തലയിൽ നിറയെ മുടി ഉണ്ടായിട്ട് കാര്യമുണ്ടോ? അതിന് വേണ്ടത്ര പരിചരണം നൽകാതിരുന്നാൽ സ്വന്തം മുടിയോടും ശത്രുത തോന്നിപ്പോകും! ദിവസവും ചീകാതെയും മറ്റും ഇരുന്നാൽ പോലും കെട്ടുപിണയാൻ സാദ്ധ്യത ഉള്ളതിനാൽ മുടി ഉള്ളവർക്കറിയാം അതിന്‍റെ പൊല്ലാപ്പുകൾ. പക്ഷേ പൊല്ലാപ്പുകൾ കൂടുതലാകാതിരിക്കാൻ കൃത്യമായ പോഷണവും പരിചരണവും നൽകുന്നതാണ് ബുദ്ധി. ഒരു വ്യക്‌തിയുടെ ലുക്കിൽ ഏറ്റവും പ്രധാനഘടകമാണ് മുടി. നീളമുള്ള ഇടതൂർന്ന മുടി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏതാനും ഹെയർ പാക്കുകളിതാ…
കെമിക്കലുകളിൽ തകരാറായ മുടി
ഏത്തപ്പഴം കഷണങ്ങളാക്കിയശേഷം അതിൽ ഒരു സ്പൂൺ നാരങ്ങാനീരും ഒരു മുട്ടയുടെ മഞ്ഞയും ചേർത്ത് പേസ്റ്റാക്കി തലയിലാകമാനം പുരട്ടാം. 15-20 മിനിറ്റിനുശേഷം കഴുകിക്കളയാം. ആഴ്‍ചയിലൊരിക്കൽ ഈ പാക്ക് ഉപയോഗിച്ചാൽ മുടിയുടെ കരുത്ത് വർദ്ധിക്കും.
നിറം നഷ്ടപ്പെട്ട മുടിയ്ക്ക്
പലവട്ടം കളറിംഗ് ചെയ്ത മുടിയാണെങ്കിൽ അതിന്‍റെ നാച്ചുറൽ കളർ തീർച്ചയായും നഷ്ടമായിട്ടുണ്ടാകും. ഇങ്ങനെയുള്ള മുടിയ്ക്ക് വേണ്ടി ഇതാ ഒരു പാക്ക്. ഏത്തപ്പഴം തന്നെയാണ് പ്രധാനഘടകം. ഏത്തപ്പഴം നിറുക്കിയിട്ട് അതിൽ 2 സ്പൂൺ നീം പൗഡർ, രണ്ട് കപ്പ് പപ്പായക്കഴമ്പ് ഇവയും ചേർത്ത് തണുത്ത വെള്ളത്തിൽ മിക്സ് ചെയ്ത് തലമുടിയിൽ പുരട്ടുക. മുടിയുടെ തിളക്കം തിർച്ചുകിട്ടും. മുടി കഴുകുമ്പോൾ ഷിക്കാകായി ചേർന്ന ഷാമ്പു ആണ് ഉത്തമം.
എണ്ണമയമുള്ള മുടിയ്ക്ക്
രണ്ട് സ്പൂൺ ഓറഞ്ചുനീര്, ഒരു സ്പൂൺ തുളസി നീര് അല്ലെങ്കിൽ പൊടി, ഒരു കപ്പ് തൈര് ഇവയിൽ കുറച്ച് നെല്ലിക്കാപ്പൊടിയും ചേർത്ത് പാക്ക് ഉണ്ടാക്കുക. ഇത് തലയിൽ പുരട്ടിക. അമിതമായി തുറന്നിരിക്കുന്ന സുഷിരങ്ങൾ അടയും. എണ്ണമയം കുറയുകയും ചെയ്യും. മാസത്തിൽ രണ്ട് തവണ ചെയ്യാം.
മുടി പൊഴിച്ചിലിന്
മുടി പൊഴിയാൻ തുടങ്ങുന്നതായി കണ്ടെത്തിയാൽ ഈ പാക്ക് ഉപയോഗിക്കാം. ഉലുവ അരച്ച് ഗ്രീൻടീയിലോ ചെറുചൂടുവെള്ളത്തിലോ കഴുമ്പു രൂപത്തിലാക്കി തലയിൽ പുരട്ടുക. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മെഹന്ദി തലയിൽ പുരട്ടുന്നത് നിർത്തുക. കെമിക്കലുകൾ ചേർന്ന മെഹന്ദി തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ വർദ്ധിക്കും.
തലയിലെ ചൊറിച്ചിലിന്
താരൻ നിമിത്തം തലയിൽ ചൊറിച്ചിൽ ഉണ്ടായിട്ടുണ്ടെങ്കിൽ നെല്ലിക്കാനീരും നാരങ്ങാനീരും ഒരു കപ്പ് തൈരും ചേർത്ത് പേസ്റ്റാക്കി തലയിൽ പുരട്ടുക. താരൻ മാറും. ചൊറിച്ചിലും നിൽക്കും. ചിലർക്ക് വയറിലെ ദഹനപ്രശ്നങ്ങൾ കൊണ്ടും തലചൊറിച്ചിൽ ഉണ്ടാകും. ഭക്ഷണം ശ്രദ്ധിക്കുക. ഫൈബർ റിച്ച് ഡയറ്റ് ഉപയോഗിക്കുക.
നിർജ്‌ജീവമായ മുടിയ്ക്ക്
ഒരു കപ്പ് തേങ്ങാപ്പാലിൽ മൂന്ന് സ്പൂൺ ചെമ്പരത്തിപ്പൊടി, അരകപ്പ് നാരങ്ങാനീര്, അരകപ്പ് ബിയർ ഇവ ചേർത്ത് മിക്സ് ചെയ്യുക. ഈ പാക്ക് മുടിയിൽ മൊത്തം പുരട്ടുക. നിർജ്‌ജീവമായ മുടിയ്ക്ക് തിളക്കം ലഭിക്കും. ഹെയർ പാക്കുകൾ ക്കൊപ്പം തന്നെ ഹെൽത്തി ലൈഫ് സ്റ്റൈലും പിന്തുടരുക.