എല്ലാവരും ഏറെ ഇഷ്‌ടപ്പെടുന്ന സുന്ദരമായ മഞ്ഞ്കാലം പക്ഷേ പലപ്പോഴും ചർമ്മ സൗന്ദര്യത്തിന് വെല്ലുവിളിയാകാറുണ്ട്. മഞ്ഞുകാല തണുപ്പ് ചർമ്മത്തിലെ ഈർപ്പം വലിച്ചെടുത്ത് ചർമ്മം വരളുന്നതിന് ഇടയാക്കുന്നു. ചർമ്മം വിണ്ടു കീറുന്നു. മാത്രവുമല്ല ചർമ്മം അൽപം സംവേദനക്ഷമവുമാകുന്നു. എന്നാൽ ഈ കാലാവസ്‌ഥയിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ ചർമ്മത്തെ പരിരക്ഷിക്കാവുന്നതേയുള്ളൂ. ഡർമ്മറ്റോളജിസ്‌റ്റ് ഡോക്ടർ ലിപി ഗുപ്ത അതിനുള്ള ചില ഉപായങ്ങൾ നിർദ്ദേശിക്കുന്നു.
എന്തു കൊണ്ട് ചർമ്മം വരളുന്നു
മഞ്ഞുകാലത്തെ വരണ്ട കാറ്റ് ചർമ്മത്തെ ആഴത്തിൽ വരണ്ടതാക്കുന്നതാണ് കാരണം. ചർമ്മത്തിലെ ഈർപ്പം നഷ്‌ടപ്പെടുമ്പോൾ ചർമ്മത്തിലെ ബാഹ്യപാളി വരണ്ടതാകുന്നു. ചർമ്മത്തിലെ സുരക്ഷാ കവചം നഷ്‌ടപ്പെടുകയാണ് അതുവഴി ചെയ്യുന്നത്. ആന്തരിക പാളിയേയും കാലാവസ്‌ഥ സ്വാധീനിക്കുന്നു. ഇത്തരം ചർമ്മത്തിൽ സ്‌ഥിരം അല്ലെങ്കിൽ താൽക്കാലികമായ ചുളിവുകൾ ഉണ്ടാകുന്നു. ചർമ്മത്തിന് ഇത്തരം നാശനഷ്‌ടങ്ങളുണ്ടാകാതിരിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കാം.
ചൂടുവെള്ളത്തിൽ കുളിക്കാം
ഈ കാലാവസ്‌ഥയിൽ രാവിലെ ഇളം ചൂട് വെള്ളത്തിലുള്ള കുളി ഉന്മേഷം പകരും. ഒപ്പം അത് ചർമ്മത്തെ ശുചിയുമാക്കും. വെള്ളം കൂടുതൽ ചുടുള്ളതായിരിക്കരുതെന്ന് മാത്രം. കാരണം അത് ചർമ്മത്തിന്‍റെ സ്വാഭാവിക ഈർപ്പത്തെ നഷ്‌ടപ്പെടുത്തും. ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ (ഹൈഡ്രേറ്റ്) ഇളം ചൂട് വെള്ളം നല്ലതാണ്.
ബോഡി ഓയിലിംഗ്
ചർമ്മത്തിലെ വരൾച്ചയും ഡ്രൈനസ്സും തടയാൻ ഇളം ചൂടുള്ള എണ്ണ കൊണ്ടുള്ള മസാജിംഗ് അത്യുത്തമമാണ്. എന്നാൽ മസാജിംഗിന് ഉപയോഗിക്കുന്ന എണ്ണ അധികം കൊഴുപ്പുള്ളതായിരിക്കരുത്. മറിച്ച് ചർമ്മത്തിലേക്ക് അനായാസം ആഴ്ന്നിറങ്ങുന്നതാവണം. ഉദാ: ജോജോബാ, ഒലിവ് ഓയിൽ, അലോവെര ഓയിൽ എന്നിവ ഉപയോഗിക്കാം. കുളിക്കുന്നതിനോ അല്ലെങ്കിൽ ഉറങ്ങുന്നതിനോ ഒരു മണിക്കൂർ മുമ്പ് എണ്ണ മസാജ് ചെയ്യാം. ഇത് ചർമ്മത്തിൽ നല്ല ഫലമുളവാക്കും.
ഫേസ്‍വാഷ്, സോപ്പ് എങ്ങനെയുള്ളത്
മഞ്ഞുകാലത്ത് ഏറ്റവുമധികം സംരക്ഷണം വേണ്ടി വരുന്ന ഭാഗം മുഖമാണ്. അതിനായി സന്തുലിതവും സൗമ്യവും ഈർപ്പം നിലനിർത്തുന്നതുമായ ഫേസ്‍വാഷ് ഉപയോഗിക്കാം. ക്ലൻസിംഗ്, മോയിസ്ച്ചുറൈസിംഗ്, പച്ചമരുന്ന് ചേരുവകൾ അടങ്ങിയതിനൊപ്പം ആവശ്യമായ അളവിൽ അലോവേര ഉള്ളതാവണം. ഇത് ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യും.
ചർമ്മം ശുചിയാക്കുന്നതിനും ഈർപ്പം നിലനിർത്തുന്നതിനും വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം. ഒലിവ് ഓയിൽ അലോവെര എന്നിവ അടങ്ങിയതാവണം.
ഭക്ഷണ കാര്യങ്ങളിലെ ശ്രദ്ധ
തണുപ്പ് കാലത്ത് ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നതിന് പകൽ സമയം 8-10 ഗ്ലാസ്സ് വെള്ളം കുടിക്കുക. ഈ സമയത്ത് ദാഹം തോന്നണമെന്നില്ല. എന്നാലും ഏതെങ്കിലും തരത്തിലുള്ള ജ്യൂസോ പാനീയമോ ഇടയ്‌ക്കിടയ്‌ക്ക് കുടിക്കുക. ചൂട് വെള്ളത്തിൽ നാരങ്ങാ നീര് ഒഴിച്ച് കുടിക്കുക. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഇത് സഹായിക്കും. അതുപോലെ രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുകയും ചെയ്യും.
ഇതിന് പുറമെ ഗ്രീൻ ടീ, കരിക്കിൻ വെള്ളം, മുളപ്പിച്ച ധാന്യങ്ങൾ, പഴങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധ നൽകാം.
ചർമ്മ സൗന്ദര്യത്തിന് ശരിയായതും പൂർണ്ണവുമായ ഉറക്കം ഫലവത്താണ്. അതുകൊണ്ട് 7-8 മണിക്കൂർ ഉറങ്ങുക. നമ്മുടെ ശരീരത്തിനത് ഉണർവും ഉന്മേഷവും പകരും.