യുവാക്കളിൽ വിവാഹപ്രായം കൂടുന്നത് അവരിൽ ലൈംഗിക തൃഷ്ണ കൂടാൻ ഇടയാകുന്നു എന്നാണ് ഈയിടെ നടന്ന പഠനങ്ങൾ വെളിപ്പെടുത്തു ന്നത്. ജീവ ശാസ്ത്രജ്‌ഞരുടെ അഭിപ്രായത്തിൽ ഒരു കുട്ടി ശാരീരികമായി 13 വയസ്സാകുമ്പോഴേക്കും പക്വതയെത്തിയിരിക്കും. ഈ സമയം മുതൽ അവരിൽ ലൈംഗിക താൽപര്യങ്ങൾ കണ്ടുതുടങ്ങുന്നു. ഇപ്പോൾ 27 വയസ്സൊക്കെയാണ് വിവാഹപ്രായം. അതിനാൽ അത്രയും കാലം ലൈംഗികത അടക്കിപ്പിടിച്ച് നടക്കാൻ പലർക്കും പ്രയാസം നേരിടുന്നു. അത് പലതരത്തിൽ സംഭവിക്കുന്നു. വിവാഹപൂർവ്വ ലൈംഗികബന്ധം കൂടി വരുന്നതിന്‍റെ ഒരു കാരണം ഇതാണ്.

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളാണ് ലൈംഗിക കാര്യത്തിൽ അതീവ താൽപര്യമെടുക്കുന്നതത്രേ. പെൺകുട്ടികൾ ഭാവനാത്മകമായ ലൈംഗിക വിചാരത്തിലാണ് വിശ്വസിക്കുന്നത് എന്നാണ് പഠനം പറയുന്നത്.

എന്നാൽ ഈ ലൈംഗിക വിചാരം അവർ ആൺകുട്ടികളുമായി പങ്ക് വയ്ക്കാൻ തുടങ്ങുന്നതോടെ ഫാന്‍റസി യാഥാർത്ഥ്യമാകുന്നു. സാധാരണ ഗതിയിൽ പെൺകുട്ടികൾ സെക്‌സിൽ നിന്ന് അകലം പാലിക്കുമെന്നാണ് പൊതുവേയുള്ള ധാരണ. ഇതിന്‍റെ പിന്നിലുള്ള കാരണം കുടുംബവും സമൂഹവും എന്തു വിചാരിക്കും എന്ന പേടിയാണ്. ഇതിനർത്ഥം പെൺകുട്ടികൾക്ക് ലൈംഗിക തൃഷ്ണ കുറവാണ് എന്നല്ല. സാഹചര്യങ്ങളെ പേടിക്കുന്നതുകൊണ്ട് ലൈംഗിക ആഗ്രഹങ്ങൾ മൂടി വയ്ക്കേണ്ടി വരുന്നതാണ്.

ലൈംഗികതയില്ലാതെ തന്നെ ആൺകുട്ടികളുമായി സൗഹൃദം നിലനിർത്താനാവുമെന്ന വിശ്വാസക്കാരാണ് ഭൂരിഭാഗം പെൺകുട്ടികളും. ദീർഘകാലം പെൺകുട്ടികൾ സെക്സിലേർപ്പെടാൻ തയ്യാറാവുകയുമില്ല. എന്നാൽ അത്തരം താൽപര്യം പ്രകടിപ്പിക്കാത്ത പെൺകുട്ടികളെ അസ്വാഭാവികതയോടെയാണ് ആൺകുട്ടികൾ കണക്കാക്കുന്നത്. അതിനാൽ ഒരു ഘട്ടം കഴിയുമ്പോൾ സൗഹൃദവും ഉലയുന്നു. ഇങ്ങനെ വരുമ്പോൾ ഗതികേട് കൊണ്ട് വഴങ്ങേണ്ടിവരുന്ന സാഹചര്യവും പെൺകുട്ടികൾ നേരിടുന്നു. പല പെൺകുട്ടികളും വഴങ്ങുന്നത് ഇതുകൊണ്ടാണത്രേ.

വൻ നഗരങ്ങളിൽ യുവാക്കളുടെ ഇടയിൽ സെക്സ് ഒരു പുതിയ കാര്യമൊന്നുമല്ല. പ്രത്യേകിച്ചും കൗമാരക്കാർക്കിടയിൽ. ചെറുപട്ടണത്തിൽ പോലും ഫ്രീ സെക്സ് എന്ന ചിന്ത ഉടലെടുത്തു വരുന്നുണ്ട്. സെക്സിനെപ്പറ്റിയുള്ള പാപബോധം കുറഞ്ഞ് വരുന്നതാണ് ഇങ്ങനെയുള്ള മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സമൂഹം ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് മോചനം നേടുന്നതിന്‍റെ സൂചനയായും ഇതിനെ കാണുന്നവർ ഉണ്ട്. കപടസദാചാരബോധം പൊളിഞ്ഞു വീഴുന്നതിന്‍റെ നല്ല വശമാണിതെന്ന് വാദിക്കുന്നവരും ഉണ്ട്. സംഗതി എന്തായാലും സെക്സിനെ പറ്റിയുള്ള ചമ്മൽ കൗമാരക്കാർക്കിടയിൽ ഇല്ലാതായി വരുന്നതിന്‍റെ സൂചനയാണ് സെക്സ് സർവ്വേ കണ്ടെത്തൽ.

ഇപ്പോൾ യുവാക്കൾക്കിടയിൽ വിവാഹപൂർവ്വ ലൈംഗികബന്ധം വ്യാപകമാണ്. അത് തെറ്റായി ആണും പെണ്ണും കാണുന്നില്ല. ഇങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന യുവാക്കളിൽ പലരും പക്ഷേ സ്വന്തം വിവാഹക്കാര്യം വരുമ്പോൾ വിവാഹ പൂർവ്വ ലൈംഗികത ആസ്വദിക്കാത്ത പങ്കാളിയെയാണ് ആഗ്രഹിക്കുന്നത്! ഇന്ത്യൻ സമൂഹം വച്ചുപുലർത്തുന്ന സദാചാരബോധത്തിന്‍റെ പ്രശ്നങ്ങളാണ് ഇത് കാണിക്കുന്നത്. വിക്ടോറിയൻ സദാചാരബോധമാണ് ഇപ്പോഴും യുവാക്കളെ നയിക്കുന്നത്. മതം അടിച്ചേൽപ്പിച്ച സെക്സിനെ പറ്റിയുള്ള പാപബോധവും ഈ ചിന്താഗതി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

സെക്സ് തുടങ്ങുന്നത്

പരസ്പരമുള്ള ആകർഷണത്തിൽ നിന്നാണ് ലൈംഗിക ബന്ധത്തിലേക്ക് വാതിൽ തുറക്കുന്നത്. മനസ്സുകൾ അടുക്കാനും ശരീരം പങ്കിടാനും ഈ ആകർഷണം കാരണമാകുന്നു. പക്ഷേ നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കുന്നത് സെക്സ് അതിൽ നിന്ന് മാറി നിൽക്കുമ്പോഴാണ്. സെക്സിൽ ഏർപ്പെട്ടവരിൽ ബന്ധം നീണ്ടകാലത്തേക്ക് നിലകൊള്ളണമെന്ന് നിർബന്ധമൊന്നുമില്ല. പ്രണയ ത്തിലും സൗഹൃദത്തിലും സെക്സ് കടന്നുവരുമ്പോൾ ആധുനിക ജീവിതശൈലിയൽ കഴിയുന്നവർക്ക് മാനസികമായ മടുപ്പ് ഉണ്ടാവാൻ ഇടയാകുന്നു എന്നാണ് മന:ശാസ്ത്രജ്‌ഞർ പറയുന്നത്. കാരണം ഇത്തരക്കാർ ആസ്വദിച്ചല്ല സെക്സിൽ ഏർപ്പെടുന്നത്. അതിനാൽ തന്നെ അതൊരു ചടങ്ങായി തീരുന്നു.

കൗമാരകാലത്തും യൗവനത്തിലേക്ക് കടന്ന സമയത്തുമാണ് ആൺകുട്ടികളും പെൺകുട്ടികളും വ്യക്‌തിത്വ വികാസത്തിനു പ്രാധാന്യം നൽകുന്നത്. പെൺകുട്ടികൾ ആൺകുട്ടികൾക്കൊപ്പം അല്ലെങ്കിൽ അതിനേക്കാൾ ഉയരത്തിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു. ആൺകുട്ടികൾ സെക്സിൽ താൽപര്യം കാണിക്കുന്നതു പോലെ തന്നെ പെൺകുട്ടികളും അതിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു. എന്നാൽ കീഴടങ്ങാനല്ല, തുല്യതയാണ് മറ്റ് കാര്യത്തിലെന്നപോലെ ലൈംഗികതയിലും ആധുനിക സ്ത്രീ ആഗ്രഹിക്കുന്നത്.

ലൈംഗികതയെക്കുറിച്ചുള്ള അറിവ് മുഖ്യമായും ടെലിവിഷനിൽ നിന്നും പത്ര മാധ്യമങ്ങളിൽ നിന്നും സിനിമയിൽ നിന്നുമാണ് മിക്ക കൗമാരക്കാർക്കും ലഭിക്കുന്നത് പക്ഷേ ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ പലരും വികലമായാണ് ഇതേപ്പറ്റി മനസ്സിലാക്കിയിട്ടുണ്ടാവുക. ഇതിന്‍റെ ഇരകൾ അതിനാൽ തന്നെ പലപ്പോഴും സ്ത്രീകൾ തന്നെയാവുന്നതും അതുകൊണ്ടാണ്.

ലൈംഗികതയെപ്പറ്റിയുള്ള അറിവില്ലായ്മ പലപ്പോഴും ഗർഭനിരോധന മാർഗ്ഗങ്ങളെപ്പറ്റിയും പെൺകുട്ടികളെ അജ്‌ഞരാക്കുന്നു. ഇത് പല അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നു. പലരുടേയും രക്ഷിതാക്കൾ ശരിയായ സെക്സ് വിദ്യാഭ്യാസം നേടിയവരായിരിക്കില്ല. അതിന്‍റെ പ്രശ്നവും കൂട്ടികളാണ് അനുഭവിക്കുക. നേരാംവണ്ണം കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ രക്ഷിതാക്കൾക്ക് സാധിക്കില്ലല്ലോ.

സ്ക്കൂളുകളിൽ ആധുനിക ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്‍റെ പ്രസക്തി ഇതാണ്. ജീവശാസ്ത്രപരമായ ആവശ്യങ്ങളെ സമൂഹം നിയന്ത്രിക്കുന്നതിന്‍റെ അസ്വസ്ഥതയും മാനസികമായ പിരിമുറുക്കവും തെറ്റായ ലൈംഗികത സമൂഹത്തിൽ സൃഷ്ടിക്കുന്നു എന്നത് നേരാണ്. ഒളിച്ചും പാത്തും സെക്സിൽ ഏർപ്പെടാൻ ഈ പ്രായത്തിലുള്ള ചെറുപ്പക്കാർ മെനക്കെടുന്നത് അതുകൊണ്ടാണ്. കുട്ടികളും പേടിയോ ചമ്മലോ കാരണം ഇത്തരം കാര്യങ്ങളെപ്പറ്റിയുള്ള സംശയങ്ങൾ രക്ഷിതാക്കളോട് ചോദിക്കാറില്ല. അപ്പോൾ പിന്നെ അവർക്ക് ഇതേപ്പറ്റിയുള്ള ശരിയായ അറിവ് ആര് പറഞ്ഞു കൊടുക്കും?

ഇന്‍റർനാഷണൽ പാരന്‍റ് ഹുഡ് ഫൗണ്ടേഷന്‍റെ കണക്കുപ്രകാരം ലോകത്ത് ഓരോ വർഷവും ചുരുങ്ങിയത് 20 ലക്ഷം യുവതികൾ അവിഹിതഗർഭം അലസിപ്പിക്കുന്നു. ചെറുപ്രായത്തിലുള്ള പെൺകുട്ടികളാണ് ഇതിൽ ഏറെയും എന്ന് സംഘടനയുടെ കണക്കുകൾ വ്യക്‌തമാക്കുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം പല ലൈംഗിക രോഗങ്ങളും സൃഷ്ടിക്കുന്നുണ്ട്. സുരക്ഷിതമായ സെക്സ് എങ്ങനെ വേണം എന്ന് അറിയാത്തവരാണ് കൗമാരക്കാരിൽ അധികവും. ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതിന്‍റെ പ്രശ്നമാണ് ഇത്. 15 മുതൽ 24 വയസ്സുവരെയുള്ളവരാണ് എയ്ഡ്സ് പോലുള്ള രോഗത്തിനു അധികവും അടിപ്പെടുന്നത്.

ജീവിതശൈലിയിലെ മാറ്റവും കൃത്രിമ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതും(ജങ്ക് ഫുഡ്) ലൈംഗിക ആസക്‌തി വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ കുറവും ഇത്തരം ശീലങ്ങളും കൂടിച്ചേരുമ്പോൾ കൗമാരക്കാർ ചൂഷണം ചെയ്യപ്പെടാനുള്ള സാദ്ധ്യതകളും വർദ്ധിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും കൗൺസിലിംഗും സെക്സ് വിദ്യാഭ്യാസവും പുതിയ കാലത്തിന്‍റെ ആവശ്യമായി വന്നിരിക്കുകയാണ്. ആരോഗ്യകരമായ സെക്സ് ലൈഫിന് ഇത് മാത്രമാണ് പോംവഴി.

और कहानियां पढ़ने के लिए क्लिक करें...