുക.
  • ഫോർമൽ വിയർ ആണെങ്കിൽ ചെറിയ തോതിൽ മേക്കപ്പ് ചെയ്‌ത് മുടി പോണിടെയിൽ കെട്ടാം.
और कहानियां पढ़ने के लिए क्लिक करें...