നല്ല മഞ്ഞ നിറമുള്ള കയ്പുള്ള ഉലുവ നമ്മുടെ അടുക്കളയിൽ സ്‌ഥാനം പിടിച്ചിട്ട് കാലങ്ങള്‍ ഏറെയായി. നല്ല ഒരു ഗൃഹഔഷധി കൂടിയായ ഉലുവയുടെ ഗുണങ്ങൾ ആയുർവേദ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്. കാത്സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം അമിനോ ആസിഡുകൾ ദഹനത്തിനുള്ള മിനറലുകൾ തുടങ്ങി നിരവധി ഘടകങ്ങൾ ഉലുവയിൽ അടങ്ങിയിരിക്കുന്നു. മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ ഉലുവ കൊണ്ട് ധാരാളം ഗുണഫലങ്ങളുണ്ട്.

ഉലുവയുടെ ഉപയോഗങ്ങൾ

• ഇരുപത്തിയഞ്ച് ഗ്രാം ഉലുവ പതിവായി ഓരോ ദിവസവും കഴിക്കുകയാണെങ്കിൽ രക്‌തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം മന്ദീഭവിപ്പിക്കുവാനും അങ്ങനെ രക്‌തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കുവാനും കഴിയും.

• മെറ്റബോളിസത്തിന്‍റെ നിരക്ക് വർദ്ധിപ്പിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കുവാൻ സഹായിക്കുന്നു.

• ഉലുവ മുളപ്പിച്ചു കഴിക്കുന്നത് പ്രതിരോധശക്‌തിക്ക് നല്ലതാണ്. വൃത്തിയുള്ള തുണിയെടുത്ത് വെള്ളത്തിൽ കുതിർത്ത് അതിൽ ഉലുവയിടുക. പിന്നീട് ഭാരമുള്ള പാത്രം ഉപയോഗിച്ച് തുണി അമർത്തി വയ്‌ക്കുക. മൂന്ന് രാത്രികൾ കഴിഞ്ഞ് ഭാരം നീക്കി അവ വളരാൻ അനുവദിക്കുക. മുള അത്യാവശ്യം വളർന്ന് കഴിയുമ്പോൾ കഴിക്കാം.

• ഉലുവപൊടിയും തേനും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് മലബന്ധത്തിന് പരിഹാരമാണ്.

• ഉലുവ വറുത്തു പൊടിച്ച് ഭക്ഷണ സാധനങ്ങളിലോ തൈരിലോ കട്ടൻ ചായയിലോ ചേർത്ത് കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും.

• സ്ത്രൈണ ഹോർമോൺ ഈസ്ട്രജന് തുല്യമായ ഡയോസ്ജെനിൻ എന്ന ഘടകം അടങ്ങിയിട്ടുള്ളത് കൊണ്ട് സ്ത്രീകളിൽ ലൈംഗിക താൽപര്യം വർദ്ധിപ്പിക്കുവാൻ ഉലുവയ്ക്ക് കഴിവുണ്ട്.

• ഉലുവയിൽ ഇരുമ്പിന്‍റെ അംശം അടങ്ങിയിരിക്കുന്നത് കൊണ്ട് രക്‌തക്കുറവുള്ളവർക്ക് ഒരു നല്ല പ്രതിവിധിയാണ്.

• മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടത്ര പാലുണ്ടാകാനും ദഹനശേഷി മെച്ചപ്പെടുത്താനും ഉലുവയ്ക്ക് കഴിവുണ്ട്.

• തൊണ്ടവേദന, ചുമ എന്നിവ ശമിപ്പിക്കാൻ വറുത്ത് പൊടിച്ച ഉലുവപ്പൊടി ശർക്കര ചേർത്തു കഴിച്ചാൽ മതി.

• രാത്രി വെള്ളത്തിലിട്ട ഉലുവ രാവിലെ അരച്ചെടുത്ത് തലയിൽ പുരട്ടുന്നത് മുടിയ്ക്ക് പോഷണം നൽകുന്നതിന് സഹായിക്കും. അര മണിക്കൂർ വച്ചതിനു ശേഷം കഴുകി കളയാം.

അമിതമായാൽ

 • വളരെ കൂടിയ അളവിൽ ഉലുവ കഴിക്കുന്നത് അലർജി പോലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കും.

• ഗർഭിണികൾക്ക് വളരെ കുറച്ച് മാത്രമേ ഉലുവ കൊടുക്കാവൂ. അളവിൽ കൂടുന്നത് നല്ലതല്ല.

• ദഹനേന്ദ്രിയ വ്യൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ അളവില്‍ കൂടുതലായാല്‍ ഉലുവ കാരണമായേക്കാം. ചിലപ്പോൾ വയറിളക്കമുണ്ടാകും.

• മരുന്നുകൾ കഴിക്കുന്നവർ പരമാവധി ഉലുവ കുറച്ച് ഉപയോഗിക്കുക. പല മരുന്നുകളുടേയും പ്രവർത്തനത്തെ ഉലുവയുടെ സാന്നിദ്ധ്യം പ്രതികൂലമായി ബാധിക്കാം.

और कहानियां पढ़ने के लिए क्लिक करें...