നമ്മുടെ സമൂഹത്തിൽ നിരവധി ദുഷ്പ്രവണതകളുണ്ട്. അതിലൊന്നാണ് കുട്ടികൾക്ക് നേരെയുള്ള ലൈംഗികാക്രമണങ്ങൾ. എല്ലാവരും അവരുടെ ജീവിതം മിനുക്കിയെടുക്കുന്ന തിരക്കിലായതു കൊണ്ട് കുട്ടികളിൽ വേണ്ടത്ര കരുതലെത്തുന്നില്ല. ഇതിനകം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്‌തതിനു ശേഷം ജനങ്ങൾക്ക് കുറച്ചൊക്കെ തിരിച്ചറിവ് വന്നു തുടങ്ങിയിട്ടുണ്ട്.  ഈയടുത്താണ് നമ്മുടെ കൊച്ചു കേരളത്തിലൊരിടത്ത് അമ്മൂമ്മയുടെ കൈയ്യിൽ നിന്നും ട്യൂഷൻ ക്ലാസിലേക്ക് എന്ന് പറഞ്ഞ് ഏഴ് വയസ്സുകാരിയെ കൊണ്ടു പോയി ബന്ധു ലൈംഗീക ചൂഷണം നടത്തി കൊന്നത്. നിലവിലെ സാഹചര്യത്തിൽ നമ്മുടെ ഭാവിതലമുറയെ സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം ഓരോ രക്ഷിതാക്കളിലും അടങ്ങിയിരിക്കുന്നു. ചില സുപ്രധാന തീരുമാനങ്ങളിലൂടെയും മികച്ച ആശയവിനിമയത്തിലൂടെയും കുട്ടികൾക്ക് നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമങ്ങളെ തടയാൻ കഴിയും.

കുട്ടികളോട് തുറന്ന് സംസാരിക്കുക

മാതാപിതാക്കൾ കുട്ടികളുമായി അടുത്തിടപഴകി ഏതു കാര്യവും അവർക്ക് തുറന്നു പറയുവാനുള്ള സൗഹൃദപരമായ അവസ്‌ഥ ഉണ്ടാക്കിയെടുക്കണം. ദൈനംദിന പ്രവൃത്തികളെക്കുറിച്ചും, അവർക്കിഷ്ടമുള്ള വിഷയങ്ങളെക്കുറിച്ചും സംസാരിക്കാവുന്നതാണ്. കുട്ടി ഏതെങ്കിലും ആളുകളെ സംശയകരമായ പെരുമാറ്റത്തെക്കുറിച്ച് പറയുകയാണെങ്കിൽ അതിന് വേണ്ട മുൻകരുതലുകളോ നടപടികളോ എടുക്കണം. കുട്ടികളെ ഒരിക്കലും കുറ്റപ്പെടുത്തരുത്. അവർക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം ഒരുക്കണം. സ്വകാര്യതയെക്കുറിച്ചുള്ള അറിവ് പകരുക.

കുട്ടികളോട് ചെറുപ്രായത്തിൽ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുവാൻ ആദ്യമത്ര എളുപ്പമല്ലെങ്കിലും സാവധാനം അവരെ പറഞ്ഞ് മനസ്സിലാക്കുക. ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും അവയുടെ വിളിപ്പേരുകളും കുട്ടികൾക്ക് എളുപ്പത്തിൽ ഓർത്തെടുക്കാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കുക. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ അസുഖകരമായ രീതിയിൽ അനുവാദമില്ലാതെ മറ്റൊരാൾ സ്പർശിക്കുന്നത് തെറ്റാമെന്ന അറിവും അങ്ങിനെ സംഭവിച്ചാൽ അത് ആരായാലും എന്തു പറഞ്ഞിട്ട് ആയാലും അവരെക്കുറിച്ച് എത്രയും പെട്ടെന്ന് രക്ഷിതാക്കളോടോ ഗുരുക്കന്മാരോടോ പറയാൻ മടിക്കേണ്ടതില്ല എന്ന് വ്യക്‌തമാക്കി കൊടുക്കുക.

സ്പർശിക്കുന്നതിലൂടെ

കുട്ടികൾക്ക് എന്താണ് തെറ്റായ സ്പർശനമെന്നും നല്ലതെന്നും വേർതിരിച്ച് മനസ്സിലാക്കി പറഞ്ഞു കൊടുക്കണം. മോശമായ പെരുമാറ്റം കാണിക്കുന്നവരെ എളുപ്പത്തിൽ തിരിച്ചറിയാനും പരിശീലിപ്പിക്കണം. സ്നേഹത്തോടെ പെരുമാറുന്നവരേയും മോശമായി പെരുമാറുന്നവരേയും സ്പർശനത്തിലൂടെ തിരിച്ചറിയാൻ പറ്റുമെന്നുള്ളതിന്‍റെ വ്യത്യാസങ്ങൾ കാരണങ്ങൾ സഹിതം വ്യക്‌തമാക്കി പറഞ്ഞു കൊടുക്കുക.

വിശ്വാസം നഷ്ടപ്പെടാതെ

കുട്ടികളെ സുഹൃത്തുക്കളാരെന്നും അവരുടെ രക്ഷിതാക്കൾ ആരൊക്കെയെന്നും തിരിച്ചറിയുക. കുട്ടികളെ ബന്ധുക്കളോ പരിചയക്കാരുമായോ കൂടുതൽ സമയം ചെലവഴിക്കാൻ വിടുമ്പോൾ ഒരിക്കലും പൂർണ്ണ വിശ്വാസം ഇല്ലാത്തവരുടെ അടുത്ത് ഇടപഴുകുവാൻ അനുവദിക്കരുത്. കുട്ടികളെ ഒറ്റയ്ക്ക് വിടാതെ അവരുടെ മേൽ എപ്പോഴും ശ്രദ്ധ ചെല്ലുന്ന രീതിയിൽ പെരുമാറുക.

രഹസ്യങ്ങൾ

കുട്ടികളുടെ അടുത്ത് ഒരാൾക്കും രഹസ്യം സൂക്ഷിക്കണമെന്ന് പറയേണ്ട കാര്യമില്ല. ലൈംഗീക ചൂഷണത്തിലെ ഭൂരിഭാഗം മുതിർന്നവരും ഇതു നമ്മൾ തമ്മിലുള്ള രഹസ്യമാണ് മറ്റാരോടും പങ്കുവയ്ക്കേണ്ടതില്ല എന്ന് പറഞ്ഞ് കൊടുക്കാറുണ്ട്. കുട്ടികൾക്ക് അവരുടെ പ്രായത്തിൽ മുതിർന്നവരുടെ രഹസ്യം സൂക്ഷിക്കുന്നതിനായി ഏൽപ്പിക്കുന്നതിൽ പന്തിക്കേടുണ്ടെന്ന് തിരിച്ചറിയുക. അതിനെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക.

സ്വഭാവത്തിലെ മാറ്റം

കുട്ടികൾ സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്ന കളികളിലും പ്രവൃത്തികളിലും മാറ്റമുണ്ടാവുക, ഉറക്കം ശരിയാകാതെ വരുക, അസ്വഭാവികമായ രീതിയിൽ പ്രതികരിക്കുക, ഒന്നിലും ശ്രദ്ധയില്ലാതിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, ഇഷ്‌ടപ്പെട്ടതെന്തെങ്കിലും വേണ്ടെന്ന് പറയുക തുടങ്ങി അനവധി കാര്യങ്ങൾ കൊണ്ട് സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുവരാം. ഇതിലെ കാരണങ്ങൾ കുട്ടിയോട് സമാധാനത്തോടെ ചോദിച്ചറിയുക. ഒരിക്കലും കുട്ടി പേടിക്കുന്ന രീതിയിൽ ഒച്ചവച്ചോ ബഹളമുണ്ടാക്കിയോ എടുത്തു ചാടിയുള്ള സമീപനങ്ങൾ സ്വീകരിക്കരുത്.

ലൈംഗീക ചൂഷണം സംഭവിച്ചാൽ

കുട്ടി ഏതെങ്കിലും രീതിയിലുള്ള ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കിൽ അത് കൃത്യമായി ചോദിച്ചു മനസ്സിലാക്കി വേണ്ട നടപടികൾ എടുക്കണം. പോലീസുമായോ ഇതുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്‍റുമായോ സംസാരിച്ച് വൈകാതെ തുടർ നടപടികൾ സ്വീകരിക്കണം.

തെറാപ്പി

ലൈംഗീക ചൂഷണത്തിന് ഇരയാകുന്ന ഭൂരിഭാഗം കുട്ടികൾക്കും ആദ്യം നൽകേണ്ടത്. മാനസികമായ കൗൺസിലിംഗാണ്. ഇതിന് വിവിധ തരം തെറാപ്പികൾ നിലവിലുണ്ട്. ഒരു നല്ല സൈക്കോളജിസ്റ്റിനെ കണ്ട് കുട്ടിക്ക് അനുയോജ്യമായത് സ്വീകരിക്കുക. സ്കൂളുകളിൽ കുട്ടികളുടെ മാനസിക വികാസത്തിന് നിരവധി മെന്‍റൽ ഹെൽത്ത് പ്രോഗ്രാമുകളുണ്ട്. അസ്വഭാവികമായ രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ നിങ്ങളെക്കൊണ്ട് അതിന്‍റെ കാരണങ്ങൾ കണ്ടെത്താനാവുന്നില്ലെങ്കിൽ എത്രയും വേഗം തെറാപ്പിസ്റ്റിനെ സമീപിക്കുന്നതാണ് ബുദ്ധി. എന്തു സംഭവിച്ചാലും അതൊരിക്കലും കുട്ടികളുടെ തെറ്റായി വ്യാഖ്യാനിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

और कहानियां पढ़ने के लिए क्लिक करें...