ഏതു നാട്ടിൽ ചെന്നാലും വീട്ടിലെ ഭക്ഷണം ഒരു വികാരമാണ്. പരമ്പരാഗതമായി നമ്മുടെ അടുക്കളയിൽ തയ്യാറാക്കുന്ന നാടൻ വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. അത്തരം വിഭവങ്ങളെ പരിചയപ്പെടാം. ഇത് രുചിയുടെ നൊസ്റ്റാൾജിയ!

മലയാളികളുടെ ഇഷ്ടപ്പെട്ട പലഹാരങ്ങളിലൊന്നാണ് അച്ചപ്പം. പ്രത്യേകിച്ചും മഴക്കാലത്ത് കറുമുറെ കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്ന ഈ വിഭവം കേരളത്തിന്‍റെ തനതു നാടൻ പലഹാരം എന്നു കരുതാവുന്നതാണ്.

മുൻപൊക്കെ വീട്ടിൽ ആഘോഷങ്ങൾ ഉണ്ടാകുമ്പോൾ മുത്തശ്ശിമാർ ഉണ്ടാക്കി വയ്ക്കുന്ന ഈ പലഹാരം ഏറെ ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. അച്ചപ്പം തയ്യാറാക്കുന്നതെങ്ങനെയെന്ന് മനസിലാക്കാം.

ചേരുവകൾ

അരിപ്പൊടി – ഒരു കപ്പ്

മുട്ട – രണ്ടെണ്ണം

പഞ്ചസാര – ഒരു കപ്പ്

ഉപ്പ് ആവശ്യത്തിന്

തേങ്ങാപ്പാൽ – ഒരു തേങ്ങയുടെ

എള്ള് – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1

അരിപ്പൊടി, മുട്ട, ഉപ്പ്, പഞ്ചസാര ഇവ ആദ്യം തന്നെ മിശ്രിതമാക്കുക. അരിപ്പൊടി വറുക്കാതെ പച്ചപ്പൊടി തന്നെ ആണ് നല്ലത്.

സ്റ്റെപ്പ് 2

മിശ്രിതത്തിലേക്ക് തേങ്ങാപ്പാൽ ചേർത്ത് നന്നായി കുഴയ്ക്കുക. മാവിന്‍റെ കുഴയ്ക്കൽ വെള്ളം ചേർത്തും പരുവത്തിലാക്കാം. മാവ് അൽപ സമയം അടച്ചു മാറ്റി വയ്ക്കുക.

സ്റ്റെപ്പ് 3

തുടർന്ന് ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അച്ച് ചൂടാക്കുക. (പൂവിന്‍റെ ആകൃതിയിലുള്ള അച്ച് വാങ്ങാൻ കിട്ടും) ഇത് മാവിൽ മുക്കി തിള ച്ച് എണ്ണയിൽ മുക്കുമ്പോൾ അച്ചിന്‍റെ ആകൃതിയിൽ മാവ് എണ്ണയിൽ വീഴും. ഇത് ചെറിയൊരു ബ്രൗൺ നിറത്തിൽ ഉറച്ചു വരുമ്പോൾ കണ്ണരിപ്പ കൊണ്ട് കോരിയെടുക്കാം.

സ്റ്റെപ്പ് 4

ചൂടാറി കഴിയുമ്പോൾ എയർടൈറ്റ് ആയ പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.

കുറിപ്പ്

  • വളരെ സ്വാദുള്ള ഒരു നാലുമണി പലഹാരമാണ് അച്ചപ്പം. പച്ചരിയാണ് അച്ചപ്പം ഉണ്ടാക്കാൻ നല്ലത്.
  • അരി കുതിർത്തു വാരി വച്ചശേഷം തേങ്ങാപ്പാൽ ചേർത്ത് അരച്ചെടുത്താലും മതിയാകും. അരി പൊടി ആക്കണമെന്ന് നിർബന്ധമില്ല.
और कहानियां पढ़ने के लिए क्लिक करें...